പ്രസിഡന്‍റിന്‍റെ കൊട്ടാരം കീഴടക്കിയ പ്രക്ഷോഭകാരികള്‍ ദേശീയ പതാകയ്ക്കൊപ്പം കറുത്ത കൊടിയും ഉയര്‍ത്തി. രാജ്യം സാമ്പത്തികമായും രാഷ്ട്രീയമായും പരാജയപ്പെട്ടിട്ടും പ്രസിഡന്‍റ് ഗോത്തബയ രജപക്സെ രാജിവെക്കില്ലെന്ന വാര്‍ത്തകള്‍ വന്നതോടെയാണ് ജനങ്ങള്‍ പ്രതിഷേധം കടുപ്പിച്ചത്. പ്രസിഡന്‍റ് രാജിവെക്കാതെ മറ്റൊരു ഉപാധിയും അംഗീകരിക്കില്ലെന്ന് പ്രക്ഷോഭകരും പ്രഖ്യാപിച്ചു. എപ്പോള്‍ രാജിവെക്കുന്നോ അതുവരെയും പ്രതിഷേധം തുടരുമെന്നാണ് സമരക്കാര്‍ വ്യക്തമാക്കുന്നത്.
ഇതുവരെ പ്രസിഡന്‍റിന്‍റെ കൊട്ടാരം, ഓഫീസ്, പ്രധാനമന്ത്രിയുടെ ഓഫീസ് എന്നിവിടങ്ങളിലായിരുന്നു പ്രതിഷേധം. ഇന്ന് ജനങ്ങള്‍ പ്രതിഷേധവുമായി പാര്‍ലമെന്‍റ് മന്ദിരവും വളഞ്ഞു. ആയിരക്കണക്കിനാളുകള്‍ ഓഫീസിന് മുന്നില്‍ തടിച്ചുകൂടിയിട്ടുണ്ടെന്ന് കൊളംബോയിലുള്ള ഏഷ്യാനെറ്റ് ന്യൂസ് സംഘം റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് പ്രസിഡന്‍റ് രാജിവെക്കുമെന്ന പ്രതീക്ഷയിലായിരുന്നു പ്രതിഷേധക്കാര്‍.
എന്നാല്‍, അവസാന നിമിഷം പ്രസിഡന്‍റ് ചില ഉപാധികള്‍ മുന്നോട്ട് വച്ചു. ഇതിന് ശേഷം അദ്ദേഹം മാലിദ്വീപിലേക്ക് കടന്നു. ഇതോടെ രാജ്യം അങ്ങേയറ്റം മുങ്ങി നില്‍ക്കുമ്പോഴും അധികാരത്തില്‍ കടിച്ചുതൂങ്ങാനുള്ള ഗോത്തബയയുടെ നീക്കത്തില്‍ ജനങ്ങള്‍ കടുത്ത അമര്‍ഷത്തിലാണ്. രണ്ട് ദിവസത്തോളം അജ്ഞാത കേന്ദ്രത്തിലായിരുന്ന ശ്രീലങ്കൻ പ്രസിഡന്‍റ് ഗോത്തബയ രാജപക്സെ ജനകീയ പ്രക്ഷോഭങ്ങൾക്ക് നടുവിൽ നിന്നാണ് രാജ്യം വിട്ടത്.
ഭാര്യ ലോമ രാജപക്സെയുമൊന്നിച്ച് സൈനിക വിമാനത്തിൽ ഗോത്തബയ മാലി ദ്വീപിലേക്ക് കടന്നതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. നേരത്തെ അദ്ദേഹം സൈനിക കപ്പലില്‍ ദ്വീപില്‍ നിന്നും അകലെ കടലിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഗോത്തബയയും കുടുംബവും ഇന്നലെ രണ്ട് തവണ രാജ്യം വിടാൻ ശ്രമിച്ചെങ്കിലും വിമാനത്താവളത്തിൽ വച്ച് യാത്രക്കാർ തന്നെ ഇവരെ തടയുകയായിരുന്നു.
തുടർന്നാണ് സൈനിക വിമാനത്തിലാണ് ഇവർ രക്ഷപ്പെട്ടത്. ആദ്യം മാലിദ്വീപിൽ വിമാനത്തിന് ലാൻഡ് ചെയ്യാൻ അനുമതി നൽകിയില്ലെങ്കിലും പിന്നീട് മാലിദ്വീപ് പാർലമെന്‍റിന്‍റെ സ്പീക്കർ മജ്‍ലിസും മുൻ പ്രസിഡന്‍റ് മുഹമ്മദ് നഷീദും ഇടപെട്ടതോടെയാണ് വിമാനത്തിന് ഇറക്കാൻ അനുമതി നല്‍കിയത്. സുരക്ഷിതമായി രാജ്യം വിടാൻ അനുവദിച്ചാൽ രാജി നൽകാമെന്ന ഉപാധിയായിരുന്നു രാജപക്സെ മുന്നോട്ട് വച്ചത്.
