Ukraine War: മരിയുപോളിന് പിന്നാലെ ഡോണ്‍ബാസ് പിടിക്കാന്‍ റഷ്യ, പ്രതിരോധിക്കുമെന്ന് യുക്രൈന്‍

First Published | May 23, 2022, 12:40 PM IST

യുക്രൈനിലെ (Ukriane) ഡോണ്‍ബാസ് (Donbas) മേഖലയുടെ നിയന്ത്രണം ഏറ്റെടുക്കാനായുള്ള പോരാട്ടം ഞായറാഴ്ചയോടെ റഷ്യ (Russia) ശക്തമാക്കി. യുദ്ധം മൂന്ന് മാസം പിന്നിടുമ്പോഴാണ് റഷ്യന്‍ വിതരുടെ ശക്തികേന്ദ്രമായ ഡോണ്‍ബാസ് മേഖലയില്‍ റഷ്യ ശക്തമായ അക്രമണം തുടരുന്നത്. ഇതോടെ ഈ പ്രദേശത്ത് കുടിങ്ങിപ്പോയ യുക്രൈന്‍ സൈനികര്‍ക്ക് പുറത്ത് കടക്കാന്‍ പറ്റാതായി. യുക്രൈനിലേക്കുള്ള പാശ്ചത്യ രാജ്യങ്ങളുടെ ആയുധ വിതരണ ശൃംഖല തകര്‍ത്തായും റഷ്യ അവകാശപ്പെട്ടു. കിഴക്കന്‍ യുക്രൈന്‍റെ പരമാധികാരം നേടണമെങ്കില്‍ റഷ്യയ്ക്ക് ഡൊനെറ്റ്സ്ക് മേഖലയിലെ സീവിയേറോഡൊനെറ്റ്സ്ക് (Sievierodonetsk), സ്ലോവിയൻസ്ക് (Sloviansk) എന്നീ നഗരങ്ങൾ പിടിച്ചെടുക്കേണ്ടത് നിർണായകമാണ്. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് ഫെബ്രുവരി 24 ന് യുക്രൈന്‍ അധിനിവേശത്തിന് മുമ്പ് റഷ്യ അക്രമണത്തിനായി നിരത്തിയ കാരണങ്ങളിലൊന്ന് ഡോണ്‍ബാസ് മേഖലയിലെ റഷ്യന്‍ വിമതരുടെ വംശഹത്യയാണ് യുക്രൈന്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും റഷ്യന്‍ വംശജര്‍ ലോകത്തെവിടെയെങ്കിലും അക്രമിക്കപ്പെടുകയാണെങ്കില്‍ അവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം റഷ്യയ്ക്കുണ്ടെന്നുമായിരുന്നു. 

'പ്രത്യേക സൈനിക നടപടി' എന്ന വിശേഷണത്തോടെയാണ് റഷ്യ, യുക്രൈനിലേക്കുള്ള തങ്ങളുടെ സൈനിക നീക്കം ആരംഭിച്ചത്. റഷ്യന്‍ വംശജര്‍ക്കെതിരെ യുക്രൈന്‍ ഭരണകൂടത്തില്‍ പോലും സാന്നിധ്യമറിയിച്ച നവനാസി ഗ്രൂപ്പകളെ ഇല്ലാതാക്കാനാണ് തങ്ങളുടെ സൈനിക നീക്കമെന്നതായിരുന്നു റഷ്യ യുദ്ധത്തിനായി നിരത്തിയ മറ്റൊരു കാരണം. 

റഷ്യ ആരോപിച്ച നവനാസി ഗ്രൂപ്പ്, മരിയുപോള്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുക്രൈന്‍റെ സൈന്യമായ അസോള്‍വ് ബറ്റാലിയന്‍ ആണ്. യുദ്ധം തുടങ്ങി ഏതാണ്ട് 82 ദിവസമാണ് പുറത്ത് നിന്ന് വലിയ സഹായം ഇല്ലാതിരുന്നിട്ടുകൂടി റഷ്യന്‍ സൈന്യത്തെ മരിയുപോളില്‍ നിന്ന് അസോള്‍വ് ബറ്റാലിയന്‍ പ്രതിരോധിച്ചത്. 


