Sri Lankan Crisis: ജനരോഷം ശക്തം, പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവെക്കാന്‍ ഉത്തരവിട്ട് ഭരണകൂടം

First Published | May 11, 2022, 3:14 PM IST

രാജ്യത്തിന്‍റെ വരവും ചിലവും തമ്മിലുള്ള അന്തരം വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് ശ്രീലങ്കയില്‍ ഇന്ന് കാണുന്ന സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തത്. ഈ അന്തരം നിയന്ത്രണാതീതമായി വളര്‍ന്നത് ഭരണകൂടത്തിന്‍റെ സാമ്പത്തിക അച്ചടക്കമില്ലായ്മയില്‍‌ നിന്നുമാണ്. നിത്യോപയോഗ സാധനങ്ങളുടെ വില സാധാരണക്കാരന് അപ്രാപ്യമായ തലത്തിലേക്ക് ഉയര്‍ന്നപ്പോള്‍ അതിനെ പിടിച്ച് നിര്‍ത്തുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടു. സ്വാഭാവികമായും ജനം പ്രതിഷേധവുമായി തെരുവിലിറങ്ങി. പ്രതിഷേധക്കാര്‍ രാജി വച്ച പ്രധാനമന്ത്രിയുടെ വസതി വളഞ്ഞ് അക്രമണം അഴിച്ച് വിട്ടതോടെ, പ്രതിഷേധക്കാരെ കണുന്നമാത്രയില്‍ വെടിവയ്ക്കാന്‍ ഭരണകൂടം ഉത്തരവിട്ടു. ഒരു ജനാധിപത്യ രാജ്യത്തിന് നിരക്കാത്ത അങ്ങേയറ്റം അപലപനീയമായൊരു തീരുമാനമായിരുന്നു ശ്രീലങ്കന്‍ ഭരണകൂടത്തിന്‍റെ ഭാഗത്ത് നിന്നുമുണ്ടായത്. ഭരണകൂടത്തിന്‍റെ ജനവിരുദ്ധമായ തീരുമാനത്തില്‍ പ്രകോപിതരായ ജനം മുന്‍ പ്രസിഡന്‍റും ഇപ്പോഴത്തെ പ്രധാനമന്ത്രിയുമായ മഹീന്ദ്ര രാജപക്സെയുടെ കുടുംബ വീടിന് തീയിടുന്നത് വരെ കാര്യങ്ങളെത്തിച്ചു. 

ഇന്നലെ മാത്രം ശ്രീലങ്കയില്‍ പ്രതിഷേധക്കാര്‍ ഭരണകക്ഷി രാഷ്ട്രീയക്കാരുടെ ഡസന്‍ കണക്കിന് വീടുകള്‍ക്കാണ് തീയിട്ടത്. രാജ്യ തലസ്ഥാനമായ കൊളംബോയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി പ്രതിഷേധക്കാര്‍ അക്രമിച്ചു. കഴിഞ്ഞ മൂന്നാല് ദിവസമായി ശ്രീലങ്കയിലെ തെരുവുകള്‍ കത്തുകയാണ്. നൂറുകണക്കിന് പേര്‍ക്ക് പരിക്കേറ്റപ്പോള്‍ നിരവധി പേര്‍ അക്രമത്തില്‍ മരിച്ചു. 

ഇതിന്‍റെ തുടര്‍ച്ചയായിട്ടായിരുന്നു പ്രതിഷേധക്കാര്‍ തലസ്ഥാന നഗരിയില്‍ അക്രമം അഴിച്ച് വിട്ടത്. നിരവധി വാഹനങ്ങള്‍ക്കും ഭരണകക്ഷിക്കാരുടെ വീടുകള്‍ക്കും നേരെ പ്രതിഷേധക്കാര്‍ തിരിഞ്ഞതോടെയാണ് പ്രതിഷേധക്കാരെ കണുന്ന മാത്രയില്‍ വെടിവയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്. 


പ്രതിഷേധം കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിച്ചു. പൊതുമുതൽ കൊള്ളയടിക്കുകയോ ജീവന് ഹാനി വരുത്തുകയോ ചെയ്യുന്നവരെ കണ്ടാൽ ഉടനെ വെടിവയ്ക്കാനാണ് സൈന്യത്തിന് സര്‍ക്കാര്‍ നല്‍കിയ ഉത്തരവ്. 

