ഒമ്പത് ദിവസം മുമ്പ് ഒരു പ്രമുഖ റഷ്യൻ അനുകൂല രാഷ്ട്രീയക്കാരനായ ആന്ദ്രേ ഷെവ്‌ചിക്കിന് (Andrey Shevchik) നേരെയുണ്ടായ ആക്രമണം അധിനിവേശ യുക്രൈനില്‍ ശക്തിപ്രാപിക്കുന്ന സംഘടിത ചെറുത്തുനിൽപ്പിന്‍റെ ഏറ്റവും പുതിയ രൂപമാണെന്ന് വെളിപ്പെടുത്തല്‍.
യുക്രൈന്‍റെ പുതിയ അക്രമണ രീതി റഷ്യയുടെ ട്രെയിനുകളെ തടസ്സപ്പെടുത്തുകയും റഷ്യന്‍ സഹകാരികളുടെ അപ്രത്യക്ഷമാകലിന് കാരണമാവുകയും ചെയ്യുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അതായത് വരും ദിവസങ്ങളില്‍ തെക്ക് കിഴക്കന്‍ യുക്രൈനില്‍ റഷ്യ ഏറ്റവും കൂടുതല്‍ ഭയക്കേണ്ടത് യുക്രൈന്‍റെ ഈ ഒളിയുദ്ധങ്ങളെയാകും.
ഇന്നലെ നടന്ന മറ്റൊരു ബോംബ് സ്ഫോടനം മേഖലയിലെ സ്വയം പ്രഖ്യാപിത ഗവർണറും റഷ്യന്‍ അനുകൂലിയുമായ യെവ്ജെനി ബാലിറ്റ്‌സ്‌കിക്ക് നേരെയുണ്ടായ കാർ ബോംബ് ആക്രമണം നടത്തിയത് യുക്രൈന്‍ ഗറില്ലകളാണെന്ന് മെലിറ്റോപോളിലെ ക്രെംലിൻ അനുകൂല ഉദ്യോഗസ്ഥർ ആരോപിച്ചു.
യെവ്ജെനി ബാലിറ്റ്‌സ്‌കിക്കിന്‍റെ സഹോദരി ഉള്‍പ്പെട്ടെ മൂന്ന് പേര്‍ അക്രമണത്തില്‍ കൊല്ലപ്പെട്ടു. നഗരത്തില്‍ യുക്രൈന്‍റെ പ്രത്യേക സേനയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ ഇതിനകം നൂറ് പേരെയെങ്കിലും കൊന്നിട്ടുണ്ടെന്നും റഷ്യ ആരോപിച്ചു.
അട്ടിമറി സംഘങ്ങളുടെ നിരന്തര ആക്രമണത്തെക്കുറിച്ച് മേഖലയിലെ റഷ്യൻ സൈന്യം പരാതിപ്പെടുന്നതായി ഫോൺ സംഭാഷണങ്ങൾ വെളിപ്പെടുത്തുന്നു. മാത്രമല്ല, റഷ്യ കീഴടക്കിയ പ്രദേശങ്ങളിലെ പ്രാദേശിക പ്രതിരോധ പോരാളികൾ അധിനിവേശ സൈനികരെ കുത്തിക്കൊല്ലുന്ന ചിത്രങ്ങളും റഷ്യൻ അനുകൂല ഉദ്യോഗസ്ഥരുടെ തല ലക്ഷ്യം വയ്ക്കുന്നതരത്തിലുള്ള പോസ്റ്ററുകളും നഗരത്തിലുടനീളം പതിക്കപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അതോടൊപ്പം യുക്രൈന്‍, സാമൂഹിക മാധ്യമങ്ങളില്‍ വഴി തങ്ങളുമായി അനുഭാവമുള്ളവര്‍ക്കായി ഏങ്ങനെ റഷ്യന്‍ ആയുധങ്ങള്‍ മോഷ്ടിക്കാമെന്നും റഷ്യന്‍ ടാങ്കുകള്‍ ഏങ്ങനെ നിര്‍വീര്യമാക്കുമെന്നതിനെ കുറിച്ചും പ്രത്യേക വീഡിയോകള്‍ നിര്‍മ്മിച്ച് പ്രചരിപ്പിക്കുന്നുമുണ്ട്.
