Ukraine War: മരിയുപോളിന്‍റെ 'വിമോചനം' റഷ്യയുടെ 'വിജയ'മെന്ന് പുടിൻ

First Published | Apr 21, 2022, 5:35 PM IST

ഷ്യയുടെ യുക്രൈന്‍ അക്രമണം അമ്പത്തിയേഴാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് യുക്രൈനിലെ പ്രധാനപ്പെട്ട പത്ത് നഗരങ്ങളിലൊന്ന് തങ്ങള്‍ കീഴടക്കിയതായി റഷ്യ അവകാശവാദമുന്നയിക്കുന്നത്. യുക്രൈന്‍റെ തെക്ക് കിഴക്കന്‍ തീരദേശ നഗരമായ മരിയുപോളാണ് ഇപ്പോള്‍ കീഴടങ്ങിയതായി റഷ്യ അവകാശപ്പെട്ടത്. റഷ്യ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ മരിയുപോളിന്‍റെ 'വിമോചന'ത്തെ പ്രശംസിച്ച് രംഗത്തെത്തി. അസോവ് കടലിൽ മരിയുപോളിന്‍റെ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കുന്നത് റഷ്യയുടെ വലിയ തന്ത്രപരമായ വിജയമായിരിക്കും. മരിയുപോളില്‍ അവശേഷിക്കുന്ന യുക്രൈന്‍ പട്ടാളക്കാര്‍ വ്യവസായ മേഖലയില്‍ അഭയം പ്രാപിച്ചെന്നും ഇവരെ രക്ഷപ്പെടാന്‍ അനുവദിക്കരുതെന്നും പുടിന്‍ പറഞ്ഞതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

യുക്രൈന്‍ യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് തന്നെ തെക്ക് കിഴക്കന്‍ മേഖലയിലെ റഷ്യന്‍ വിമതരെ സഹായിക്കാനാണ് തങ്ങള്‍ യുക്രൈന്‍ സൈനിക നടപടിക്ക് മുതിര്‍ന്നതെന്ന് റഷ്യ അവകാശപ്പെട്ടിരുന്നു. ഫെബ്രുവരി 24 ന് യുക്രൈന്‍റെ പടിഞ്ഞാറന്‍ അതിര്‍ത്തിയ ബെലാറൂസ് വഴിയും കിഴക്കന്‍ അതിര്‍ത്തി വഴിയും റഷ്യ അക്രമിച്ച് കയറി. 

യുക്രൈനിലെ നടപടി യുദ്ധമല്ലെന്നും മറിച്ച് സൈനിക നടപടിമാത്രമാണെന്നുമാണ് റഷ്യ അവകാശപ്പെട്ടിരുന്നതെങ്കിലും വന്‍ സൈനിക സന്നാഹത്തോടെയായിരുന്നു റഷ്യയുടെ അധിനിവേശം. ഇതിനായി കിലോമീറ്റര്‍ ദൂരമുള്ള കവചിത വാഹനവ്യൂഹത്തെ തന്നെ റഷ്യ, യുക്രൈനിലേക്ക് അയച്ചിരുന്നു. 


തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ റഷ്യ, യുക്രൈന്‍റെ മണ്ണില്‍ ശക്തമായ അക്രമണം തന്നെ നടത്തി. എന്നാല്‍, നീണ്ട് അമ്പത് ദിവസത്തോളം അക്രമണം ശക്തമാക്കിയെങ്കിലും യുക്രൈന്‍റെ അതിശക്തമായ പ്രതിരോധത്തിന് മുന്നില്‍ റഷ്യയ്ക്ക് ഒരടി പോലും സ്വന്തമാക്കാന്‍ കഴിഞ്ഞില്ല. 