എന്നാല്‍, കര്‍ഫ്യൂവിനെ അവഗണിച്ച പ്രതിഷേധക്കാര്‍ ഇന്നലെയും ഇന്നും പ്രതിഷേധവുമായി നഗരങ്ങളില്‍ തമ്പടിച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്നലെ വൈകീട്ട് സിംഹരാജ മഴക്കാടുകളുടെ സമീപത്തെ രാജപക്‌സെയുടെ ബന്ധുവിന്‍റെതായി പറയപ്പെടുന്ന ഒരു ആഡംബര ഹോട്ടലിന് പ്രതിഷേധക്കാര്‍ തീയിട്ടു.

വാഹനങ്ങൾ കത്തിക്കാൻ ശ്രമിക്കുന്ന ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് രണ്ട് സ്ഥലങ്ങളിൽ ആകാശത്തേക്ക് വെടിവച്ചതായി റിപ്പോര്‍ട്ടുണ്ട്.  നേരത്തെ, കൊളംബോയിലെ ഏറ്റവും മുതിർന്ന പൊലീസുദ്യോഗസ്ഥന്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ജനക്കൂട്ടം ആക്രമം അഴിച്ച് വിടുകയും വാഹനത്തിന് തീയിടുകയും ചെയ്തിരുന്നു. 

പൊലീസ് ഉദ്യോഗസ്ഥന്‍ അക്രമിക്കപ്പെട്ടതിനെ തുടര്‍ന്നാണ് പൊലീസ് ആകാശത്തേക്ക് വെടിവച്ചത്. ഇതോടെ സീനിയർ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറലിനെ രക്ഷിക്കാൻ സര്‍ക്കാര്‍ സൈന്യത്തെ അയച്ചു.

സീനിയർ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറല്‍ ദേശബന്ധു തെന്നക്കോണിനെ പ്രതിഷേധക്കാരില്‍ നിന്നും രക്ഷിച്ച സൈന്യം അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കാര്യമായ പരിക്കുകള്‍ ഇല്ലാത്തതിനാല്‍ പിന്നീട് വിട്ടയച്ചു. 

ഇതിനിടെ ശ്രീലങ്ക വിടാന്‍ മഹിന്ദ രാജ്പക്സെ ശ്രമിക്കുകയാണെന്ന വാര്‍ത്തകള്‍ പുറത്ത് വന്നത് പ്രതിഷേധം ഇരട്ടിയാക്കി. അദ്ദേഹത്തിന് സുരക്ഷിതമായി രാജ്യം വിടാനായി സൈന്യത്തിലെ വിജിലന്‍റ് ഗ്രൂപ്പുകള്‍ കൊളംബോ വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡ് തടഞ്ഞ് പരിശോധിക്കുകയാണെന്ന വാര്‍ത്തയാണ് പ്രചരിച്ചത്. 

പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ കഴിഞ്ഞ ദിവസം രാജി പ്രഖ്യാപനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം രാജ്യം വിടാന്‍ ശ്രമിക്കുകയാണെന്ന വാര്‍ത്ത വന്നത്. രാജി വച്ച പ്രധാനമന്ത്രി രാജ്യം വിടാന്‍ ഒരുങ്ങുകയാണെന്ന വാര്‍ത്തയെ തുടര്‍ന്ന് ജനരോഷം ആളിക്കത്തുകയായിരുന്നു. 

തുടര്‍ന്നുണ്ടായ പ്രതിഷേധത്തില്‍ 225 ലേറെ പേര്‍ക്ക് പരിക്കേറ്റു. പ്രധാനമന്ത്രി രാജ്യം വിടാന്‍ ഒരുങ്ങുകയാണെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് പ്രതിഷേധക്കാര്‍ അദ്ദേഹത്തിന്‍റെ വസതിക്ക് തീ വച്ചത്. ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പെട്രോള്‍ ബോംബ് എറിയുകയായിരുന്നുവെന്ന് ശ്രീലങ്കയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പ്രക്ഷോഭകർ വളഞ്ഞ ഔദ്യോഗിക വസതിയിൽ നിന്ന് പുലർച്ചെ സൈന്യത്തിന്‍റെ കാവലിലാണ് മഹിന്ദ രാജ്പക്സെ രക്ഷപ്പെട്ടത്. സമരക്കാരെ വെടിവെച്ചോടിച്ച സൈന്യം നേരം പുലരും മുൻപേ കനത്ത കാവലിൽ മഹിന്ദ രാജപക്സെയെ രഹസ്യ താവളത്തിലേക്ക് മാറ്റി. 

