നവംബറിൽ യുദ്ധത്തിന് പുറപ്പെടും മുമ്പ് ഒമുർബെക്കോവിനെ ഒരു റഷ്യൻ ഓർത്തഡോക്സ് പുരോഹിതൻ അനുഗ്രഹിച്ചിരുന്നെന്നും യുക്രൈന്‍ വിവരം നല്‍കുന്നു. ക്രൂരതകൾക്ക് മുന്‍കൈയെടുത്ത സൈന്യം ഇതിനകം തന്നെ റഷ്യയില്‍ തിരിച്ചെത്തിയിരിക്കാമെന്നും യുക്രൈന്‍ പറയുന്നു.
അവരെ ലോകം തിരിച്ചറിയാതിരിക്കാന്‍ 'അതിജീവിക്കാൻ സാധ്യതയില്ലാത്ത' റഷ്യയുടെ ഏതെങ്കിലും വിദൂരദേശത്തേക്ക് അവരെ അയച്ചിരിക്കാമെന്നും റിപ്പോര്‍ട്ട് പറയുന്നു. മാർച്ച് 30 ന് ബുക്കയിൽ നിന്ന് പുറപ്പെട്ട ഇയാള്‍ ബെലാറൂസിലാണെന്ന് രാജ്യത്തിന്‍റെ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
'യുക്രൈനിലെ സാധാരണക്കാരെ ഭയപ്പെടുത്താൻ' ഖാർകിവ് പോലുള്ള ഇപ്പോഴും പോരാട്ടം നടക്കുന്ന സ്ഥലങ്ങളിലേക്ക് ഇവരെ വീണ്ടും വിന്യസിക്കുന്നതിന് മുമ്പ് പടിഞ്ഞാറൻ റഷ്യയിലെ ബെൽഗൊറോഡിലേക്ക് (Belgorod) പോകാൻ ഈ സൈനിക സംഘം തയ്യാറെടുക്കുകയാണെന്ന് ഇന്‍റലിജൻസ് വൃത്തങ്ങള്‍ പറയുന്നു.
64-ാമത് പ്രത്യേക മോട്ടോറൈസ്ഡ് റൈഫിൾ ബ്രിഗേഡിന്‍റെ ആസ്ഥാനമായ റഷ്യയുടെ വിദൂര കിഴക്കൻ നഗരമായ ഖബറോവ്സ്കില്‍ നടന്ന അനുഗ്രഹ ശുശ്രൂഷയില്‍, തൊപ്പി ധരിച്ച്, തോളിൽ രണ്ട് നക്ഷത്രങ്ങൾ വഹിച്ച് പുരോഹിത ശുശ്രൂഷയില്‍ പങ്കെടുക്കുന്ന ലെഫ്റ്റനന്‍റ് കേണൽ അസറ്റ്ബെക്ക് ഒമുർബെക്കോവിന്‍റെ ചിത്രങ്ങളും ഇതിനിടെ പ്രചരിച്ചു.
'നമ്മുടെ മിക്ക യുദ്ധങ്ങളിലും നമ്മൾ പോരാടുന്നത് നമ്മുടെ ആത്മാക്കളോടാണെന്നാണ് ചരിത്രം കാണിക്കുന്നത്. ആയുധങ്ങൾ ഏറ്റവും പ്രധാനപ്പെട്ട കാര്യമല്ല. നമുക്ക് കുർബാന നടത്താനും വരാനിരിക്കുന്ന പരിപാടികൾക്കായി തയ്യാറെടുക്കാനും കഴിയുന്ന സ്ഥലമാണ് പള്ളി. സർവ്വശക്തന്‍റെ അനുഗ്രഹത്താൽ, ഞങ്ങളുടെ പൂർവ്വികർ നേടിയ അതേ നേട്ടങ്ങൾ കൈവരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു..’ പുരോഹിത ശുശ്രൂഷയില്‍ പങ്കെടുത്തു കൊണ്ട് ഒമുർബെക്കോവ് പറഞ്ഞു.
2014-ൽ മികച്ച സേവനത്തിനുള്ള റഷ്യന്‍ സൈന്യത്തിന്‍റെ മെഡൽ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ദിമിത്രി ബൾഗാക്കോവില്‍ നിന്ന് ഒമോർബെക്കോവ് ഏറ്റുവാങ്ങിയിരുന്നതായി ടൈംസ് റിപ്പോർട്ട് ചെയ്തു. യുക്രൈനിലെ ബുച്ചയിൽ നടന്ന സാധാരണക്കാരുടെ കൂട്ടക്കൊലകളെ ഇന്ത്യ അസന്ദിഗ്ധമായി അപലപിച്ചു.
