നഷ്ടസാമ്രാജ്യത്തിന്‍റെ നിധി ശേഖരം കണ്ടെത്തിയത് മത്സ്യത്തൊഴിലാളികള്‍ !

First Published | Oct 25, 2021, 4:20 PM IST

ഞ്ച് വര്‍ഷമായി അവര്‍ സ്വന്തം നിലയില്‍ മുങ്ങിത്തപ്പുകയായിരുന്നു. അതും ഏഴാം നൂറ്റാണ്ടിനും പതിമൂന്നാം നൂറ്റാണ്ടിനും ഇടയിലുണ്ടായിരുന്നുവെന്ന് കരുതപ്പെടുന്ന ശ്രീവിജയ സാമ്രാജ്യത്തെ. ഒടുവില്‍ അവരത് കണ്ടെത്തിയെന്ന് തന്നെ പറയാം. പറഞ്ഞ് വരുന്നത് ഇന്ത്യോനേഷ്യയിലെ മുസി നദിയില്‍ മുങ്ങിത്തപ്പിയ മത്സ്യത്തൊഴിലാളികളെ കുറിച്ചും അവര്‍ കണ്ടെത്തിയ അത്യപൂര്‍വ്വ നിധിയെ കുറിച്ചുമാണ്. 

ഇന്ത്യോനേഷ്യയിലെ പാലെംബാംഗിന് സമീപത്തെ മുതലകള്‍ നിറഞ്ഞ  മുസി നദിയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ മുങ്ങിത്തപ്പുകയായിരുന്നു. ഒടുവില്‍ നദിയില്‍ നിന്ന് അവര്‍ രാത്രികാലങ്ങളില്‍ മുങ്ങിയെടുത്തത് ഒരു സാമ്രാജ്യത്തെ തന്നെയാണ്. 

ഏഴ് മുതല്‍ പതിമൂന്ന് വരെയുള്ള നൂറ്റാണ്ടുകളില്‍ ഇന്ത്യോനേഷ്യയുടെ പല പ്രദേശങ്ങളും ഭരിച്ചിരുന്നത് ശ്രീവിജയ സാമ്രാജ്യമായിരുന്നു. ഈ സാമ്രാജ്യത്തിന്‍റെതായ നിരവധി അമൂല്യ വസ്തുക്കളാണ് മത്സ്യത്തൊഴിലാളികള്‍ മുങ്ങിയെടുത്തിരിക്കുന്നത്. 


രത്നക്കല്ലുകൾ, ആചാരപരമായ സ്വർണ്ണ മോതിരങ്ങൾ, നാണയങ്ങൾ, സന്യാസിമാരുടെ വെങ്കല മണികൾ എന്നിവയുൾപ്പെടെയുള്ള ഇതുവരെയായി കണ്ടെത്തിക്കഴിഞ്ഞു. ഇതില്‍ ഏറ്റവും അവിശ്വസനീയമായ കണ്ടെത്തലുകളിലൊന്ന് ദശലക്ഷക്കണക്കിന് പൗണ്ട് വിലമതിക്കുന്ന എട്ടാം നൂറ്റാണ്ടിലെ ബുദ്ധന്‍റെ പ്രതിമയാണ്. 

പുരാവസ്തുക്കൾ ശ്രീവിജയ നാഗരികതയുടെ കാലത്താണ് - ഏഴാം നൂറ്റാണ്ടിനും പതിമൂന്നാം നൂറ്റാണ്ടിനും ഇടയില്‍ ഇന്ത്യോനേഷ്യയിലുണ്ടായിരുന്ന ശക്തമായ രാജ്യമാണ് ശ്രീവിജയ സാമ്രാജ്യം. എന്നാല്‍ 14-ാം നൂറ്റാണ്ടില്‍ ഈ സാമ്രാജ്യം പെടുന്നനെ നിഗൂഢമായി അപ്രത്യക്ഷമായതായി കരുതപ്പെടുന്നു. 

കാരണങ്ങളൊന്നും അവശേഷിപ്പിക്കാതെ മുങ്ങിയ സാമ്രാജ്യത്തിന്‍റെ അവശേഷിപ്പുകളാണ് ഇപ്പോള്‍ മത്സ്യത്തൊഴിലാളികള്‍ മുങ്ങിയെടുത്തത്. തായ്‌ലൻഡും ഇന്ത്യയും പോലെ വിദൂരതയിൽ പോലും സാമ്രാജ്യത്തിന്‍റെ അവശിഷ്ടങ്ങള്‍ തേടി ആളുകള്‍ ആലഞ്ഞിട്ടുണ്ടെന്ന്  ബ്രിട്ടീഷ് സമുദ്ര പുരാവസ്തു ഗവേഷകനായ ഡോ സീൻ കിംഗ്‌സ്‌ലി പറയുന്നു. 