ഇതിനിടെ ട്രിങ്കോമാലി നേവൽ ബേസ് വഴി രജപക്സെ രക്ഷപ്പെട്ടേക്കുമെന്ന അഭ്യൂഹം പരന്നതോടെ  ജനം അവിടെയും തടിച്ചു കൂടി. മന്ത്രിമാർ രാജ്യം വിടാതിരിക്കാൻ രാജ്യത്തെ വിമാനത്താവളങ്ങൾക്ക് പുറത്ത് പ്രതിഷേധക്കാര്‍ കാവൽ നിൽക്കുകയാണ്. ക്രമസമാധാന തകർച്ചയുടെ പേരിൽ മഹിന്ദ രാജപക്സെയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം പ്രതിപക്ഷക്കാര്‍ ശക്തമാക്കി. 

പ്രധാനമന്ത്രി രാജിവച്ചാലും അദ്ദേഹത്തിന്‍റെ സഹോദരനായ ഗോത്തബായ രാജപക്സെ രാഷ്ട്രപതി ആയിരിക്കുന്നിടത്തോളം കാലം പ്രതിഷേധം തുടരുമെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചതായി എന്‍ഡിടിവി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു. 

"ഇന്നലെ ഞങ്ങൾക്കെതിരെ ആരംഭിച്ച ആക്രമണങ്ങളിൽ ജനങ്ങള്‍ രോഷാകുലരാണ്. ഞങ്ങൾക്ക് ഭക്ഷണവും വെള്ളവും കൊണ്ടുവരുന്ന ധാരാളം സന്നദ്ധപ്രവർത്തകർ ഞങ്ങളോടൊപ്പമുണ്ട്. " പ്രതിഷേധക്കാരില്‍ ഒരാളായ 25-കാരൻ എഎഫ്പിയോട് പറഞ്ഞു. പ്രതിഷേധം കൂടുതല്‍ ശക്തമാകുമെന്ന് തന്നെയാണ് ശ്രീലങ്കയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. 

1948  സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം മാസങ്ങളായി കടന്ന് പോകുന്നത്.  അവശ്യസാധനങ്ങളുടെ ദൗർലഭ്യവും ഉയര്‍ന്ന വിലയും പിടിച്ച് നിര്‍ത്തുന്നതില്‍ രാജപക്സെ ഭരണകൂടം പരാജയപ്പെട്ടു. രാജ്യത്തിന്‍റെ കടങ്ങള്‍ പെരുകുന്നതിലും വിദേശമൂലധനത്തിന്‍റെ അഭാവം ഉയരുന്നതിലും കൃത്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഭരണകൂടത്തിന് മുന്നിലുണ്ടായിരുന്നില്ല.

പ്രതിസന്ധി മറികടക്കാന്‍ കൂടുതല്‍ കടമെടുക്കാനാണ് സര്‍ക്കാര്‍ തയ്യാറായത്. ഇങ്ങനെ ലഭ്യമാക്കുന്ന കടം തിരിച്ചടക്കുന്നതിനെ കുറിച്ച് സര്‍ക്കാറിന് പദ്ധതികളില്ലാതിരുന്നത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി. പ്രതിസന്ധി രൂക്ഷമായതോടെ ലങ്കയില്‍ ആഴ്ചകളോടളം സമാധാനപരമായ പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. 

സമാധനപരമായി നടന്ന സമരങ്ങള്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. കൂടാതെ രാജ്യത്തെ പ്രതിഷേധം ഒഴിവാക്കാന്‍ മുഴുവന്‍ സമയ കര്‍ഫ്യൂവും പ്രഖ്യാപിച്ചു.  പ്രതിഷേധിക്കുവാനുള്ള ജനങ്ങളുടെ അവകാശത്തെ കൂടി ഭരണകൂടം തടഞ്ഞതോടൊയാണ് ജനം അക്രമവുമായി തെരുവിലിറങ്ങിയതെന്നാണ് ലങ്കയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. 