ഒടുവില്‍ ഉപേക്ഷിക്കപ്പെട്ട അസോള്‍വ് സ്റ്റീല്‍ പ്ലാറ്റിന്‍ പ്രണരക്ഷാര്‍ത്ഥം രക്ഷ പ്രാപിച്ച നൂറ് കണക്കിന് സൈനികര്‍ക്കും ആയിരക്കണക്കിന് സാധാരണക്കാര്‍ക്കുമുള്ള ഭക്ഷണം വെള്ളം തുടങ്ങിയ അവശ്യസാധനങ്ങളുടെ കൈമാറ്റം പോലും നിഷേധിച്ച റഷ്യ, യുക്രൈന്‍ സൈനികരെ കീഴടങ്ങാന്‍ പ്രേരിപ്പിക്കുകയായിരുന്നു. 

ഒടുവില്‍ 82 ദിവസങ്ങള്‍ക്ക് ശേഷം റഷ്യ അസോള്‍വ് സ്റ്റീല്‍ പ്ലാറ്റ് ലക്ഷ്യമാക്കി നിരന്തരം മിസൈല്‍ വര്‍ഷം നടത്തിയപ്പോഴാണ് ഗുരുതരമായി പരിക്കേറ്റ സൈനികരും സാധാരണക്കാരും റഷ്യന്‍ പട്ടാളത്തിന് മുമ്പില്‍ കീഴടങ്ങിയത്. ഇവരെ റഷ്യ, റഷ്യന്‍ വിമതരുടെ ശക്തി കേന്ദ്രങ്ങളിലേക്കാണ് കൊണ്ടുപോയത്. 

യുദ്ധതടവുകാരെ കാണാന്‍ റെഡ് ക്രോസ് സംഘടനയ്ക്ക് അധികാരമുണ്ടെങ്കിലും കീഴടങ്ങിയവരെ കുറിച്ച് ഇതുവരെയായും റഷ്യ ഒരു വിവരം പോലും പങ്കുവയ്ക്കുന്നില്ലെന്ന് യുക്രൈനും റെഡ് ക്രോസ് സംഘടനയും ആരോപിക്കുന്നു. റഷ്യ ഇക്കാര്യത്തില്‍ മൗനം തുടരുന്നു.

ഇതിനിടെയാണ് റഷ്യ, ഡോണ്‍ബാസ് മേഖലയിലെ തങ്ങളുടെ ആക്രമണം കടുപ്പിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. 2014 മുതല്‍ യുദ്ധമുഖമാണ് റഷ്യന്‍ വിതരുടെ ശക്തി കേന്ദ്രമായ ഡോണ്‍ബാസ് മേഖല. അതേ വര്‍ഷമാണ് കരിങ്കടലിലെ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാനായി റഷ്യ യുക്രൈന്‍റെ കൈവശമുണ്ടായിരുന്ന ക്രിമിയ അക്രമിച്ചത്. 

രക്തരൂക്ഷിതമായ ആ യുദ്ധത്തില്‍ ക്രിമിയന്‍ ഉപദ്വീപ് റഷ്യ കീഴടക്കിയെങ്കിലും കരമാര്‍ഗ്ഗം ക്രിമിയയിലേക്ക് കടക്കാന്‍ റഷ്യക്ക് വഴികളില്ലായിരുന്നു. ക്രിമിയയിലേക്കുള്ള ഏക മാര്‍ഗ്ഗം മരിയുപോള്‍ വഴിയാണ്. മരിയുപോളില്‍ പോരാട്ടം ശക്തമാക്കാനുള്ള റഷ്യയുടെ കാരണവും അത് തന്നെ. 

മരിയുപോളിലേക്ക് റഷ്യയില്‍ നിന്ന് എത്തിചേരാന്‍ ഡോണ്‍ബാസ് മേഖലയിലൂടെ വേണം പോകാന്‍. നിലവില്‍ റഷ്യന്‍ വിമതരുടെ ശക്തി കേന്ദ്രമായ ഇവിടെ യുക്രൈന്‍ സൈന്യത്തിന്‍റെ പോരാട്ടം ശക്തമാണ്. 2014 മുതല്‍ യുക്രൈന്‍ സൈന്യവും റഷ്യന്‍ വിമതരും പോരാട്ടം തുടരുന്ന പ്രദേശമാണ് ഇവിടം. ഇതിനകം ഈ പ്രദേശം രണ്ടാം ലോകമഹായുദ്ധ കാലത്തെ യുദ്ധമുഖം പോലെയാണെന്ന് യുദ്ധകാര്യ ലേഖകരും ഏഴുതുന്നു. 