ഇതേ തുടര്‍ന്ന് യുക്രൈന്‍റെ വടക്ക് പടിഞ്ഞാന്‍ അതിര്‍ത്തിയില്‍ നിന്ന് മുന്നറിയിപ്പില്ലാതെ തന്നെ റഷ്യ പിന്മാറി. റഷ്യയുടെ പിന്മാറ്റം കിഴക്കന്‍ മേഖലയില്‍ അക്രമണം ശക്തമാക്കാനാണെന്ന് യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ഇതിന് പിന്നാലെ യുക്രൈന്‍റെ വടക്ക് പടിഞ്ഞാറന്‍ മേഖലയില്‍ നിന്നുള്ള സായുധ കവചിത വാഹനവ്യൂഹം യുക്രൈന്‍റെ കിഴക്കന്‍ അതിര്‍ത്തിയിലേക്ക് നീങ്ങുന്ന സാറ്റലൈറ്റ് ചിത്രങ്ങളും പുറത്ത് വന്നു. ഇര്‍പിന് സമൂപമെത്തിയ റഷ്യയുടെ കവചിത വാഹനവ്യൂഹത്തെ പൂര്‍ണ്ണമായും തകര്‍ത്തെന്ന് യുക്രൈന്‍ ഇതിനിടെ അവകാശപ്പെട്ടു. 

അതിനിടെയാണ് കഴിഞ്ഞ അഞ്ചത്തിയേഴ് ദിവസമായി ശക്തമായ മിസൈല്‍ മോട്ടോര്‍ അക്രമണം നടക്കുന്ന മരിയുപോള്‍ കീഴടങ്ങിയതായി റഷ്യ അവകാശപ്പെട്ടത്. മരിയുപോളിന്‍റെ വീഴ്ച റഷ്യയെ സംബന്ധിച്ച് അഭിമാനപ്രശ്നമായിരുന്നു. 

2014 ല്‍ യുക്രൈന്‍റെ തെക്കന്‍ നഗരമായ ക്രിമിയ പിടിച്ചടക്കാന്‍ റഷ്യ നടത്തിയ യുദ്ധത്തിന് ശേഷം യുക്രൈന്‍റെ തെക്ക് കിഴക്കന്‍ മേഖലയില്‍ റഷ്യന്‍ വിമതരുടെ അക്രമണം ശക്തമായിരുന്നു. ഈ അക്രമണത്തെ  പ്രതിരോധിക്കുന്നതിനായി രൂപപ്പെട്ട യുക്രൈന്‍റെ സൈനിക വിഭാഗമാണ് അസോട്ട് ബറ്റാലിയന്‍. 

യുക്രൈന്‍ സൈനികര്‍ക്കിടയില്‍ നവനാസി വിഭാഗം ശക്തമാണെന്നും ഈ വിഭാഗത്തിനെതിരെയാണ് തങ്ങളുടെ സൈനിക നീക്കമെന്നും റഷ്യ അവകാശപ്പെട്ടിരുന്നു. അസോട്ട് ബറ്റാലിയന്‍റെ മുന്‍കാല ചരിത്രത്തില്‍ നാസി ബന്ധങ്ങളും ആരോപിക്കപ്പെട്ടിരുന്നു. 

കഴിഞ്ഞ അമ്പത്തിയേഴ് ദിവസവും യുക്രൈന്‍റെ തെക്ക് കിഴക്കന്‍ മേഖലയില്‍ റഷ്യന്‍ സൈന്യത്തെ പ്രതിരോധിച്ചത് അസോട്ട് ബറ്റാലിയനായിരുന്നു. ഒരാഴ്ച മുമ്പ് തന്നെ മരിയുപോളിലെ 90 ശതമാനം കെട്ടിടങ്ങളും ഭാഗീകമായോ പൂര്‍ണ്ണമായോ റഷ്യന്‍ മിസൈല്‍ അക്രമണത്തില്‍ തകര്‍ക്കപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 

