അഫ്ഗാന്‍ പിന്മാറ്റത്തിന് പിന്നാലെ സോമാലിയയില്‍ വ്യോമാക്രമണം നടത്തി അമേരിക്ക
First Published | Jul 21, 2021, 1:04 PM IST
ഇരുപത് വര്‍ഷം അഫ്ഗാനിസ്ഥാന്‍ മണ്ണില്‍ നിന്ന് താലിബാനെതിരെ പോരാടി പരാജയപ്പെട്ട അമേരിക്ക, സോമാലിയയില്‍ ആദ്യ വ്യോമാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാന്‍ സര്‍ക്കാറിനൊപ്പം നിന്നാണ് അമേരിക്കയും നാറ്റോ സഖ്യവും താലിബാനെതിരെ പോരാടിയത്. എന്നാല്‍, കാര്യമായ വിജയങ്ങളൊന്നും നേടാന്‍ അമേരിക്കയ്ക്കോ നാറ്റോ സഖ്യത്തിനോ കഴിഞ്ഞില്ലെന്ന് മാത്രമല്ല ഏറെ നഷ്ടങ്ങളും അമേരിക്കയ്ക്ക് സമ്മാനിച്ച അധിനിവേശമായിരുന്നു അഫ്ഗാനിലേത്. ഇതിന്‍റെ ഫലമായി കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അമേരിക്ക അഫ്ഗാനില്‍ നിന്നുള്ള പിന്മാറ്റത്തെ കുറിച്ച് ചിന്തിക്കുകയായിരുന്നു. ഒടുവില്‍ ഡോണാള്‍ഡ് ട്രംപിന് പുറകെ അമേരിക്കന്‍ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്‍റെ കീഴില്‍ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അമേരിക്കന്‍ പിന്മാറ്റം പൂര്‍ത്തിയാക്കി. എന്നാല്‍, തൊട്ട് പിന്നാലെ അഫ്ഗാനില്‍ താലിബാന്‍ ശക്തമായ തിരിച്ച് വരവ് നടത്തുന്നതായുള്ള വാര്‍ത്തകളും പുറത്ത് വന്നു. ഇതിന് പുറകെയാണ് സോമാലിയന്‍ സര്‍ക്കാറുമായി ചേര്‍ന്ന് ജോ ബൈഡന്‍ ഭരണകൂടം സോമാലിയയിലെ അൽ-ഷബാബ് ജിഹാദികളെ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയെന്ന വാര്‍ത്ത പുറത്ത് വരുന്നത്. സോമാലി സർക്കാരുമായി ഏകോപിപ്പിച്ച് യുഎസ് മിലിട്ടറി കമാൻഡ് ഫോർ ആഫ്രിക്ക (ആഫ്രികോം) യാണ് വ്യോമാക്രമണത്തിന് നേതൃത്വം നല്‍കിയത്. അൽ-ഷബാബിനെതിരെ മൊഗാദിഷുവിന് വടക്കുകിഴക്കായി 430 മൈൽ അകലെയുള്ള സൊമാലിയയിലെ ഗാൽക്കായോയ്ക്ക് സമീപമാണ് വ്യോമാക്രമണം നടത്തിയതെന്നാണ് വിവരം.