99 ദിവസമായി ശ്രീലങ്കയിലെ ഭരണവിരുദ്ധ പ്രക്ഷോഭകര്‍ വീട് വിട്ട് ഇറങ്ങിയിട്ട്. രാജ്യം മുഴുവനും ഭരണാധിപന്മാര്‍ക്കെതിരെ തെരുവിലിറങ്ങിയപ്പോള്‍ ഭരണാധികാരികള്‍ സൈന്യത്തിന്‍റെ സഹാത്തോടെ രഹസ്യ കേന്ദ്രങ്ങളിലിരുന്ന് ഭരണം തുടര്‍ന്നു.
ഇതോടെ ജനം പ്രധാനമന്ത്രിയുടെ വസതിയിലേക്കും പ്രസിഡന്‍റിന്‍റെ ഔദ്ധ്യോഗിക വസതിയിലേക്കും മാര്‍ച്ച് ചെയ്തു. പ്രധാനമന്ത്രി റെനില്‍ വിക്രമസംഗയുടെ സ്വകാര്യ വസതി പ്രക്ഷോഭകര്‍ അഗ്നിക്കിരയാക്കി. പ്രക്ഷോഭകര്‍ എത്തുന്നതിന് തൊട്ട് മുമ്പാണ് അദ്ദേഹം സൈനിക സഹായത്തോടെ അവിടെ നിന്നും രക്ഷപ്പെട്ടതെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
തൊട്ട് പിന്നാലെ രാഷ്ട്രപതി ഭവനം കൈയേറിയ പ്രക്ഷോഭകര്‍ ഇന്നും അവിടെ നിന്നും ഇറങ്ങിയിട്ടില്ല. പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിന് സമീപത്ത് താത്കാലിക ടെന്‍റുകളുയര്‍ത്തി പ്രക്ഷോഭകര്‍ സമരം തുടരുകയാണ്.
ഇനിയൊരു തിരിച്ച് പോക്ക് ഉണ്ടെങ്കില്‍ രാജ്യം വിട്ടോടിയ പ്രസിഡന്‍റ് ഗോത്താബയ രാജപക്സെയ്ക്ക് പിന്നാലെ റെനില്‍ വിക്രമസംഗയും രാജിവച്ചൊഴിയണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം. എന്നാല്‍, ഇന്നലെ രാജ്യത്തെ ആക്റ്റിങ്ങ് പ്രസിഡന്‍റായി റെനില്‍ വിക്രമസിംഗെ അധികാരമേറ്റു.
ഇതോടെ വിക്രമസിംഗയുടെ രാജിക്കായി തെരുവുകളില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. 98 ദിവസം നീണ്ട പ്രതിഷേധങ്ങള്‍ക്ക് ഒടുവിലാണ് പ്രസിഡന്‍റ് ഗോത്താബയ രാജപക്സെ അധികാരമൊഴിയാന്‍ തയ്യാറായത്. എന്നാല്‍, പ്രക്ഷോഭകരെ ഭയന്ന പ്രസിഡന്‍റ് ഗോത്താബയ രാജപക്സെ ആദ്യം മാലി ദ്വീപിലേക്കും പിന്നീട് സിംഗപ്പൂരേക്കും കടന്നു.
അവിടെ നിന്നും സൗദിയിലെത്തിയ ശേഷമാണ് അദ്ദേഹം തന്‍റെ രാജി കത്ത് സ്പീക്കര്‍ക്ക് അയച്ച് കൊടുത്തത്. ഇന്നലെയായിരുന്നു സ്പീക്കര്‍, ഗോത്താബയയുടെ രാജി കത്ത് ഔദ്ധ്യോഗികമായി അംഗീകരിച്ചത്. പിന്നാലെ നിലവിലെ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗ ആക്റ്റിങ്ങ് പ്രസിഡന്‍റായി അധികാരമേറ്റു.
എന്നാല്‍ റെനിലിന്‍റെ അധികാരത്തെ അംഗീകരിക്കാന്‍ തയ്യാറല്ലെന്നാണ് പ്രക്ഷോഭകരുടെ നിലപാട്. ഗോത്താബയയ്ക്ക് തിരിച്ച് വരവിന് റെനില്‍ വഴിയൊരുക്കുമെന്നും റെനില്‍, ഗോത്താബയയുടെ മനസാക്ഷി സൂക്ഷിപ്പുകാരനാണെന്നും അതിനാല്‍ റെനില്‍ വിക്രമസിംഗയും അധികാര പദവിയില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നുമാണ് പ്രക്ഷോഭകരുടെ ആവശ്യം.
റെനില്‍ വിക്രമസിംഗ ആക്റ്റിങ്ങ് പ്രസിഡന്‍റായി തുടര്‍ന്നാല്‍ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാനാകില്ലെന്നും പ്രക്ഷോഭകര്‍ ആരോപിക്കുന്നു. ഈ ജനകീയ പ്രക്ഷോഭത്തെ അംഗീകരിച്ച് റെനില്‍ രാജിവയ്ക്കണമെന്നും പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നു. പ്രക്ഷോഭം ശക്തിപ്പെടുത്താനായി പ്രസിഡന്‍റ് കൊട്ടാരത്തിന് സമീപത്ത് തന്നെ കുടില്‍ കെട്ടി സമരം ശക്തമാക്കാനാണ് പ്രക്ഷോഭകരുടെ തീരുമാനം.