റഷ്യയുടെ യുക്രൈന്‍ ആക്രമത്തിന്‍റെ ആദ്യ ആഴ്ചകളില്‍ പ്രത്യേകിച്ചും വടക്ക് പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ റഷ്യ ആക്രമണം ആരംഭിച്ച കാലത്ത് യുക്രൈന്‍ ജനത റഷ്യന്‍ ടാങ്കുകളെയും കവചിത വാഹനങ്ങളെയും പ്രതിരോധിച്ചത് പ്രാദേശികമായി നിര്‍മ്മിച്ച മോളോടോവ് കോക്ടെയ്ല്‍ (Molotov cocktail) എന്ന് വിളിക്കപ്പെടുന്ന പെട്രോള്‍ ബോംബുകള്‍ ഉപയോഗിച്ചായിരുന്നു.
മോളോടോവ് കോക്ടെയ്ല്‍ എങ്ങനെ നിര്‍മ്മിക്കാമെന്നതിനെ കുറിച്ച് യുക്രൈന്‍ പ്രതിരോധ മന്ത്രാലയം തന്നെ നിരവധി വീഡിയോകള്‍ നിര്‍മ്മിച്ച് പ്രചരിപ്പിച്ചിരുന്നു. ‘നമ്മുടെ പ്രദേശത്ത് നമുക്കോരോരുത്തർക്കും ഏങ്ങനെ ശത്രുവിനെ ചെറുക്കാനും വിജയത്തിന് സംഭാവന നൽകാനും കഴിയുമെന്നും. നമ്മൾ ഒരുമിച്ച് അധിനിവേശക്കാരുടെ ജീവിതം ഏങ്ങനെ നരകമാക്കി മാറ്റാമെന്നും' വ്യക്തമാക്കുന്ന മുന്നറിയിപ്പുകള്‍ യുക്രൈന്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയ തോതില്‍ തന്നെ പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്.
യുദ്ധത്തിന്‍റെ തുടക്കത്തില്‍ 18 വയസിനും 60 വയസിനും ഇടയിലുള്ള പുരുഷന്മാര്‍ രാജ്യത്ത് തുടരണമെന്നും അവര്‍ രാജ്യത്തിന്‍റെ ചെറുത്ത് നില്‍പ്പിനായി പ്രയത്നിക്കണമെന്നും പ്രസിഡന്‍റ് സെലെന്‍സ്കി ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് രാജ്യത്തെ പൗരന്മാര്‍ സ്ത്രീ പുരുഷ ഭേദമന്യേ പ്രതിരോധ മുന്നണിയില്‍ അണിനിരന്നു. ഇതിനെ തുടര്‍ന്ന് അടുത്തകാലത്ത് നടന്ന ഒരു യുദ്ധത്തിലും കാണാത്ത തരത്തിലുള്ള ശക്തമായ പ്രതിരോധമായിരുന്നു യുക്രൈനില്‍ നിന്ന് ലോകം കണ്ടത്.
സൈബീരിയയില്‍ ജനിച്ച റഷ്യൻ അനുകൂല പാർട്ടി കൗൺസിലറായ ആന്ദ്രേ ഷെവ്‌ചിക്ക്, മാര്‍ച്ച് ആദ്യം യുക്രൈന്‍ നഗരമായ എനർഹോദര്‍ (Enerhoda) റഷ്യ പിടിച്ചടക്കിയതിന് പിന്നാലെയാണ് നഗരത്തിന്‍റെ മേയറായി സ്വയം പ്രഖ്യാപിച്ചത്. തുടര്‍ന്ന് റഷ്യയുമായി ഔപചാരികമായി ചേരുന്നതിന് 'റഫറണ്ടം' നടത്താനുള്ള നീക്കങ്ങൾ നടത്തുന്നതിനിടെയാണ് അദ്ദേഹത്തിന് നേരെ ആക്രമണം ഉണ്ടായത്.
