World War III: മൂന്നാം ലോക മഹായുദ്ധത്തെ കുറിച്ച് റഷ്യന്‍ വിദേശകാര്യ മന്ത്രിയുടെ മുന്നറിയിപ്പ്

First Published | Apr 26, 2022, 4:06 PM IST

യുക്രൈന്‍ അധിനിവേശം രണ്ട് മാസം പിന്നിടുമ്പോള്‍ റഷ്യയുടെ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് യുക്രൈന്‍ സംഘർഷം ഒരു മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി. നാറ്റോ സഖ്യം യുക്രൈന് ആയുധങ്ങൾ വിതരണം ചെയ്തുകൊണ്ട് റഷ്യയുമായി ഒരു നിഴല്‍ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്നും സെര്‍ജി ലാവ്റോവ് ആരോപിച്ചു. തിങ്കളാഴ്ച സ്റ്റേറ്റ് ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്ത അദ്ദേഹത്തിന്‍റെ നീണ്ട അഭിമുഖത്തിൽ, ഒരു ആണവ സംഘർഷത്തിന്‍റെ അപകടസാധ്യത കുറച്ച് കാണരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും കീവ് സന്ദർശിച്ച് യുക്രൈന് കൂടുതൽ സൈനിക സഹായം വാഗ്ദാനം ചെയ്ത് മണിക്കൂറുകൾക്ക് ശേഷമാണ് റഷ്യ അഭിമുഖം സംപ്രേക്ഷണം ചെയ്തത്. ഇതോടെ റഷ്യയുടെ അധിനിവേശാരംഭത്തില്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഭയപ്പെട്ടിരുന്നത് സംഭവിക്കുമെന്ന ആശങ്ക പടര്‍ന്നു. എന്നാല്‍, യുക്രൈനില്‍ റഷ്യ പരാജയഭീതിയിലാണെന്നും ഇത് മറയ്ക്കുന്നതിനാണ് ആണവ ഭീഷണി മുഴക്കുന്നതെന്നും വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ പറഞ്ഞു. 
 

യുക്രൈന്‍ സന്ദര്‍ശന വേളയില്‍ റഷ്യ ദുര്‍ബലപ്പെടുന്നത് കാണാന്‍ യുഎസ് ആഗ്രഹിക്കുന്നുവെന്നും മോസ്കോയ്ക്കെതിരെ വിജയിക്കാന്‍ യുക്രൈനെ കൈയയച്ച് സഹായിക്കുമെന്നും യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ അഭിപ്രായപ്പെട്ടിരുന്നു. 

റഷ്യയ്ക്കെതിരെ യുക്രൈനുമായി ബന്ധപ്പെട്ട പ്രതിരോധ ചർച്ചകൾക്കായി യുഎസ് ഈ ആഴ്ച 40 ലധികം രാജ്യങ്ങളുടെ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. യുക്രൈന് ലോകരാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ ആയുധങ്ങളെത്തിക്കുകയാണ് യുഎസ് ലക്ഷ്യം. 


അഭിമുഖത്തിനിടെ മൂന്നാം ലോക മഹായുദ്ധം ഒഴിവാക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും നിലവിലെ സാഹചര്യം 1962 ലെ ക്യൂബൻ മിസൈൽ പ്രതിസന്ധിയുമായി താരതമ്യപ്പെടുത്താനാകുമോയെന്നും ലാവ്‌റോവിനോട് ചോദ്യമുയര്‍ന്നു. 

ഇത് യുഎസ്-സോവിയറ്റ് ബന്ധത്തിലെ ഏറ്റവും അടിസ്ഥാനമൂല്യമാണ്. എന്തുവിലകൊടുത്തും ആണവയുദ്ധം തടയാൻ പരിശ്രമിക്കുക എന്ന തത്വം. "ഞങ്ങൾ എല്ലാം അടിസ്ഥാനമാക്കുന്ന ഞങ്ങളുടെ പ്രധാന നിലപാടാണിത്. എന്നാല്‍ ഇപ്പോൾ അപകടസാധ്യതകൾ വളരെ വലുതാണ്," ലാവ്‌റോവ് പറഞ്ഞു. 

"ആ അപകടസാധ്യതകൾ കൃത്രിമമായി ഉയർത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാല്‍ പലരും അത് ആഗ്രഹിക്കുന്നുണ്ട്. അപകടം ഗുരുതരമാണ്, യഥാർത്ഥമാണ്. നമ്മൾ അതിനെ കുറച്ചുകാണരുത്. ” ലാവ്റോവ് കൂട്ടിച്ചേര്‍ത്തു. 