ഇതിന്‍റെ ഒടുവിലാണ് മരിയുപോള്‍ കീഴടങ്ങിയതായി റഷ്യ അവകാശപ്പെട്ടത്. യുക്രൈനിലെ ഏറ്റവും വലിയ സ്റ്റീല്‍ പ്ലാന്‍റുകളില്‍ ഒന്നായ അസോവ്സ്റ്റൽ സ്റ്റീൽ പ്ലാന്‍റിന് പുറമെ യുക്രൈന്‍ തുറമുഖ നഗരമായ മരിയുപോളും മോസ്കോയുടെ നിയന്ത്രണത്തിലാണെന്ന് പ്രതിരോധ മന്ത്രി സെർജി ഷോയിഗു അവകാശപ്പെട്ടു. 

പിന്നാലെ റഷ്യയുടെ മാരിയുപോള്‍ "വിമോചന"ത്തെ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ പ്രശംസിച്ചു. മരിയുപോള്‍ കീഴടക്കിയതോടെ റഷ്യയുടെ വിമതപ്രദേശങ്ങളെ ക്രിമിയയുമായി ബന്ധിപ്പെടുത്താന്‍ റഷ്യയ്ക്ക് സഹായകരമാകുമെന്ന് യുദ്ധ വിദഗ്ദര്‍ അവകാശപ്പെടുന്നു. 

" മരിയുപോളിനെ മോചിപ്പിച്ചു," ഒരു ടെലിവിഷൻ ഷോയ്ക്കിടെയാണ് ഷോയിഗു അവകാശവാദമുന്നയിച്ചത്.  "അവശേഷിച്ച യുക്രൈന്‍ സൈനികര്‍ അസോവ്സ്റ്റൽ പ്ലാന്‍റിന്‍റെ വ്യാവസായിക മേഖലയിൽ അഭയം പ്രാപിച്ചുവെന്നും ഷോയിഗു അവകാശപ്പെട്ടു. 

2014 ന് ശേഷം ഗറില്ലായുദ്ധ മുഖമായി മാറിയ യുക്രൈന്‍റെ തെക്ക് കിഴക്കന്‍ മേഖലയിലുടനീളം കിടങ്ങുകളും ഭൂഗര്‍ഭ തുരങ്കങ്ങളുടെ ശൃംഖലകളാലും സമൃദ്ധമാണ്. അതിനാല്‍ തന്നെ ഇവിടം കീഴടക്കാന്‍ റഷ്യയ്ക്ക് കഴിയില്ലെന്ന് ബ്രിട്ടന്‍ അവകാശപ്പെട്ടിരുന്നു. 

എന്നാല്‍, തെക്ക് കിഴക്കന്‍ മേഖലയില്‍ അവശേഷിക്കുന്ന യുക്രൈന്‍റെ 2000 പട്ടാളക്കാര്‍ പ്ലാന്‍റിനുള്ളില്‍ അഭയം പ്രാപിച്ചതായി ഷൊയ്‌ഗു പറഞ്ഞു. 'ഈ വ്യാവസായിക സൗകര്യങ്ങളിലൂടെ ഭൂമിക്കടിയിലേക്ക് ഇഴയുക, ഈ വ്യവസായ മേഖലയെ തടയുക, അങ്ങനെ ഒരു ഈച്ച പോലും രക്ഷപ്പെടില്ല' പുടിന്‍ പറഞ്ഞു.

മരിയുപോളിന്‍റെ “വിമോചനം” റഷ്യൻ സേനയുടെ “വിജയം” ആണെന്നും പുടിൻ അവകാശപ്പെട്ടു. ഇതോടെ അമ്പത്തിയേഴ് ദിവസത്തെ യുദ്ധത്തിനൊടുവില്‍ റഷ്യ കീഴടക്കുന്ന ആദ്യ യുക്രൈന്‍ നഗരമായി മരിയുപോള്‍ മാറി. പ്ലാന്‍റിനുള്ളില്‍ അവശേഷിക്കുന്ന സൈനികരെ അക്രമിക്കാന്‍ ഷോയിഗു ഉത്തരവിട്ടെങ്കിലും പുടിന്‍ ഇത് നിരുത്സാഹപ്പെട്ടുത്തി.

