ഏഴ് മാസങ്ങള്‍ക്ക് ശേഷം ടിഗ്രേയുടെ ഭൂരിഭാഗം പ്രദേശങ്ങളും പടിച്ചെടുത്ത് വിമതര്‍; എത്യോപ്യന്‍ സേന പിന്‍വാങ്ങി

First Published | Jul 5, 2021, 4:21 PM IST


വിമത പോരാളികളെ തുരത്തി പിടിച്ചെടുത്ത മെക്കലെ നഗരം എത്യോപ്യയ്ക്ക് വീണ്ടും നഷ്ടമായി. വിമതരില്‍ നിന്ന് നീണ്ട യുദ്ധത്തിന് ശേഷം കഴിഞ്ഞ ആഴ്ചയാണ് എത്യോപ്യ മെക്കലെ നഗരം പിടിച്ചെടുത്തത്. എന്നാല്‍ ഏഴ് മാസങ്ങള്‍ക്ക് ശേഷം വിമതര്‍ മെക്കലെ നഗരം തിരിച്ച് പിടിതായി കഴിഞ്ഞ ദിവസം വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മെക്കലെ പിടിച്ചടക്കിയ വിമതര്‍ എത്യോപ്യയുടെ വടക്കേ അറ്റത്തുള്ള ടിഗ്രേയുടെ ഭൂരിഭാഗം പ്രദേശങ്ങളും കീഴടക്കിയതായാണ് വിവരം. എത്യോപ്യയുടെ നാലാമത്തെ പ്രധാനമന്ത്രിയായ അബി അഹമ്മദിന് 2019 ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചിരുന്നു. എത്യോപ്യയുടെ വടക്കന്‍ മേഖലയായ ടിഗ്രേയില്‍ ഏറെ സ്വാധീനമുള്ള ടിഗ്രേ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് (ടിപിഎൽഎഫ്) ആണ് ഭരണ നടത്തിയിരുന്നത്. എന്നാല്‍, എത്യോപ്യന്‍ സര്‍ക്കാര്‍ സ്വന്തമായി സേനയുള്ള ഇവരെ അംഗീകരിച്ചിരുന്നില്ല. അബി അഹമ്മദ് അധികാരമേറ്റതിന് ശേഷം നീണ്ട സമാധാന ശ്രമങ്ങള്‍ നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചത്. എന്നാല്‍,  2021  നവംബറില്‍  ടിഗ്രേ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് ഫെഡറല്‍ ആര്‍മി ക്യാമ്പുകള്‍ക്ക് നേരെ വെടിയുതിര്‍ത്തു എന്നാരോപിച്ചാണ് ഇരുവരും തമ്മില്‍ ആഭ്യന്തരയുദ്ധം ആരംഭിച്ചത്. നീണ്ട യുദ്ധത്തിനൊടുവില്‍ മെക്കലെ അടക്കമുള്ള ടിഗ്രേയുടെ ഭൂരിപക്ഷം പ്രദേശങ്ങളും തിരിച്ച് പിടിച്ചതായി അബി അഹമ്മദ് അലി പ്രഖ്യാപിച്ച് ഏഴ് മാസങ്ങള്‍ക്ക് ശേഷമാണ് വിമതര്‍ ഫെഡറല്‍ സേനയെ തുരത്തി ടിഗ്രേയുടെ ഭൂരിഭാഗം പ്രദേശങ്ങളും തിരിച്ച് പിടിച്ചത്.  (ചിത്രങ്ങള്‍ ഗെറ്റി)

ടിഗ്രേയിലെ ജനങ്ങള്‍ക്കിടയില്‍ ആഴത്തില്‍ വേരോട്ടമുള്ള വിമത സേനയാണ് ടിഗ്രേ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് (ടിപിഎൽഎഫ്). ഈ ജനസ്വാധീനമുപയോഗിച്ചാണ് വിമത സേന ടിഗ്രേയിലെ ഭൂരിഭാഗം പ്രദേശങ്ങളും കീഴടക്കിയതെന്നാണ് വിദേശ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
"ശത്രുക്കളുടെ സാന്നിധ്യമില്ലാത്ത ഒരു ഗ്രാമത്തിലൂടെ സൈന്യം കടന്നുപോകുമ്പോള്‍ പെട്ടെന്ന് നിരവധി ആളുകൾ പിന്നിൽ നിന്ന് കലാഷ്നികോവുകളോ മാച്ചുകളോ ഉപയോഗിച്ച് സൈന്യത്തെ ആക്രമിക്കുകയും കൂട്ടക്കൊല ചെയ്യുകയും ചെയ്തു," എന്നായിരുന്നു കഴിഞ്ഞ ദിവസത്തെ അക്രമണത്തെ കുറിച്ച് പ്രധാമന്ത്രി അബി അഹമ്മദ് തന്നെ പറഞ്ഞത്.