രണ്ടാം ലോക മഹായുദ്ധം നടന്ന 1945 ന് ശേഷം ഒരു യൂറോപ്യൻ രാജ്യത്തിന് നേരെ നടന്ന ഏറ്റവും വലിയ ആക്രമണമാണ് റഷ്യയുടെ യുക്രൈന്‍ അധിനിവേശം. രണ്ട് മാസത്തെ റഷ്യയുടെ യുക്രൈന്‍ ആക്രമണത്തില്‍ പതിനായിരക്കണക്കിന് യുക്രൈനികള്‍ കൊല്ലപ്പെട്ടു. അതിന്‍റെ ഇരട്ടിപേര്‍ക്ക് പരിക്കേറ്റു. 

ഇന്ന് യുക്രൈന്‍റെ എല്ലാ പട്ടണങ്ങളും നഗരങ്ങളും കെട്ടിടാവശിഷ്ടങ്ങളുടെ കൂമ്പാരമായി മാറ്റപ്പെട്ടു. യുക്രൈനിലെ ഏതാണ്ട് 90 ശതമാനം കെട്ടിടങ്ങളും ഭാഗികമായോ, പൂര്‍ണ്ണമായോ നശിപ്പിക്കപ്പെട്ടു.  5 ദശലക്ഷത്തിലധികം ആളുകള്‍ രാജ്യത്ത് നിന്ന് പലായനം ചെയ്തു. 

യുക്രൈനെതിരായ യുദ്ധത്തെ 'യുദ്ധ'മെന്ന് വിളിക്കാന്‍ റഷ്യ തയ്യാറല്ല. മറിച്ച് യുക്രൈന്‍ സൈന്യത്തിലെ നവനാസി വിഭാഗത്തിനെതിരായ "പ്രത്യേക സൈനിക നടപടി" യെന്നാണ് റഷ്യ ഈ യുദ്ധത്തെ വിശേഷിപ്പിക്കുന്നത്. എന്നാല്‍, കീവ് അക്രമിക്കാന്‍ പുടിന്‍ നിരത്തുന്ന വ്യാജവാദമാണിതെന്ന് യുഎസും യുക്രൈനും മറ്റ് യുറോപ്യന്‍ രാജ്യങ്ങളും പറയുന്നു. 

റഷ്യയുടെ യുദ്ധ നീക്കത്തിനെതിരെ പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള "ആക്രമണാത്മക പ്രസ്താവനകൾ" ഉദ്ധരിച്ച് യുദ്ധത്തിന്‍റെ തുടക്കത്തിൽ പുടിന്‍ രാജ്യത്തെ ആണവ പ്രതിരോധ ശക്തികളെ അതീവ ജാഗ്രതയിലാക്കിയതായി വാര്‍ത്തകള്‍ വന്നിരുന്നു. 

ഏറ്റവും പുതിയ അഭിമുഖത്തില്‍ റഷ്യയുടെ നടപടികളെ ന്യായീകരിച്ച ലാവ്റോവ്, യുഎസ് ആണ് പ്രശ്നകാരണമെന്ന് ആരോപിച്ചു. യുക്രൈന്‍റെ ഡോണ്‍ബാസ് മേഖലയിലെ റഷ്യന്‍ വംശജരെ യുക്രൈന്‍ വംശഹത്യ ചെയ്യുകയാണെന്നും ഇവരെ സംരക്ഷിക്കേണ്ടത് റഷ്യയുടെ ഉത്തരവാദിത്വമാണെന്നും ലാവ്റോവ് ആവര്‍ത്തിച്ചു. 

യുദ്ധത്തിനായി യുക്രൈന് ജാവലിൻ ടാങ്ക് വിരുദ്ധ മിസൈലുകൾ, കവചിത വാഹനങ്ങൾ, നൂതന ഡ്രോണുകൾ എന്നിവയുൾപ്പെടെയുള്ള അത്യാധുനിക ആയുധങ്ങള്‍ വിതരണം ചെയ്യുന്ന യുഎസ് അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങള്‍ സംഘർഷം അവസാനിപ്പിക്കുന്നതിന് പകരം അത് നീട്ടിക്കൊണ്ടുപോകാൻ ലക്ഷ്യമിട്ടുള്ള പ്രകോപനപരമായ നടപടികളാണ് കൈക്കൊള്ളുന്നതെന്നും അദ്ദേഹം ആരോപിച്ചു. 

