20 വര്‍ഷം കൊണ്ട് കോടിക്കണക്കിന് ഡോളറുകളാണ് അമേരിക്ക അഫ്ഗാനില്‍ ചെലവഴിച്ചത്. പക്ഷേ, കാര്യമായ നേട്ടം ഉണ്ടാക്കിയില്ലെന്ന് മാത്രമല്ല ആയിരക്കണക്കിന് സൈനീകര്‍ കൊല്ലപ്പെട്ടതും സൈനീകരില്‍ അസ്വസ്ഥതകള്‍ ഉടലെടുത്തതും അമേരിക്കയെ പിന്‍മാറ്റത്തിന് പ്രയരിപ്പിച്ചു.
ഒടുവില്‍ ട്രംപ് ഭരണകൂടം അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള പിന്‍മാറ്റം പ്രഖ്യാപിച്ചെങ്കിലും പലപ്പോഴായി പിന്‍മാറ്റം വൈകി. ഒടുവില്‍ ബെഡന്‍റെ ഭരണകാലത്ത് അഫ്ഗാനെ സ്വന്തം വിധിക്ക് വിട്ട് അമേരിക്കന്‍ സൈനീകര്‍ തിരികെ പോവുകയാണ്.
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അവസാന അമേരിക്കന്‍ സൈനീകനും ബഗ്രാം എയര്‍ഫീല്‍ഡില്‍ നിന്ന് മടങ്ങും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ജൂലൈ 4 നകം അവസാന യുഎസ് സൈനികരെയും പിൻവലിക്കുമെന്ന് അമേരിക്കൻ അധികൃതർ പറഞ്ഞതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അമേരിന്‍ പിന്‍മാറ്റം പൂര്‍ത്തിയാകുന്നതിന് പിന്നാലെ അഫ്ഗാൻ സൈന്യം ബാഗ്രാമിനെ ഏറ്റെടുക്കും. ബഗ്രാം എയർഫീൽഡില്‍ അമേരിക്കയുടെത് രണ്ടാമത്തെ അധിനിവേശമായിരുന്നു. ആദ്യം കമ്മ്യൂണിസ്റ്റ് ആശയപ്രചാരണത്തിനായി ഇവിടെ സൈനീക താവളമുണ്ടാക്കിയത് സോവിയറ്റ് യൂണിയനായിരുന്നു.
1950 കളിൽ സോവിയറ്റ് യൂണിയൻ ഇവിടെ വ്യോമതാവളം നിർമ്മിച്ചു. തുടര്‍ന്ന് 70 കളില്‍ യുഎസ്എസ്ആറിന്‍റെ അഫ്ഗാനിലെ പ്രധാന സൈനീക സാന്നിധ്യമായി ബഗ്രാം മാറി. എന്നാല്‍ യുഎസ്എസ്ആറിനെ അഫ്ഗാനില്‍ നിന്നും പുറത്താക്കാനായി അമേരിക്ക തീവ്രമുസ്ലിം ആശയ പ്രചാരകരെ പ്രോത്സാഹിപ്പിച്ചു.
ഇത് നിരന്തര ഏറ്റുമുട്ടലുകള്‍ക്ക് വഴി തുറന്നതോടെ യുഎസ്എസ്ആര്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് 1989 ല്‍ പിന്‍മാറി. മൂന്ന് വര്‍ഷത്തിന് ശേഷം അധികാരത്തിന് വേണ്ടിയുള്ള വടംവലിയില്‍ സോവിയറ്റ് പിന്തുണയുണ്ടായിരുന്ന അഫ്ഗാന്‍ സര്‍ക്കാര്‍ നിലംപൊത്തി.
പിന്നീട് അമേരിക്കന്‍ പിന്തുണയുണ്ടായിരുന്ന മുജാഹിദ്ദീൻ അധികാരം ഏറ്റെടുത്തു. എന്നാല്‍, രാജ്യം അസ്ഥിരമാകുന്ന കാഴ്ചയാണ് ലോകം കണ്ടത്. ഇതിനിടെ അമേരിക്കയില്‍ നിന്നും ആയുധവും പരിശീലനവും ലഭിച്ച മുജാഹിദ്ദീനില്‍ മതാധിപത്യം പിടിമുറുക്കി.