അതിദുര്‍ഘടമായ കിടങ്ങുകളും ബങ്കറുകളും കൊണ്ട് സമ്പന്നമായ ഈ പ്രദേശം യുക്രൈന്‍ സൈനികരോളം വ്യക്തമായി അറിയാവുന്ന മറ്റൊരു സൈന്യമില്ലെന്നതാണ് യുക്രൈന്‍ സൈന്യത്തിന്‍റെ കൈമുതല്‍. എന്നാല്‍, റഷ്യ പോരാട്ടം കടുപ്പിച്ചതോടെ തന്ത്രപ്രധാനമായ  ഡോണ്‍ബോസ് മേഖല യുക്രൈന് നഷ്ടമാകാനുള്ള സാധ്യത ഏറി. 

റഷ്യ, ഡോണ്‍ബോസ് മേഖലയിലെ യുദ്ധം കടുപ്പിച്ചതോടെ യുക്രൈനിലെ പട്ടാള നിയമം മൂന്ന് മാസത്തേക്ക് - ഓഗസ്റ്റ് 23 വരെ നീട്ടി.  'ഡോൺബാസിലെ സ്ഥിതി വളരെ ബുദ്ധിമുട്ടാണ്,' ശനിയാഴ്ച രാത്രി പ്രസംഗത്തിൽ സെലെൻസ്‌കി (Volodymyr Zelensky) പറഞ്ഞു. റഷ്യൻ സൈന്യം സ്ലോവിയൻസ്‌ക്, സീവിയേറോഡൊനെറ്റ്‌സ്‌ക് നഗരങ്ങളെ ആക്രമിക്കാൻ ശ്രമിച്ചുവെങ്കിലും യുക്രൈന്‍ സൈന്യം അവരുടെ മുന്നേറ്റം തടഞ്ഞുനിർത്തുകയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. 

ലുഹാൻസ്ക് മേഖലയിലെ യുക്രൈന്‍ നിയന്ത്രണത്തിലുള്ള പ്രധാന മുൻനിര നഗരമാണ് സീവീറോഡൊനെറ്റ്സ്ക്.  സീവീറോഡൊനെറ്റ്സ്ക് കീഴടക്കി കഴിഞ്ഞാല്‍ ലുഹാന്‍സ്ക് മേഖലയില്‍ നിന്ന് ഡോണ്‍ബാസ് വഴി ഡൊനെറ്റ്സ്ക് (Donetsk) മേഖലയിലേക്കും അതുവഴി മരിയുപോളിലേക്കും റഷ്യന്‍ സൈന്യത്തിന് കടക്കാം. ഈ പ്രദേശങ്ങളുടെ തന്ത്രപ്രധാനമായ കിടപ്പ് തന്നെയാണ് റഷ്യന്‍ അക്രമണത്തിന്‍റെ കാരണം. 

സെവെറോഡോനെറ്റ്‌സ്കിലെ ബോംബാക്രമണത്തെ 'ക്രൂരവും തീർത്തും അർത്ഥശൂന്യവുമാണ്' എന്ന് സെലെൻസ്‌കി വിശേഷിപ്പിച്ചു. ലുഗാൻസ്കിലെ യുക്രൈന്‍ പ്രതിരോധത്തിന്‍റെ അവസാന കേന്ദ്രമാണ് സെവെറോഡോനെറ്റ്‌സ്കി നഗരം. മരിയുപോളിനെപ്പോലെ (Mariupol) അവർ റൂബിഷ്നെ (Rubizhne) വോനോക്വാഖ (Vonokvakha) എന്നീ നഗരങ്ങളെ പൂർണ്ണമായും നശിപ്പിച്ചു,' സെലെൻസ്‌കി വെള്ളിയാഴ്ച പറഞ്ഞു. 

