Russia: യുക്രൈന്‍ യുദ്ധം; റഷ്യന്‍ സൈന്യത്തിന്‍റെ 30 ശതമാനവും നഷ്ടമായെന്ന് യുകെ
First Published | Jul 18, 2022, 3:25 PM IST2022 ഫെബ്രുവരി 24 നാണ് റഷ്യ (Russia), യുക്രൈനെതിരെ (Ukraine) തങ്ങളുടെ 'പ്രത്യേക സൈനിക നീക്കം' എന്ന് പേരിട്ട യുദ്ധം ആരംഭിച്ചത്. ഈ സൈനിക നീക്കത്തെ 'യുദ്ധം' (War) എന്ന് വിശേഷിപ്പിക്കുന്നത് പോലും പുടിന്‍ നിരോധിച്ചിരുന്നു. യുദ്ധം തുടങ്ങി രണ്ട് മാസത്തോളം യുക്രൈനെ വടക്ക് - പടിഞ്ഞാറ്, വടക്ക്, വടക്ക് കിഴക്ക് ഭാഗങ്ങളില്‍ നിന്ന് ഒരേ സമയം റഷ്യ അക്രമണം അഴിച്ച് വിട്ടു. ഇതിനായി ബെലാറസ്, ചെച്നിയ സൈന്യങ്ങള്‍ റഷ്യയുടെ സഹായത്തിനെത്തിയിരുന്നു. എന്നാല്‍, രണ്ട് മാസത്തെ തുടര്‍ച്ചയായ അക്രമണത്തില്‍ യുക്രൈന് കീഴിലെ ഒരു പ്രധാനപ്പെട്ട പട്ടണം പോലും റഷ്യയ്ക്ക് കീഴടക്കാന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് യുക്രൈന്‍റെ വടക്ക് - പടിഞ്ഞാറ്, വടക്ക് ഭാഗങ്ങിളില്‍ നിന്ന് പിന്മാറിയ റഷ്യന്‍ സൈന്യം കഴിഞ്ഞ നാല് മാസത്തോളം യുക്രൈനെ കിഴക്ക് നിന്നും തെക്ക് നിന്നും അക്രമിക്കുകയാണ്. ഡോണ്‍ബോസ് അടക്കുമുള്ള കിഴക്കന്‍ യുക്രൈന്‍ പ്രദേശങ്ങള്‍ കീഴടക്കിയെന്ന് റഷ്യ അവകാശപ്പെടുമ്പോഴും ഈ പ്രദേശങ്ങളില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇതിനിടെ യുദ്ധം ആറ് മാസം പൂര്‍ത്തിയാക്കുന്നതിനിടെ റഷ്യയ്ക്ക് യുക്രൈന്‍ അധിനിവേശത്തില്‍ കനത്ത നാശം നേരിട്ടെന്ന് ബ്രിട്ടന്‍റെ വെളിപ്പെടുത്തല്‍. റഷ്യന്‍ സൈന്യത്തിന്‍റെ 30 ശതമാനവും ഇതിനകം നഷ്ടമായെന്നാണ് ബ്രിട്ടന്‍ അവകാശപ്പെട്ടത്.