Ukraine War: യുദ്ധത്തിന്‍റെ രണ്ടാം ഘട്ടം ആരംഭിക്കും മുമ്പേ റഷ്യയ്ക്ക് കനത്ത തിരിച്ചടി നല്‍കി യുക്രൈന്‍
First Published | Apr 16, 2022, 4:38 PM ISTഫെബ്രുവരി 24 നാണ്, യുക്രൈനിലെ നവനാസി സമൂഹത്തിനെതിരെ റഷ്യ സൈനിക നടപടിയെന്ന് വിശേഷിപ്പിക്കുന്ന യുദ്ധം ആരംഭിച്ചത്. എന്നാല്‍ ഏതാണ്ട് നാല്പത് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍, യുക്രൈനിലെ പ്രധാനപ്പെട്ട പത്ത് പട്ടണങ്ങളില്‍ ഒന്നു പോലും കീഴടക്കാന്‍ റഷ്യയ്ക്ക് കഴിഞ്ഞില്ലെന്ന് മാത്രമല്ല വലിയ നഷ്ടവും നേരിട്ടു. ഇതേ തുടര്‍ന്ന് തങ്ങലുടെ ലക്ഷ്യം യുക്രൈന്‍ തലസ്ഥാനമായ കീവ് അല്ലെന്നും മറിച്ച് റഷ്യന്‍ വിമതരുള്‍പ്പെടുന്ന കിഴക്കന്‍ യുക്രൈന്‍ മേഖലയായ ഡോണ്‍ബാസ് ( Donbas) ആണെന്ന് പ്രഖ്യാപിച്ച റഷ്യ, യുക്രൈനില്‍ നിന്ന് തങ്ങളുടെ സൈന്യത്തെ പിന്‍വലിക്കുകയും കിഴക്കന്‍ യുക്രൈന്‍ പ്രദേശത്തേക്ക് വിന്യസിക്കുകയും ചെയ്തു. എന്നാല്‍, ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ റഷ്യയ്ക്ക് വീണ്ടും കനത്ത തിരിച്ചടി നേരിട്ടെന്ന് വ്യക്തമാക്കുന്നു. ഇത്തവ ഡോണ്‍ബാസ് മേഖലയിലേക്ക് നീങ്ങിയ വലിയ വാഹനവ്യൂഹത്തെ ഒന്നാകെ നശിപ്പിച്ചിരിക്കുകയാണ് യുക്രൈന്‍ സൈന്യം.