കീവ് നഗരപ്രാന്തത്തിൽ നിന്നും കണ്ടെടുക്കപ്പെട്ട സാധാരണക്കാരുടെ കൂട്ട കൂഴിമാടത്തിന്‍റെ ചിത്രങ്ങള്‍ ലോക മനസാക്ഷിയെ തന്നെ ഞെട്ടിച്ചു. "അഗാധമായ അസ്വസ്ഥജനകമായ റിപ്പോർട്ടുകൾ" സംബന്ധിച്ച് സ്വതന്ത്രമായ അന്വേഷണം ഇന്ത്യ ആവശ്യപ്പെട്ടു. യുഎൻ യോഗത്തിലായിരുന്നു ഇന്ത്യയുടെ അപലപനം.
റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന് ശേഷം റഷ്യയ്ക്കെതിരെ ഇന്ത്യ നടത്തുന്ന ഏറ്റവും ശക്തമായ പ്രസ്താവനയാണിത്. റഷ്യയുടെ നടപടികളെ അപലപിക്കുന്ന യുഎൻ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ ഇതുവരെ വിട്ടുനില്‍ക്കുകയായിരുന്നു.
"രാജ്യത്തിന്‍റെ വഷളായ സാഹചര്യത്തിൽ അഗാധമായ ഉത്കണ്ഠ നിലനിൽക്കുകയും അക്രമം ഉടൻ അവസാനിപ്പിക്കാനും ശത്രുത അവസാനിപ്പിക്കാനുമുള്ള ആഹ്വാനം ആവർത്തിക്കുന്നു". എന്ന് യുഎൻ സുരക്ഷാ കൗൺസിൽ യോഗത്തിൽ നടത്തിയ പ്രസ്താവനയിൽ, ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി എസ് തിരുമൂർത്തി പറഞ്ഞു.
"മാനുഷിക ആവശ്യങ്ങളോട് അന്താരാഷ്ട്ര സമൂഹം ക്രിയാത്മകമായി പ്രതികരിക്കുന്നത് തുടരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു... അവശ്യസാധനങ്ങളും മെഡിക്കൽ സപ്ലൈകളും എത്തിക്കുന്നതിന് സുരക്ഷിതമായ യാത്രയ്ക്കുള്ള വിളികളെ ഞങ്ങൾ പിന്തുണയ്ക്കുന്നു." അദ്ദേഹം കൂട്ടിചേര്‍ത്തു.
റഷ്യൻ സൈന്യം ബുച്ചിയില്‍ നിന്ന് പിൻവാങ്ങിയതിന് ശേഷമാണ് ബുച്ചയിൽ കൂട്ടകുഴിമാടങ്ങള്‍ കണ്ടെത്തിയത്. നേരത്തെ റഷ്യ യുദ്ധകുറ്റം ചെയ്യുന്നതായി നിരവധി ആരോപണങ്ങളുണ്ടായിരുന്നെങ്കിലും മോസ്കോ അതെല്ലാം നിരസിച്ചിരുന്നു
എന്നാല്‍ സാധാരണക്കാരെ കൂട്ടക്കൊല ചെയ്ത് കൂട്ടകുഴിമാടത്തില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയതോടെ റഷ്യയുടെ സൈനിക ക്രൂരതകള്‍ക്ക് തെളിവ് ലഭിച്ചിരിക്കുകയാണ്. ബുച്ചയില്‍ മാത്രം ഏതാണ്ട് 300 -ഓളം സാധാരണക്കാരെ കൊന്ന് കുഴിച്ചിട്ടിട്ടുണ്ടെന്ന് മേയർ അനറ്റോലി ഫെഡോറുക്ക് തിങ്കളാഴ്ച പറഞ്ഞു. എന്നാൽ ഇതുവരെ ഔദ്യോഗിക കണക്കുകളൊന്നും പുറത്ത് വന്നിട്ടില്ല.
