സുഡാന്‍; സൈനീക അട്ടിമറിക്ക് പിന്നാലെ ഏഴ് മരണം 140 പേര്‍ക്ക് പരിക്ക് 300 ഓളം പേര്‍ അറസ്റ്റില്‍

First Published | Oct 26, 2021, 4:21 PM IST


മൂന്ന് പതിറ്റാണ്ടോളം സുഡാന്‍ (sudan) ഭരിച്ച സൈനീക ഭരണാധികാരിയും ഇസ്ലാമിസ്റ്റ് പ്രസിഡന്‍റ് ഒമര്‍ അല്‍ ബഷീറിനെ (Omar al-Bashir) ജനകീയ പ്രക്ഷോഭത്തിലൂടെ പുറത്താക്കി 2019 ഏപ്രിലിലാണ് സുഡാനില്‍ ഒരു പരമാധികാര കൌണ്‍സില്‍ നിലവില്‍ വന്നത്. , 2023 അവസാനത്തോടെ രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്തി അധികാരം കൈമാറണമെന്നും കരാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ആഴ്ചകളായി രാജ്യത്ത് നിലനില്‍ക്കുന്ന പ്രതിഷേധങ്ങളുടെ മറപറ്റി സൈന്യം രാജ്യത്തെ പരമാധികാരം കൈയാളുകയായിരുന്നു.  പ്രധാനമന്ത്രിയടക്കം നിരവധി പേരെ അറസ്റ്റ് ചെയ്ത സൈന്യം ഇവരെ രഹസ്യ കേന്ദ്രത്തിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. സൈന്യം രാജ്യത്തിന്‍റെ അധികാരമേറ്റെടുത്തതായി ദേശീയ ടെലിവിഷനിലൂടെ ജനറല്‍ അബ്ദൽ ഫത്താഹ് അല്‍ ബുർഹാൻ (Abdel Fattah al-Burhan)അവകാശപ്പെട്ടു. സുരക്ഷിതത്വം നിലനിര്‍ത്തുന്നതിന്  രാജ്യത്ത് ജനറല്‍ ബുര്‍ഹാന്‍ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം ജനം തെരുവിലിറങ്ങി. സൈനികരും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഏഴ് പേർ വെടിവെപ്പിൽ കൊല്ലപ്പെടുകയും 140 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥൻ അറിയിച്ചു. തലസ്ഥാനമായ കാർട്ടൂമിലെ സൈനിക ആസ്ഥാനത്തിന് സമീപം വെടിവെപ്പ് നടന്നതായി റിപ്പോര്‍ട്ടുണ്ട്. ഏതാണ്ട് മുന്നൂറോളം പേരെ അറസ്റ്റ് ചെയ്തതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. 

2019 മുതല്‍ പരമാധികാര കൌണ്‍സിലാണ് രാജ്യത്തെ ഭരണം നിയന്ത്രിക്കുന്നത്. കൌണ്‍സിലില്‍ 21 മാസം സൈനീക പ്രതിനിധിയും ബാക്കി 18 മാസം സിവിലിയന്‍ പ്രതിനിധിയും രാജ്യത്തിന്‍റെ ഭരണ സാരഥ്യമേറ്റെടുക്കണമെന്നും തുടര്‍ന്ന് രാജ്യത്തെ ജനാധിപത്യ പ്രക്രിയ പൂര്‍ത്തിയാക്കി ഒരു തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിന് ഭരണമേല്‍പ്പിക്കണമെന്നുമായിരുന്നു കരാര്‍. 

ഈ കരാറിന്‍റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിയായി അബ്ദുള്ള ഹംദേക്ക് (Abdalla Hamdok) അധികാരമേറ്റത്. അപ്പോഴും പരമാധികാരം പരമാധികാര സമിതിയിലെ രണ്ട് സഖ്യങ്ങളിലൊന്നും രാജ്യത്തെ സൈന്യത്തെ പ്രതിനിധീകരിക്കുന്നതുമായ ട്രാന്‍സിഷണല്‍ മിലിറ്ററി കൌൺസിലിനായിരുന്നു. 