'പ്രത്യേക സൈനിക നീക്കത്തിന്‍റെ പശ്ചാത്തലത്തിൽ ഈ ആയുധങ്ങൾ റഷ്യന്‍ സൈന്യത്തിന്‍റെ നിയമാനുസൃതമായ ലക്ഷ്യമായിരിക്കുമെന്നും'. ലാവ്റോവ് കൂട്ടിച്ചേര്‍ത്തു. "പടിഞ്ഞാറൻ യുക്രൈനിലെ ആയുധ സംഭരണശാലകള്‍ റഷ്യ ഒന്നിലധികം തവണ ലക്ഷ്യം വച്ചിട്ടുണ്ട്. അല്ലാതെ എങ്ങനെയാവും ?" അദ്ദേഹം കൂട്ടിച്ചേർത്തു. “നാറ്റോ, റഷ്യയ്ക്കെതിരെ ഒരു നിഴല്‍ യുദ്ധത്തിലാണ്. യുദ്ധം എന്നാൽ യുദ്ധം. ”

കീവിന്‍റെ ഭരണാധികാരികള്‍ നല്ല വിശ്വാസത്തിലല്ല ചര്‍ച്ചകള്‍ നടത്തുന്നത്. മുന്‍ സീരിയല്‍ നടനായ വോലോഡിമര്‍ സെലെന്‍സ്കി, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെപ്പോലെയാണെന്നും അദ്ദേഹം ആരോപിച്ചു.  ചുമതലയെ അഭിസംബോധന ചെയ്യുന്നതിനുപകരം അദ്ദേഹം പൊതുജനങ്ങളോട് കളിക്കുകയാണെന്നും ലാവ്റോവ് പറഞ്ഞു. 

ഗാലറിയിൽ കളിക്കാനുള്ള കഴിവിന്‍റെ കാര്യത്തിൽ അവർ സമാനരാണ്. ഉദാഹരണത്തിന്, അവർ ചർച്ചകളെ അനുകരിക്കുന്നനെന്നും ലാവ്റോവ് പറഞ്ഞു. കാര്യങ്ങളിങ്ങനെ ആണെങ്കിലും യുക്രൈന്‍ ചർച്ചാ സംഘവുമായി മോസ്കോ സംസാരിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

"സായുധ സേനയെ ഉപയോഗിക്കുന്ന ഏതൊരു സാഹചര്യത്തിലായാലും ഒരു ഉടമ്പടിയോടെ അവയെല്ലാം അവസാനിക്കും, എന്നാൽ ഈ ഉടമ്പടിയുടെ അളവ് കോലുകള്‍ നിർണ്ണയിക്കുന്നത് ഈ ഉടമ്പടി യാഥാർത്ഥ്യമാകുന്ന സൈനിക നടപടികളുടെ ഘട്ടത്തിലാണ്." ലാവ്റോവ് കൂട്ടിച്ചേര്‍ത്തു. 

കരിങ്കടലിലെ റഷ്യന്‍ നാവികസേനയുടെ അഭിമാനമായിരുന്ന മുൻനിര യുദ്ധ കപ്പലായ മോസ്‌ക്വ, യുക്രൈന്‍റെ മിസൈല്‍ ആക്രമണത്തില്‍ മുങ്ങിയതിനെത്തുടർന്ന് യുക്രൈനുമായി ഒരു കരാറിൽ ഒപ്പുവെക്കാനുള്ള എല്ലാ സാധ്യതകളും പുടിൻ അവസാനിപ്പിച്ചിരുന്നെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. പുടിൻ ഇപ്പോൾ കഴിയുന്നത്ര യുക്രൈന്‍ ഭൂമി പിടിച്ചെടുക്കാന്‍ ഒരുങ്ങുകയാമെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു. 

ഫെബ്രുവരി 24 നാണ് റഷ്യ, യുക്രൈനെതിരെ യുദ്ധം ആരംഭിച്ചത്. അമ്പത്തിയഞ്ച് ദിവസങ്ങള്‍ക്ക് ശേഷം യുക്രൈന്‍റെ വടക്ക് പടിഞ്ഞാന്‍ മേഖലയില്‍ നിന്നും റഷ്യ, സൈന്യത്തെ പിന്‍വലിച്ചു. യുക്രൈന്‍ തലസ്ഥാനമായ കീവ് തങ്ങളുടെ ലക്ഷ്യമല്ലെന്നായിരുന്നു റഷ്യ ഇതിന് പറഞ്ഞ കാരണം.

