ഖ്യാൽ മുഹമ്മദ് ഗയൂര്‍ പഴയ താലിബാന് കീഴില്‍ ജോലി ചെയ്തിരുന്ന ജിഹാദിയായിരുന്നു. എന്നാല്‍, 2000 ല്‍ അമേരിക്കന്‍ സൈന്യം അഫ്ഗാനിലേക്കെത്തിയപ്പോള്‍ ഇയാള്‍ പാകിസ്ഥാനിലേക്ക് പലായനം ചെയ്തു. തെക്കുപടിഞ്ഞാറൻ പാകിസ്ഥാനില്‍ താമസമാക്കിയ ഖ്യാല്‍ മുഹമ്മദ് അവിടെ ഒരു ബേക്കറിക്കാരനായി കഴിഞ്ഞിരുന്നു.
താലിബാന്‍ രണ്ടാമതും അധികാരമേറ്റ് കഴിഞ്ഞ് ആഴ്ചകള്‍ക്കുള്ളില്‍ അപരിചിതനായ ഒരാളില്‍ നിന്ന് ഖ്യാല്‍ മുഹമ്മദിന് ഒരു ഫോണ്‍ വന്നു. ഫോണില്‍ സംസാരിച്ചയാള്‍, ഖ്യാല്‍ മുഹമ്മദിനോട് അഫ്ഗാനിലേക്ക് തിരിച്ച് വരണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍ അതൊരു ബേക്കറിക്കാരനായിട്ടല്ലെന്നും പൊലീസ് മേധാവിയായി തിരിച്ചെത്തണമെന്നുമാണ് ഫോണില്‍ വിളിച്ചയാള്‍ ആവശ്യപ്പെട്ടത്.
ഇന്ന് ഖ്യാല്‍ മുഹമ്മദ് ഗയൂര്‍ എന്ന പഴയ താലിബാന്‍ ജിഹാദി കാബൂള്‍ നഗരത്തിന്‍റെ ട്രാഫിക് പൊലീസിന്‍റെ തലവനാണെന്ന് എക്ണോമിക് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്യുന്നു. 1,450 ആളുകളുടെ മേൽനോട്ടം വഹിക്കുന്ന താലിബാന്‍ ഉദ്യോഗസ്ഥനാണ് ഖ്യാല്‍ മുഹമ്മദ് ഗയൂര്‍.
രാജ്യത്തിന്‍റെ അധികാരമേറ്റെടുത്ത് അഞ്ച് മാസങ്ങള്‍ കഴിയുമ്പോഴും താലിബാന്‍ ഭരണം നിയന്ത്രിക്കാനായി പൊരുതുകയാണെന്നാണ് റിപ്പോര്‍ട്ട്. പണം തന്നെയാണ് താലിബാന്‍റെ പ്രധാനപ്രശ്നം. രാജ്യത്തെ സിവിൽ സർവീസുകാരെ നിലനിർത്തുമെന്നും ഉയർന്ന സർക്കാർ ജോലികള്‍ക്കായി വംശീയ വൈവിധ്യത്തിന് മുൻഗണന നൽകുമെന്നും രണ്ടാമത് അധികാരമേറ്റപ്പോള്‍ താലിബാന്‍ നേതാക്കൾ അവകാശപ്പെട്ടിരുന്നു.
എന്നാല്‍, അധികാരമേറ്റ ശേഷം താലിബാന്‍ ഭരണത്തിന്‍ കീഴില്‍ ജോലി ചെയ്യാന്‍ പല അഫ്ഗാനികളും മടിച്ചു. ആയിരക്കണക്കിന് പേര്‍ രാജ്യം വിട്ടു. മറ്റുള്ളവര്‍ ജോലി നിരസിച്ചു. ഇതോടെ രാജ്യത്തെ എല്ലാ ഭരണമേഖലകളിലും ജിഹാദി സൈനീകരെയും മതഅധ്യാപകരെയും ഉള്‍പ്പെടുത്തുകയായിരുന്നു താലിബാന്‍.
സർക്കാർ ജീവനക്കാരില്‍ പലരും പലായനം ചെയ്യുകയോ ജോലി ചെയ്യാൻ വിസമ്മതിക്കുകയോ ചെയ്തു. രാജ്യത്ത് വ്യാപകമായ ഒഴിവുകൾ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഈ ഒഴിവുകള്‍ നികത്താനാണ് ഇപ്പോള്‍ താലിബാന്‍, പാകിസ്ഥാനിലെ അഫ്ഗാന്‍ അഭയാര്‍ത്ഥി ക്യാമ്പുകളിലേക്കെത്തുന്നതെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്ത.
താലിബാന്‍ ജിഹാദികള്‍ രാജ്യത്തില്ലെന്നാണ് പാകിസ്ഥാന്‍റെ നിലപാടെങ്കിലും ഇതിനകം ഖ്യാൽ മുഹമ്മദ് ഗയൂരിനെ പോലെ നൂറ് കണക്കിന് മുന്‍ ജിഹാദികളെ താലിബാന്‍, പാകിസ്ഥാനില്‍ നിന്ന് തിരികെ രാജ്യത്തെത്തിച്ചെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതുവരെ എത്ര പേര്‍ ഇത്തരത്തില്‍ അഫ്ഗാനിലേക്ക് കടന്നുവെന്നതിന് കൃത്യമായ കണക്കുകളില്ല.
ഇത്തരത്തില്‍ രാജ്യത്ത് തിരിച്ചെത്തുന്നവര്‍ക്ക് സര്‍ക്കാരിലെ ഉന്നത സ്ഥാനങ്ങളാണ് താലിബാന്‍ വാഗ്ദാനം ചെയ്യുന്നത്. പാകിസ്ഥാനിലെ ഒരു അഭയാർത്ഥി ക്യാമ്പിൽ കമ്മ്യൂണിറ്റി ഓർഗനൈസറായി ജോലി ചെയ്തിരുന്ന മുന്‍ ജിഹാദിയായ അർസല ഖരോട്ടി ഇന്ന് അഫ്ഗാനിസ്ഥാനിലെ അഭയാർത്ഥികളുടെ ഡെപ്യൂട്ടി മന്ത്രിയാണ്.
കറാച്ചിയിലെ ഒരു ചേരിയിലെ പള്ളിയില്‍ മതപ്രഭാഷകനായിരുന്ന മൗലവി സഈദുള്ള, ഇന്ന് അഫ്ഗാനിസ്ഥാന്‍റെ കിഴക്കൻ പ്രവിശ്യയായ പക്തികയിൽ ജില്ലാ ജഡ്ജിയാണ്. ആദ്യ താലിബാന്‍ ഭരണത്തിന്‍ കീഴില്‍ മൗലവി സഈദുള്ള ചെയ്തിരുന്ന ജോലിതന്നെയാണ് ഇതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. '
എന്നാല്‍, പുതുതായി തിരിച്ചെത്തുന്നവരെ കാത്ത് അധികാരം മാത്രമേയുള്ളൂവെന്നും റിപ്പോര്‍ട്ട് പറയുന്നു. കാരണം പട്ടിണി തന്നെ. അധ്യാപകര്‍ക്കും മറ്റ് പൊതുമേഖലാ ജീവനക്കാരും സര്‍ക്കാര്‍ മാസങ്ങളായി ശമ്പളം നൽകിയിട്ടില്ല. മുൻ സർക്കാരിന് ലഭിച്ചിരുന്ന ദശലക്ഷക്കണക്കിന് ഡോളറിന്‍റെ വിദേശ സഹായം നിലച്ചു. കോടിക്കണക്കിന് സർക്കാർ ആസ്തികൾ മരവിപ്പിക്കപ്പെട്ടു. സാമ്പത്തിക ഉപരോധം രാജ്യത്തിന്റെ ബാങ്കിംഗ് സംവിധാനത്തിന്‍റെ തകർച്ചയ്ക്ക് കാരണമായി.
താലിബാൻ അഫ്ഗാന്‍റെ ഭരണം രണ്ടാമതും പിടിച്ചെടുത്തതിനെ തുടര്‍ന്നുള്ള ആദ്യ ആഴ്ചകളിൽ, സിവിൽ സർവീസുകാർ, ബാങ്കർമാർ, അക്കാദമിക് വിദഗ്ധർ, ഡോക്ടർമാർ എന്നിവരുൾപ്പെടെ ഏകദേശം 1,20,000 ആളുകൾ അമേരിക്കയിലേക്കും മറ്റ് വിദേശ രാജ്യങ്ങളിലേക്കും പലായനം ചെയ്തു.
“അഫ്ഗാനിസ്ഥാന് വിദഗ്ധരായ ആളുകളെ ആവശ്യമാണ്,” താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് വ്യക്തമാക്കുന്നു. അഫ്ഗാനികളായ വിദഗ്ദ തൊഴിലാളികള്‍ മറ്റ് രാജ്യങ്ങളിലേക്ക് പലായനം ചെയ്യരുതെന്നും രാജ്യത്തിന് അവരുടെ സേവനം ആവശ്യമുണ്ടെന്നും സബിഹുള്ള മുജാഹിദ് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ആളുകള്‍ ഇപ്പോഴും അഫ്ഗാന്‍ വിടാന്‍ തയ്യാറായി നില്‍ക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
1980 കളിലും 1990 കളിലും സോവിയറ്റ് യൂണിയൻ പിൻവാങ്ങുകയും അഫ്ഗാനില്‍ ഭരണ തലത്തില്‍ ശൂന്യത നേരിടുകയും ചെയ്തപ്പോള്‍ ഇതുപോലെ സാങ്കേതിക വൈദഗ്ധ്യം ഉള്ളവരുടെ കൂട്ടപലായനമുണ്ടായിരുന്നു. അന്ന് താലിബാന്‍ ജിഹാദികളെയും വിശ്വസ്ഥരേയും ഉപയോഗിച്ച് സര്‍ക്കാരിലെ ഒഴിവുകള്‍ നികത്തുകയായിരുന്നു.
ഇപ്പോഴും സമാനമായ സ്ഥിതിയാണുള്ളത്. വൈദഗ്ധ്യമുള്ളവരാകട്ടെ താലിബാന് കീഴില്‍ ജോലി ചെയ്യാന്‍ വിസമ്മത്തിക്കുന്നു. കാരണം അവരില്‍ പലരും അമേരിക്കയുടെ വിസ പ്രതീക്ഷിച്ചിരിക്കുന്നവരാണ്. താലിബാന് കീഴില്‍ ജോലി ചെയ്താല്‍ അമേരിക്ക വിസ നിഷേധിക്കുമോയെന്ന ഭയം തന്നെ കാരണം
ഇന്ന് അഫ്ഗാനിസ്ഥാന്‍റെ ഭരണത്തിലെ പല പ്രധാന തസ്തികകളും കൈയേറിയിരിക്കുന്നത് പാകിസ്ഥാനിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ ഇസ്ലാമിക് സെമിനാരികളിലൊന്നായ ദാറുൽ ഉലൂം ഹഖാനിയ മദ്രസയിൽ നിന്ന് ബിരുദം നേടിയവരാണെന്നാണ് റിപ്പോര്‍ട്ട്.
തീവ്രവാദി ഗ്രൂപ്പായ ഹഖാനി ശൃംഖലയുടെ തലവനും എഫ്ബിഐ തീവ്രവാദിയായി മുദ്രകുത്തപ്പെട്ടയാളുമായ സിറാജുദ്ദീൻ ഹഖാനിയാണ് ആഭ്യന്തര വകുപ്പിന്‍റെ ആക്ടിംഗ് മന്ത്രി. പൊലീസ്, ഇന്‍റലിജൻസ്, മറ്റ് സുരക്ഷാ സേന എന്നിവയുടെ മേൽനോട്ടം സിറാജുദ്ദീൻ ഹഖാനിക്കാണ്. ഹഖാനി ശൃംഖലയാകട്ടെ പാകിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്ഐയുമായി അഭേദ്യമായ ബന്ധം പുലര്‍ത്തുന്ന തീവ്രവാദി ഗ്രൂപ്പാണ്.
സര്‍ക്കാര്‍ വകുപ്പുകള്‍ പ്രവർത്തിപ്പിച്ച് അവർക്ക് പരിചയമില്ല. അവർ തോക്കുമായി ഓഫീസുകളിൽ ഇരിക്കുകയും വകുപ്പുകളിലെ ജീവനക്കാരെ 'അഴിമതിക്കാർ' എന്നും 'അക്രമികളുടെ സഹായികൾ' എന്നും വിളിച്ച് അധിക്ഷേപിക്കുകയാണെന്ന സര്‍ക്കാര്‍ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയായ സലാമിലെ ഒരു സാങ്കേതിക വിദഗ്ദന്‍ പറഞ്ഞു.
എന്നാല്‍ സര്‍ക്കാര്‍ പ്രവര്‍ത്തനം കൃത്യമായി നടക്കുകയാണെന്നും അഫ്ഗാന്‍റെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം അമേരിക്കയാണെന്നും താലിബാന്‍ വക്താക്കള്‍ ആരോപിക്കുന്നു. എന്നാൽ വിദഗ്ധർ പറയുന്നത്, അമേരിക്ക അഫ്ഗാനിസ്ഥാന്‍റെ സംസ്ഥാന ആസ്തികൾ മരവിപ്പിക്കുന്നത് അവസാനിപ്പിച്ചാലും ഉപരോധം നീക്കിയാലും, രാജ്യത്തിന്‍റെ തകർന്ന ബാങ്കിംഗ് സംവിധാനത്തെ എങ്ങനെ പുനരുജ്ജീവിപ്പിക്കാനുള്ള സാങ്കേതിക പരിജ്ഞാനം ധനമന്ത്രാലയത്തിനില്ലെന്നാണ്
എന്നാല്‍, വിദേശരാജ്യങ്ങള്‍ അഫ്ഗാനിലെ സാങ്കേതിക വിദഗ്ദരെ രഹസ്യമായി രാജ്യത്ത് നിന്ന് കടത്തിയെന്നും അത് വഴി രാജ്യത്തിന്‍റെ സ്ഥിരത തകര്‍ക്കുകയാണെന്നും താലിബാനികള്‍ ആരോപിക്കുന്നു. കഴിഞ്ഞ കാലത്തെ അഴിമതിയാണ് ഇപ്പോഴത്തെ പ്രശ്നങ്ങളുടെ മറ്റൊരു കാരണമെന്നും സൈനികരുടെ പരിശീലനത്തിനും വിദ്യാഭ്യാസത്തിനുമുള്ള താലിബാൻ കൗൺസിലിലെ മുതിർന്ന അംഗമായ വഹിദുള്ള ഹാഷിമി പറയുന്നു.
അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്തെങ്കിലും താലിബാൻ ഇപ്പോഴും പാക്കിസ്ഥാനെ ആശ്രയിക്കുന്നതായി പത്രപ്രവർത്തകനും എഴുത്തുകാരനുമായ അബൂബക്കർ സിദ്ദിഖ് പറഞ്ഞു. "അഫ്ഗാനിസ്ഥാനിൽ കാര്യങ്ങൾ മോശമായാൽ പിന്മാറാനുള്ള സുരക്ഷിത താവളമായാണ് അവർ ഇപ്പോഴും പാകിസ്ഥാനെ കരുതുന്നത്. "
അതിനാല്‍ തന്നെ താലിബാന്‍റെ വാഗ്ദാനത്തില്‍പ്പെട്ട് തിരിച്ചുവരുന്നവരില്‍ പലരും പാകിസ്ഥാനില്‍ കഴിഞ്ഞ 20 വര്‍ഷം കൊണ്ട് അവരുണ്ടാക്കിയ പലതും വിട്ട് പോരാന്‍ തയ്യാറല്ല. എന്നാല്‍, ചില മുന്‍ ജിഹാദികള്‍ തങ്ങളുടെ എല്ലാ സ്വന്തം വിറ്റ് മുഴുവന്‍ കുടുംബവുമായാണ് തിരികെയെത്തുന്നത്.
കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ കാബൂള്‍ ഒരുപാട് മാറിപ്പോയതായി ട്രാഫിക് പൊലീസിന്‍റെ തലവന്‍ ഖ്യാൽ മുഹമ്മദ് ഗയൂര്‍ പറയുന്നു. ആളുകളോട് റോഡില്‍ നിന്ന് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടാല്‍ അവര്‍ മാറില്ല. പകരം "ഞാനെന്ത് കഴിക്കും" എന്നാണ് ചോദിക്കുന്നതെന്നും ഖ്യാൽ മുഹമ്മദ് ഗയൂര്‍ പറയുന്നു.