6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം ടൈറ്റുങ് കൗണ്ടിയാണെന്നും ആദ്യ ഭൂചലനത്തിന് പിന്നാലെ ഇതേ പ്രദേശത്ത് തന്നെ 6.4 രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനമുണ്ടായതായും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഭൂകമ്പത്തെ തുടര്‍ന്ന്, ഒരാൾ മരിക്കുകയും 146 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി തായ്‌വാനിലെ അഗ്നിശമന വിഭാഗം അറിയിച്ചു.
യൂലിയിൽ തകർന്ന കെട്ടിടത്തിൽ നിന്ന് നാല് പേരെ രക്ഷപ്പെടുത്തിയതായും തകർന്ന പാലത്തിൽ നിന്ന് വീണ വാഹനങ്ങളില്‍ നിന്ന് മൂന്ന് പേരെ രക്ഷപ്പെടുത്തിയതായും അഗ്നിശമന സേനാ വിഭാഗം അറിയിച്ചു. എന്നാല്‍, നിരവധി പേര്‍ കെട്ടിടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്.
അതേ സമയം തായ്‍വാനിലെ ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 7.23 തീവ്രത രേഖപ്പെടുത്തിയതായും 10 കിലോമീറ്റര്‍ ആഴത്തില്‍ അനുഭവപ്പെട്ടതായും യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. കിഴക്കൻ തായ്‌വാനിലെ ഡോംഗ്‌ലി സ്‌റ്റേഷനിൽ പ്ലാറ്റ്‌ഫോമിന്‍റെ ഒരു ഭാഗം തകർന്നതിനെ തുടർന്ന് ആറ് വണ്ടികൾ പാളം തെറ്റിയെന്ന് തായ്‌വാൻ റെയിൽവേ അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു,
എന്നാൽ, പരിക്കുകളൊന്നും ഉണ്ടായിട്ടില്ലെന്ന് അഗ്നിശമനസേന അറിയിച്ചു. പർവതപ്രദേശങ്ങളിലേക്കുള്ള റോഡുകള്‍ തകര്‍ന്നതിനാല്‍ 600-ലധികം ആളുകൾ ചിക്കെ, ലിയുഷിഷി എന്നിവിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെങ്കിലും ആര്‍ക്കും പരിക്കുകളൊന്നുമില്ലെന്നും വകുപ്പ് അറിയിച്ചു.
ഭൂചലനത്തെത്തുടർന്ന് യുഎസ് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം തായ്‌വാനിൽ മുന്നറിയിപ്പ് നൽകിയെങ്കിലും പിന്നീട് മുന്നറിയിപ്പ് പിൻവലിച്ചു. ഭൂചലനത്തിൽ തലസ്ഥാനമായ തായ്‌പേയിൽ കെട്ടിടങ്ങൾ കുലുങ്ങി. യൂലിയിൽ 7,000-ലധികം വീടുകളിൽ വൈദ്യുതി ഇല്ലെന്നും ജല പൈപ്പുകളും തകരാറിലായതായും റിപ്പോർട്ടുകളുണ്ട്.
തലസ്ഥാനമായ തായ്‌പേയിയിലെ ദ്വീപിന്‍റെ വടക്കേ അറ്റത്തും കുലുക്കം അനുഭവപ്പെട്ടു. തായ്‌പേയ്‌ക്ക് പടിഞ്ഞാറും പ്രഭവകേന്ദ്രത്തിന് വടക്ക് 210 കിലോമീറ്റർ അകലെയുമുള്ള തായുവാൻ നഗരത്തിൽ, ഒരു കായിക കേന്ദ്രത്തിന്‍റെ അഞ്ചാം നിലയിൽ സീലിംഗ് തകർന്ന് ഒരാൾക്ക് പരിക്കേറ്റു.
പ്രഭവകേന്ദ്രത്തിൽ നിന്ന് 300 കിലോമീറ്റർ അകലെ തായ്‌വാൻ തീരത്ത് അപകടകരമായ സുനാമി തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് യുഎസ് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. ഭൂകമ്പത്തെ തുടർന്ന് ഒകിനാവ പ്രവിശ്യയുടെ ഒരു ഭാഗത്ത് ഒരു മീറ്റർ ഉയരത്തിൽ സുനാമി തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് ജപ്പാനിലെ കാലാവസ്ഥാ ഏജൻസിയും മുന്നറിയിപ്പ് നൽകി.
ശക്തമായ ഭൂചലനത്തില്‍ തായ്‌വാനിലുടനീളം കുലുക്കം അനുഭവപ്പെട്ടതായും തലസ്ഥാനമായ തായ്‌പേയിൽ കെട്ടിടങ്ങൾ അൽപ്പനേരം കുലുങ്ങിയതായും ഏജൻസി അറിയിച്ചു. തെക്കൻ നഗരങ്ങളായ ടെയ്‌നാൻ, കാഹ്‌സിയുങ് എന്നിവിടങ്ങളിലെ ഫാക്ടറികളുടെ പ്രവര്‍ത്തനത്തെ ഭൂചലനം ബാധിച്ചില്ല.
തായ്‌വാൻ രണ്ട് ടെക്‌റ്റോണിക് പ്ലേറ്റുകളുടെ സംഗമാസ്ഥാനത്തിന് മുകളിലുള്ള ദ്വീപ് രാഷ്ട്രമാണ്. ഇതിനാല്‍ തന്നെ തായ്‍വാന്‍ ഭൂകമ്പത്തിന് ഏറെ സാധ്യതയുള്ള സ്ഥലം കൂടിയാണ്. 2016 ൽ തെക്കൻ തായ്‌വാനിലുണ്ടായ ഭൂചലനത്തിൽ 100-ലധികം പേർ മരിക്കുകയും 1999-ൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 2,000-ത്തിലധികം പേർ മരിക്കുകയും ചെയ്തിരുന്നു.