ഇന്ത്യയില്‍ സിഐഎ, കര്‍ഷക സമര പ്രക്ഷോഭങ്ങളില്‍ പ്രതിഷേധക്കാര്‍ ഏതാണ്ട് ഒരു വര്‍ഷത്തോളം തെരുവുകളില്‍ കുടില്‍ കെട്ടി, ടെന്‍റ് അടിച്ച് പ്രതിഷേധം തുടര്‍ന്ന കാഴ്ചകള്‍ നമ്മള്‍ കണ്ടതാണ്. ഏതാണ്ട് ഇതിന് സമാനമാണ് ഇന്ന് ശ്രീലങ്കയില്‍ നിന്നുള്ള കാഴ്ചകള്‍.
രാജ്യത്തെ പ്രധാനപ്പെട്ട സര്‍ക്കാര്‍ മന്ദിരങ്ങള്‍ക്കും പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിനും സമീപത്താണ് പ്രക്ഷോഭകരുടെ ടെന്‍റുകളുമുള്ളത്. സര്‍ക്കാറിന്‍റെ വികലമായ പദ്ധതികളുടെ ഇരകളാണ് പ്രധാനമായും സമരമുഖത്ത് സജീവമായിട്ടുള്ളത്. ഗോള്‍ഫൈ സമുദ്രക്കരയില്‍ ടെന്‍റുകള്‍ കെട്ടി സ്വന്തം രാജ്യത്തിന്‍റെ വിധിനിര്‍ണ്ണയത്തിനായി അവര്‍ കാത്തിരിക്കുകയാണ്.
മണ്‍സൂണിലെ ഗോള്‍ഫൈ സമുദ്രത്തെക്കാള്‍ പ്രക്ഷുബ്ദമാണ് പ്രക്ഷോഭകരുടെ മനസ്. ഇന്ന് പ്രതിഷേധ കൂട്ടായ്മയില്‍ അവര്‍ തങ്ങളുടെ ഭാവിയെ കരുപ്പിടിപ്പിക്കാനുള്ള ശ്രമത്തിലാണ്. തെരുവില്‍ ഭക്ഷണം പാചകം ചെയ്ത് ടെന്‍റുകളിലിരുന്ന് അവര്‍ കഴിക്കുന്നു.
കുട്ടികളടങ്ങിയ കുടുംബങ്ങളും പ്രതിഷേധത്തിനൊപ്പമുണ്ട്. പ്രതിഷേധക്കാരുടെ നാവില്‍ എപ്പോഴും മന്ത്രിക്കുന്നത് മൂന്ന് വാക്കുകള്‍ മാത്രം. 'Go Gota', 'Go Ranil', 'Go home'. തങ്ങളുടെ ഭാവി ജീവിതത്തിന് ശക്തി പകരുന്നത് ഈ വാക്കുകളാണെന്ന് സമരക്കാരും പ്രതികരിക്കുന്നു.
തെരുവുകളില്‍ ടെന്‍റുകള്‍ മാത്രമല്ല പ്രതിഷേധക്കാര്‍ ഉയര്‍ത്തിയിരിക്കുന്നത്. അടിയന്തര ആവശ്യങ്ങള്‍ക്ക് ഉപകരിക്കുന്ന ആശുപത്രി, വൈദ്യുതിക്കായി സോളാര്‍ പവര്‍ പ്ലാന്‍റ്, വാര്‍ത്തകള്‍ കൃത്യമായി ജനങ്ങളിലെത്തിക്കാന്‍ 30 ഓളം പേരടങ്ങുന്ന ഐടി സെല്‍, റേഡിയോ സെന്‍റര്‍, അതോടൊപ്പം ഒരു ലൈബ്രറിയും പ്രതിഷേധക്കാര്‍ തങ്ങളുടെ കൂടാരത്തിന് സമീപം ഉയര്‍ത്തിയിട്ടുണ്ട്.
വ്യക്തമായ ദിശാബോധമുള്ള ഒരു ഭരണകൂടത്തിനായി ഒരു ജനത തങ്ങളുടെ രാഷ്ട്രീയ നേതൃത്വത്തെ ഉറ്റുനോക്കുകയാണ്. എന്നാല്‍, ഗോത്താബയയില്‍ നിന്ന് റെനിലിലേക്കുള്ള അധികാരമാറ്റം തങ്ങള്‍ക്ക് ശുഭപ്രതീക്ഷ നല്‍കുന്നില്ലെന്നും അവര്‍ പറയുന്നു.
ഗോത്താബയയും റെനിലും അധികാരത്തിന്‍റെ ഇടനാഴിയില്‍ നിന്നും മാറി നിന്നാല്‍ പ്രക്ഷോഭം അവസാനിപ്പിച്ച് വീടുകളിലേക്ക് മടങ്ങുമെന്നാണ് പ്രക്ഷോഭകരും പറയുന്നത്. അശാന്തമായ ലങ്ക നല്ലൊരു നാളെയില്‍ പ്രതീക്ഷ അര്‍പ്പിച്ച് ഇന്നത്തെ സമരമുഖത്ത് വീണ്ടും സജീവമാകുന്നു.