Ukraine War: ബോംബ് നിര്‍വീര്യമാക്കല്‍ ഒരു യുക്രൈന്‍ ശൈലി

First Published | Aug 1, 2022, 11:05 AM IST

ഴിഞ്ഞ ഫെബ്രുവരി 24 നാണ് റഷ്യന്‍ സേന യുക്രൈന്‍റെ മണ്ണിലേക്ക് കടന്നു കയറ്റമാരംഭിച്ചത്. ഒരാഴ്ച പോലും ആയുസില്ലാത്ത യുദ്ധം എന്നായിരുന്നു ആദ്യ ദിനം യുദ്ധവിദഗ്ദരെല്ലാം ഈ യുദ്ധത്തിനെഴുതിയ വിധി. അതിനുള്ളില്‍ ലോകത്തിലെ രണ്ടാമത്തെ സൈനിക ശക്തിയായ റഷ്യ, സൈനിക ശക്തിയില്‍ 22 -ാം സ്ഥാനത്തുള്ള യുക്രൈനെ സമ്പൂര്‍ണ്ണമായും കീഴടക്കുമെന്ന് പല യുദ്ധവിദഗ്ദരും വിധിയെഴുതി. എന്നാല്‍ ലോകത്തെ തന്നെ അതിശയിപ്പിച്ച് കഴിഞ്ഞ അഞ്ച് മാസമായി യുക്രൈന്‍ റഷ്യയെ തങ്ങളുടെ അതിര്‍ത്തിയില്‍ പ്രതിരോധിച്ച് നിര്‍ത്തിയിരിക്കുകയാണ്. ഇതിനിടെയാണ് യുക്രൈന്‍ സൈനികന്‍റെ ധീരതയെ വാനോളം പുകഴ്ത്തിയ ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. ഒരു സൈനികന്‍ ബോംബ് നിര്‍വീര്യമാക്കുന്ന വീഡിയോയായിരുന്നു അത്. 

ധീരനായ ഒരു യുക്രൈന്‍ സൈനികന്‍, റോഡിന്‍റെ നടുവിലായി സ്ഥാപിച്ച മൈന്‍ ടയറുപയോഗിച്ച് നിര്‍വീര്യമാക്കുന്നതായിരുന്നു വീഡിയോ.  ഫേസ് ഓഫ് വാർ എന്ന ടെലിഗ്രാം ചാനലിൽ പോസ്റ്റ് ചെയ്ത വീഡിയോയില്‍ സൈനികന്‍ ഏതാനും അടി അകലെ നിന്നാണ് മൈനിന്‍റെ മുകളിലേക്ക് ടയര്‍ വലിച്ചെറിയുന്നത്. 

ചാനലില്‍ പോസ്റ്റ് ചെയ്ത രണ്ടാമത്തെ വീഡിയോയില്‍ റോഡില്‍ സ്ഫോടന ശേഷം അവശേഷിച്ച ലോഹ കഷ്ണം സൈനികന്‍ ചുഴിച്ച് പുറത്തെടുക്കുന്നതും കാണാമായിരുന്നു. ഹ്യൂമൻ റൈറ്റ്‌സ് വാച്ച് പറയുന്നതനുസരിച്ച്, ആയിരക്കണക്കിന് റഷ്യൻ കുഴിബോംബുകൾ കീവ്, ഖാർകിവ്, കിഴക്കൻ പ്രദേശങ്ങളായ ഡൊനെറ്റ്സ്ക്, സുമി എന്നിവിടങ്ങളിൽ റഷ്യന്‍ സേന സ്ഥാപിച്ചിട്ടുണ്ട്.


1997-ലെ മൈന്‍ നിരോധന സൈനിക ഉടമ്പടിയിൽ യുക്രൈന്‍ ഒപ്പുവച്ചിട്ടുണ്ടെങ്കിലും റഷ്യ ഇതുവരെയായും ഒപ്പിട്ടിട്ടില്ല. കഴിഞ്ഞ അഞ്ച് മാസത്തിനിടെ റഷ്യന്‍ സേന കടന്ന് പോയ യുക്രൈനിലെ വഴികളിലെല്ലാം കുഴിബോംബുകള്‍ സ്ഥാപിച്ചാണ് കടന്ന് പോയത്. ഇവയില്‍ പലതും സജീവ പ്രവര്‍ത്തനക്ഷമമായവയാണ്. സാധാരണക്കാരുടെ വാഹനങ്ങള്‍ കടന്ന് പോകുമ്പോള്‍ ഇവ യാത്രക്കാരോടും വാഹനത്തോടുമൊപ്പം  പൊട്ടിത്തെറിക്കുന്നു. 

കിഴക്കന്‍ യുക്രൈനില്‍ റഷ്യന്‍ സൈന്യത്തിനും റഷ്യന്‍ പിന്തുണയുള്ള വിമത ഗ്രൂപ്പുകള്‍ക്കുമെതിരെ യുക്രൈന്‍ പട്ടാളം ഗറില്ലാ യുദ്ധത്തിലാണ്. അതിനിടെയാണ് യുദ്ധത്തിന്‍റെ ആദ്യ നാളുകളില്‍ റഷ്യന്‍ പട്ടാളം കയറി ഇറങ്ങിയ മേഖലകളിലെ മൈനുകള്‍ സാധാരണക്കാര്‍ക്ക് ഭീഷണി സൃഷ്ടിച്ചിരിക്കുന്നത്. 

1997 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ ലാൻഡ്‌മൈനുകൾ നിരോധിക്കുന്നതിനുള്ള ഇന്‍റർനാഷണൽ കാമ്പെയ്‌നിന്‍റെ ഭാഗമായിരുന്നു യുക്രൈനും. 2020 ല്‍ യുഎന്‍ അസംബ്ലിയില്‍ മൈനുകളില്ലാത്ത ലോകത്തെ പിന്തുണയ്ക്കുന്നുവെന്ന് റഷ്യയും ആവര്‍ത്തിച്ചു. എന്നാല്‍, തങ്ങളുടെ അതിര്‍ത്തികള്‍ സുരക്ഷിതമാക്കാന്‍ റഷ്യ മൈനുകള്‍ ഉപയോഗിക്കുമെന്നും അവകാശപ്പെട്ടിരുന്നു. 

Latest Videos

click me!