oil debt with tea: ഇറാന്‍റെ എണ്ണ കടം വീട്ടാൻ, ചായ പൊടി വില്‍ക്കാന്‍ ശ്രീലങ്ക

First Published | Dec 24, 2021, 1:13 PM IST

റാനില്‍ നിന്ന് നേരത്തെ ഇറക്കുമതി ചെയ്ത എണ്ണയുടെ പണത്തിന് പകരം ചായപ്പൊടി കൊടുക്കാമെന്നാണ് ശ്രീലങ്കയുടെ നിലപാട്. പണമായി കൊടുക്കാനുള്ള ആസ്ഥിയില്ലാത്തതാണ് ശ്രീലങ്കയെ പ്രശ്നത്തിലാക്കുന്നത്. ഒന്നും രണ്ടമല്ല 251 മില്യണ്‍ ഡോളറാണ് (1885 കോടി രൂപ) എണ്ണ ഇറക്കുമതിയിലൂടെ ശ്രീലങ്ക, ഇറാന് കൊടുക്കാനുള്ളത്. പക്ഷേ, എണ്ണ വാങ്ങിക്കുമ്പോള്‍ ഉള്ളതിനേക്കാള്‍ ശ്രീലങ്കയുടെ സാമ്പത്തികരംഗം ഇപ്പോള്‍ ഏറെ തകര്‍ന്നാണ് നില്‍ക്കുന്നത്. അതിനാലാണ് പണത്തിന് പകരം 'ബാര്‍ട്ടര്‍ സമ്പ്രദായ'ത്തിലേക്ക് നീങ്ങാന്‍ ശ്രീലങ്കയെ പ്രേരിപ്പിക്കുന്നത്. '

പക്ഷേ, ഇറാനുമായുള്ള കൊടുക്കല്‍ വാങ്ങലുകള്‍ അത്രയ്ക്ക് എളുപ്പമല്ല. കാരണം, ഇറാന്‍ ഇന്നും അമേരിക്കയുടെ ശത്രുപക്ഷത്താണെന്നത് തന്നെ. അതിനാല്‍ അമേരിക്കയെ പിണക്കാതെ വേണം ശ്രീലങ്കയ്ക്ക് എണ്ണപ്പണം കൊടുത്ത് തീര്‍ക്കാന്‍. 

എന്നാല്‍, തങ്ങള്‍ക്ക് അതിന് കഴിയുമെന്നാണ് ശ്രീലങ്കന്‍ പ്ലാന്‍റേഷന്‍ മന്ത്രി രമേഷ് പതിരണ (Ramesh Pathirana) പറയുന്നത്.  പ്രതിമാസം 5 മില്യൺ ഡോളറിന്‍റെ (3.8 മില്യൺ പൗണ്ട്) തേയില ഇറാനിലേക്ക് അയക്കാനാണ് പദ്ധതിയെന്ന് മന്ത്രി രമേഷ് പതിരണ പറയുന്നു. 


ടൂറിസത്തില്‍ നിന്നുമുള്ള വരുമാനനഷ്ടമാണ് ശ്രീലങ്കയെ പെട്ടെന്ന് സാമ്പത്തിക പ്രതിസന്ധിയിലാക്കിയത്. കൊവിഡ് വ്യാപനത്തോടെ സഞ്ചാരികളുടെ വരവ് കുറഞ്ഞു. ടൂറിസം കേന്ദ്രങ്ങള്‍ എല്ലാം തന്നെ പൂട്ടേണ്ടി വന്നു. ഇതോടെ വലിയൊരു വരുമാന നഷ്ടം ശ്രീലങ്കയ്ക്കുണ്ടായി. 

ചരിത്രത്തിലാദ്യമായാണ് ശ്രീലങ്ക പണത്തിന് പകരം 'ചായപ്പൊടി കൈമാറി' വിദേശ കടം നികത്താന്‍ ശ്രമിക്കുന്നതെന്ന്  ടീ ബോർഡ് അംഗം പറയുന്നു. " ഞങ്ങള്‍ക്ക് പ്രതിമാസം 5 മില്യൺ ഡോളര്‍ വിലയുള്ള ചായപ്പൊടി ഇറാന് കൊടുക്കാന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ നാല് വർഷമായി ഇറാനില്‍ നിന്ന് വാങ്ങിയ എണ്ണയുടെ പണം തിരിച്ചടയ്ക്കാൻ ഓരോ മാസവും ചായപ്പൊടി വില്‍ക്കേണ്ടതുണ്ട്." പ്ലാന്‍റേഷൻ മന്ത്രാലയം പറയുന്നു. 

ഈ ബാര്‍ട്ടര്‍ സമ്പ്രദായ പ്രകാരം ശ്രീലങ്കയ്ക്ക് ആവശ്യമായ വിദേശ കറന്‍സി ലാഭിക്കാന്‍ കഴിയും. കാരണം, ഇറാനുമായുള്ള സിലോണ്‍ ചായപ്പൊടി വില്‍പ്പന ശ്രീലങ്കന്‍ രൂപയിലായിരിക്കുമെന്നും മന്ത്രാലയം പറയുന്നു. 

