Russian Child Soldiers: റഷ്യയുടെ കുട്ടി പട്ടാളത്തെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് യുക്രൈന്‍

First Published | Apr 18, 2022, 12:54 PM IST

ഫെബ്രുവരി 24 ന് ആരംഭിച്ച യുക്രൈന്‍ അധിനിവേശത്തിനിടെ റഷ്യയ്ക്ക് വന്‍തോതില്‍ സൈനിക നാശം നേരിട്ടിരുന്നു. ഈ പ്രതിസന്ധിയെ മറികടക്കാന്‍ റഷ്യ സൈന്യത്തിലേക്ക് കുട്ടി പട്ടാളത്തെ റിക്രൂട്ട് ചെയ്യുന്നതായി യൂറോപ്പിലെ മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചു. യുക്രൈന്‍ അധിനിവേശത്തിനിടെ റഷ്യയ്ക്ക് അതിശക്തമായ ചെറുത്ത് നില്‍പ്പാണ് നേരിടേണ്ടിവന്നത്. തങ്ങള്‍ക്ക് വലിയ സൈനിക നാശം സംഭിവിച്ചെന്ന് സമ്മതിക്കുമ്പോഴും കൃത്യമായ കണക്കുകള്‍ പുറത്ത് വിടാന്‍ റഷ്യ തയ്യാറായിരുന്നില്ല. യുദ്ധത്തില്‍ പരിക്കേല്‍ക്കുകയോ പിടിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്ത ഏതാണ്ട് 30,000 ത്തിനടുത്ത് സൈനികരെ റഷ്യയ്ക്ക് നഷ്ടമായെന്ന് യുക്രൈന്‍ ആരോപിച്ചു. റഷ്യന്‍ കുട്ടി പട്ടാളത്തെ കുറിച്ച് മനുഷ്യാവകാശ സംഘടനകളുടെ ആരോപണം ഉയര്‍ന്നതോടെ ഐക്യരാഷ്ട്ര സഭയോട് ഇക്കാര്യത്തില്‍  അന്വേഷണമാവശ്യപ്പെട്ട് യുക്രൈന്‍ രംഗത്തെത്തി. ആരോപണം തെളിഞ്ഞാല്‍ അത് യുദ്ധ കുറ്റമായി കണക്കാക്കപ്പെടും. 

നാല്പത്തിയഞ്ച് ദിവസത്തോളം നീണ്ട് നിന്ന ആദ്യ അധിനിവേശത്തിനിടെ സംഭവിച്ച ഭീമമായ സൈനിക നഷ്ടം നികത്താനാണ് റഷ്യ 16 വയസ് തികഞ്ഞ കൗമാരക്കാരെ കൂടി സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതെന്നാണ് ആരോപണം. പ്രധാനമായും അധനിവേശ പ്രദേശത്തെ കുട്ടികളെയാണ് ഇത്തരം സൈന്യത്തിലേക്ക് തെരഞ്ഞെടുക്കുന്നത്. 

2014-ൽ യുക്രൈന്‍റെ കിഴക്കന്‍ മേഖലയും റഷ്യൻ അധിനിവേശ പ്രദേശങ്ങളുമായ ലുഹാൻസ്‌കിലും ഡൊനെറ്റ്‌സ്കിലും റഷ്യന്‍ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി യൂത്ത് ക്ലബ്ബുകളിലേക്ക്  16 വയസ് കഴിഞ്ഞ കൗമാരക്കാരെ നിർബന്ധിതമായി ചേര്‍ത്തിരുന്നു. ഇത്തരം ക്ലബ്ലുകള്‍ 'ദേശസ്‌നേഹ ക്ലബ്ബുകൾ' എന്ന പേരിലാണ് റഷ്യയില്‍ അറിയപ്പെട്ടുന്നത്. 


റഷ്യ, യുക്രൈന്‍ അക്രമിക്കാന്‍ സാധ്യയുണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ വന്ന് തുടങ്ങിയ 2021 ല്‍ തന്നെ യുക്രൈന്‍ 18 വയസിന് മുകളിലുള്ള സ്ത്രീ പുരുഷന്മാരായ പൗരന്മാര്‍ക്ക് പ്രത്യേക സൈനിക പരിശീലനം നല്‍കിയിരുന്നു. ഇവരെ റിസര്‍വ് ബറ്റാലിയനെന്നാണ് വിളിച്ചിരുന്നത്. 