അപ്രത്യക്ഷമായ രാജ്യത്തിന്‍റെ പരമ്പരാഗത സ്ഥലമായ പാലെംബാംഗിൽ പോലും, ആ സാമ്രാജ്യത്തിന്‍റെതായ ഒരു ചെറു പാത്രം പോലും കണ്ടെത്തുന്നതില്‍ പുരാവസ്തു ഗവേഷകര്‍ പരാജയപ്പെട്ടു. എന്നാല്‍ അതേ സ്ഥലത്ത് ഇത്രയും കാലം  ശ്രീവിജയ സാമ്രാജ്യത്തിന്‍റെ രഹസ്യങ്ങള്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സുമാത്രയെ സ്വർണ്ണനിക്ഷേപങ്ങളും പ്രകൃതിവിഭവങ്ങളും കൊണ്ട് സമ്പന്നമായതിനാൽ പുരാതന കാലത്ത് സുവർണ ദ്വീപ് എന്നാണ് വിളിച്ചിരുന്നത്. ആറാമത്തെയും ഏഴാമത്തെയും നൂറ്റാണ്ടുകളിൽ ഏഷ്യൻ സമുദ്ര വ്യാപാരത്തിൽ ക്രമാനുഗതമായ വർദ്ധനവുണ്ടായി. ഇത്മൂലം ലോകമെമ്പാടും ഒരു വലിയ ചൈനീസ് വിപണി തുറക്കപ്പെട്ടു.  

ബുദ്ധമത ആചാരങ്ങൾക്കായുള്ള വർദ്ധിച്ചുവരുന്ന ആവശ്യം, പ്രത്യേകിച്ചും, ഇന്തോനേഷ്യൻ ചരക്കുകളുടെ കയറ്റുമതി ചൈനയിലേക്ക് വർദ്ധിപ്പിക്കുന്നതിന് കാരണമായെന്നും ഡോ കിംഗ്‌സ്‌ലി കൂട്ടിച്ചേര്‍ത്തു. 

സ്വർണ്ണത്തിന്‍റെയും ആഭരണങ്ങളുടെയും അതിശയകരമായ കണ്ടെത്തലുകൾക്ക് പുറമെ, നദീതടത്തിൽ ടൺ കണക്കിന് ചൈനീസ് നാണയങ്ങളും അതിലും വലിയ തോതിൽ മുങ്ങിയ സെറാമിക്സും ലഭിച്ചു.

ചൈനയിലെ വലിയ ചൂളകളിൽ നിന്നുള്ള സെറാമിക്സ് ഉത്പന്നങ്ങള്‍ ഇന്ത്യ, പേർഷ്യ എന്നിവിടങ്ങളില്‍ വിപണി കണ്ടെത്തി. അതുപോലെ അവിടങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങളും ചൈനയിലെത്തി. ഡോ കിംഗ്‌സ്‌ലി എഡിറ്റ് ചെയ്യുന്ന റെക്ക് വാച്ച് മാസികയുടെ ശരത്കാല ലക്കത്തിൽ ഗവേഷണം വെളിപ്പെടുത്തിയിട്ടുണ്ട്. 

'ആഴങ്ങളിൽ നിന്ന് ഈ സമ്പന്നമായ രാജ്യങ്ങൾക്ക് അനുയോജ്യമായ തിളങ്ങുന്ന സ്വർണ്ണവും ആഭരണങ്ങളും ലഭിച്ചു. വ്യാപാര ഉപകരണങ്ങളും യുദ്ധായുധങ്ങളും മുതൽ മതത്തിന്‍റെ അവശിഷ്ടങ്ങൾ വരെ അദ്ദേഹം, തന്‍റെ ചൈനയെയും മാരിടൈം സിൽക്ക് റോഡിനെയും കേന്ദ്രീകരിച്ചുള്ള 180 പേജുള്ള ശ്രീവിജയ സാമ്രാജ്യ പഠനത്തില്‍ എഴുതുന്നു. 

ചെറുതും വലുതുമായ വെങ്കല / സ്വർണ്ണ ബുദ്ധ പ്രതിമകൾ, കാലയുടെ പൈശാചിക മുഖം വഹിക്കുന്ന വെങ്കല ക്ഷേത്ര വാതിലുകൾ, ഹിന്ദു ഐതിഹ്യത്തിലെ കഥാപാത്രങ്ങള്‍, അമൃത് കടഞ്ഞ കഥ കൊത്തിയ പാത്രങ്ങള്‍ എന്നിവ കണ്ടെടുക്കുപ്പെട്ടു. 

സന്യാസിമാരുടെ വെങ്കല മണികളും ആചാരപരമായ സ്വർണ്ണ മോതിരങ്ങളും മാണിക്യങ്ങൾ കൊണ്ട് പതിച്ചിരിക്കുന്നു, കൂടാതെ നാല്-കോണുകളുള്ള സ്വർണ്ണ വജ്ര ചെങ്കോലുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഹിന്ദു ദേവനായ ദേവേന്ദ്രന്‍റെ ഇഷ്ട ആയുധമായ വജ്രായുധത്തെ സൂചിപ്പിക്കുന്ന ഇടിമിന്നലില്‍ രൂപമുള്ള ആയുധം.

