യുദ്ധം നാലാം മാസത്തിലേക്ക്; കിഴക്കന്‍ യുക്രൈനില്‍ നിന്ന് യുക്രൈന്‍ സൈന്യം പിന്മാറുമെന്ന് സൂചന
First Published | May 28, 2022, 4:19 PM ISTയുദ്ധമാരംഭിച്ച് 94 ദിവസങ്ങള്‍ക്ക് ശേഷം, തങ്ങള്‍ക്ക് കിഴക്കന്‍ മേഖലയില്‍ നിന്നും പിന്മാറേണ്ടിവരുമെന്ന് യുക്രൈന്‍ (Ukraine) സമ്മതിച്ചതായി വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റഷ്യയുടെ (Russia) യുക്രൈന്‍ അധിനിവേശം നാലാം മാസത്തിലേക്ക് കടക്കുമ്പോഴാണ് യുക്രൈന്‍ ആദ്യമായി തങ്ങളുടെ പിന്മാറ്റത്തെ കുറിച്ച് വ്യക്തമാക്കുന്നത്. കഴിഞ്ഞ മൂന്ന് മാസക്കാലമായി സൈനിക ശക്തിയില്‍ ലോകത്തിലെ രണ്ടാം സ്ഥാനത്തായിരുന്ന റഷ്യയെ 22-ാം സ്ഥാനത്തുള്ള യുക്രൈന്‍ പ്രതിരോധിച്ച് നിര്‍ത്തുകയായിരുന്നു. എന്നാല്‍, കിഴക്കന്‍ മേഖലയില്‍ തങ്ങളുടെ സൈനിക ശക്തിയുടെ വലിയൊരു ഭാഗവും ഇറക്കി വിജയത്തിനായി റഷ്യ അക്ഷീണം പ്രവര്‍ത്തിക്കുമ്പോള്‍ സ്വന്തം ഭൂമിയില്‍ നിന്ന് പിന്മാറാതെ മറ്റ് വഴികളില്ലെന്നാണ് യുക്രൈന്‍ പറയുന്നത്. ഡനിപ്രോ നദിക്ക് (Dnipro River) കിഴക്കുള്ള യുക്രൈന്‍ ഭൂമി പടിച്ചടക്കാനുള്ള തീവ്രശ്രമത്തിലാണ് റഷ്യ. മൂന്ന് മാസം യുദ്ധം ചെയ്തിട്ടും കാര്യമായ വിജയം നേടാന്‍ കഴിയാത്തതാണ് യുദ്ധം കടുപ്പിക്കാന്‍ റഷ്യയെ പ്രേരിപ്പിക്കുന്നത്. ഈ പ്രദേശം കീഴടക്കിയാല്‍ മാത്രമാണ് റഷ്യയ്ക്ക് കരിങ്കടലിന്‍റെ (Black Sea) ആധിപത്യം നേടാന്‍ കഴിയൂ. അതോടൊപ്പം 2014 ല്‍ യുക്രൈനില്‍ നിന്നും പിടിച്ചെടുത്ത ക്രിമിയന്‍ ഉപദ്വീപിലേക്ക് കരമാര്‍ഗ്ഗം എത്തിചേരാനും യുക്രൈന്‍റെ കിഴക്കന്‍ മേഖല, റഷ്യയ്ക്ക് കീഴടക്കേണ്ടതായുണ്ട്.