18 മുതല്‍ 60 വയസുവരെയുള്ള സ്ത്രീ, പുരുഷന്മാരുള്‍പ്പെട്ട ഈ റിസര്‍വ് ബറ്റാലിയനാണ് റഷ്യന്‍ അക്രമണത്തെ പ്രതിരോധിക്കുന്നതില്‍ യുക്രൈന് വലിയ സംഭാവനകള്‍ നല്‍കിയത്. രാജ്യമെമ്പാടും എത്തിയ റഷ്യയുടെ കവചിത വാഹന വ്യൂഹങ്ങള്‍ക്ക് നേരെ തദ്ദേശീയമായി നിര്‍മ്മിത്ത പെട്രോള്‍ ബോംബുകള്‍ ഉപയോഗിച്ച് നഗരങ്ങളിലും ഗ്രാമങ്ങളിലും ശക്തമായ  പ്രതിരോധം തീര്‍ത്തത് ഈ റിസര്‍വ് ബറ്റാലിയനായിരുന്നു. 

ഇത്തരം റിസര്‍വ് ബറ്റാലിയനുകള്‍ നേരിട്ട് യുദ്ധമുഖത്ത് ഇറങ്ങാറില്ല. മറിച്ച് യുദ്ധമുഖത്തേക്ക് ആയുധങ്ങളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും വിതരണവും മറ്റുമാണ് പ്രധാനമായും നടത്തുക. എന്നാല്‍, റഷ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ സൈനിക ശക്തിയില്‍ ഏറെ പിന്നിലുള്ള യുക്രൈനാകട്ടെ ഇത്തരത്തില്‍ റിസര്‍വ് ബറ്റാലിയനിലെത്തുന്ന ജനങ്ങള്‍ക്ക് സൈനിക പരിശീലനം തന്നെ നല്‍കിയിരുന്നു. 

പ്രതിരോധ തന്ത്രങ്ങള്‍, ആയുധങ്ങളുടെ ഉപയോഗം, സൈനിക തന്ത്രങ്ങൾ, പ്രഥമശുശ്രൂഷ എന്നിവ സംബന്ധിച്ച പരിശീലനവും ഇവര്‍ക്ക് നല്‍കിയിരുന്നു. യുദ്ധം ആരംഭിക്കും മുമ്പ് റഷ്യന്‍ ടാങ്കുകളെ ഏങ്ങനെ ഫലപ്രദമായി പെട്രോള്‍ ബോംബുകള്‍ ഉപയോഗിച്ച് പ്രതിരോധിക്കാമെന്നും യുക്രൈന്‍ പ്രതിരോധ മന്ത്രാലയം സാധാരണക്കാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. 

യുക്രൈന്‍റെ ഈ വിജയകരമായ പ്രതിരോധ സംവിധാനത്തിന് ബദലായാണ് റഷ്യ കുട്ടി പട്ടാളത്തെ റിക്രൂട്ട് ചെയ്തതെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുന്നു.  ഇതേ തുടര്‍ന്ന് റഷ്യ യുദ്ധത്തിനായി കുട്ടി പട്ടാളത്തെ ഉപയോഗിച്ചതായുള്ള ആരോപണത്തെ കുറിച്ച് അന്വേഷിക്കാന്‍ യുക്രൈന്‍ ഐക്യരാഷ്ട്ര സഭയോട് ആവശ്യപ്പെട്ടു. 

യുദ്ധത്തിന്‍റെ മുന്‍നിരയിലേക്ക് ഇത്തരത്തില്‍ റിക്രൂട്ട് ചെയ്യപ്പെട്ട കുട്ടി പട്ടാളത്തെ ഉപയോഗിച്ചിരിക്കാമെന്നും യുക്രൈന്‍ ആരോപിക്കുന്നു. യുദ്ധ മുഖത്ത് നിന്നും റഷ്യന്‍ സൈനികര്‍ പിന്‍വാങ്ങിയപ്പോള്‍, യുദ്ധമേഖലകളിൽ ഉപയോഗിക്കാന്‍ പാടില്ലാത്തതരം റഷ്യൻ സൈനിക കേഡറ്റുകളുടെ ബാഡ്ജുകളും ചിഹ്നങ്ങളും യുക്രൈനിലെ യുദ്ധക്കളങ്ങളിൽ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. 