ബുച്ചയിലെ കുഴിമാടങ്ങള്‍ കണ്ടെത്തിയതോടെ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം റഷ്യൻ സൈന്യം "ഏറ്റവും ഭയാനകമായ യുദ്ധക്കുറ്റങ്ങൾ" ചെയ്തതായി യുക്രൈന്‍ പ്രസിഡന്‍റ് വോളോഡിമർ സെലെൻസ്‌കി ചൊവ്വാഴ്ച ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ നടത്തിയ പ്രസംഗത്തിൽ ആരോപിച്ചു.
ചൊവ്വാഴ്ച ഉച്ചവരെ, തലസ്ഥാനമായ കീവിന് ചുറ്റുമുള്ള പട്ടണങ്ങളിൽ നിന്ന് കുറഞ്ഞത് 410 സാധാരണ പൗരന്മാരുടെ മൃതദേഹങ്ങൾ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. അവിടെ ഫെബ്രുവരി 27 മുതൽ ഏപ്രിലിന്‍റെ തുടക്കം വരെ റഷ്യൻ, ഉക്രേനിയൻ സേനകൾ തമ്മില്‍ അതിരൂക്ഷമായ യുദ്ധം നടന്നിരുന്നു.
ഒരു മാസവും രണ്ട് ആഴ്ചയും പിന്നിട്ട യുദ്ധത്തില്‍ യുക്രൈനിലെ പ്രധാനപ്പെട്ട പത്ത് പട്ടണങ്ങളില്‍ ഒന്ന് പോലും കീഴടക്കന്‍ കഴിയാതെ റഷ്യന്‍ സൈന്യം യുക്രൈനില്‍ നിന്ന് പിന്‍വാങ്ങിയതിന് പിന്നാലെ റഷ്യ നടത്തിയ അതിപൈശാചികമായ യുദ്ധ കുറ്റങ്ങളുടെ തെളിവുകള്‍ പുറത്ത് വരാന്‍ തുടങ്ങി.
അധിനിവേശം ആരംഭിക്കുന്നതിന് മുമ്പ് ഏകദേശം 36,000 ജനസംഖ്യയുണ്ടായിരുന്ന പട്ടണമായ ബുച്ചയിലാണ് ഏറ്റവും കുടൂതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. തിങ്കളാഴ്ച സെലെൻസ്‌കി നഗരം സന്ദർശിച്ചു.
കുഴിമാടങ്ങളില്‍ കണ്ടെത്തിയ മൃതദേഹങ്ങളുടെ കൈകള്‍ പിന്നില്‍ കെട്ടിയ നിലയിലായിരുന്നു. പലരുടെയും തലയില്‍ വെടിയേറ്റിരുന്നു. മറ്റ് ചില മൃതദേഹങ്ങള്‍ കൂട്ടിയിട്ട് കത്തിച്ച നിലയിലായിരുന്നു. ബുച്ച സന്ദര്‍ശിച്ച സെലെന്‍സ്കി യുദ്ധം തുടങ്ങിയ ശേഷം ആദ്യമായി വിതുമ്പി.
മാർച്ച് പകുതിയോടെ പുറത്ത് വന്ന് സാറ്റലൈറ്റ് ചിത്രങ്ങൾ ശവങ്ങൾ കൊണ്ട് ചിതറിക്കിടക്കുന്ന തെരുവുകളുടെ ചിത്രങ്ങള്‍ പുറത്ത് വിട്ടിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ മാധ്യമപ്രവർത്തകർ കണ്ടെത്തിയ മൃതദേഹങ്ങള്‍ പലതും ആഴ്ചകളോളം തുറസ്സായ സ്ഥലത്ത് കിടക്കുന്നവയാണെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
ബുച്ചയിലെ ഒരു പള്ളി കോമ്പൗണ്ടിലെ ആഴം കുറഞ്ഞ കൂട്ടക്കുഴിമടത്തില്‍ നിരവധി മൃതദേഹങ്ങൾ കണ്ടെത്തി. കൈകൾ കെട്ടിയ നിലയിൽ അഞ്ച് മൃതദേഹങ്ങൾ കുട്ടികളുടെ സാനിറ്റോറിയത്തിന്‍റെ ബേസ്‌മെന്‍റില്‍ കിടക്കുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു.