14-ാം നൂറ്റാണ്ടിൽ, ശ്രീവിജയ സാമ്രാജ്യം അവരുടെ മരത്താല്‍ നിര്‍മ്മിതമായ കൊട്ടാരങ്ങളും വീടുകളുമുള്‍പ്പെടെ വെള്ളത്തില്‍ മുങ്ങിപ്പോയതായി കരുതുപ്പെടുന്നു. എന്നാല്‍ മുങ്ങിത്താഴും മുമ്പ് ചൈനയുടെ സില്‍ക് റൂട്ടിന്‍റെ പ്രധാനഭാഗം നിയന്ത്രിച്ചിരുന്നത് ശ്രീവിജയ സാമ്രാജ്യമായിരുന്നു. 

എട്ടാം നൂറ്റാണ്ടിൽ പടിഞ്ഞാറൻ മെഡിറ്ററേനിയൻ ലോകം ഇരുണ്ട യുഗത്തിലേക്ക് പ്രവേശിക്കുമ്പോൾ, ലോകത്തിലെ ഏറ്റവും വലിയ രാജ്യങ്ങളിലൊന്ന് തെക്കുകിഴക്കൻ ഏഷ്യയുടെ ഭൂപടത്തിൽ സൃഷ്ടിക്കപ്പെടുകയായിരുന്നെന്ന് ഡോ. കിംഗ്‌സ്‌ലി പറയുന്നു. 

'300 വർഷത്തിലേറെയായി, ശ്രീവിജയ ഭരണാധികാരികൾ പശ്ചിമേഷ്യയ്ക്കും സാമ്രാജ്യത്വ ചൈനയ്ക്കും ഇടയിലുള്ള വ്യാപാര പാതകളിൽ പ്രാവീണ്യം നേടിയിരുന്നു. ഈ സമയത്തെ  ഏറ്റവും മികച്ച ഉൽപ്പന്നങ്ങളുടെ അന്താരാഷ്ട്ര വഴിത്തിരിവായി ശ്രീവിജയ മാറി. അതിന്റെ ഭരണാധികാരികൾ ഐതിഹാസികമായ സമ്പത്ത് സ്വരൂപിച്ചിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ആ കാലത്തെ സഞ്ചാരികൾ എഴുതിയിരുന്നത് രാജ്യം "വളരെ കൂടുതലാ"ണെന്നാണ്. ശ്രീവിജയത്തിന് ധാരാളം ദ്വീപുകളുണ്ടെന്നാകാം ചരിത്രകാരന്മാർ രേഖപ്പെടുത്തിയത്. അതിന്‍റെ പരിധികൾ എവിടെ അവസാനിച്ചുവെന്ന് ആർക്കും അറിയില്ല. തലസ്ഥാനത്ത് മാത്രം 20,000 പട്ടാളക്കാരും 1,000 സന്യാസിമാരും 800 പണമിടപാടുകാരും ഉണ്ടായിരുന്നു എന്നത് രാജ്യത്തിന്‍റെ സമ്പത്തിനെയും ജനസംഖ്യാ വലുപ്പത്തെയും കാണിക്കുന്നു. 

എന്നാല്‍, എപ്പോള്‍ എന്തുകൊണ്ടാണ് ശ്രീവിജയ സാമ്രാജ്യം തകർന്നതെന്ന് വ്യക്തമല്ല. അഗ്നിപർവ്വത ദുരന്തത്തിന്‍റെ ഫലമായ പോംപെയ്ക്ക് സംഭവിച്ച അതേ ദുരവസ്ഥയാകാം കാരണമെന്നും കിംഗ്സ്ലി പറയുന്നു. പ്രാദേശിക മത്സ്യത്തൊഴിലാളികൾ നടത്തിയ മുങ്ങിത്തപ്പല്‍ ഒഴികെ, ഔദ്യോഗിക ഉത്ഖനനങ്ങളൊന്നും ഇവിടെ നടന്നിട്ടില്ല. അതുകൊണ്ട് തന്നെ ഇത് നിരവധി ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നില്ലെന്ന് ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.

 'പുതിയതായി കണ്ടെത്തിയ, ശ്രീവിജയയുടെ ഉയർച്ചയുടെയും തകർച്ചയുടെയും കഥ പറയപ്പെടാതെ വീണ്ടും മരിക്കുകയാണ്. കാരണം പ്രാദേശിക മുങ്ങല്‍ വിദഗ്ദര്‍ കണ്ടെത്തുന്ന അത്യപൂര്‍വ്വ നിധി ശേഖരം അപ്പോള്‍ തന്നെ അന്താരാഷ്ട്രാ പുരാവസ്തു വിപണിയിലേക്ക് കൈമാറുന്നു. അതുകൊണ്ട് തന്നെ ഇവയുടെ യാതൊരു തരത്തിലുള്ള പഠനവും നടക്കുന്നില്ല. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos

click me!