ഇങ്ങനെ കണ്ടെത്തിയ ബാഡ്ജുകളും ചിഹ്നങ്ങളും റഷ്യ യുദ്ധ മുഖത്തേക്കയച്ച കുട്ടി പട്ടാളത്തിന്‍റെതാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത് സംബന്ധിച്ച് ഐക്യരാഷ്ട്ര സഭ അന്വേഷണത്തിന് ഉത്തരണവിടണമെന്ന് യുക്രേനിയൻ പാർലമെന്‍റ് കമ്മീഷണർ ലുഡ്‌മില ഡെനിസോവ ആവശ്യപ്പെട്ടു.

ലുഹാൻസ്ക്, ഡൊണെറ്റ്സ്ക് എന്നീ കിഴക്കന്‍ മേഖലകളിലെ അധിനിവേശ അധികാരികൾ "ദേശസ്നേഹ ക്ലബ്ബുകൾ" എന്ന് വിളിക്കപ്പെടുന്ന ക്ലബ്ലുകള്‍ വഴി, കുട്ടികളെ ഉപയോഗിച്ചുള്ള നിയമ വിരുദ്ധമായ സൈനിക ആയുധവത്കരണത്തിന് റഷ്യ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. 

സൈനിക പരിശീലനത്തിന്‍റെ പേരില്‍ റിക്രൂട്ട് ചെയ്യുകയും പിന്നീട് യുക്രൈനിലെ യുദ്ധഭൂമിയിലേക്ക് അയക്കുകയും ചെയ്ത ഈ കൗമാരക്കാര്‍ക്കിടയില്‍ നിരവധി മരണങ്ങള്‍ സംഭവിച്ചെന്നും യുക്രൈന്‍ ആരോപിക്കുന്നു. അധിനിവേശ പ്രദേശങ്ങളിലെ യുദ്ധ മുഖത്തേക്ക് കുട്ടികൾ ഉൾപ്പെടെയുള്ള സാധാരണക്കാരുള്‍പ്പെടുന്ന സൈന്യത്തിന്‍റെ പ്രവേശനം റഷ്യ ഇപ്പോഴും പ്രോത്സാഹിപ്പിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. 

ഇത്തരം പ്രവര്‍ത്തിയിലൂടെ റഷ്യന്‍ ഫെഡറേഷന്‍ സൈനിക നിയമങ്ങളും യുദ്ധ നീതിയും ലംഘിച്ചെന്നും  പൗരന്മാരുടെ സംരക്ഷണത്തിനും കുട്ടികളുടെ അവകാശങ്ങൾക്കും പ്രത്യേക പ്രധാന്യം നല്‍കുന്ന 1949 ലെ ജനീവ കൺവെൻഷൻ (Geneva Convention) കരാര്‍ ലംഘിച്ചെന്നും അദ്ദേഹം ആരോപിച്ചു. ഇത് യുദ്ധക്കുറ്റമായി കണക്കാക്കപ്പെടുന്ന കുറ്റമാണ്. 

'കുട്ടികളെ റിക്രൂട്ട് ചെയ്യുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്.’ റഷ്യയിലെ ദേശസ്നേഹ ക്ലബ്ബുകളെ പ്രബോധന കേന്ദ്രങ്ങൾ എന്നാണ് റഷ്യ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഇവ കുട്ടികളിലെ മസ്തിഷ്കപ്രക്ഷാളനത്തിനാണ് പ്രധാന്യം നല്‍കുന്നതെന്നും ആരോപണമുയര്‍ന്നു. 2014 ല്‍ യുക്രൈന്‍റെ കിഴക്കന്‍ പ്രദേശമായ ക്രിമിയ പിടിച്ചടക്കാന്‍ റഷ്യ അധിനിവേശം നടത്തിയിരുന്നു. 

ഈ അധിനിവേശത്തിന് ശേഷം 2015 ലാണ് യുക്രൈന്‍റെ കിഴക്കന്‍ പ്രദേശമായ ലുഹാൻസ്‌ക്,  ഡൊനെറ്റ്‌സ്‌ക് എന്നീ റഷ്യന്‍ വിമത പ്രദേശങ്ങളില്‍ റഷ്യ, ദേശസ്നേഹ ക്ലബ്ബുകള്‍ ആരംഭിച്ചത്. ഈ റഷ്യന്‍ വിമത പ്രദേശങ്ങളിലെ കുട്ടികളില്‍ ചെറുപ്പത്തിലെ തന്നെ ദേശീയ വളര്‍ത്താനും റഷ്യയ്ക്ക് വേണ്ടി പോരാടാന്‍ പ്രാപ്തമാക്കുന്നതിനും വേണ്ടിയാണ് ഇത്തരം ക്ലബുകള്‍ സൃഷ്ടിക്കപ്പെട്ടത്. 