തുടര്‍ന്ന് മുജാഹിദ്ദീനില്‍ നിന്ന് താലിബാന്‍ ഉടലെടുത്തു. ഒടുവില്‍ 1996 ല്‍ രക്തരൂക്ഷിതമായ ആഭ്യന്തരയുദ്ധത്തിലൂടെ താലിബാന്‍ അഫ്ഗാനിസ്ഥാന്‍റെ അധികാരമേറ്റെടുത്തു. സോവിയറ്റ് യൂണിയന് കീഴില്‍ ആധുനീകവത്കരണത്തിലേക്കും സ്ത്രീ ശാക്തീകരണത്തിലേക്കും നീങ്ങിയിരുന്ന അഫ്ഗാന്‍ വളരെ പെട്ടെന്ന് തന്നെ മതനിയമങ്ങളിലേക്കും അസ്വാതന്ത്രത്തിലേക്കും മടങ്ങി.
2001 നവംബർ 15 ന് ബ്രിട്ടന്‍റെയും അമേരിക്കയുടെയും സംയുക്തസൈന്യങ്ങള്‍ ബഗ്രാമിലേക്ക് പറന്നു. അതോടൊപ്പം ബ്രിട്ടന്‍റെയും അമേരിക്കയുടെയും ആയിരക്കിന് സൈനീകരും അഫ്ഗാന്‍ മണ്ണില്‍ കാലുകുത്തി. തുടര്‍ന്നിങ്ങോട്ട് 2021 വരെ അഫ്ഗാനിലെ തങ്ങളുടെ സൈനീക സാന്നിധ്യം ശക്തമാക്കിയ അമേരിക്കയ്ക്ക് പക്ഷേ ലാഭമൊന്നുമില്ലെന്ന് മാത്രമല്ല നഷ്ടങ്ങള്‍ മാത്രമാണ് ഉണ്ടായിട്ടുള്ളത്.
2001 ല്‍ നിന്ന് 2011 ല്‍ എത്തിയപ്പോള്‍ നൂയോര്‍ക്കിലെ ഏറ്റവും വലിയ രണ്ട് കെട്ടിടങ്ങള്‍ നിലംപൊത്തി. ആയിരക്കണക്കിന് ആളുകള്‍ മരിച്ചു. അഭിമാന ക്ഷതമേറ്റ അമേരിക്ക അഫ്ഗാനില്‍ കൂടുതല്‍ അക്രമണങ്ങള്‍ അഴിച്ച് വിട്ടു.
തുടര്‍ന്ന് 2021 ല്‍ എത്തിയപ്പോള്‍ അമേരിക്കയ്ക്ക് അഫ്ഗാനില്‍ മാത്രം നഷ്ടമായത് 2,312 സൈനീകരെയും 816 ബില്യണ്‍ ഡോളറുമാണെന്ന് അമേരിക്കന്‍ പ്രതിരോധ വകുപ്പ് തന്നെ സമ്മതിക്കുന്നു. അഫ്ഗാനിസ്ഥാന്‍റെ ഗ്വാണ്ടനാമോയെന്നാണ് ബാഗ്രാം ഇന്ന് അറിയപ്പെടുന്നത് തന്നെ.
കാബൂളില്‍ നിന്ന് താലിബാന്‍റെ സാന്നിധ്യം ഇല്ലാതാക്കിയ അമേരിക്ക യുദ്ധത്തില്‍ തകര്‍ന്ന ബഗ്രാമിനെ പുനര്‍ നിര്‍മ്മിക്കുകയായിരുന്നു. ഇന്ന് ഏകദേശം 30 ചതുരശ്ര മൈൽ ദൂരത്തേക്ക് അമേരിക്കയുടെ ഈ സൈനീക താവളം വളര്‍ന്നിരിക്കുന്നു.