ആന്ദ്രേ ഷെവ്‌ചിക്കിന്‍റെ താമസ സ്ഥലമായി പ്രഖ്യാപിച്ച റഷ്യന്‍ സൈന്യത്തിന്‍റെ നിയന്ത്രണത്തിലുള്ള ഹോട്ടലില്‍, അദ്ദേഹത്തിന് നേരെ നടന്ന ബോംബാക്രമണത്തിന് മൂന്ന് ദിവസം മുമ്പ് നിഗൂഢമായ ഒരു തീപിടിത്തം സംഭവിച്ചിരുന്നു. അദ്ദേഹം സ്വയം പ്രഖ്യാപിത മേയറായി പ്രഖ്യാപിച്ചതിന് തൊട്ട് പിന്നാലെയായിരുന്നു ഈ തീപിടിത്തം. അതില്‍ നിന്ന് തലനാരിഴയ്ക്കാണ് ഷെവ്ചിക്ക് രക്ഷപ്പെട്ടത്.
റഷ്യ, എനർഹോദര്‍ നഗരം പിടിച്ചെടുത്തപ്പോള്‍ യുക്രൈന്‍ പതാകയുയര്‍ത്തി പ്രതിഷേധിച്ച പ്രദേശവാസികളെ റഷ്യന്‍ കലാപ പൊലീസ് അടിച്ചമര്‍ത്തി. തൊട്ട് പിന്നാലെ പ്രദേശവാസികളുടെ വാഹനങ്ങളും മൊബൈലുകളും സ്വത്തും റഷ്യന്‍ അനുകൂലികള്‍ ബലം പ്രയോഗിച്ച് കൈയടക്കാന്‍ ശ്രമിക്കുകയും ഔദ്ധ്യോഗിക സ്ഥാനങ്ങള്‍ വഹിച്ചിരുന്നവരെ പീഡിപ്പിക്കാനും ആരംഭിച്ചതോടെയാണ് നഗരത്തില്‍ ഒളിയുദ്ധങ്ങള്‍ ശക്തിപ്രാപിച്ചത്.
യുദ്ധത്തിന് മുമ്പ് 53,000 ജനസംഖ്യയുള്ള നഗരമായിരുന്നു എനെർഹോദർ. ജനസംഖ്യാപരമായി ചെറുതാണെങ്കിലും ഏറെ പ്രധാന്യമുള്ള നഗരമാണ് എനെര്‍ഹോദര്‍. കാരണം നഗരത്തിന് സമീപത്തായി ആയിരക്കണക്കിന് ജീവനക്കാരുണ്ടായിരുന്ന രണ്ട് പവര്‍ പ്ലാന്‍റുകള്‍ പ്രവര്‍ത്തിക്കുന്നു. അതിലൊന്ന് യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമാണ്.
ഇതിനിടെ നഗരത്തില്‍ രഹസ്യമായി ഒരു പ്രദേശിക ടെലഗ്രാം ചാനല്‍ ആരംഭിച്ചതായി ഡെയ്ലിമെയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ ഏതാണ്ട് 3,500-ലധികം ഭാഗമാണ്. റഷ്യന്‍ അനുകൂലികളായവരുടെ ചിത്രങ്ങള്‍, അവരുടെ മറ്റ് വിശദാംശങ്ങള്‍ ടെലിഫോണ്‍ നമ്പറുകള്‍ എന്നിവയാണ് ഈ ടെലഗ്രാം ചാനലിലൂടെ പങ്കുവച്ചിരുന്നത്. അതോടൊപ്പം നെറ്റിയില്‍ ചുവന്ന പൊട്ട് പതിപ്പിച്ച റഷ്യന്‍ സൈനികരുടെ ചിത്രങ്ങളും പങ്കുവയ്ക്കപ്പെടുന്നുണ്ട്.
'പ്രാദേശിക ജനങ്ങൾ റഷ്യൻ അധിനിവേശ സേനയെ അംഗീകരിക്കുന്നില്ലെന്നും രാജ്യദ്രോഹികളെയും അവരുടെ സഹായികളെയും തുറന്നുകാട്ടുന്നതിനും പ്രാദേശിക പ്രതിരോധത്തിന് ജനങ്ങളെ സജ്ജമാക്കുന്നതിനും വേണ്ടിയാണ് പുതിയ ടെലിഗ്രാം ചാനൽ ആരംഭിച്ചതെന്ന് ചാനല്‍ സ്ഥാപകനായ അലക്സ് ഡെയ്ലി മെയിലിനോട് പറഞ്ഞു.