റഷ്യക്കാർ 'സെവെറോഡോനെറ്റ്‌സ്കിലും മറ്റ് പല നഗരങ്ങളിലും ഇത് തന്നെ ചെയ്യാൻ ശ്രമിക്കുന്നു'. പ്രദേശത്തിന്‍റെ ഗവർണർ സെർഹി ഹൈദായി കൂട്ടിച്ചേര്‍ത്തു.  10 ദിവസത്തേക്കുള്ള മരുന്നും മറ്റ് സാമഗ്രികളും മൂന്ന് ഡോക്ടർമാരും മാത്രമാണുള്ളത് അവിടെയുള്ളത്. റഷ്യൻ ഷെല്ലാക്രമണത്തിൽ 12 സിവിലിയന്മാർ കൊല്ലപ്പെടുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തെന്ന് യുക്രൈന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 

നഗരം നാല് ദിശകളിൽ നിന്നും റഷ്യന്‍ ആക്രമണത്തിനിരയാണെന്നും എന്നാൽ റഷ്യൻ സൈനികർക്ക് ഇതുവരെ നഗരത്തിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞിട്ടില്ലെന്നും യുക്രൈന്‍ സൈന്യം ശക്തമായി പ്രതിരോധിക്കുകയാണെന്നും ഗവർണർ ഞായറാഴ്ച പറഞ്ഞു. ഫെബ്രുവരി 24 ന് റഷ്യ, യുക്രൈനെതിരെ യുദ്ധം തുടങ്ങുന്നതിന് മുമ്പ് റഷ്യന്‍ പിന്തുണയുള്ള വിഘടനവാദികളാണ് ലുഹാൻസ്ക്, ഡൊണെറ്റ്സ്ക് പ്രവിശ്യയിലെ ഭൂരിഭാഗം പ്രദേശങ്ങളും നിയന്ത്രിച്ചിരുന്നത്. 

റഷ്യന്‍ നഗരമായ ബെല്‍ഗഹോറോഡ് വഴി ലുഹാന്‍സ്കിലേക്കും അവിടെ നിന്ന് ഡോണ്‍ബാസ് വഴി ഡോനെസ്കിലേക്കും തുടര്‍ന്ന് മരിയുപോള്‍ വഴി ക്രിമിയന്‍ ഉപദ്വീപിലേക്കും ഒരു ഇടനാഴി സൃഷ്ടിക്കുകയാണ് റഷ്യയുടെ പദ്ധതി. ഈ പദ്ധതി നടപ്പായാല്‍ യൂറോപിലേക്ക് കടന്നു കയറാനായി റഷ്യയ്ക്ക് കരിങ്കടല്‍ തുറന്ന് കിട്ടും. കരിങ്കടലിലെ തന്ത്രപ്രധാനമായ അധികാരമാണ് റഷ്യയുടെ ലക്ഷ്യവും. 

ഇതിനിടെ വടക്കൻ യുക്രൈനിലേക്ക് പടിഞ്ഞാറൻ രാജ്യങ്ങള്‍ വിതരണം ചെയ്ത ആയുധ കയറ്റുമതി റഷ്യ നശിപ്പിച്ചതായി റഷ്യൻ പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ ഇഗോർ കൊനാഷെങ്കോവ് അവകാശപ്പെട്ടു. ഡോണ്‍ബോസിലെ ചെറുത്തുനില്‍പ്പിനായി പടിഞ്ഞാറന്‍ രാജ്യങ്ങള്‍ സമ്മാനിച്ച ആയുധങ്ങളാണ് നശിപ്പിക്കപ്പെട്ടതെന്ന് റഷ്യ അവകാശപ്പെട്ടു. 

ഇതോടൊപ്പം യുക്രൈന്‍റെ ആയുധങ്ങള്‍ ശേഖരിച്ച 13 പ്രദേശങ്ങളിലും ഒഡേസയിലെ യുക്രൈന്‍ സൈനിക കേന്ദ്രങ്ങളിലും യുക്രൈന്‍റെ നാലോളം വെടിവരുന്ന് സംഭരണശാലകളും റഷ്യയുടെ വ്യോമാധിഷ്ഠിത മിസൈലുകൾ കൃത്യതയോടെ പതിച്ചെന്നും കൊനാഷെങ്കോവ് അവകാശപ്പെട്ടു.

