Ukraine war: റഷ്യ പിന്‍മാറുന്നു; റഷ്യന്‍ ടാങ്കുകളുടെ ശവപ്പറമ്പായി യുക്രൈന്‍

First Published | Apr 4, 2022, 4:37 PM IST

യുക്രൈന്‍ തലസ്ഥാനമായ കീവില്‍ നിന്ന് ഏതാണ്ട് അമ്പത് കിലോമീറ്റര്‍ ദൂരെയാണ് ബുച്ച നഗരം. യുക്രൈന്‍ അധിനിവേശം തുടങ്ങിയ ഫെബ്രുവരി 24 മുതല്‍ ബുച്ച കീഴടക്കാന്‍ റഷ്യ കിണഞ്ഞ് പരിശ്രമിച്ചിരുന്നു. എന്നാല്‍ യുദ്ധം തുടങ്ങി ഒരു മാസവും ഒരാഴ്ചയും പിന്നിടുമ്പോള്‍, ബുച്ച കീഴടങ്ങുന്നതിന് മുമ്പ് തന്നെ റഷ്യന്‍ പട്ടാളം നഗരത്തില്‍ നിന്നും പിന്‍വാങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. യുക്രൈന്‍റെ തെക്ക് - കിഴക്കന്‍ മേഖലകളില്‍ അക്രമണം കേന്ദ്രീകരിക്കാനാണ് യുക്രൈന്‍റെ മറ്റ് പ്രദേശങ്ങളില്‍ നിന്ന് റഷ്യന്‍ സൈന്യം പിന്‍വാങ്ങുന്നതെന്നാണ് യുദ്ധ വിദഗ്ദര്‍ നല്‍കുന്ന മുന്നറിയിപ്പ്. 

കീവ് വളഞ്ഞ് പ്രസിഡന്‍റ് വ്ളോഡിമിര്‍ സെലെന്‍സ്കിയെ പുറത്താക്കി യുക്രൈന്‍റെ ഭരണം പിടിച്ചെടുക്കുകയായിരുന്നു റഷ്യന്‍ സൈന്യത്തിന്‍റെ ഉദ്ദേശം. എന്നാല്‍, യുദ്ധം തുടങ്ങി ആദ്യ ആഴ്ച തന്നെ റഷ്യയുടെ പദ്ധതികള്‍ പാളി. 

തലസ്ഥാനമായ കീവ് പോയിട്ട് രാജ്യത്തെ പ്രധാനപ്പെട്ട പത്ത് നഗരങ്ങളിലൊന്ന് പോലും റഷ്യന്‍ സേനയ്ക്ക് കീഴടക്കാന്‍ കഴിഞ്ഞിട്ടില്ല. മരിയുപോളും ഖാര്‍കീവിലുമാണ് പിന്നെയും റഷ്യന്‍ സൈന്യത്തിന് എന്തെങ്കിലും നേട്ടം അവകാശപ്പെടാനുള്ളത്. 


എന്നാല്‍, ഈ രണ്ട് നഗരങ്ങളിലെയും 90 ശതമാനം കെട്ടിടങ്ങളും റഷ്യയുടെ വ്യോമാക്രമണത്തില്‍ തകര്‍ക്കപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. യുക്രൈന്‍റെ ഏതാണ്ടെല്ലാ നഗരങ്ങളുടെയും അവസ്ഥ ഇതുതന്നെയാണ്. കീവില്‍ മാത്രമാണ് മിസൈല്‍ പ്രതിരോധ സംവിധാനമുള്ളത്. തലസ്ഥാനമൊഴികെയുള്ള നഗരങ്ങളെല്ലാം ഏതാണ്ട് പ്രേത നഗരങ്ങളെ പോലെയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

റഷ്യന്‍ സൈന്യം ആദ്യമായി പൂര്‍ണ്ണമായും പിന്‍മാറിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ബുച്ച നഗരമാകട്ടെ റഷ്യന്‍ കവചിത വാഹനങ്ങളുടെയും ടാങ്കുകളുടെയും ശവപ്പറമ്പായി മാറിക്കഴിഞ്ഞു. കീവ് അക്രമിക്കാനായി റഷ്യ, കവചിത വാഹനങ്ങളെയും ടാങ്കുകളെയും അയച്ചത് ബുച്ച നഗരം വഴിയായിരുന്നു.