മറിച്ച്, യുക്രൈന്‍റെ വ്യവസായ മേഖലയായ ഡോണ്‍ബാസ് മേഖലയിലെ റഷ്യന്‍ വംശജരുടെ സുരക്ഷയാണ് തങ്ങളുടെ പ്രശ്നമെന്നും യുക്രൈന്‍ ഇവരെ വംശഹത്യ ചെയ്യുകയാണെന്നും റഷ്യ ആരോപിച്ചു. ലോകത്തിലെ റഷ്യന്‍ വംശജരുടെ സുരക്ഷ റഷ്യയുടെ ചുമതലയാണെന്നും റഷ്യ അവകാശപ്പെട്ടിരുന്നു. 

യുക്രൈന്‍റെ കിഴക്കന്‍ മേഖലയില്‍ റഷ്യ റോക്കറ്റ്, മോട്ടോര്‍, വ്യോമ ആക്രമണങ്ങളാണ് ശക്തിപ്പെടുത്തിയത്. യുദ്ധമാരംഭിച്ച് രണ്ട് മാസം കഴിഞ്ഞെങ്കിലും കഴിഞ്ഞ ആഴ്ചയെടുവിലാണ് മരിയുപോള്‍ കീഴടക്കിയതായി റഷ്യ അവകാശപ്പെട്ടത്. എന്നാല്‍, മരിയുപോള്‍ കീഴടങ്ങിയിട്ടില്ലെന്നും പോരാട്ടം വടക്കുകയാണെന്നും യുക്രൈനും തിരിച്ചടിച്ചു. 

യുക്രൈന്‍റെ ഏതാണ്ട് രണ്ടായിരത്തോളം വരുന്ന് സൈനികര്‍ (അസോവ് ബറ്റാലിയന്‍) ഡോണ്‍ബാസ് മേഖലയിലെ ഏറ്റവും വലിയ ഉരുക്കുശാലയായ അസോവ് പ്ലാന്‍റില്‍ അഭയം പ്രപിച്ചു. 2014 ല്‍ റഷ്യയുടെ ക്രിമിയന്‍ അക്രമണകാലം മുതല്‍ ഡോണ്‍ബാസ്  യുദ്ധ മേഖലയാണ്. 

ഇത്രയും നീണ്ട കാലത്തെ യുദ്ധം ഈ മേഖലയെ ഒരു ഗറില്ലാ യുദ്ധമുഖമാക്കി മാറ്റിക്കഴിഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിസങ്കീര്‍ണ്ണമായ ട്രഞ്ചുകളും കിടങ്ങുകളുമാല്‍ സമൃദ്ധമാണ് ഈ യുദ്ധമുഖം. അതിനാല്‍ ഇവിടെ നിന്ന് ഗറില്ലയുദ്ധം തുറക്കുമെന്ന് യുക്രൈന്‍ അവകാശപ്പെട്ടു. 

ആണവ സംഘർഷത്തെക്കുറിച്ചുള്ള ലാവ്‌റോവിന്‍റെ മുന്നറിയിപ്പുകൾ "മോസ്കോയുടെ തോൽവിയെയാണ് അർത്ഥമാക്കുന്നതെന്ന്" യുക്രൈന്‍റെ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ അഭിപ്രായപ്പെട്ടു. അതോടൊപ്പം കീവിനുള്ള സഹായങ്ങള്‍ തുടരാന്‍ അദ്ദേഹം പാശ്ചാത്യ രാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചു. 

“യുക്രൈനെ പിന്തുണയ്ക്കുന്നതിൽ നിന്ന് ലോകത്തെ ഭയപ്പെടുത്താനുള്ള അവസാന പ്രതീക്ഷയും റഷ്യയ്ക്ക് നഷ്ടപ്പെട്ടു,” എന്ന് കുലേബ ട്വിറ്റ് ചെയ്തു. "മൂന്നാം ലോകമഹായുദ്ധത്തിന്‍റെ ഒരു 'യഥാർത്ഥ' അപകടത്തെക്കുറിച്ചുള്ള ആശങ്കയിലാണ് റഷ്യ.  

ഇതിനർത്ഥം യുക്രൈനില്‍ റഷ്യയ്ക്ക് പരാജയംഅനുഭവപ്പെടുന്നു എന്നാണ്. അതിനാൽ, യൂറോപ്യൻ, ആഗോള സുരക്ഷയ്ക്കായി ഞങ്ങൾ വിജയിക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി ലോകം യുക്രൈനെ പിന്തുണയ്ക്കുന്നത് ഇരട്ടിയാക്കണമെന്നും അദ്ദേഹം എഴുതി. 

Latest Videos

click me!