ഗോത്തബയ രാജ്യം വിട്ടതോടെ പുതിയ ശ്രീലങ്കൻ പ്രസിഡന്‍റ് ആരാകുമെന്നതാണ് രാജ്യം ഉറ്റുനോക്കുന്നത്. സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ശ്രീലങ്കൻ പ്രസിഡന്‍റ് ഗോത്തബായ രജപക്സെയെ രാജ്യം വിടാൻ ഇന്ത്യ സഹായിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാല്‍ ഭാര്യ ലോമ രജപക്സെക്കൊപ്പം രാജ്യം വിടാൻ ഗോത്തബായയെ ഇന്ത്യ സഹായിച്ചുവെന്ന മാധ്യമ റിപ്പോർട്ടുകൾ അടിസ്ഥാന രഹിതമാണെന്ന് ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ വ്യക്തമാക്കി.
ശ്രീലങ്കൻ ജനതയ്കക്കുള്ള ഇന്ത്യയുടെ പിന്തുണ തുടരുമെന്നും ഹൈക്കമ്മീഷൻ അറിയിച്ചു. ഇതിനിടെ പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയെ രാജ്യത്തിന്‍റെ പുതിയ പ്രസിഡന്‍റായി നാമനിർദേശം ചെയ്യാൻ പ്രതിപക്ഷ പാർട്ടികൾ ധാരണയിലെത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആയിരക്കണക്കിന് ആളുകളാണ് രാഷട്രപതിയുടെ ഔദ്യോഗിക കൊട്ടാരത്തിലും പുറത്ത് ഗോൾഫേസ് റോഡിലുമായി ഇന്നലെ രാത്രിയിലും സജീവമായി ഉണ്ടായിരുന്നത്.
പാട്ടും മുദ്രാവാക്യം വിളികളുമായി സമാധാനപരമായാണ് യുവാക്കള്‍ പ്രക്ഷോഭത്തിന്‍റെ മുൻനിരയിൽ നിലയുറപ്പിച്ചിരിക്കുന്നത്. തുടര്‍ച്ചയായ അഞ്ചാം ദിവസവും കൊളംബോയിലെ പ്രസിഡന്‍റിന്‍റെ കൊട്ടരത്തിൽ പ്രക്ഷോഭകര്‍ തുടരുകയാണ്. ഗോത്തബയ രാജപക്സെ ഇന്ന് കൊളംബോയിൽ എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
ഇതിന്‍റെ അടിസ്ഥാനത്തില്‍ പ്രക്ഷോഭകാരികള്‍ പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിലേക്ക് ഒഴുകിയെത്തി. ഇതോടെ പ്രസിഡന്‍റ് തീരുമാനം മാറ്റി രാജ്യം വിടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അത്യാഢംബരം നിറഞ്ഞ പ്രസിഡന്‍റിന്‍റെ കൊട്ടാരം കാണാൻ ആളുകൾ ക്യൂ നിൽക്കുന്ന കാഴ്ചയാണ് ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിന് കാണാനായത്. പ്രക്ഷോഭകാരികളെല്ലാം 'ഗോ ഹോം ഗോട്ട' വിളികള്‍ മുഴക്കിയാണ് തെരുവുകളില്‍ നിന്ന് തെരുവുകളിലേക്ക് ഒഴുകിയത്.
ഇതിനിടെ ഗോതബായ രാജപക്‌സെ റനിൽ വിക്രമസിംഗെയെ ആക്ടിംഗ് പ്രസിഡന്‍റായി നിയമിച്ചെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഗോതബായ ഇതുവരെ രാജി വച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൊളംബോയിൽ പ്രതിഷേധക്കാർ വളഞ്ഞിരിക്കുന്നതിനാൽ ശ്രീലങ്കയുടെ ദേശീയ ടിവി ചാനലായ രൂപവാഹിനി കോർപ്പറേഷൻ അതിന്‍റെ സംപ്രേക്ഷണം നിർത്തിവച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
രാജി വയ്ക്കാതെ രാജ്യം വിട്ട പ്രസിഡന്‍റ് തിരിച്ച് വരുമെന്ന ആശങ്കയിലാണ് ജനം. രാജപക്‌സെയ്ക്ക് എപ്പോൾ വേണമെങ്കിലും മടങ്ങിവരാം അല്ലെങ്കിൽ റനിൽ വിക്രമസിംഗെയെ ആക്ടിംഗ് പ്രസിഡന്‍റായി നിയമിച്ചത് റദ്ദാക്കാമെന്നും പ്രക്ഷോഭകര്‍ ആരോപിക്കുന്നു. ഗോതബായയെ ഇംപീച്ച് ചെയ്യാൻ പാർലമെന്‍റ് അടിയന്തര യോഗം ചേർന്നില്ലെങ്കിൽ ശ്രീലങ്ക അരാജകത്വത്തിലേക്ക് നീങ്ങുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.