ബുച്ചയിലൂടെ കടന്ന് പോയ എല്ലാ റഷ്യന്‍ വാഹനങ്ങളും അക്രമിക്കപ്പെട്ടു. കവചിത വാഹനമെന്നോ ടാങ്കുകളെന്നോ വ്യത്യാസമില്ലാതെ യുക്രൈനികള്‍ പെട്രോള്‍ ബോംബുകള്‍ വലിച്ചെറിയുകയായിരുന്നു. റഷ്യയുടെ വാഹനവ്യൂഹങ്ങളിലൊന്ന് കടന്നുപോയ വഴിയിലൂടെ ഇന്ന് വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. 

റഷ്യയുടെ അക്രമണഘട്ടത്തില്‍, യുക്രൈന്‍ പ്രസിഡന്‍റ് വ്ളോഡിമിര്‍ സെലെന്‍സ്കി തന്‍റെ രാജ്യത്തെ 18 വയസ്സിനും 60 വയസ്സിനും ഇടയിലുള്ള പുരുഷന്മാരോട് രാജ്യത്ത് തുടരാനും റഷ്യന്‍ സൈന്യത്തിനെതിരെ പ്രതിരോധം തീര്‍ക്കാനും ആവശ്യപ്പെട്ടിരുന്നു.

ഇതിന്‍റെ തുടര്‍ച്ചയായി സൈനിക വാഹനങ്ങളെ എങ്ങനെ അക്രമിക്കാമെന്ന് പഠിപ്പിക്കുന്ന വീഡിയോകള്‍ പ്രതിരോധ മന്ത്രാലയവും പുറത്തിറക്കി. പ്രദേശികമായി പെട്രോള്‍ ബോംബുകള്‍ ഏങ്ങനെ ഉണ്ടാക്കാമെന്നും ഇത്തരതത്തില്‍ നിര്‍മ്മിക്കപ്പെടുന്ന പെട്രോള്‍ ബോംബുകള്‍ ടാങ്കുകള്‍ക്ക് നേരെ എങ്ങനെ വിജയകരമായി ഉപയോഗിക്കാമെന്നും ഈ വീഡിയോകളില്‍ വിശദമായി പ്രതിപാതിച്ചിരുന്നു. 

യുക്രൈനികളുടെ പോരാട്ട വീര്യം ഒടുവില്‍ റഷ്യന്‍ സൈന്യത്തിന് ബാലി കേറാമലയാക്കി കീവിനെ മാറ്റി. ഇതിന്‍റെ ഒടുവില്‍ ബുച്ചയില്‍ നിന്നും റഷ്യന്‍ സൈന്യം പിന്‍വാങ്ങുമ്പോള്‍ ബുച്ചയിലെ തെരുവുകള്‍ റഷ്യന്‍ കവചിത വാഹനങ്ങളുടെയും ടാങ്കുകളുടെയും ശവപ്പറപ്പാക്കി തീര്‍ത്തു. 

ആക്രമണത്തിന്‍റെ ആദ്യ ദിവസം ഹോസ്റ്റമൽ വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്റ്ററിൽ പറന്നിറങ്ങിയ  ഇറങ്ങിയ റഷ്യൻ പാരാട്രൂപ്പർമാർ ഒരുക്കിയ വഴിയിലൂടെയായിരുന്നു റഷ്യയുടെ കവചിത വാഹനവ്യൂഹം കടന്ന് വന്നത്. 

