റഷ്യയുടെ യുക്രൈന്‍ അധിനിവേശമാണ് ഇപ്പോള്‍ ഫിന്‍ലാന്‍റിന്‍റെയും സ്വീഡന്‍റെയും ഉറക്കം കെടുത്തിയിരിക്കുന്നത്. ഇത് തന്നെയാണ് സ്വാതന്ത്രം നേടി ഇത്രയും കാലം മറ്റൊരു സൈനിക ശക്തിയുടെയും ഭാഗമാകാതിരുന്ന ഇരുരാഷ്ട്രങ്ങളും ഇപ്പോള്‍ പെട്ടെന്ന് യുഎസിന്‍റെ നേതൃത്വത്തിലുള്ള നാറ്റോ സൈനിക ശക്തിയുടെ ഭാഗമാകാന്‍ ശ്രമിക്കുന്നതിന്‍റെ പ്രധാന കാരണവും.
സ്വീഡനിൽ, ഭരണം നടത്തുന്ന സോഷ്യൽ ഡെമോക്രാറ്റുകൾ പാശ്ചാത്യ സുരക്ഷാ സഖ്യത്തിൽ ചേരുന്നതിനെ പിന്തുണയ്ക്കുന്നതായി അറിയിച്ചു. ഇതോടെ നാറ്റോ സഖ്യത്തിന് അപേക്ഷ നല്‍കാന്‍ സ്വീഡന് നിയമപരമായ വഴിതെളിഞ്ഞു. നാറ്റോ സഖ്യത്തില്‍ ചേരാനുള്ള താത്പര്യം ഫിന്‍ലാന്‍റ് പ്രകടിപ്പിച്ചതിന് പിന്നാലെയാണ് സ്വീഡന്‍റെ തീരുമാനം.
എന്നാല്‍, നാറ്റോയെ ഇന്നും ഒരു സൈനിക ഭീഷണിയായാണ് റഷ്യ കണക്കാക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകം രണ്ട് സൈനിക ശക്തികള്‍ക്ക് കീഴിലായിരുന്നു പ്രധാനമായും നിലനിന്നിരുന്നത്. യുഎസ്എസ്ആരിന്‍റെ കീഴിലുള്ള സോവിയേറ്റ് സൈനിക സഖ്യവും യുഎസിന്‍റെ കീഴിലുള്ള നാറ്റോ സൈനിക സഖ്യവുമായിരുന്നു ഇവ.
തുടര്‍ന്ന് പതിറ്റാണ്ടുകളോളം ശീതയുദ്ധ പശ്ചാത്തലത്തിലായിരുന്നു ലോകം മുന്നോട്ട് നീങ്ങിയത്. പിന്നീട് യുഎസ്എസ്ആര്‍ തകരുകയും പല രാജ്യങ്ങളായി വിഭജിക്കുകയും ചെയ്തതോടെ സോവിയറ്റ് യൂണിയന്‍റെ നേതൃത്വത്തിലുള്ള സൈനിക സഖ്യവും തകര്‍ന്നു.
ഇന്ത്യയെ പോലുള്ള ചുരുക്കം ചില രാജ്യങ്ങളാണ് അപ്പോഴും ചേരി ചേരാ നയം ഉയര്‍ത്തിപ്പിച്ചത്. യുഎസ്എസ്ആറിന്‍റെ തകര്‍ച്ചയോടെ നാറ്റോയ സൈനിക സഖ്യത്തിന്‍റെ പ്രസക്തി നഷ്ടപ്പെട്ടെങ്കിലും യുഎസ് നാറ്റോയെ പിരിച്ച് വിടാന്‍ തയ്യാറായിരുന്നില്ല.
\
ഇതിനിടെയാണ് യുക്രൈന്‍ അക്രമണത്തിന് റഷ്യ തയ്യാറെടുക്കുന്നതും. അതിനായി റഷ്യ ഉന്നയിച്ച ആരോപണമാകട്ടെ യുക്രൈന്‍ ഭരണകൂടം നവനാസികളുടെ പിടിയിലാണെന്നായിരുന്നു. എന്നാല്‍, നേരിട്ട് യുദ്ധത്തിന്‍റെ ഭാഗമായില്ലെങ്കിലും യുക്രൈന് ആയുധവും പണവും നല്‍കി നാറ്റോ സഖ്യ രാഷ്ട്രങ്ങള്‍ നിര്‍ലോഭം സഹായം നല്‍കി.
നാറ്റോയുടെ ഈ കൈയയച്ചുള്ള സൈനിക സഹായം ഒന്ന് കൊണ്ട് മാത്രമാണ് കഴിഞ്ഞ മൂന്ന് മാസമായി, സൈനിക ശക്തിയില്‍ 22 -ാം സ്ഥാനത്തുള്ള യുക്രൈന് സൈനിക ശക്തിയില്‍ രണ്ടാം സ്ഥാനത്തുള്ള റഷ്യയെ കൃത്യമായി പ്രതിരോധിച്ച് നിര്‍ത്താന്‍ സാധിച്ചത്.