ഫെബ്രുവരി 24 ന് തുടങ്ങിയ സൈനിക നടപടയില്‍ ഇതുവരെയായി 174 വിമാനങ്ങൾ, 125 ഹെലികോപ്റ്ററുകൾ, 977 ആളില്ലാ വിമാനങ്ങൾ, 317 വിമാനവിരുദ്ധ മിസൈൽ സംവിധാനങ്ങൾ, 3,198 ടാങ്കുകളും മറ്റ് കവചിത യുദ്ധ വാഹനങ്ങളും, 408 മൾട്ടിപ്പിൾ റോക്കറ്റുകള്‍ എന്നിവ റഷ്യ നശിപ്പിച്ചതായും  കൊനാഷെങ്കോവ് പറഞ്ഞു. അതോടൊപ്പം മരിയുപോളിലെ വിശാലമായ അസോവ്സ്റ്റൽ സ്റ്റീൽ പ്ലാന്‍റ് (azovstal steel plant) റഷ്യൻ സൈന്യം 'പൂർണ്ണമായി മോചിപ്പിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. 

മരിയുപോൾ സ്റ്റീൽ പ്ലാന്‍റിൽ നിന്ന് ഇതുവരെയായി ഏകദേശം 2,500  യുക്രൈന്‍ സൈനികരെ  തടവിലാക്കിയതായി റഷ്യ അവകാശപ്പെട്ടു. മരിയുപോള്‍ സ്റ്റീല്‍പ്ലാന്‍റ് കീഴടക്കാനുള്ള യുദ്ധത്തിനിടെ റഷ്യ, 20,000-ത്തിലധികം സാധാരണക്കാരെ കൊന്ന് തള്ളിയതായി യുക്രൈനും ആരോപിച്ചു.  2,439 പേർ കീഴടങ്ങിയതായി റഷ്യ അവകാശപ്പെട്ടു. അവരിൽ ഓരോരുത്തരുടെയും തിരിച്ചുവരവിനായി യുക്രൈന്‍ പോരാടുമെന്ന് ഉപപ്രധാനമന്ത്രി ഐറിന വെരേഷ്ചുക്ക് ശനിയാഴ്ച പറഞ്ഞു.

കിഴടങ്ങിയവരില്‍ വിദേശ പോരാളികളുമുണ്ടെന്ന് റഷ്യന്‍ വിഘടനവാദി നേതാവ് ഡെനിസ് പുഷിലിൻ പറഞ്ഞു. എന്നാൽ വിശദാംശങ്ങൾ പുറത്ത് വിട്ടില്ല. പിടികൂടിയവരെല്ലാം നവനാസി പോരാളികളാണ് എന്നാണ് റഷ്യയുടെ പക്ഷം. യുക്രൈന്‍ നാവികസേനയുടെ 36-ാമത് പ്രത്യേക മറൈൻ ബ്രിഗേഡിന്‍റെ കമാൻഡറായ സെർഹി വോളിൻസ്കിയെ റഷ്യ കസ്റ്റഡിയിലെടുത്തു. അദ്ദേഹം അസോള്‍വ് സ്റ്റീൽ പ്ലാന്‍റിന്‍റെ പ്രതിരോധത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കുകയായിരുന്നു. 

സാറ്റലൈറ്റ് ചിത്രങ്ങളില്‍ മരിയുപോളിന് പുറത്ത് കൂട്ടക്കുഴിമാടങ്ങൾ പോലെയുള്ള പ്രദേശങ്ങള്‍ പുതുതായി നിര്‍മ്മിക്കപ്പെട്ടത് ചിത്രീകരിച്ചു. മരിയുപോളിലെ 9,000 ത്തോളെ സാധാരണക്കാരെ റഷ്യ കൊലപ്പെടുത്തി കൂട്ടകുഴിമാടങ്ങളില്‍ അടക്കം ചെയ്തതതായി പ്രദേശിക ഉദ്യോഗസ്ഥര്‍ ആരോപിച്ചു. ഏതാണ്ട് 4,50,000 പേര്‍ താമസിച്ചിരുന്ന നഗരമാണ് മരിയുപോള്‍. യുദ്ധം ആരംഭിച്ചപ്പോഴും ഏതാണ്ട് 1,00,000 ത്തോളം പേര്‍ നഗരത്തില്‍ അവശേഷിച്ചിരുന്നു. 