എന്നാല്‍, റഷ്യന്‍ സൈന്യം കരുതിയ പോലെയായിരുന്നില്ല കാര്യങ്ങള്‍. ഇടുങ്ങിയതും നേരായതുമായ വഴിയിലുടനീളം സാധാരണക്കാരായ യുക്രൈനികള്‍ പെട്രോള്‍ ബോംബുമായി കാത്തിരിക്കുകയായിരുന്നു. റഷ്യന്‍ സൈന്യം പിന്‍മാറിയതിന് പിന്നാലെ ബുച്ച നഗരത്തില്‍ ആദ്യമെത്തിയ ബിബിസി സംഘത്തോട് ദൃക്സാക്ഷികള്‍ പറഞ്ഞതും അതുതന്നെയായിരുന്നു.

തുർക്കിയിൽ നിന്ന് യുക്രൈന്‍ വാങ്ങിയ ബയ്രക്തർ എന്ന ആക്രമണ ഡ്രോണുകൾ ഉപയോഗിച്ചാണ് യുക്രൈനികള്‍ റഷ്യന്‍ വാഹനവ്യൂഹത്തിന് നേരെ ആക്രമണം നടത്തിയതെന്ന്. സഹായിക്കാനായി യുക്രൈന്‍ ടെറിട്ടോറിയൽ ഡിഫൻസ് വോളന്‍റിയന്മാരുമുണ്ടായിരുന്നു. 

യുവ റഷ്യന്‍ സൈനികര്‍ തങ്ങളെ കൊല്ലരുതെന്ന് യുക്രൈനികളോട് യാചിച്ചു.  "എനിക്ക് അവരോട് സഹതാപം തോന്നി. അവർ വളരെ ചെറുപ്പമായിരുന്നു, 18-നും 20-നും ഇടയിൽ, അവരുടെ ജീവിതം മുഴുവനും അവരെക്കാൾ മുന്നിലായിരുന്നു." അങ്കിൾ ഹൃഷ എന്ന് സ്വയം വിളിക്കുന്ന എഴുപതോളം വയസ്സുള്ള ഒരാൾ പറഞ്ഞു.

റഷ്യന്‍ സൈന്യം ബുച്ചയില്‍ ശക്തമായി തിരിച്ചടിച്ചതായി നഗരത്തിന്‍റെ മേയർ പറഞ്ഞു. റഷ്യന്‍ പട്ടാളം പിന്‍മാറിയതിന് പിന്നാലെ നഗരത്തിലേക്ക് യുക്രൈന്‍ പട്ടാളം എത്തി. യുക്രൈന്‍ സൈന്യം നഗരം തിരിച്ച് പിടിച്ചപ്പോള്‍ റോഡില്‍ 20 ഓളം മൃതദേഹങ്ങള്‍ അഴുകി കിടക്കുകയായിരുന്നു. 

280 പേരെ കൂട്ടക്കുഴിമാടങ്ങളിൽ അടക്കം ചെയ്തതായി മേയർ പറഞ്ഞു. പലരുടെയും കൈകള്‍ പിന്നില്‍ കെട്ടിയ നിലയിലായിരുന്നു. '38 ദിവസത്തിനുള്ളിൽ ഞങ്ങൾ കഴിക്കുന്ന ആദ്യത്തെ ബ്രെഡാണിത്.' എന്നാണ് ബിബിസി സംഘത്തോട് ഒരു മരിയ എന്ന സ്ത്രീ പറഞ്ഞത്.

റഷ്യയുടെ അക്രമണത്തോടെ നഗരത്തിലെ വെള്ളം, വൈദ്യുതി സേവനങ്ങള്‍ എല്ലാം തകര്‍ക്കപ്പെട്ടു. ഇതോടെ  ജനങ്ങള്‍ ഭക്ഷണം പാചകം ചെയ്യുന്നത് വീടുകള്‍ക്ക് പുറത്തേക്ക് മാറ്റി. ഫ്ലാറ്റുകൾക്ക് പുറത്ത് അവർ വിറക് കൂട്ടി പാചകം ചെയ്തു. ബുച്ചയില്‍ നിന്നെന്ന പോലെ യുക്രൈനിലെ പല നഗരങ്ങളില്‍ നിന്നും റഷ്യന്‍ സൈന്യം പിന്‍വാങ്ങുകയാണ്. 