ടിഗ്രേ ഡിഫൻസ് ഫോഴ്‌സ് (ടിഡിഎഫ്) എന്ന് സ്വയം വിശേഷിപ്പിക്കുന്ന വിമതർ കഴിഞ്ഞ മാസം ഒരു വലിയ പ്രത്യാക്രമണം തന്നെ നടത്തിയിരുന്നു. വരാനിരിക്കുന്ന ദേശീയ തെരഞ്ഞെടുപ്പില്‍ അബി അഹമ്മദിനാണ് വിജയപ്രതീക്ഷയെന്ന് കരുതുന്നു.
ഓപ്പറേഷൻ അലുല എന്ന് പേരിട്ട അക്രമണത്തില്‍ ദിവസങ്ങൾക്കുള്ളിൽ തന്നെ നാടകീയമായ നേട്ടങ്ങൾ സ്വന്തമാക്കാന്‍ ടിഗ്രേ ഡിഫൻസ് ഫോഴ്‌സിന് കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏതാണ്ട് 7,000 ത്തോളം വരുന്ന എത്യോപ്യന്‍ സൈന്യം ട്രിഗേയില്‍ നിന്ന് പിന്‍വാങ്ങിയതായി വിമതര്‍ അവകാശപ്പെട്ടു.
ആയിരക്കണക്കിന് എത്യോപ്യന്‍ സൈനീകര്‍ മെക്കലെയില്‍ വിമതരുടെ തടങ്കിലിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ടിഡിഎഫ് അതിശയിപ്പിക്കുന്ന വിജയമാണ് സ്വന്തമാക്കിയതെന്നും സമീപകാലത്തെ സംഭവങ്ങളില്‍ നിന്നും യുദ്ധരംഗത്ത് ടിഡിഎഫ് കൂടുതല്‍ മെച്ചപ്പെട്ടതായി ഫ്രാന്‍സ് 24 റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ പിന്‍മാറ്റത്തെ കുറിച്ച് കാണിക്കുകയാണ് എത്യോപ്യന്‍ ഭരണകൂടമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗുരുത്വാകർഷണ കേന്ദ്രം നഷ്ടപ്പെട്ടുവെന്നും ഇനി പിടിച്ചുനിൽക്കേണ്ടതില്ലെന്നുമായിരുന്നു പ്രധാമന്ത്രി അബി അഹമ്മദിന്‍റെ പ്രസ്ഥാവന.
വിമതർ രാജ്യത്തിന്‍റെ ക്ഷേമത്തിന് ഇനിമേൽ അസ്തിത്വപരമായ ഭീഷണിയല്ലെന്നായിരുന്നു എത്യോപ്യൻ ഗവൺമെന്‍റ് ടാസ്‌ക് ഫോഴ്‌സിന്‍റെ വക്താവ് റെഡ്വാൻ ഹുസൈൻ പറഞ്ഞത്. മറ്റ് സുരക്ഷാ വെല്ലുവിളികളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് എത്യോപ്യയുടെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഇത്തരത്തിലുള്ള പ്രസ്ഥാവനകള്‍ മുഖം രക്ഷിക്കുന്ന ന്യായീകരണങ്ങളെ ബാധിക്കുന്നുമെന്നായിരുന്നു ഇന്‍റർനാഷണൽ ക്രൈസിസ് ഗ്രൂപ്പിന്‍റെ സീനിയർ അനലിസ്റ്റ് വില്യം ഡേവിസൺ പറഞ്ഞത്.
"ഫെഡറൽ സർക്കാരിനെ സംബന്ധിച്ചിടത്തോളം യുദ്ധം ഒരു ഭാരമാണ്. അവർക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്ന മറ്റ് നിരവധി കാര്യങ്ങളുണ്ട്. എന്നാൽ സൈന്യത്തെ പിൻവലിക്കുന്നത് ഏറ്റവും ദുർബലമായ ഒരു മേഖലയില്‍ നിന്നാണെന്ന് ഞാന്‍ കരുതുന്നു." അദ്ദേഹം പറഞ്ഞു.