എന്നാല്‍, മരിയുപോളിനെ നാല് ഭാഗത്ത് നിന്നും വളഞ്ഞ റഷ്യന്‍ സൈന്യം, സാധാരണക്കാരെന്നോ സൈനികരെന്നോ നോട്ടമില്ലാതെ നഗരത്തിന് നേര്‍ക്ക് മിസൈല്‍ വര്‍ഷം നടത്തുകയായിരുന്നു. മിസൈല്‍ അക്രമണം ശക്തിപ്പെടുത്തിയതോടൊപ്പം നഗരത്തിലേക്കുള്ള റെഡ് ക്രോസിന്‍റെ പ്രവേശനം പോലും റഷ്യ തട‍ഞ്ഞു. വെള്ളം ഭക്ഷണം എന്നിവ പോലും നിഷേധിച്ച റഷ്യന് സൈന്യം, സുരക്ഷിതരായി ബങ്കറുകളില്‍ അഭയം പ്രാപിച്ചവരെ പോലും കണ്ടെത്തി കൊല്ലുകയായിരുന്നെന്ന് പ്രദേശിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

അസോവ് സ്റ്റീല്‍ പ്ലാന്‍റ് വളഞ്ഞെന്ന് റഷ്യന്‍ സൈന്യം അവകാശപ്പെട്ടപ്പോള്‍, പ്രദേശത്ത് നിന്ന് ഒരു ഈച്ച പോലും പുറത്ത് കടക്കരുതെന്നായിരുന്നു റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍ തന്‍റെ സൈനികരോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, റഷ്യന്‍ പട്ടാളം കൊന്ന് തള്ളിയ ആയിരക്കണക്കിന് മൃതദേഹങ്ങള്‍ കൃത്യമായല്ല മറവ് ചെയ്തതെന്നും ഇത് വരും ദിവസങ്ങളില്‍ മറ്റൊരു ദുരന്തത്തിന് കാരണമാകുമെന്നും മരിയുപോളിലെ യുക്രൈന്‍ മേയർ  മുന്നറിയിപ്പ് നല്‍കുന്നു. 

എന്നാല്‍, മരിയുപോള്‍, റഷ്യയ്ക്ക് വിട്ടുകൊടുത്ത് കൊണ്ട് ഒരു കരാറിനും തയ്യാറാല്ലെന്ന് യുക്രൈന്‍ അറിയിച്ചു. റഷ്യയുടെ പോരാട്ടെത്തെ അംഗീകരിക്കുന്നതിന് തുല്യമാകും അത്. അത്തരമൊരു വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം യുക്രൈന്‍ ഒരിക്കലും മുന്നോട്ട് വയ്ക്കില്ല. റഷ്യയ്ക്ക് എന്തെങ്കിലും ഇളവ് നല്‍കിയാല്‍ അവര്‍ ആദ്യം വെടിനിര്‍ത്തും പിന്നീട് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും തിരിച്ചടിക്കുമെന്നും സെലെൻസ്‌കി ഉപദേഷ്ടാവ് മൈഖൈലോ പോഡോലിയാക് റോയിട്ടേഴ്‌സിനോട് പറഞ്ഞു. 

ഏതെങ്കിലും തരത്തിലുള്ള സൈനിക വിജയം റഷ്യയ്ക്ക് ആവശ്യമാണ്. മൂന്ന് മാസത്തന് ശേഷവും അത് ലഭിച്ചിട്ടിലെന്നത് അവരെ നിരാശരാക്കുന്നു. അതിനാല്‍ ഒരു ഒത്ത് തീര്‍പ്പിന് ചിലപ്പോള്‍ റഷ്യ തന്നെ തയ്യാറായേക്കാം. എന്നാല്‍, തങ്ങള്‍ക്ക് കൃത്യമായ ആയുധങ്ങള്‍ കിട്ടിയാല്‍ റഷ്യയ്ക്ക് ഒരിക്കലും ഒരു സൈനിക വിജയം നേടാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

റഷ്യയെ പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ കഴിയില്ലെന്ന് യുഎസ്സും യൂറോപ്പും മനസിലാക്കണം. കാരണം അവര്‍ വീണ്ടും ഇതേ ആവശ്യമുന്നയിച്ച് രംഗത്തെത്തും. അതിനാല്‍ അവര്‍ പരാജയപ്പെടണം. വേദനാജനകമായ ഒരു തോല്‍വിക്ക് അവര്‍ വിധേയരാകണം മൈഖൈലോ പോഡോലിയാക് ആവര്‍ത്തിച്ചു. 
 

Latest Videos

click me!