യുദ്ധത്തിന്‍റെ ആദ്യ നാളുകളില്‍ കീവിനെ ലക്ഷ്യമിട്ടായിരുന്നു റഷ്യന്‍ സൈന്യം മുന്നേറിയിരുന്നത്. എന്നാല്‍ യുക്രൈന്‍റെ തലസ്ഥാനം കീഴടക്കുക അത്ര എളുപ്പമല്ലെന്ന് ഒരു മാസത്തിനും മേലെ പോയ യുദ്ധത്തില്‍ നിന്നും റഷ്യയ്ക്ക് ബോധ്യമായിരിക്കുന്നുവെന്ന് വേണം കരുതാന്‍.

കീവ് ഒരിക്കലും തങ്ങളുടെ ലക്ഷ്യമല്ലായിരുന്നുവെന്നാണ് ഇപ്പോള്‍ റഷ്യ അവകാശപ്പെടുന്നത്. കിഴക്കന്‍ മേഖലയായ ഡോണ്‍ബോസിനെ യുക്രൈനില്‍ നിന്നും സ്വതന്ത്രമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നുമാണ് ഇപ്പോള്‍ റഷ്യയുടെ അവകാശം.

യുക്രൈന്‍റെ തെക്ക് കിഴക്കന്‍ മേഖലകളില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ മറ്റ് ഭാഗങ്ങളില്‍ നിന്ന് പിന്മാറുകയാണെന്ന് റഷ്യന്‍ സേന അവകാശപ്പെട്ടിരുന്നു. റഷ്യന്‍ സേന യുക്രൈനില്‍ നിന്ന് പിന്‍വാങ്ങുമ്പോള്‍ റഷ്യയുടെ യുദ്ധോപകരണങ്ങളുടെ ശവപ്പറമ്പായി യുക്രൈന്‍റെ മണ്ണ് മാറിക്കഴിഞ്ഞു. 

62 കിലോ മീറ്റര്‍ നീളമുള്ള കവചിത വാഹനവ്യൂഹമായിരുന്നു യുദ്ധമാരംഭിച്ച് രണ്ടാമത്തെ ആഴ്ച റഷ്യ, യുക്രൈന്‍ തലസ്ഥാനമായ കീവിലേക്ക് അയച്ചത്. എന്നാല്‍, ഈ വാഹനവ്യൂഹത്തിന് കീവിന്‍റെ 30 കിലോമീറ്റര്‍ അടുത്ത് വരെയെ എത്താന്‍ കഴിഞ്ഞൊള്ളൂ. 

പക്ഷേ, അപ്പോഴേക്കും 62 കിലോമീറ്റര്‍ നീളമുണ്ടായിരുന്ന വാഹനവ്യൂഹത്തിന്‍റെ നല്ലൊരു പങ്കും വരുന്ന വഴിയില്‍ തന്നെ തകര്‍ക്കപ്പെട്ടു. യുദ്ധം ആരംഭിച്ചപ്പോള്‍ പ്രസിഡന്‍റ് സെലെന്‍സ്കി തന്‍റെ ജനങ്ങളോട് ആവശ്യപ്പെട്ടത് അവര്‍ സാധിച്ചു എന്ന് വേണം കരുതാന്‍. വരും ദിവസങ്ങളില്‍ റഷ്യന്‍ സൈന്യത്തിന്‍റെ കൂടുതല്‍ നഷ്ടങ്ങളുടെ കഥ കേള്‍ക്കാന്‍ കഴിയും.   

Latest Videos

click me!