തുടര്‍ന്ന് ഭരണാനുകൂലികളുടെ 42 വീടുകള്‍ പ്രതിഷേധക്കാര്‍ തീയിട്ട് നശിപ്പിച്ചു. രാജപക്സെ കുടുംബത്തിന്‍റെ കുടുംബ മ്യൂസിയവും പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. ഭരണകക്ഷിയില്‍പ്പെട്ട നിയമനിർമ്മാതാവ് അമരകീർത്തി അതുകോരളയുടെ തലസ്ഥാനത്തിന് പുറത്തുള്ള വീട് പ്രതിഷേധക്കാര്‍ വളഞ്ഞു. തുടര്‍ന്ന് അദ്ദേഹം പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവച്ചു. വെടിവെപ്പില്‍ രണ്ട് പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. 

വെടിവെച്ചതിന് ശേഷം അദ്ദേഹം ജീവനൊടുക്കിയതായി ശ്രീലങ്കന്‍ പൊലീസ് അറിയിച്ചു. എന്നാല്‍, പ്രതിഷേധക്കാര്‍ അദ്ദേഹത്തെ കൊല്ലുകയായിരുന്നെന്ന് ഭരണകക്ഷി ആരോപിച്ചു. മറ്റൊരു നിയമസഭാ അംഗത്തിന്‍റെ അംഗരക്ഷകനും അക്രമത്തില്‍ കൊല്ലപ്പെട്ടു. ദക്ഷിണ ലങ്കയില്‍ രണ്ട് പ്രതിഷേധക്കാര്‍ വെടിവെപ്പില്‍ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പൊലീസ് കൂട്ടിച്ചേർത്തു. 

പ്രതിഷേധക്കാരുടെ അക്രമണം ശക്തമായതോടെയാണ് സർക്കാർ വിരുദ്ധ കലാപം അടിച്ചമർത്താൻ സൈന്യത്തിന് കൂടുതൽ അധികാരം നൽകി പ്രസിഡന്‍റ് ഗോത്തബയ രജപക്സെ ഉത്തരവിട്ടത്. രാജിവെച്ച പ്രധാനമന്ത്രി മഹിന്ദ രജപക്സെയെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇതോടെ അദ്ദേഹത്തെ സൈന്യം രഹസ്യ താവളത്തിലേക്ക് മാറ്റി.

അനുരാധപുരയിൽ രജപക്സെ കുടുംബവുമായി അടുപ്പം പുലർത്തുന്ന വ്യവസായ ഗ്രൂപ്പിന്‍റെ പഞ്ചനക്ഷത്ര ഹോട്ടലും പ്രതിഷേധക്കാര്‍ കത്തിച്ചു. പ്രസിഡന്‍റ് ഗോത്തബയ രജപക്സെയും അധികാരം ഒഴിയണമെന്നാണ് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നത്. രജപക്സെ സഹോദരന്മാർ പൂർണ്ണമായി അധികാരം ഒഴിയും വരെ സർവകക്ഷി സർക്കാരിൽ ചേരില്ലെന്ന് പ്രതിപക്ഷവും ആവർത്തിച്ചു. 

ജനരോഷം കനത്തതോടെ പൊലീസുകാർ ജോലിക്ക് ഇറങ്ങാൻ മടിക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്. രാജ്യത്തെ പ്രധാന പാതകളിലെല്ലാം സൈന്യത്തിന്‍റെ നിയന്ത്രണത്തിലാണ്. സമരക്കാരെ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാനോ കസ്റ്റഡിയിൽ വെക്കാനോ ഉള്ള അധികാരവും പ്രസിഡന്‍റ് സൈന്യത്തിന് നൽകി.

സ്ഥിതിഗതികൾ കൂടുതൽ വഷകളാകുന്നതിന് മുൻപ് പാർലമെന്‍റ് വിളിച്ചു ചേർക്കണമെന്ന് പ്രസിഡന്‍റ്  ഗോത്തബായ രജപക്സെയോട് സ്പീക്കർ യാപ്പ അബെവർദ്ധന ആവശ്യപ്പെട്ടു.  

ഇതിനിടെ ആഭ്യന്തര കലാപം രൂക്ഷമായ ശ്രീലങ്കയിലേക്ക് സൈന്യത്തെ അയക്കില്ലെന്ന് ഇന്ത്യ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ടുകിടക്കുന്ന ലങ്കയ്ക്ക് 26,000 കോടിയുടെ സഹായമാണ് ഇന്ത്യ ഇതുവരെ പ്രഖ്യാപിച്ചത്. സാമ്പത്തിക സഹായവും ഭക്ഷണവും മരുന്നും തുടര്‍ന്നും എത്തിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 
 

Latest Videos

click me!