റഷ്യന്‍ സൈന്യം പിടിച്ചെടുത്ത രണ്ടാമത്തെ വലിയ നഗരമായ കെര്‍സണിലും (Kherson) ഇത്തരം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. കെര്‍സണില്‍ കഴിഞ്ഞ മാസം റഷ്യന്‍ അനുകൂല ബ്ലോഗറായ വലേരി കുലേഷോവ് വെടിയേറ്റ് മരിച്ചിരുന്നു. വലേരി കുലേഷോവ് ചിത്രങ്ങളും കാറിന്‍റെ നമ്പറും ടെലിഫോണ്‍ നമ്പറുകളും സാമൂഹിക മാധ്യമങ്ങളിലും പൊതു നിരത്തുകളിലും അതിനകം ഇടം പിടിച്ചിരുന്നു.
'റഷ്യൻ അധിനിവേശക്കാരും അവരെ പിന്തുണയ്ക്കുന്ന എല്ലാവര്‍ക്കും തൊട്ടടുത്ത് ഞങ്ങളുണ്ട്. ഇതിനകം തന്നെ ഞങ്ങള്‍ കെര്‍സണില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മരണം നിങ്ങളെ എല്ലാവരെയും കാത്തിരിക്കുന്നു.' വലേരി കുലേഷോവിനെ വധിച്ച ദിവസം തെരുവുകളില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളില്‍ മുന്നറിയിപ്പ് നല്‍കുന്നു.
റഷ്യ കീഴടക്കുന്ന പ്രദേശങ്ങളിലെ തകര്‍ന്ന കെട്ടിടങ്ങളില്‍ യുക്രൈന്‍റെ ദേശീയ പതാകയുടെ നിറമായ മഞ്ഞയും നീലയും പ്രത്യേക്ഷപ്പെടുന്നത് പതിവായി. അതോടൊപ്പം ദേശീയ പതാകയും പ്രത്യക്ഷപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു.
പിടിച്ചടക്കിയതിന് പിന്നാലെ കറന്‍സിയും ഭാഷയും അടിച്ചേല്‍പ്പിക്കാനും നിര്‍ബന്ധിത പൗരത്വ വിതരണത്തിനുമുള്ള ശ്രമം റഷ്യ ആരംഭിച്ചു. ഇതോടെയാണ് കെര്‍സണില്‍ ഒളിപോര്‍ വര്‍ദ്ധിച്ചതെന്ന് കെർസൺ റീജിയണൽ അഡ്മിനിസ്ട്രേഷൻ മേധാവിയുടെ ഉപദേശകനായ സെർഹി ഖ്ലാൻ പറയുന്നു.
ഒളിപ്പോര്‍ ശക്തി പ്രാപിക്കുന്നതിനൊപ്പം റഷ്യയ്ക്കെതിരെ പോരാടിയ തങ്ങളുടെ സാധാരണക്കാരുടെ വീര്യ കൃത്യങ്ങളും യുക്രൈന്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു. ട്രാക്ടർ ഉപയോഗിച്ച് റഷ്യന്‍ ടാങ്ക് വലിച്ചെറിഞ്ഞ കർഷകൻ, 29 റഷ്യൻ സൈനികരെ പിടികൂടാൻ യുക്രൈന്‍ പൊലീസിനെ സഹായിച്ച ചില ഗ്രാമീണർ, റഷ്യന്‍ ടാങ്കറില്‍ നിന്ന് 700 ലിറ്റര്‍ ഡീസല്‍ മോഷ്ടിച്ച് അടുത്തുള്ള ആശുപത്രിയിലെത്തിച്ച ഡൈമറിലെ രണ്ട് അയൽക്കാർ, 48 റഷ്യന്‍ മിസൈലുകളുടെ ഭാഗങ്ങള്‍ പൊളിച്ച് ടോയ്‍ലറ്റില്‍ ഒളിപ്പിക്കുകയും റഷ്യന്‍ യുദ്ധരേഖകള്‍ മോഷ്ടിക്കുകയും സൈനിക വാഹനങ്ങളില്‍ നിന്ന് ബാറ്ററി നീക്കം ചെയ്യുകയും ചെയ്ത 63 വയസ്സുള്ള മുന്‍ സൈനിക പാരാട്രൂപ്പ് അംഗമായ വാസിലി എന്നിങ്ങനെയുള്ള ധീരന്മാരുടെ കഥകളാണ് ഇപ്പോള്‍ റഷ്യന്‍ അധിനിവേശ പ്രദേശത്ത് വ്യാപകമായി പ്രചരിക്കുന്നത്.