ട്രാന്‍സിഷണല്‍ മിലിറ്ററി കൌൺസിലും (Transitional Military Council) ഫോർസസ് ഫോർ ഫ്രീഡം ആന്‍റ് ചേഞ്ചും  ( Forces of Freedom and Change) ചേര്‍ന്ന സംയുക്തസമിതിയാണ് പരമാധികാര സമിതി. രാജ്യത്തിന്‍റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമന്ത്രി അബ്ദുള്ള ഹംദേക്കിന് അധികാരമുണ്ടെങ്കിലും നയതന്ത്രപരമായ തീരുമാനങ്ങളെടുക്കുന്നതിനുള്ള അവസാന വാക്ക് പരമാധികാര സമിതിയുടേതായിരുന്നു. 

ഇതിനിടെയാണ് കഴിഞ്ഞ കുറച്ച് ആഴ്ചകളായി സൈന്യത്തെ പിന്തുണയ്ക്ക തീവ്ര ഇസ്ലാമാക്ക് ആശയത്തിന്‍റെ വക്താക്കള്‍ രാജ്യ തലസ്ഥാനത്ത് പ്രതിഷേധവുമായി ഇറങ്ങിയത്. പ്രധാനമന്ത്രി ഹംദേക്ക് രാജിവയ്ക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.

ഈ പ്രതിഷേധക്കാര്‍ക്ക് സൈന്യത്തിന്‍റെ പിന്തുണയുണ്ടെന്നും അഭ്യുഹമുയര്‍ന്നു. ഇതേ തുടര്‍ന്ന് സൈന്യം അധികാരം കൈയാളാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

ഇതിന് പിന്നാലെയാണ് ഇന്നലെ രാവിലെ ജനറല്‍ അല്‍ ബുര്‍ഹാന്‍റെ നേതൃത്വത്തില്‍‌ സൈന്യം പ്രധാനമന്ത്രിയെയും മറ്റ് മന്ത്രിമാരെയും അറസ്റ്റ് ചെയ്ത് രാജ്യത്തിന്‍റെ ഭരണം കൈയേറിയത്. ഇതേ തുടര്‍ന്ന് ജനാധിപത്യ വിശ്വാസികളും പ്രധാനമന്ത്രിക്ക് അനുകൂലമായും സൈനീക ഭരണത്തിനെതിരെയും മുദ്രവാക്യവുമായി രംഗത്തെത്തി. 


സംഘര്‍ഷം തുടരുന്നതിനിടെയാണ് ഇന്നലെ സൈന്യം പ്രധാനമന്ത്രിമാരെയും മറ്റ് ചില മന്ത്രിമാരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ദേശീയ ടെലിവിഷനിലെ ജേര്‍ണലിസ്റ്റുകളുമടക്കം ഏതാണ്ട് 300 പേരെ അറസ്റ്റ് ചെയ്ത് സര്‍ക്കാറിനെ പിരിച്ച് വിട്ടതായി സൈന്യത്തിന്‍റെ പ്രഖ്യാപനം വന്നത്. 

രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ജനറൽ അബ്ദൽ ഫത്താഹ് അല്‍ ബുർഹാൻ  രാജ്യത്തിന്‍റെ ഭരണം സൈന്യമേറ്റടുത്തതായി പ്രഖ്യപിച്ചു. ഇതോടെ രാജ്യതലസ്ഥാനത്തടക്കം നിരവധി നഗരങ്ങളില്‍ സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് പേരാണ് പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധക്കാര്‍ നേരെ സൈന്യം കണ്ണൂര്‍വാതകവും ഗ്രനൈഡുകളും പ്രയോഗിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ട്.  

രാജ്യത്തിന്‍റെ വിദേശ നയത്തിലും സമാധാന ചർച്ചകളിലും സൈന്യം അതിരുകടന്നതായി നേരത്തെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ സിവിലിയന്‍ ഗ്രൂപ്പുകളും രാഷ്ട്രീയ പാര്‍ട്ടികളും അധികാര കുത്തകകള്‍ മാത്രമാണെന്ന് സൈന്യം തിരിച്ചടിച്ചു. 