ഈ സ്ഥലം റഷ്യന്‍ സേന സാധാരണക്കാരായ യുക്രൈന്‍ പൗരന്മാര്‍ക്കുള്ള "പീഡന അറ" ആയി ഉപയോഗിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതാദ്യമായല്ല യുദ്ധ കൂരതകളില്‍ ബുച്ച നഗരം നിറയുന്നത്. രണ്ടാം ലോകമഹായുദ്ധ കാലത്തും റഷ്യന്‍ സേനയുടെ ക്രൂരകള്‍ നേരിട്ട നഗരമാണ് ബുച്ച.
രണ്ടാം ലോകമഹായുദ്ധത്തിലെ ഒന്നാം കീവി യുദ്ധത്തില്‍ (സോവിയറ്റ് യൂണിയനെതിരായി 1941 ജൂണിൽ ആരംഭിച്ച ഹിറ്റ്‌ലറുടെ ബാർബറോസ ഓപ്പറേഷൻ ) റഷ്യയുടെ റെഡ് ആർമി യുക്രൈനില്‍ നിന്ന് ജർമ്മന്‍ നാസി സേനയെ പിന്തിരിപ്പിക്കാനായി "ബുള്ളറ്റ് കൊണ്ടുള്ള കൂട്ടക്കൊല" തന്നെ തീര്‍ത്തിരുന്നു.
അന്ന് ഏകദേശം 1.5 ദശലക്ഷം ആളുകൾ, കൂടുതലും ജൂതന്മാർ, വെടിയേറ്റ് വീണു. അധിനിവേശ പ്രദേശത്ത് അലഞ്ഞുതിരിയുന്ന താഴ്ന്ന റാങ്കിലുള്ള നാസി ഐൻസാറ്റ്സ്ഗ്രൂപ്പൻ അർദ്ധസൈനികരെ വീടുകളിലും തെരുവുകളിലും എത്തി അതിക്രൂരമായാണ് കൊന്ന് തള്ളിയത്.
80 വർഷങ്ങൾക്ക് ശേഷം, ആ ലോകമഹായുദ്ധ കാഴ്ചകള്‍ ബുച്ചയില്‍ വീണ്ടും നിറയുകയാണ്. സൈക്കിളുകളുടെ അരികിലും നടപ്പാതകളിലും വീടിന്‍റെ മുറ്റങ്ങളിലും പൂന്തോട്ടങ്ങളിലും പഴക്കമുള്ള മൃതദേഹങ്ങൾ കിടക്കുന്നതായി വാർത്താ റിപ്പോർട്ടുകള്‍ പറയുന്നു.
റഷ്യൻ അധിനിവേശ സമയത്ത് സൈനികർ വീടുവീടാന്തരം കയറിയിറങ്ങി ആളുകളെ ചോദ്യം ചെയ്യുകയും അവരുടെ സ്വത്തുക്കൾ കൊള്ളയടിക്കുകയും ചെയ്തതായി കൊലകളില്‍ നിന്നും രക്ഷപ്പെട്ട തദ്ദേശവാസികള്‍ ഹ്യൂമൻ റൈറ്റ്സ് വാച്ചിനോട് പറഞ്ഞു.
റഷ്യൻ സായുധ വാഹനങ്ങൾ ജനങ്ങളുടെ വീടുകളിലേക്കും മറ്റ് കെട്ടിടങ്ങളിലേക്കും യാതൊരു തത്വദീക്ഷയുമില്ലാതെ വെടിയുതിര്‍ത്തു. റഷ്യന്‍ കൊലകളെ കുറിച്ച് ഹ്യൂമൻ റൈറ്റ്സ് വാച്ചിനോട് പറഞ്ഞ ഒരു ദൃക്സാക്ഷി വിവരണം ഇങ്ങനെയായിരുന്നു
: "ബുച്ചയിലെത്തിയ റഷ്യൻ സൈന്യം മാർച്ച് 4 ന്, അഞ്ച് പേരെ വളഞ്ഞിട്ടു. സൈനികർ അഞ്ചുപേരെയും റോഡിന്‍റെ സൈഡിൽ മുട്ടുകുത്താൻ നിർബന്ധിച്ചു. ശേഷം അവരുടെ ടീ-ഷർട്ടുകൾ തലയിലൂടെ വലിച്ചിട്ടു. പിന്നീട് അവരുടെ തലയ്ക്ക് പിന്നില്‍ വെടിയുതിര്‍ത്ത് കൊല്ലുകയായിരുന്നു. വെടിയേല്‍ക്കുന്നതോടെ അവര്‍ മറിഞ്ഞ് വീണു. "