ബ്രസീലാണ് താലിറ്റോ ഡോ വാലെയുടെ ജന്മദേശം. ചെറുപ്പത്തിൽ മോഡലായും നടിയായും ജോലി ചെയ്ത താലിറ്റോ, ഇതിനിടെ നിയമ പഠനം പൂര്‍ത്തിയാക്കി. പിന്നീട് മൃഗസംരക്ഷണ എൻജിഒകള്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. ഇതിന് ശേഷമാണ് സ്വതന്ത്ര കുർദിസ്ഥാൻ മേഖലയിലെ സായുധ സൈനിക സേനയായ പെഷ്മർഗാസിൽ ചേരുന്നത്.
യുക്രൈനികള്‍ക്കായി റഷ്യയ്ക്കെതിരെയുള്ള പോരാട്ടം താലിറ്റോയ്ക്ക് ആദ്യത്തെതല്ല. മുമ്പ് ഇറാഖില്‍ ഐഎസിനെതിരെ പോരാടാന്‍ മുന്‍നിരയിലുണ്ടായിരുന്നു താലിറ്റോ ഡോ വാലെ (39). ഈ സമയത്താണ് അവര്‍ തന്‍റെ സ്നൈപ്പര്‍ പരിശീലനം പൂര്‍ത്തിയാക്കിയത്.
ഇറാഖിലും കുര്‍ദ്ദിസ്ഥാനിലും അമേരിക്കന്‍ സൈന്യത്തിനൊപ്പം ഐഎസിനെതിരെയുള്ള പോരാട്ടത്തിന്‍റെ മുന്‍നിരയില്‍ തന്നെ താലിറ്റോയുണ്ടായിരുന്നു. കുര്‍ദിഷ് യുവതികള്‍ക്കൊപ്പം തോങ്കേന്തി നില്‍ക്കുന്ന തന്‍റെ ചിത്രങ്ങള്‍ താലിറ്റോ തന്നെയാണ് സാമൂഹ്യമാധ്യമങ്ങള്‍ വഴി പങ്കുവച്ചിരുന്നത്.
ഐഎസിനെതിരെയുള്ള താലിറ്റോയുടെ പോരാട്ട ചിത്രങ്ങള്‍ അവളുടെ യൂറ്റുബ് ചാനലിലെ ഷോര്‍ട്സ് വഴി ഇതിനകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. കുര്‍ദിഷ് പോരാളികളുടെ സൈനിക സംഘമായ പെഷ്മെര്‍ഗ ('മരണം നേരിടുന്നവർ') യില്‍ അംഗമായിരുന്നു താലിറ്റോ.
യുദ്ധ മുഖങ്ങളില്‍ ശത്രുവില്‍ നിന്ന് മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കുകയും മറ്റ് മാനുഷിക ദൗത്യങ്ങളില്‍ പങ്കെടുക്കുകയും ചെയ്യുന്ന നായികയാണ് അവള്‍ എന്ന് താലിറ്റോയുടെ സഹോദരന്‍ തിയോ റോഡ്രിഗോ വിരേ (Theo Rodrigo Viera) അവളെ കുറിച്ച് പറഞ്ഞത്.
താലിറ്റോ ഒരേ സമയം യുദ്ധമുഖങ്ങളില്‍ രക്ഷാപ്രവർത്തകയായും സ്‌നൈപ്പറായും ജോലി ചെയ്തിരുന്നു. ഖാര്‍ക്കിവിലെ റഷ്യന്‍ മുന്നേറ്റം തടയുന്നതില്‍ കര്‍മ്മനിരതയായിരുന്നു താലിറ്റോ. താലിറ്റോയുടെ യുക്രൈന്‍ അനുഭവങ്ങള്‍ പകര്‍ത്താനായി അവരോടൊപ്പം ഒരു എഴുത്തുകാരനും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
എന്നാല്‍, കഴിഞ്ഞ ആഴ്ചയില്‍ കിഴക്കന്‍ യുക്രൈനിന് നേര്‍ക്ക് കനത്ത ബോംബാക്രമണമാണ് റഷ്യ നടത്തിക്കൊണ്ടിരിക്കുന്നത്. താലിറ്റോ ഡോ വാലെ നിന്നിരുന്ന ബങ്കറുകള്‍ക്ക് സമീപത്തും നിരവധി മിസൈലുകള്‍ പതിച്ചു. ഒടുവില്‍ ബങ്കറില്‍ അവശേഷിച്ചിരുന്ന താലിറ്റോയും കൊല്ലപ്പെട്ടു.
താലിറ്റോയില്‍ നിന്ന് വിവരങ്ങള്‍ ലഭ്യമാകാതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചിറങ്ങിയ മുന്‍ ബ്രസീലിയന്‍ സൈനികനായ ഡഗ്ലസ് ബുറിഗോയും റഷ്യയുടെ കനത്ത മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നാണ് പുറത്ത് വരുന്ന വിവരം. ആദ്യത്തെ മിസൈൽ ആക്രമണത്തിന് ശേഷം ബങ്കറില്‍ അവശേഷിക്കുന്ന സേനയിലെ ഏക അംഗമായിരുന്നു താലിറ്റോയെന്ന് മറ്റ് പോരാളികള്‍ അറിയിച്ചു.
യുക്രൈന്‍ തലസ്ഥാനമായ കീവിൽ ബോംബാക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട ശേഷം, റഷ്യൻ ഡ്രോണുകൾ മൊബൈൽ ഫോൺ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനാൽ തനിക്ക് കൂടുതൽ സംസാരിക്കാൻ കഴിയില്ലെന്നും തനിക്ക് കുഴപ്പമില്ലെന്നും താലിറ്റോ തന്‍റെ കുടുംബത്തെ വിളിച്ച് അറിയിച്ചതിന് പിന്നാലെയായിരുന്നു അക്രമണം.
കീവില്‍ നിന്നും തന്‍റെ സേവനം ഖാര്‍കീവിലേക്ക് മാറ്റിയതിന് ശേഷം ആദ്യമായും അവസാനമായും ഒരു തവണ മാത്രമേ അവള്‍ക്ക് തന്‍റെ കുടുംബവുമായി സംസാരിക്കാന്‍ കഴിഞ്ഞിരുന്നൊള്ളൂ. നിലവില്‍ ഒരു രാജ്യത്തെയും സൈനികാംഗമല്ല താലിറ്റോ.
മറിച്ച് വിരമിച്ച സൈനികരും മറ്റും ഉള്‍ക്കൊള്ളൂന്ന കുലി പട്ടാളത്തിന്‍റെ ഭാഗമായിരുന്നു അവര്‍. യുക്രനിലെമ്പാടും യുക്രൈന് വേണ്ടിയും റഷ്യയ്ക്ക് വേണ്ടിയും കൂലിപട്ടാളങ്ങളാണ് പോരാട്ടം തുടരുന്നതെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.