യാതൊരു പ്രകോപനവും ഇല്ലാതെയുള്ള റഷ്യയുടെ യുക്രൈന്‍ അധിനിവേശമാണ് ഇപ്പോള്‍ റഷ്യയുടെ അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഇന്ന് സ്വീഡന്‍റെയും ഫിന്‍ലാന്‍റിന്‍റെയും തീരുമാനത്തിന്‍റെ അടിസ്ഥാനവും റഷ്യ തങ്ങളെയും അക്രമിക്കുമോയെന്ന ഭയമാണ്.
ഫിന്‍ലാന്‍റ്, റഷ്യയുമായി 13000 കിലോമീറ്ററിന്‍റെ അതിര്‍ത്തിയാണ് പങ്കിടുന്നത്. റഷ്യയുടെ വിരോധം ഒഴിവാക്കാനായി ഇതുവരെ ഫിന്‍ലാന്‍റ് നാറ്റോ സഖ്യത്തില്‍ നിന്ന് വിട്ടു നിന്നു. എന്നാല്‍, പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ തങ്ങള്‍ക്ക് ശക്തമായൊരു സൈനിക സഖ്യത്തിന്‍റെ പിന്തുണ ആവശ്യമാണെന്ന് ഫിന്‍ലാന്‍റ് അവകാശപ്പെടുന്നു.
സ്വീഡന്‍റെ ഇതുവരെയുള്ള നിലപാട് ഫിന്‍ലാന്‍റിന്‍റെ നിലപാടിനോട് അടുത്തുനില്‍ക്കുന്നതായിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ സ്വീഡനിലെ ഭരണകക്ഷിയായ സോഷ്യൽ ഡെമോക്രാറ്റുകളെ പോലെ മിക്ക പ്രതിപക്ഷ പാർട്ടികളുടെയും പൊതുജനങ്ങളുടെയും പിന്തുണയോടെയാണ് നാറ്റോ സഖ്യത്തിന് സ്വീഡന്‍റെ ശ്രമം.
"സ്വീഡന്‍റെയും സ്വീഡിഷ് ജനതയുടെയും സുരക്ഷിതത്വത്തിന് ഏറ്റവും മികച്ചതാണ് നാറ്റോ സഖ്യമെന്ന് വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രി മഗ്ദലീന ആൻഡേഴ്സൺ പറഞ്ഞു. എന്നാൽ, ആണവായുധങ്ങൾ സ്ഥാപിക്കുന്നതിനോ നാറ്റോ താവളങ്ങൾ സ്ഥാപിക്കുന്നതിനോ തങ്ങൾ എതിരാണെന്ന് സ്വീഡനിലെ സോഷ്യൽ ഡെമോക്രാറ്റുകൾ കൂട്ടിച്ചേർത്തു.
നാറ്റോ അംഗമല്ലാത്ത ബാൾട്ടിക് മേഖലയിലെ ഏകരാജ്യമാണ് ഫിന്‍ലാന്‍റ്. പ്രസിഡന്‍റ് സൗലി നിനിസ്റ്റോ തന്‍റെ രാജ്യം നാറ്റോ സഖ്യത്തിന് അപേക്ഷിക്കുമെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. അദ്ദേഹം ആ ദിവസത്തെ "ചരിത്ര ദിനം" എന്നാണ് വിശേഷിപ്പിച്ചത്.
യുക്രൈനും നാറ്റോ സഖ്യത്തിനായി ശ്രമം നടത്തിയിരുന്നു. ഈയൊരു കാരണവും റഷ്യയുടെ യുക്രൈന്‍ ആക്രമണത്തിന് പിന്നിലുള്ളതായി രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. റഷ്യയുടെ അതിര്‍ത്തിയില്‍ നാറ്റോ സൈന്യത്തിന്‍റെ താവളമോ. സൈനിക സാന്നിധ്യമോ വരുന്നത് തങ്ങളുടെ അതിര്‍ത്തികളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് റഷ്യ കരുതുന്നു.
എന്നാല്‍, ഇരുരാജ്യങ്ങള്‍ക്കും നാറ്റോ സഖ്യത്തിലെ 30 അംഗങ്ങളുടെയും അനുമതി ലഭിച്ചാല്‍ മാത്രമേ നാറ്റോ സഖ്യത്തില്‍ ചേരാന്‍ സാധിക്കൂ. ഇതിന് കുറഞ്ഞത് ആറോ മാസം മുതല്‍ ഒരു വര്‍ഷം വരെ സമയം ആവശ്യമാണ്. ഇരുരാജ്യങ്ങളോടും നാറ്റോ അംഗമാകാനുള്ള ശ്രമം "അബദ്ധം" ആയിരിക്കുമെന്ന് റഷ്യ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.