എത്യോപ്യയുടെ വെടിനിർത്തൽ പ്രഖ്യാപനത്തെക്കുറിച്ച് ഇതുവരെ എറിട്രിയൻ പ്രസിഡന്‍റ് ഇസയാസ് അഫ്‌വെർകിയുടെ സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഏറ്റുമുട്ടലിന്‍റെ ഏറ്റവും ഭീകരമായ കൂട്ടക്കൊലകളിൽ എറിട്രിയക്കാരും പങ്കാളികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
യുഎന്നിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ടിഗ്രേയിൽ നിന്ന് പിന്നോട്ട് പോയ എത്യോപ്യന്‍ സേന എത്യോപ്യ-എറിത്രിയ അതിർത്തിയിലേക്ക് നീങ്ങിയെന്ന് പറയുന്നു.
ടിഡിഎഫ് വക്താവ് ഗെറ്റാചെവ് റെഡ ഫെഡറൽ ഗവൺമെന്‍റിന്‍റെ വെടിനിർത്തൽ പ്രഖ്യാപനം "ഒരു തമാശ" യെന്നാണ് പറഞ്ഞത്. "ടൈഗ്രേയെ സുരക്ഷിതമാക്കാൻ" എറിട്രിയക്കാരെ അസ്മാരയിലേക്ക് തിരിച്ചുവിടാൻ വിമത പോരാളികൾ തയ്യാറാണെന്നും അദ്ദേഹം എഎഫ്‌പിയോട് പറഞ്ഞു.
പടിഞ്ഞാറൻ, തെക്കൻ ടിഗ്രേയുടെ ചില ഭാഗങ്ങൾ കൂട്ടിച്ചേർത്തതും വിട്ടുപോകുന്നതിന്‍റെ ലക്ഷണമൊന്നും കാണിക്കാത്തതുമായ അംഹാരയിലേക്ക് അവർ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധ്യതയുണ്ട്.
സാന്നിധ്യം തുടരുമ്പോൾത്തന്നെ ടൈഗ്രെ പ്രതിരോധ സേന പ്രദേശത്തുടനീളം വെടിനിർത്തൽ നടത്തുമെന്ന് തോന്നുന്നില്ലെന്ന് ഇന്‍റർനാഷണൽ ക്രൈസിസ് ഗ്രൂപ്പിന്‍റെ സീനിയർ അനലിസ്റ്റ് വില്യം ഡേവിസൺ പറഞ്ഞു.
എത്യോപ്യയില്‍ 9,00,000 സാധാരണക്കാര്‍ക്ക് ക്ഷാമം നേരിടുന്നതായി യുണൈറ്റഡ് സ്റ്റേറ്റ്സിന്‍റെ കണക്കുകള്‍ പറയുന്നു. ടൈഗ്രേയിലേക്ക് സഹായം അനുവദിക്കുന്ന നിർണായക പാലം കഴിഞ്ഞ ദിവസം തകര്‍ക്കപ്പെട്ടിരുന്നു. അംഹാര പ്രത്യേക സേനയാണ് പാലം തകർത്തതെന്ന് യുഎൻ അറിയിച്ചെങ്കിലും സർക്കാർ വിമതരാണ് പാലം തകര്‍ത്തതെന്ന് ആരോപിച്ചു.
ആഭ്യന്തരയുദ്ധം മൂലം പ്രദേശത്തെ റോഡ് , വൈദ്യുതി , ജലസേചന സംവിധാനങ്ങളെല്ലാം തകര്‍ന്നു. സാധാരണ ജനങ്ങള്‍ ഒരേ സമയം ഫെഡറല്‍ സേനയുടെയും വിമത സേനയുടെയും വേട്ടയാടലുകള്‍ക്ക് വിധേയരാണ്.
ഇത് മൂലം സ്ത്രീകളും കുട്ടികളുമാണ് ഏറെ കഷ്ടതകളനുഭവിക്കുന്നതെന്നും പ്രദേശത്തേക്ക് കുടുതല്‍ സഹായങ്ങള്‍ എത്തിക്കേണ്ടതുണ്ടെന്ന് യൂറോപ്യൻ യൂണിയൻ വിദേശ നയ മേധാവി ജോസെപ് ബോറെൽ പറഞ്ഞു
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos

click me!