ഡോണ്‍ബാസിലും മരിയുപോളിലും ഇത്തരത്തിലുള്ള ശക്തമായ ഗറില്ലാ പോരാട്ടമാണ് നടക്കുന്നതെന്നാണ് പുറത്ത് വരുന്ന വിവരം. ഈ മേഖലയില്‍ നിന്ന് യുക്രൈന്‍ സൈന്യം താത്കാലികമായി പിന്മാറുകയാമെന്ന് ഔദ്ധ്യോഗികമായി പ്രഖ്യാപിച്ചതിന് ശേഷവും റഷ്യയുടെ രണ്ട് ഉന്നത സൈനികോദ്ധ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും അവരുടെ മൃതദേഹം റോഡില്‍ ഉപേക്ഷിക്കപ്പെടുകയും ചെയ്തു.
നൂറ് കണക്കിന് റഷ്യന്‍ സൈനികരാണ് ഈ പ്രദേശങ്ങളില്‍ ഓരോ ദിവസവും അജ്ഞാതരാല്‍ കൊല്ലപ്പെടുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുക്രൈന്‍ രഹസ്യാന്വേഷണ വിഭാഗം പിടിച്ചെടുത്ത ചില റഷ്യന്‍ സൈനികരുടെ ഫോണ്‍ കോളുകളില്‍ ഇത്തരം അജ്ഞാത അക്രമണങ്ങളെ കുറിച്ചുള്ള ഭയത്തെ കുറിച്ച് വിവരിക്കുന്നതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
യുദ്ധാരംഭത്തില്‍ യുക്രൈന്‍ ഭരണകൂടം നവനാസികളുടെ പിടിയിലാണെന്നായിരുന്നു പുടിന്‍ ആരോപിച്ചിരുന്നത്. നവനാസികളെ കീഴടക്കാനായെത്തുന്ന റഷ്യന്‍ പട്ടാളത്തെ യുക്രൈനികള്‍ പൂച്ചെണ്ട് നല്‍കി സ്വീകരിക്കുമെന്നുമായിരുന്നു റഷ്യന്‍ സൈനികരെ ഉന്നത സൈനികോദ്ധ്യോഗസ്ഥര്‍ വിശ്വസിപ്പിച്ചിരുന്നത്.
എന്നാല്‍, യുദ്ധം ആരംഭിച്ചത് മുതല്‍ റഷ്യന്‍ സൈന്യത്തെ മുന്നില്‍ നിന്ന് പ്രതിരോധിച്ചതില്‍ യുക്രൈനിലെ സാധാരണക്കാര്‍ക്കുള്ള സ്ഥാനം ഏറെ വലുതാണ്. ഇന്ന് കിഴക്കന്‍ യുക്രൈനില്‍ നിന്നും യുക്രൈന്‍ സൈന്യം പിന്മാറിയിട്ടും പ്രതിരോധത്തിന്‍റെ കടിഞ്ഞാണേറ്റെടുത്ത സാധാരണക്കാരുടെ പ്രതിരോധ സേന വരും ദിവസങ്ങളില്‍ റഷ്യന്‍ സൈന്യത്തെ വട്ടം കറക്കുമെന്ന് യുദ്ധനിരീക്ഷകരും അഭിപ്രായപ്പെടുന്നു.