Russia- Ukraine conflict: ചര്‍ച്ച പരാജയപ്പെട്ടാല്‍ സൈനീക മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുമെന്ന് റഷ്യ
First Published | Feb 19, 2022, 11:13 AM ISTഉക്രൈന്‍ ഉടന്‍ ആക്രമിക്കപ്പെടുമെന്നും അതിനായി ഒരു ന്യായീകരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് റഷ്യയെന്നും യുഎസ് വീണ്ടും അവകാശപ്പെട്ടതിന് പുറകെ, റഷ്യ ശീതയുദ്ധ തന്ത്രം ഉപയോഗിച്ച് യുറോപ്പിന്‍റെ സമാധാനം നശിപ്പിക്കുന്നെന്ന് ജര്‍മ്മനിയും ആരോപിച്ചു. എന്നാല്‍, പാശ്ചാത്യ രാജ്യങ്ങളുടെ അവകാശ വാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് റഷ്യയും തുറന്നടിച്ചു. ബലാറസിലടക്കം തങ്ങള്‍ സൈനീക അഭ്യാസമാണ് നടത്തുന്നതെന്നും പരിശീലനം കഴിഞ്ഞാല്‍ സൈന്യം അവരുടെ താവളങ്ങളിലേക്ക് മടങ്ങുമെന്നും റഷ്യ ആവര്‍ത്തിച്ചു. അതിനിടെ റഷ്യയുടെ 1,90,000 സൈനീകര്‍ ഉക്രൈന്‍ അതിര്‍ത്തിയില്‍ എത്തിച്ചേര്‍ന്നെന്ന് യുഎസ്, ഐക്യരാഷ്ട്ര സംഘടനയെ അറിയിച്ചു. ഇതിനിടെ ബലാറസിലെ സൈനീക പരിശീലനത്തിനിടെ റഷ്യന്‍ ആണവ സേനയുടെ അഭ്യാസം നടക്കും. പ്രസിഡന്‍റ് വ്ലാഡമിര്‍ പുടിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും ആണവസേനാഭ്യാസം. സംഘര്‍ഷങ്ങള്‍ മൂര്‍ദ്ധന്യത്തിലെത്തിയതിനിടെ കിഴക്കന്‍ ഉക്രൈനിലെ റഷ്യന്‍ വിമതരുടെ നിയന്ത്രണത്തിലുള്ള ഡോണ്‍ബസ് മേഖലയില്‍ നിന്ന് ഉക്രൈന്‍ സൈനീകര്‍ക്ക് നേര്‍ക്ക് ശക്തമായ ഷെല്ലാക്രമണം രണ്ടാം ദിവസവും തുടര്‍ന്നു. അതിനിടെ തുടരുന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ "സൈനിക-സാങ്കേതിക മാർഗങ്ങൾ" നോക്കുമെന്ന് റഷ്യ അറിയിച്ചത് ആശങ്കരൂക്ഷമാക്കി.