എന്നാല്‍, ഫിന്‍ലാന്‍റിന്‍റെയും സ്വീഡന്‍റെയും തീരുമാനം വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രധാന നാറ്റോ അംഗരാജ്യമായ തുര്‍ക്കി, ഇരുരാജ്യങ്ങളുടെ നീക്കത്തെ എതിര്‍ത്ത് പരസ്യമായി രംഗത്തെത്തി. കുർദിഷ് തീവ്രവാദികൾക്ക് ആതിഥേയത്വം വഹിക്കാനുള്ള ഇരുരാജ്യങ്ങളുടെയും സന്നദ്ധതയാണ് തുര്‍ക്കിഷ് പ്രസിഡന്‍റ് തയ്യിപ് എർദോഗനെ ദേഷ്യം പിടിപ്പിച്ചത്.
സ്വീഡനെ തീവ്രവാദ സംഘടനകളുടെ "ഹാച്ചറി" എന്നാണ് എർദോഗന്‍ വിശേഷിപ്പിച്ചത്. ഈ രണ്ട് രാജ്യങ്ങൾക്കും തീവ്രവാദ സംഘടനയോട് വ്യക്തവും തുറന്നതുമായ മനോഭാവമില്ല. ഞങ്ങൾ അവരെ വിശ്വസിക്കേണ്ടതുണ്ടോ ? തുർക്കി പ്രസിഡന്‍റ് തങ്ങളുടെ അതൃപ്തി മറയ്ക്കാതെ ചോദിച്ചു.
നാറ്റോ സഖ്യത്തിന്‍റെ നിയമപ്രകാരം സഖ്യത്തിലെ ഏതെങ്കിലും ഒരു രാജ്യം എതിര്‍പ്പ് പ്രകടിപ്പിച്ചാല്‍ പുറത്തുള്ള ഒരു രാജ്യത്തിനും സഖ്യത്തിലേക്ക് പ്രവേശിക്കാന്‍ കഴിയില്ല. സ്വീഡിഷ്, ഫിന്നിഷ് പ്രതിനിധികൾ തുർക്കിയുടെ തലസ്ഥാനമായ അങ്കാറയിലേക്ക് ഇതിനായി വരേണ്ടതില്ലെന്നും എർദോഗൻ പറഞ്ഞു.
മാത്രമല്ല, ഉപരോധം ഏർപ്പെടുത്തിയ രാജ്യങ്ങളിൽ നിന്നുള്ള നാറ്റോ അപേക്ഷകൾ തടയുമെന്നും സർക്കാർ പ്രതിജ്ഞയെടുത്തു. എന്നാല്‍, ഇരുരാജ്യങ്ങളെയും സ്വാഗതം ചെയ്യുന്ന നിലപാടാണ് നാറ്റോയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. ഇതിനിടെ ഇക്കാര്യത്തില്‍ റഷ്യയുടെ നിലപാടും പുറത്ത് വന്നു.
30 അംഗ സൈനിക സഖ്യത്തിൽ ചേരാനുള്ള ഫിൻലൻഡിന്‍റെയും സ്വീഡന്‍റെയും നീക്കം റഷ്യയെ നേരിട്ട് ഭീഷണിപ്പെടുത്തുന്നില്ലെന്ന് പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ പറഞ്ഞു. എന്നാൽ, നാറ്റോ സൈനിക അടിസ്ഥാന സൗകര്യങ്ങളുടെ ഏതെങ്കിലും വിപുലീകരണം ഇരുരാജ്യങ്ങളില്‍ നടത്തുകയാണെങ്കില്‍ അത് റഷ്യയുടെ ശക്തമായ പ്രതികരണത്തിന് കാരണമാകുമെന്നും പുടിന്‍ വ്യക്തമാക്കി.
മൂന്ന് മാസത്തോളമായി തുടരുന്ന റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തോടെ ലോകത്ത് പുതിയ ശാക്തിക ചേരികള്‍ ഉടലെടുക്കുമെന്ന് ഇതോടെ വ്യക്തമായി. യൂറോപ്യന്‍ വന്‍കരയിലെ വിരലിലെണ്ണാവുന്ന രാജ്യങ്ങളൊഴിച്ച് ഏതാണ്ടെല്ലാ രാജ്യങ്ങള്‍ക്കും നാറ്റോയുടെ സൈനിക പരിരക്ഷയുണ്ട്. അപൂര്‍വ്വം ചില രാജ്യങ്ങള്‍ മാത്രമാണ് ഇന്നും റഷ്യയുടെ സൈനിക ശേഷിയെ ആശ്രയിക്കുന്നത്.