അമേരിക്കയുടെ പിന്‍മാറ്റം ആയിരക്കണക്കിന് അഫ്ഗാന്‍ കുടുംബങ്ങളെ നേരിട്ട് പ്രതിസന്ധിയിലാക്കുമെന്നാണ് റിപ്പോര്‍ട്ട്. 20 വര്‍ഷത്തെ അമേരിക്കന്‍ സാന്നിധ്യം ആയിരക്കണക്കിന് പേര്‍ക്കാണ് പരിഭാഷകരായി ജോലി നല്‍കിയത്.
തദ്ദേശീയരായ 18,000 വിവർത്തകരും വ്യാഖ്യാതാക്കളും അമേരിക്കയ്ക്ക് വേണ്ടി ജോലി ചെയ്തിരുന്നു. ഇവരുടെ കുടുംബങ്ങളുടെ സംരക്ഷണം കൂടിയാണ് അമേരിക്കന്‍ പിന്‍മാറ്റത്തോടെ ഇല്ലാതാകുന്നത്.
അമേരിക്കയെ സഹായിക്കുന്ന ആളുകളെ തെരഞ്ഞ് പിടിച്ച് കൊല്ലുന്ന താലിബാന്‍ ഇനി ഈ കുടുംബങ്ങളെ നോട്ടമിടാന്‍ സാധ്യതയുണ്ടെന്ന് ഡെയ്ലിമെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.അമേരിക്കയുടെ പിന്‍മാറ്റത്തിനായി ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് താലിബാനാണ്.
അമേരിക്കന്‍ സൈനീക സാന്നിധ്യത്തെ തുടര്‍ന്ന് അഫ്ഗാന്‍റെ അതിദുര്‍ഘടമായ മലഞ്ചേരിവുകളിലേക്ക് പിന്‍വാങ്ങിയ താലിബാന്‍, യുഎസിന്‍റെയും നാറ്റോയുടെയും സൈനീക സാന്നിധ്യം കുറയുന്നതിനനുസരിച്ച് അഫ്ഗാന്‍റെ ഉള്‍പ്രദേശങ്ങളില്‍ ശക്തി തെളിയിച്ച് തിരിച്ചുവരികയാണെന്ന് ഫൗണ്ടേഷൻ ഫോർ ഡിഫൻസ് ഓഫ് ഡെമോക്രസിയുടെ സീനിയർ ഫെലോ ബിൽ റോജിയോ പറയുന്നു.
അതായത് ബഗ്രാമിന്‍റെ അടച്ച് പൂട്ടല്‍ താലിബാന്‍റെ തന്ത്രപരമായ വിജയമാണെന്നും വിലയിരുത്തപ്പെടുന്നു. താലിബാൻ, അൽ-ക്വൊയ്ദ, മറ്റ് ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുകളിലുള്ള ഏതാണ്ട് 7,000 തടവുകാരെ ഇപ്പോഴും പാര്‍പ്പിച്ചിരിക്കുന്ന ഒരു ജയില്‍ ബഗ്രാമിലെ അമേരിക്കന്‍ സൈനീക താവളത്തിലുണ്ട്.
അധിനിവേശത്തിന്‍റെ ആദ്യ നാളുകളില്‍ സാധാരണക്കാരായ നിരവധി അഫ്ഗാനികള്‍ ഈ തടവറയില്‍ അതികഠിനമായ പീഢനങ്ങള്‍ക്ക് വിധേയരായി. അതിനാലാണ് അഫ്ഗാന്‍റെ ഗോണ്ടിനാമോയെന്ന് ബഗ്രാം അറിയപ്പെടുന്നത് തന്നെ. 2012 മതുല്‍ ഈ ജയില്‍ അഫ്ഗാന്‍റെ നിയന്ത്രണത്തിലാണ്.