പിന്നീട് ഇത്തരം ക്ലബുകള്‍ സൈനിക പരിശീലനത്തിലേക്ക് കടക്കുകയും കൗമാരക്കാരെയും ആയുധമുപയോഗിക്കാന്‍ പഠിപ്പിക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ സൈനിക പരിശീലനം ലഭിക്കുന്ന കൗമാരക്കാരെ റഷ്യ യുദ്ധമുഖത്തേക്ക് അയക്കുന്നു.

യുദ്ധം ആരംഭിച്ച ആദ്യ നാളുകളില്‍ ബെലാറൂസ് വഴി യുക്രൈനിലേക്ക് കടന്ന റഷ്യന്‍ സൈനിക സംഘത്തിലുണ്ടായിരുന്നവരില്‍ ഭൂരിപക്ഷവും കൗമാരക്കാരായിരുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. യുക്രൈന്‍റെ ബെലാറൂസ് അതിര്‍ത്തിയില്‍ റഷ്യന്‍ കവചിത വാഹനവ്യൂഹനത്തെ യുക്രൈനിലെ സാധാരണക്കാര്‍ വിജയകരമായി പ്രതിരോധിച്ചിരുന്നു. 

ഈ സംഘര്‍ഷത്തിനിടെ പിടികൂടിയ റഷ്യന്‍ സൈനികരുടെ വീഡിയോകള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. അവരവരുടെ വീടുകളിലേക്ക് വിളിക്കുന്ന യുവ റഷ്യന്‍ സൈനികര്‍ കരയുന്നതും തങ്ങള്‍ക്ക് വീടില്ലേക്ക് മടങ്ങിച്ചെല്ലണമെന്ന് ആവശ്യപ്പെടുന്നതുമായിരുന്നു ദൃശങ്ങളിലുണ്ടായിരുന്നത്. 

റഷ്യ, കൗമാരക്കാരെ നിര്‍ബന്ധിത സൈനിക സേവനത്തിന് ഉപയോഗിക്കുന്നതായി യുദ്ധാരംഭത്തില്‍ തന്നെ ആരോപണമുയര്‍ന്നിരുന്നു. സംഭവത്തില്‍ വ്യക്തമായ തെളിവ് ലഭിച്ചാല്‍ അത് റഷ്യയുടെ യുദ്ധക്കുറ്റങ്ങളിലൊന്നായി കണക്കാക്കപ്പെടും.

യുദ്ധത്തില്‍ റഷ്യന്‍ സൈനിക വ്യൂഹത്തിന് ശക്തമായ തിരിച്ചടിയേറ്റതിനെ തുടര്‍ന്ന് സൈന്യത്തില്‍ നിന്നും വിരമിച്ച 60 വയസുവരെയുള്ള മുന്‍ സൈനികരെ തിരിച്ച് വിളിക്കാനും അവരുടെ സേവനം വീണ്ടും സൈന്യത്തിന് ഉപയോഗപ്പെടുത്താനും റഷ്യ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

ഇത്തരത്തില്‍ വിരമിച്ചവരുടെ സൈന്യത്തെ പാശ്ചാത്യ രാജ്യങ്ങള്‍ 'ഡാഡ്സ് ആര്‍മി' (Dad's Army) എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ഇവരെ പ്രധാനമായും റിസര്‍വ് ബറ്റാലിയനിലാണ് ഉപയോഗപ്പെടുത്തുന്നതെന്നും അന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കൗമാരക്കാരുടെയും സൈന്യത്തില്‍ നിന്ന് വിരമിച്ചവരുടെയും സൈനിക ട്രൂപ്പുകള്‍ക്ക് വേണ്ടി റഷ്യ നടത്തുന്ന ശ്രമങ്ങള്‍, യുക്രൈന്‍ യുദ്ധത്തില്‍ റഷ്യയ്ക്കേറ്റ കനത്ത തിരിച്ചടിയേയാണ് സൂചിപ്പിക്കുന്നതെന്ന് പാശ്ചാത്യ യുദ്ധ വിദഗ്ദരും പറയുന്നു. 

Latest Videos

click me!