പുതിയ പണമടയ്ക്കൽ രീതി യുണൈറ്റഡ് നേഷൻസിന്‍റെ ഉപരോധത്തെ മറികടന്നല്ലെന്നും പതിരണ പറയുന്നു. കാരണം,  ചായയെ മാനുഷിക കാരണങ്ങളാൽ ഭക്ഷ്യവസ്തുവായാണ് കണക്കാക്കുന്നത്. മാത്രമല്ല, അമേരിക്കയുടെ കരിമ്പട്ടികയില്‍ പെട്ടിട്ടുള്ള ഇറാനിയൻ ബാങ്കുകളൊന്നുമായും കച്ചവടമില്ലെന്നും ശ്രീലങ്ക പറയുന്നു. 

എന്നാല്‍, ഈ ചായപ്പൊടി ഇടപാട് ശ്രീലങ്കന്‍ സര്‍ക്കാറിന്‍റെ 'തൊലിപ്പുറ ചികിത്സ'യാണെന്നാണ് ശ്രീലങ്കയിലെ എല്ലാ പ്രധാന തോട്ടം കമ്പനികളും ഉൾപ്പെടുന്ന പ്ലാന്‍റേഴ്‌സ് അസോസിയേഷൻ ഓഫ് സിലോണിന്‍റെ വക്താവ് പറയുന്നത്. 

" ഇത് ഞങ്ങളെപ്പോലെ കയറ്റുമതിക്കാർക്ക് പ്രയോജനം ചെയ്യണമെന്നില്ല. സ്വതന്ത്ര വിപണിയെ മറികടന്ന് രൂപയിലാകും കൈമാറ്റം. അതുകൊണ്ട് തന്നെ ഈ കച്ചവടത്തില്‍ ഞങ്ങൾക്ക് യഥാർത്ഥ മൂല്യം ലഭിക്കില്ല." പ്ലാന്‍റേഴ്‌സ് അസോസിയേഷൻ ഓഫ് സിലോണിന്‍റെ വക്താവ് റോഷൻ രാജദുരൈ കൂട്ടിച്ചേർത്തു.

500 മില്യൺ ഡോളറിന്‍റെ അന്താരാഷ്ട്ര സോവറിൻ ബോണ്ട് തിരിച്ചടവ് മുതൽ, അടുത്ത വർഷം ശ്രീലങ്ക ഏകദേശം 4.5 ബില്യൺ ഡോളർ കടം തിരിച്ചടക്കേണ്ടിവരുമെന്നാണ് റിപ്പോർട്ടുകള്‍. രാജ്യത്തിന്‍റെ വിദേശ കരുതൽ ശേഖരം നവംബർ അവസാനത്തോടെ 1.6 ബില്യൺ ഡോളറായി കുറഞ്ഞുവെന്ന് ശ്രീലങ്കന്‍ സെൻട്രൽ ബാങ്കിൽ നിന്നുള്ള ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. 

ഈ കടം ശ്രീലങ്കയ്ക്ക് "സുഗമമായി" തിരിച്ചടയ്ക്കാൻ കഴിയുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് സെൻട്രൽ ബാങ്ക് ഗവർണർ അജിത് നിവാർഡ് കബ്രാൽ ഈ മാസം ആദ്യം അവകാശപ്പെട്ടിരുന്നു. 2022-ൽ വരുന്ന എല്ലാ പരമാധികാര കടവും തിരിച്ചടയ്ക്കുമെന്നായിരുന്നു അദ്ദേഹം അന്ന് പറഞ്ഞത്. 

ശ്രീലങ്ക പ്രതിവർഷം 340 ദശലക്ഷം കിലോ തേയിലയാണ് ഉത്പാദിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ഇതില്‍ 265.5 ദശലക്ഷം കിലോഗ്രാം തേയില കയറ്റുമതി ചെയ്തപ്പോള്‍  1.24 ബില്യൺ ഡോളർ വരുമാനമാണ് ലഭിച്ചത്. ശ്രീലങ്കയിലെ ജനസംഖ്യയുടെ ഏകദേശം 5 ശതമാനം പേര്‍ ഇന്നും തേയില വ്യവസായത്തില്‍ ജോലി ചെയ്യുന്നു.  

1920 കളിലാണ് ബ്രിട്ടീഷുകാര്‍, ശ്രീലങ്കയിലെ കാട് വെട്ടി തളിച്ച് തേയില തോട്ടങ്ങള്‍ വച്ച് പിടിപ്പിക്കുന്നത്. വളരെ തുച്ചമായ ശമ്പളത്തില്‍, 100 വര്‍ഷം വരെ പഴക്കമുള്ള തേയില സംസ്കരണ യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ഇന്നും ശ്രീലങ്കയിലെ തേയില തൊഴിലാളികള്‍ തേയില വ്യവസായത്തിന്‍റെ അടിസ്ഥാന കാര്യങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. 

Latest Videos

click me!