കഴിഞ്ഞ സെപ്തംബറിലും മുന്‍ ഭരണാധികാരി ഒമര്‍ അല്‍ ബഷീറിന്‍റെ അനുയായികള്‍ അധികാരം അട്ടിമറിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും അന്ന് അധികൃതര്‍ അട്ടിമറി ശ്രമം പരാജയപ്പെടുത്തിയിരുന്നു. ഇത്തവണത്തെ അട്ടിമറി ശ്രമം രണ്ടാമത്തേതാണ്. രാജ്യത്തെ ആഭ്യന്തര സമാധാനം നിലനിര്‍ത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നാണ് ജനറല്‍ അല്‍ ബുര്‍ഹാന്‍റെ വാദം. 

ഇതിനിടെ മുന്‍ ഭരണാധികാരി ഒമര്‍ അല്‍ ബഷീറും കൂട്ടാളികളും 2003 മുതലുള്ള യുദ്ധക്കുറ്റങ്ങളുടെ പേരില്‍ അന്താരാഷ്ട്ര ക്രിമിനൽ കോടതിയില്‍ (ICC)വിചാരണ നേരിടുകയാണ്. അതോടൊപ്പം 2019 ജൂൺ 3 ലെ ജനാധിപത്യ അനുകൂല പ്രക്ഷോഭകരുടെ കൊലപാതകങ്ങളെക്കുറിച്ചുള്ള അന്വേഷണവും നടക്കുന്നു. 

ഈ കേസില്‍ സൈന്യത്തിലും പങ്കാളിത്തമുണ്ട്. കേസന്വേഷണത്തിലെ കണ്ടെത്തലുകൾ പരസ്യമാക്കുന്നതിലെ കാലതാമസം ആക്ടിവിസ്റ്റുകളെയും സിവിലിയൻ ഗ്രൂപ്പുകളെയും ഒരു പോലെ പ്രശ്നത്തിലാക്കുന്നു. ഇത്തരം നീക്കങ്ങള്‍ സൈന്യത്തെ പ്രതിസ്ഥാനത്താക്കുന്നതാണ്. അതുകൊണ്ട് തന്നെ അവയുടെ മുനയൊടിക്കേണ്ടതും സൈന്യത്തിന്‍റെ ആവശ്യമാണ്.

ഏറെ നാളത്തെ അന്താരാഷ്ട്രാ നിരോധനം നിലനിന്നിരുന്നത് 2019 ലാണ് എടുത്ത് കളഞ്ഞത്. എങ്കിലും കാര്യമായ സാമ്പത്തിക മുന്നേറ്റം ഉണ്ടാക്കാന്‍ ഇതുവരെയും സുഡാന് കഴിഞ്ഞിട്ടില്ല. പണത്തിന്‍റെ മൂല്യം കുത്തനെ ഇടിഞ്ഞ് തന്നെയാണ് ഇപ്പോഴും നില്‍ക്കുന്നത്. 

ഇതൂമൂലമുള്ള സാമ്പത്തിക പ്രതിസന്ധി രാജ്യത്തിന്‍റെ നട്ടെല്ലൊടുച്ചു. 2019 ല്‍ വന്ന ഹംദേക്ക് സര്‍ക്കാര്‍ സാമ്പത്തിക പരിഷ്കാരങ്ങള്‍ നടപ്പാക്കിയെങ്കിലും അവയ്ക്കൊന്നിനും രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാനായില്ല. സൈനീക അട്ടിമറിയോടെ സുഡാനുള്ള 700 മില്യൺ ഡോളറിന്‍റെ സാമ്പത്തിക സഹായം താൽക്കാലികമായി നിർത്തുകയാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് വക്താവ് പറഞ്ഞു. 