അമേരിക്കന്‍ സാന്നിധ്യം പൂര്‍ണ്ണമായും ഇല്ലാതായാല്‍ താലിബാന്‍ ആദ്യം ലക്ഷ്യം വെക്കുന്ന സ്ഥലങ്ങളിലൊന്ന് ബഗ്രമായിരിക്കുമെന്നതില്‍ തര്‍ക്കമില്ല. “താവളം വീഴുകയും ജയിൽ കീഴടക്കുകയും ചെയ്താൽ, ഈ തടവുകാർക്ക് ഈ തീവ്രവാദ ഗ്രൂപ്പുകളുടെ നിര ഉയർത്താൻ കഴിയും,” റോജിയോ പറഞ്ഞു.
യുഎസ് ആസ്ഥാനമായുള്ള ഗവേഷണ-വിശകലന സംഘടനയായ സിഎൻഎയുടെ ജോനാഥൻ ഷ്രോഡൻ കണക്കാക്കുന്നത് കഴിഞ്ഞ രണ്ട് ദശകങ്ങളിൽ ഒരു ലക്ഷത്തിലധികം സാധാരണക്കാരായ അഫ്ഗാനികള്‍ ഉള്‍പ്പെടെയുള്ളവര്‍ ബാഗ്രാമിൽ ഗണ്യമായ സമയം ചെലവഴിച്ചു എന്നാണ്.
പൂന്തോട്ടങ്ങളും കാർഷിക മേഖലകളുമുള്ള നൂറിലധികം ഗ്രാമങ്ങളുള്ള ബഗ്രാം ജില്ലയിലെ അഫ്ഗാനികളെ സംബന്ധിച്ചിടത്തോളം, ഈ സൈനിക താവളം ഒരു പ്രധാന തൊഴിൽ ദാതാവായിരുന്നു. യുഎസ് പിൻമാറ്റം ബഗ്രാം ജില്ലയെ തന്നെ ബാധിക്കുമെന്ന് ജില്ലാ ഗവർണറായ ഡാർവായ്ഷ് റൌഫി അഭിപ്രായപ്പെട്ടു.
ഉപയോഗയോഗ്യമായ ഒന്നും ഉപേക്ഷിക്കരുതെന്നും അവ താലിബാന്‍റെ കൈയില്‍ എത്തിചേരരുതെന്നും അമേരിക്കന്‍ സൈന്യം അഫ്ഗാന് മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞയാഴ്ച യുഎസ് സെൻട്രൽ കമാൻഡ് 14,790 ഉപകരണങ്ങൾ ഇവിടെ നിന്ന് ശേഖരിച്ച് , 763 സി -17 വിമാനങ്ങളിലായി അമേരിക്കയിലേക്ക് കൊണ്ട് പോയതായും അറിയിച്ചു.
ഇവിടെ നിന്ന് കഴിഞ്ഞ ആഴ്ചകളില്‍ വലിയ സ്ഫോടനങ്ങൾ കേട്ടിരുന്നതായി ബഗ്രാം ഗ്രാമവാസികൾ പറയുന്നു. അമേരിക്കന്‍ സൈന്യം കെട്ടിടങ്ങളും വസ്തുക്കളും നശിപ്പിക്കുന്നതാണെന്ന് അവര്‍ കരുതുന്നു.
2014 ഡിസംബർ മുതൽ അമേരിക്കയെ സഹായിച്ച 26,500 അഫ്ഗാനികൾക്ക് അമേരിക്ക എസ് വി ഐ വിസ അനുവദിച്ചു. എന്നാല്‍ ഇനിയും പതിനായിരക്കണക്കിന് പേര്‍ വിസയ്ക്കായി കാത്തിരിക്കുകയാണെന്നും ഇവരെ അഫ്ഗാനില്‍ ഉപേക്ഷിക്കുന്നത് മരണത്തിന് തുല്യമാണെന്നും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ പറയുന്നു. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഈ വര്‍ഷം സെപ്തംബര്‍ 11 ന് അവസാന യുഎസ് സൈനീകനും അഫ്ഗാന്‍റെ മണ്ണില്‍ നിന്ന് പറന്നുയരും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona