Ukraine war: 7,000 റഷ്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ കൈയിലുണ്ടെന്ന് യുക്രൈന്‍

First Published | Apr 9, 2022, 1:53 PM IST

ഷ്യന്‍ സൈന്യം യുക്രൈനില്‍ നിന്നും പിന്മാറിയതിന് പിന്നാലെ യുക്രൈനില്‍ റഷ്യന്‍ പട്ടാളം നടത്തിയ ക്രൂരതകളുടെ ചിത്രങ്ങളാണ് പുറത്ത് വന്നിരുന്നത്. ഒടുവില്‍ തങ്ങളുടെ ശീതീകരിച്ച മോര്‍ച്ചറികളില്‍ അവകാശപ്പെടാന്‍ ആരുമില്ലാത്ത 7,000 റഷ്യന്‍ സൈനികരുടെ മൃതദേഹമുണ്ടെന്ന വിവരം യുക്രൈന്‍ പുറത്ത് വിട്ടു. റഷ്യയുടെ 19,000 സൈനികര്‍ യുക്രൈന്‍ അധിനിവേശത്തിനിടെ കൊല്ലപ്പെട്ടെന്നും യുക്രൈന്‍ അവകാശപ്പെട്ടു. മൃതദേഹങ്ങൾ തിരികെ നൽകാൻ ശ്രമിച്ചെങ്കിലും റഷ്യന്‍ ഭരണകൂടം ഇതുവരെ സൈനികരുടെ മൃതദേഹം ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചിട്ടില്ലെന്നും യുക്രെയ്ൻ പ്രസിഡൻഷ്യൽ അഡ്മിനിസ്ട്രേഷൻ മേധാവിയുടെ ഉപദേശകൻ ഒലെക്സി അരെസ്റ്റോവിച്ച് വാഷിംഗ്ടൺ പോസ്റ്റിനോട് പറഞ്ഞു. യുദ്ധത്തിന്‍റെ ആദ്യ ദിവസങ്ങളില്‍ തന്നെ റഷ്യയ്ക്ക് കനത്ത സൈനിക നഷ്ടമുണ്ടായിരുന്നു. ആദ്യ ദിവസങ്ങളില്‍ തന്നെ 3,000 റഷ്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടമായതായി യുക്രൈന്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇതൊന്നും തന്നെ റഷ്യ സമ്മതിച്ചിരുന്നില്ല. എന്നാല്‍, അവരുടെ നാശനഷ്ടം വളരെ കൂടുതലാണെന്ന് വിശ്വസിക്കുന്നില്ലെന്നും  ഒലെക്സി അരെസ്റ്റോവിച്ച് കൂട്ടി ചേര്‍ത്തു. 

നാല്‌‍‍‍പ്പത്തഞ്ച് ദിവസത്തോളമെത്തിയ യുദ്ധത്തില്‍ തങ്ങള്‍ക്ക് 1351 സൈനികരെ മാത്രമാണ് നഷ്ടമായതെന്നാണ് റഷ്യ ഇപ്പോഴും അവകാശപ്പെടുന്നത്. യുക്രൈനിനെതിരായ സൈനിക നടപടിയില്‍ തങ്ങള്‍ക്ക് എന്ത് നഷ്ടമാണ് ഉണ്ടായതെന്ന് വ്യക്തമാക്കാന്‍ റഷ്യ ഇതുവരെ തയ്യാറായിട്ടില്ല. 

യുദ്ധം തുടങ്ങിയ ആദ്യ ആഴ്ചയില്‍, പിടികൂടുന്ന റഷ്യന്‍ സൈനികര്‍ക്ക് ചായയും ബിസ്ക്കറ്റും കൊടുത്ത് വീട്ടിലേക്ക് അമ്മയെ ഫോണ്‍ വിളിക്കാന്‍ അനുവദിക്കുന്ന യുക്രൈനികളുടെ നിരവധി വീഡിയോകള്‍ യുക്രൈനിലെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായിരുന്നു. 


ഇതിന് പിന്നാലെ 18 വയസ് തികഞ്ഞ കൗമാരക്കാരെയാണ് റഷ്യ യുദ്ധത്തിനയച്ചതെന്നും കുട്ടികള്‍ ഭയപ്പാടിലാണെന്നും റഷ്യയിലുള്ള അമ്മമാര്‍ എത്തി ചോദിക്കുകയാണെങ്കില്‍ കുട്ടികളെ വിട്ട് നല്‍കാമെന്നും യുക്രൈന്‍ അറിയിച്ചിരുന്നു. 

എന്നാല്‍, ഇതിനെതിരെ റഷ്യ ഔദ്ധ്യാഗികമായി പ്രതികരിച്ചില്ലെങ്കിലും റഷ്യയില്‍ നിന്ന് നിരവധി അമ്മമാരും ഭാര്യമാരും യുക്രൈനില്‍ യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന തങ്ങളുടെ മക്കളെയും ഭര്‍ത്താക്കന്മാരെയും തേടി യുക്രൈന്‍ അതിര്‍ത്തിയിലേക്ക് എത്തിയിരുന്നു. 

യുദ്ധം തുടരാനായിരുന്നു റഷ്യന്‍ തീരുമാനം. ഒടുവില്‍ ഒരു മാസവും രണ്ടാഴ്ചയും യുദ്ധം ചെയ്തിട്ടും യുക്രൈന്‍ പ്രതിരോധത്തിന് മുന്നില്‍ നിന്ന് പിന്മാറാനായിരുന്നു റഷ്യയുടെ യോഗം. ഇതിനിടെ യുക്രൈന്‍ നഗരങ്ങളില്‍ കനത്ത നാശം വിതയ്ക്കാന്‍ റഷ്യന്‍ വിമാനങ്ങള്‍ക്കായി.

എന്നാല്‍, യുക്രൈന്‍റെ പ്രധാനപ്പെട്ട പത്ത് നഗരങ്ങളിലൊന്ന് പോലും റഷ്യയ്ക്ക് കീഴ്പ്പെടുത്താന്‍ കഴിഞ്ഞില്ല. ഇതോടെ റഷ്യ, യുക്രൈന്‍റെ വടക്ക് പടിഞ്ഞാറന്‍ പ്രദേശത്ത് നിന്ന് പിന്മാറുകയായിരുന്നു. എന്നാല്‍, കീവ് തങ്ങളുടെ ലക്ഷ്യമല്ലാത്തതിനാലാണ് പിന്മാറുന്നതെന്നായിരുന്നു റഷ്യ ഇതിന് നല്‍കിയ വിശദീകരണം. 

കീവില്‍ നിന്ന് പിന്മാറുന്ന റഷ്യ യുദ്ധം അവസാനിപ്പിച്ചിട്ടില്ലെന്നും മറിച്ച് യുക്രൈന്‍റെ മറ്റ് ഭാഗങ്ങളില്‍ യുദ്ധം ചെയ്യുന്ന റഷ്യന്‍ സൈനികരെ കൂടി യുക്രൈനിലെ റഷ്യന്‍ വിമത കേന്ദ്രങ്ങളായ തെക്ക് കിഴക്കന്‍ മേഖലയില്‍ വിന്യസിക്കുകയാണെന്നും ഇവിടെ യുദ്ധം ശക്തമാക്കുമെന്നും യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ഇതിനിടെയാണ് റഷ്യയ്ക്ക് നിഷേധിക്കാനാകാത്തവിധം തെളിവുമായി യുക്രൈന്‍ രംഗത്തെത്തിയത്. ഇതോടെ 1351 സൈനികര്‍ മാത്രമാണ് തങ്ങള്‍ക്ക് നഷ്ടപ്പെട്ടതെന്ന് അവകാശവാദത്തില്‍ നിന്ന് റഷ്യ പിന്മാറി. പകരം യുക്രൈന്‍ യുദ്ധത്തില്‍ തങ്ങള്‍ക്ക് കനത്ത നാശം നേരിടേണ്ടിവന്നെന്ന് റഷ്യ ഒടുവില്‍ സമ്മതിച്ചു. 

പുടിന്‍റെ അടുത്ത അനുയായിയായ ദിമിത്രി പെസ്കോവാണ് യുക്രൈനിലെ നാശനഷ്ടം അംഗീകരിച്ചത്. 'ഞങ്ങളുടെ സൈനികർക്ക് കാര്യമായ നഷ്ടമുണ്ട്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു ദുരന്തമാണ്.' ദിമിത്രി പെസ്കോവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

യുദ്ധത്തിലെ മരണക്കണക്കുകള്‍ രഹസ്യമായി സൂക്ഷിക്കണമെന്ന 2015 ലെ ഉത്തരവിനെ തുടര്‍ന്നാണ് റഷ്യ, തങ്ങളുടെ യുക്രൈന്‍ നഷ്ടത്തെ കുറച്ച് കാണിക്കുന്നത്.  കഴിഞ്ഞ വർഷം സൈന്യത്തെ അപകീർത്തിപ്പെടുത്തുന്ന ഏതൊരു പ്രസ്താവനയും കുറ്റകരമാണെന്ന് റഷ്യ പ്രഖ്യാപിച്ചിരുന്നു. 

15,000 റഷ്യന്‍ സൈനികരെങ്കിലും യുക്രൈനില്‍ കൊല്ലപ്പെട്ടിരിക്കാമെന്ന് നാറ്റോയും പറയുന്നു.  യുദ്ധഭൂമിയിലെ റിപ്പോർട്ടുകളുടെയും ആശയവിനിമയം തടസ്സപ്പെട്ടതിന്‍റെ അടിസ്ഥാനത്തിൽ ഈ സംഖ്യ ഇതിലും കൂടുതലാണെന്ന് യുക്രൈന്‍ അവകാശപ്പെടുന്നു. 

യുക്രൈന്‍ അക്രമണത്തിനിടെ മരിച്ചവരില്‍ മോസ്കോയ്ക്ക് സമീപത്തുള്ള 136-ാം രഹസ്യാന്വേഷണ ബറ്റാലിയനിലെ 19 കാരനായ വാഡിം കൊളോഡിയും ഉൾപ്പെടുന്നു. കവചിത വാഹനത്തിലായിരുന്ന വാഡിം കൊളോഡിയയ്ക്ക് അക്രമണമുണ്ടായപ്പോള്‍ രക്ഷപ്പെടാന്‍ പോലും കഴിഞ്ഞില്ലെന്നും തന്‍റെ മകന്‍ ആ വാഹനത്തിലിരുന്ന് കത്തി തീര്‍ത്തതായി സൈന്യം അറിയിച്ചെന്നും റഷ്യയിലുള്ള അവന്‍ അമ്മ ടാറ്റിയാന മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

'ആദ്യ ആഴ്ച ഇരുട്ട് പോലെയായിരുന്നു. വേദന, കണ്ണുനീർ. എനിക്ക് ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ കഴിഞ്ഞില്ല. ആരും ഈ കുട്ടികളെ അന്വേഷിക്കുന്നില്ല. ആരും അവരെ ശ്രദ്ധിക്കുന്നില്ല. ഇവരിൽ എത്ര കുട്ടികൾ, ഭർത്താക്കന്മാർ, ഉണ്ട് ? ഇതെല്ലാം എത്രമാത്രം വേദനയുണ്ടാക്കി ?' ചെല്യാബിൻസ്‌കിൽ നിന്നുള്ള 25 കാരിയായ അനിയ ഡെറിയാബിന റഷ്യന്‍ സേനയിലെ സ്‌നൈപ്പറായ തന്‍റെ ഭർത്താവിന്‍റെ മൃതദേഹം സംസ്കരിക്കവേ ചോദിച്ചു. 

'ഇത് സത്യമാണെന്ന് എനിക്ക് ഇപ്പോഴും തിരിച്ചറിയാനോ വിശ്വസിക്കാനോ കഴിയുന്നില്ല. എല്ലാ ദിവസവും ഞാൻ അവനോട് സംസാരിക്കുന്നു. എല്ലാ ദിവസവും ഞാൻ അവനോട് എന്തിനുവേണ്ടിയാണ് ഇതെന്നും എന്തിനാണെന്നും ചോദിക്കുന്നു.'നികിത്ക മരിച്ചുവെന്ന വിവരം അംഗീകരിക്കാൻ എന്‍റെ തലച്ചോര്‍ ഇപ്പോഴും വിസമ്മതിക്കുന്നു. അവൻ വിളിക്കാനും തിരിച്ചു വരാനും ഞാൻ ഇപ്പോഴും കാത്തിരിക്കുകയാണ്.' സ്കൈ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പെസ്കോവ് പറയുന്നു.

എന്നാല്‍, റഷ്യയുടെയോ റഷ്യന്‍ സൈനികരുടെയോ ഭാഗത്ത് തെറ്റുണ്ടെന്ന് സമ്മതിക്കാന്‍ അവര്‍ ഒരുക്കമായിരുന്നില്ല. മാത്രമല്ല, അവതാരിക കാണിച്ച റഷ്യന്‍ സൈനികരുടെ ക്രൂരതകള്‍ നിറഞ്ഞ യുദ്ധ ഫൂട്ടേജുകള്‍ വ്യജമാണെന്നും നുണയാണെന്നും അവര്‍ ആവര്‍ത്തിച്ചു. 

യുക്രൈനിയൻ പട്ടണമായ ബുച്ചയിൽ നടന്ന കൂട്ടക്കൊലയെക്കുറിച്ചുള്ള ആരോപണങ്ങളും പെസ്കോവ് നിഷേധിച്ചു. റഷ്യൻ സൈന്യം യുക്രൈനില്‍ നിന്ന് പിൻവാങ്ങിയതിന് ശേഷമാണ് മൃതദേഹങ്ങള്‍ തെരുവുകളിലേക്കെത്തിയതെന്ന് അദ്ദേഹം അവകാശപ്പെട്ടു. 

'ഞങ്ങൾ എല്ലാ ദിവസവും നുണകളുടെയും വ്യാജവാര്‍ത്തകളുടെയും ഇടയിലൂടെയാണ് കടന്ന് പോകുന്നത്. റഷ്യന്‍ സൈന്യത്തിന് ഈ ക്രൂരതകളില്‍ പങ്കെടുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. മാത്രമല്ല, യുകെ പ്രധാനമന്ത്രി ഇക്കാര്യത്തില്‍ അമിതമായി സംസാരിക്കുന്നു. 

ബോറിസ് ജോണ്‍സണ്‍ യുദ്ധത്തില്‍ യുക്രൈനില്‍ കൊല്ലപ്പെട്ടുന്നതില്‍ വലിയ വായിലാണ് സംസാരിക്കുന്നത്. എന്നാല്‍, കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ഡോണ്‍ബാസില്‍ റഷ്യന്‍ അനുകൂലികളെ യുക്രൈന്‍ സൈന്യം പീരങ്കികളും ബോംബാക്രമണത്താലും കൊന്നൊടുക്കിയപ്പോള്‍ ബോറിസ് ജോണ്‍സണില്‍ നിന്ന് ഒരു വാക്ക് പോലും കേള്‍ക്കാനില്ലായിരുന്നു.... പെസ്കോവ് അസ്വസ്ഥനായി. 

അതോടൊപ്പം റഷ്യുടെ അധിനിവേശത്തെ ന്യായീകരിക്കാനും പെസ്കോവ് പ്രത്യേകം ശ്രദ്ധപുലര്‍ത്തി. 2014 മുതല്‍ യുക്രൈന്‍ ഒരു റഷ്യന്‍ വിരുദ്ധ കേന്ദ്രമാണ്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ സൈനിക നടപടി ആവശ്യമായ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. 

മരിയുപോളിനെ സ്വതന്ത്രമാക്കാനാണ് പുടിന്‍റെ പദ്ധതി. അദ്ദേഹം അതില്‍ അടുത്ത് തന്നെ വിജയിക്കുകയും ചെയ്യും. മരിയുപോൾ ഒരു പ്രത്യേക രാഷ്ട്രമായി റഷ്യ അംഗീകരിക്കുന്നു. 'ലുഹാൻസ്ക് പീപ്പിൾസ് റിപ്പബ്ലിക്കിന്‍റെ' ഭാഗമാണെന്നും അവകാശപ്പെട്ട അദ്ദേഹം, എട്ട് വർഷമായി കഠിനമായ ദുരിതം അനുഭവിക്കുന്ന ആളുകളെ സഹായിക്കാൻ റഷ്യന്‍ സൈനികര്‍ക്ക് അവകാശമുണ്ടെന്നും ആവര്‍ത്തിച്ചു. 

കീവിന് മുപ്പത് കിലോമീറ്റര്‍ വടക്കുള്ള ബുച്ച എന്ന നഗരത്തില്‍ 400 ഓളം പേരെ കൈകള്‍ പുറകില്‍ കൂട്ടിക്കെട്ടി തലയ്ക്ക് വെടിവച്ച് കൊലപ്പെടുത്തിയ നിലയില്‍ കൂട്ട കുഴിമാടങ്ങളില്‍ നിന്ന് കണ്ടെത്തിയിരുന്നു. റഷ്യന്‍ സൈന്യത്തിന്‍റെ ഈ ക്രൂരതകള്‍ പുറത്ത് വന്നതിന് പിന്നാലെ റഷ്യയ്ക്കെതരെ ലോകരാജ്യങ്ങള്‍ ഒന്നിക്കണമെന്ന് യുക്രൈന്‍ പ്രസിഡന്‍റ് സെലെന്‍സ്കി ആവശ്യപ്പെട്ടു. 

അതോടൊപ്പം യുക്രൈന്‍ മണ്ണില്‍ നിന്ന് റഷ്യയെ പരാജയപ്പെടുത്താന്‍ കൂടുതല്‍ ആയുധങ്ങള്‍ നല്‍കാനും സെലെന്‍സ്കി നാറ്റോ സഖ്യത്തോട് ആവശ്യപ്പെട്ടു. എന്നാല്‍ ബുച്ചയിലെ കൂട്ടക്കൊലകളെ കുറിച്ചുള്ള വാര്‍ത്തകള്‍ റഷ്യ നിഷേധിച്ചു. ബുച്ചയിലും സമീപ പ്രദേശങ്ങളില്‍ നിന്നുമായി 40 കുട്ടികളുടെതടക്കം 650 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. 

തങ്ങൾക്കെതിരായ കൂടുതൽ ഉപരോധങ്ങളെ ന്യായീകരിക്കാനും സമാധാന ചർച്ചകൾ പാളം തെറ്റിക്കാനുമാണ് ബുച്ചയിലെ മൃതദേഹങ്ങളുടെ ചിത്രങ്ങൾ യുക്രൈന്‍ നിരത്തുന്നതെന്ന് റഷ്യ ആരോപിച്ചു. ഇതിനിടെ 120 ദിവസത്തെ കല്‍ക്കരി  ഉപരോധത്തോടെ റഷ്യയ്ക്കെതിരായ അഞ്ചാമത്തെ ഉപരോധ പാക്കേജിന് യൂറോപ്യന്‍ യൂണിയന്‍ അംബാസിഡര്‍മാര്‍ സമ്മതിച്ചു. 

റഷ്യയ്ക്ക് പകരം ബദല്‍ വിതരണക്കാരെ കണ്ടെത്താനായി സമയം നല്‍കണമെന്ന് ആവശ്യപ്പെട്ട ജര്‍മ്മനി നടപടി വൈകിപ്പിക്കണെന്നും ആവശ്യപ്പെട്ടു. ഇതിനിടെ റഷ്യന്‍ ഷെല്ലാക്രമണം ശക്തമായി നടക്കുന്ന മധ്യ-തെക്ക്-കിഴക്കന്‍ മേഖലയില്‍ നിന്ന് ആളുകള്‍ എത്രയും പെട്ടെന്ന് ഒഴിഞ്ഞ് പോകണമെന്ന് ലുഹാൻസ്ക് ഗവർണർ സെർഹി ഗൈഡായി പറഞ്ഞു. 

അതിനിടെ യുക്രൈന്‍ യുദ്ധത്തടവുകാരായി പിടികൂടിയ റഷ്യന്‍ സൈനികര്‍, തങ്ങളെ തടവിലാക്കിയപ്പോള്‍ യുക്രൈന്‍ സൈനികര്‍ മര്‍ദ്ദിക്കുകയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ആരോപിച്ചു. ഇതിന് പിന്നാലെ റഷ്യ ഇക്കാര്യത്തില്‍ ക്രിമിനല്‍ അന്വേഷണം പ്രഖ്യാപിച്ചു. 

Latest Videos

click me!