2023 ജൂലൈയിൽ തെരഞ്ഞെടുപ്പ് നടത്തുമെന്നും അതില്‍ തെരഞ്ഞെടുക്കപ്പെട്ടുന്ന സിവിലിയൻ സർക്കാരിന് അധികാരം കൈമാറുമെന്നും ജനറല്‍ അല്‍ ബുര്‍ഹാന്‍ വാഗ്ദാനം ചെയ്തു." രാജ്യം കടന്നുപോയിരുന്നത് യുവാക്കളുടെ സ്വപ്നങ്ങൾക്കും രാജ്യത്തിന്‍റെ പ്രതീക്ഷകൾക്കും യഥാർത്ഥ ഭീഷണിയും അപകടവുമായ കാലത്തിലൂടെയാണ്." ബുര്‍ഹാന്‍ കൂട്ടിച്ചേര്‍ത്തു. 

പുറത്താക്കപ്പെട്ട പ്രധാനമന്ത്രി അബ്ദല്ല ഹംഡോക്കിനോട് ഇപ്പോഴും വിശ്വസ്തത പുലർത്തുന്ന സുഡാൻ ഇൻഫർമേഷൻ മന്ത്രാലയം, ട്രാൻസിഷണൽ ഭരണഘടന പ്രകാരം പ്രധാനമന്ത്രിക്ക് മാത്രമേ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള അവകാശം നൽകുന്നുള്ളൂവെന്നും സൈന്യത്തിന്‍റെ നടപടികൾ കുറ്റകരമാണെന്നും ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. 

യുഎൻ സുരക്ഷാ കൗൺസിൽ ഇന്ന് സുഡാനുമായി ചർച്ച നടത്തുമെന്ന് അറിയിച്ചു. വൈറ്റ് ഹൗസ് വക്താവ് കരീൻ ജീൻ-പിയറി പറഞ്ഞു: “സൈന്യത്തിന്‍റെ നടപടികൾ ഞങ്ങൾ നിരസിക്കുന്നു. പ്രധാനമന്ത്രിയെയും വീട്ടുതടങ്കലിലാക്കിയ മറ്റുള്ളവരെയും ഉടൻ മോചിപ്പിക്കുക.'' 

2019 ല്‍ ഒമര്‍ അല്‍ ബഷീറിനെ അധികാരസ്ഥാനത്ത് നിന്ന് നീക്കം ചെയ്യാൻ സമരം നടത്തിയ പ്രധാന പ്രതിപക്ഷ സഖ്യമായ ഫോഴ്‌സ് ഓഫ് ഫ്രീഡം ആൻഡ് ചേഞ്ച്, പ്രകടനങ്ങള്‍ക്കും തെരുവുകള്‍ ഉപരോധിക്കാനും ആഹ്വാനം ചെയ്തു. സൈനിക ഏറ്റെടുക്കൽ അട്ടിമറിക്കുന്നതിന് തെരുവുകളിൽ സമാധാനപരമായ പ്രവർത്തനങ്ങൾക്ക് ആഹ്വാനം ചെയ്യുന്നതായി സംഘടന ട്വിറ്റ് ചെയ്തു. 

അട്ടിമറി നിരസിക്കാൻ സെൻട്രൽ ബാങ്ക് ജീവനക്കാർ പണിമുടക്ക് പ്രഖ്യാപിച്ചു. രാജ്യത്തെ ഇടത് പക്ഷ സംഘടനകള്‍,  തൊഴിലുകള്‍ ബഹിഷ്ക്കരിച്ച് ജനാധിപത്യത്തിന് വേണ്ടി തെരുവിലിറങ്ങാന്‍ തൊഴിലാളികളോട് ആഹ്വാനം ചെയ്തു.
 

ഖാർത്തൂമിലെ ഇരട്ട നഗരമായ ഒംദുർമാനിൽ പ്രതിഷേധക്കാർ തെരുവുകൾ തടയുകയും സിവിലിയൻ ഭരണത്തെ പിന്തുണച്ച് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. "ബുർഹാന് ഞങ്ങളെ കബളിപ്പിക്കാൻ കഴിയില്ല. ഇതൊരു പട്ടാള അട്ടിമറിയാണ്," സാലിഹ് എന്ന് പേരിട്ട ഒരു യുവാവ് പറഞ്ഞു.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Latest Videos

click me!