അക്രമണത്തിന് പകരം വ്യാവസായ മേഖലയെ ഉപരോധിച്ചാല്‍ മതിയെന്നും അങ്ങനെ ഒരു ഈച്ചയെ പോലും രക്ഷപ്പെടാന്‍ അനുവദിക്കരുതെന്നും പുടിന്‍ ഉത്തരവിട്ടെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഒരു മാസത്തിലേറെയായി യുദ്ധം നടക്കുന്ന മരിയുപോളില്‍ ഇപ്പോള്‍ തന്നെ വൈദ്യുതിയും വെള്ളവും ഭക്ഷണവും ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

മരിയുപോളില്‍ റഷ്യ നടത്തുന്നത് വംശഹത്യയാണെന്ന് ആരോപിച്ച് നേരത്തെ യുക്രൈന്‍ പ്രസിഡന്‍റ് വ്ളോഡിമര്‍ സെലെന്‍സ്കി രംഗത്തെത്തിയിരുന്നു. ഇത്തരം ആരോപണങ്ങളെല്ലാം റഷ്യ നിഷേധിച്ചു. എന്നാല്‍, റഷ്യന്‍ സൈന്യം പിന്മാറിയ നഗരങ്ങില്‍ നിന്ന് നൂറ് കണക്കിന് മൃതദേഹങ്ങളാണ് യുക്രൈന്‍ സൈനികര്‍ കണ്ടെത്തിയത്. 

ബുച്ച നഗരത്തില്‍ നിന്ന് 900 -ഒളം മൃതദേഹങ്ങള്‍ കണ്ടെത്തിയപ്പോള്‍ ഇര്‍പിനില്‍ നിന്ന് 260 മൃതദേഹങ്ങള്‍ കണ്ടെത്തി. കണ്ടെത്തിയവയെല്ലാം സാധാരണക്കാരുടെ മൃതദേഹങ്ങളാണെന്ന് യുക്രൈന്‍ ആരോപിച്ചു. മൃതദേഹങ്ങളുടെ കൈകള്‍ പുറകില്‍ കെട്ടിയ നിലയിലായിരുന്നു. മാത്രമല്ല ഈ മൃതദേഹങ്ങളുടെ തലയ്ക്ക് പുറകില്‍ വെടിയേറ്റിരുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 

ഇതിനിടെ സെലെന്‍സ്കിയുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം യുക്രൈന്. ആത്യാധുനിക ആയുധങ്ങള്‍ കൈമാറുമെന്ന് യുഎസും നാറ്റോ സഖ്യവും പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യയ്ക്ക് യുക്രൈന്‍റെ മണ്ണില്‍ വിജയിക്കാന്‍ പറ്റില്ലെന്ന് ബോറിസ് ജോണ്‍സന്‍ അവകാശവാദമുന്നതിയിച്ചത്. 

മരിയുപോളിന്‍റെ വീഴ്ചയെ കുറിച്ച് യുക്രൈന്‍ ഇതുവരെ ഔദ്ധ്യോഗികമായൊന്നും അറിയിച്ചിട്ടില്ല. ഏങ്കിലും മരിയുപോളിന്‍റെ വീഴ്ച ഒരു യാഥാര്‍ത്ഥ്യമാണെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യൂറോപ്യന്‍ യൂണിയനില്‍ നിന്നും നാറ്റോ സഖ്യ രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ ആയുധങ്ങള്‍ യുക്രൈനിലേക്ക് പ്രവഹിക്കുമ്പോള്‍ പോരാട്ടം വീണ്ടും കനക്കുമെന്ന് കരുതപ്പെടുന്നു. 

Latest Videos

click me!