ഇന്ധന വിലവര്‍ദ്ധനവിന് പിന്നാലെ ഹെയ്തിയില്‍ കലാപം

First Published | Sep 16, 2022, 12:03 PM IST

കുതിച്ചുയരുന്ന ജീവിത ചിലവുകള്‍ക്കിടെ സര്‍ക്കാര്‍ ഇന്ധനവില വര്‍ദ്ധിപ്പിച്ചതിനെ തുടര്‍ന്ന് ഹെയ്തിയില്‍ ജനങ്ങള്‍ തെരുവിലിറങ്ങി. അമേരിക്കന്‍ വന്‍കരകള്‍ക്കിടയില്‍ ക്യൂബയുടെ തെക്ക് കിഴക്കായി കിടക്കുന്ന രാജ്യമാണ് ഹെയ്തി. ഡീസലിനും മണ്ണെണ്ണയ്ക്കും നേരിയ വിലവര്‍ദ്ധന പ്രഖ്യാപിച്ചപ്പോള്‍ ഗ്യാസ് വില ഇരട്ടിയിലധികം വര്‍ദ്ധിപ്പിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. രാജ്യത്തെ ഗ്യാസ് വില സര്‍ക്കാര്‍ നിയന്ത്രണത്തിലാണ്. വില വര്‍ദ്ധന പ്രഖ്യാപിച്ചെങ്കിലും ഇത് എന്ന് മുതല്‍ പ്രബല്യത്തില്‍ വരുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. "ഹെയ്തിയിലെ വില അന്താരാഷ്ട്ര വിപണിയിലേതിനേക്കാൾ വളരെ കുറവാണ്" എന്നാണ് ഹെയ്തി അധികൃതര്‍ രാജ്യത്തെ പെട്രോള്‍ വില സംബന്ധിച്ച്  ട്വീറ്റ് ചെയ്തതെന്ന് അല്‍ജറീസയുടെ വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. 

പെട്രോളിയം ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിനുള്ള ചെലവ് "പ്രതിമാസം 9 ബില്യൺ ഗോർഡ്സ് [$76.2 മില്യൺ] വരും, ഇത് രാജ്യത്തെ പ്രതിമാസ ശമ്പളത്തിന്‍റെ ഇരട്ടി" യാണെന്ന് ഹെയ്തി കമ്മ്യൂണിക്കേഷൻ മന്ത്രാലയം ഇത് സംബന്ധിച്ച് ട്വിറ്ററിൽ കുറിച്ചു. 

രാജ്യത്ത് ഇതിനകം വര്‍ദ്ധിച്ച് വരുന്ന ജീവിതച്ചെലവിന് പിന്നാലെ ഇന്ധന വില വര്‍ദ്ധന കൂടിയാകുമ്പോള്‍ രാജ്യത്തെ സാധാരണക്കാരുടെ ജീവിതം  ഏറെ ദുരിതത്തിലാക്കും. ഇന്ധന വില വര്‍ദ്ധിപ്പിക്കുമെന്ന സൂചന നല്‍കിയതിന് പിന്നാലെ രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ജനങ്ങള്‍ തെരുവിലിറങ്ങി. 


രാജ്യ തലസ്ഥാനമായ പോർട്ട്-ഓ-പ്രിൻസിൽ പ്രതിഷേധക്കാർ റോഡുകൾ തടഞ്ഞു. നഗരത്തിലെ തിരക്കേറിയ പ്രദേശങ്ങളെല്ലാം ഇതോടെ അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിച്ചു. റോഡുകളില്‍ കല്ലുകള്‍ വച്ചും വാഹനങ്ങളും ടയറുകളും കത്തിച്ചും ഗതാഗതം പൂര്‍ണ്ണമായും തടഞ്ഞു. ഇതോടെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം സ്കൂളുകളും വ്യാപാര സ്ഥാപനങ്ങളും അടച്ചു.

വർദ്ധിച്ചുവരുന്ന പണപ്പെരുപ്പവും സംഘം ചേര്‍ന്നുള്ള അക്രമങ്ങളും കാരണം ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടുന്നതിനിടെയാണ് സര്‍ക്കാര്‍ ഇന്ധന വിലവര്‍ദ്ധന പ്രഖ്യാപിക്കുന്നത്. ഇതോടെ കരീബിയന്‍ രാജ്യത്ത് കലാപാന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു. "ഹെയ്തിക്ക് ഇപ്പോൾ ഇത് വളരെ വെല്ലുവിളി നിറഞ്ഞ സമയമാണ്." എന്ന് ഹെയ്തിയൻ പത്രപ്രവർത്തകനായ ഹരോൾഡ് ഐസക്ക് പറഞ്ഞതായി അൽ ജസീറ റിപ്പോര്‍ട്ട് ചെയ്തു. 

2021 ജൂലൈയിൽ പ്രസിഡന്‍റ് ജോവനൽ മോയ്‌സിനെ അദ്ദേഹത്തിന്‍റെ വസതിയില്‍ വച്ച് കൊല്ലപ്പെടുത്തിയതിനെ തുടർന്ന് രാജ്യം അരാജകത്വത്തിലേക്ക് നീങ്ങിയിരുന്നു. ഇതിന് പിന്നാലെ രാജ്യത്ത് പണപ്പെരുപ്പം കുതിച്ചുയര്‍ന്നു. ഇതോടെ രാജ്യമെമ്പാടും കലാപ സമാനമായ അന്തരീക്ഷമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

“ഞങ്ങൾ ഒരു സങ്കീർണ്ണമായ പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നു, ഏറ്റവും പുതിയത് ഗ്യാസ് പ്രതിസന്ധിയാണ്, ഇത് ഇവിടുത്തെ ദൈനംദിന ആളുകൾക്ക് ശരിക്കും ബുദ്ധിമുട്ടുണ്ടാക്കി.” ഐസക്ക് ചൂണ്ടിക്കാട്ടി. സാധാരണക്കാരായ ഹെയ്തിക്കാർക്ക് ഇന്ധനം ലഭിക്കാൻ കള്ളക്കടത്തുകാരെ ആശ്രയിക്കേണ്ട അസ്ഥയിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

നിലവില്‍ രാജ്യത്തെ പെട്രോൾ സ്റ്റേഷനുകളിൽ നിന്ന് ഗ്യാസ് ലഭിക്കുന്നത് അസാധ്യമാണെന്നും ഐസക്ക് പറയുന്നു. ഇന്ധനത്തിന് പഴയത് പോലെ സബ്‌സിഡി നൽകാൻ കഴിയില്ലെന്ന് പറഞ്ഞാണ് സര്‍ക്കാര്‍ വില വർദ്ധനയെ ന്യായീകരിക്കുന്നത്. 

വെനസ്വേലയുടെ പെട്രോകാരിബ് പ്രോഗ്രാമിൽ നിന്ന് ഹെയ്തിക്ക് മുമ്പ് പെട്രോളിയം ലഭിച്ചിരുന്നു. എന്നാല്‍, ഈ പദ്ധതി വർഷങ്ങൾക്ക് മുമ്പ് തന്നെ നിര്‍ത്തി. ഇതിന് ശേഷം ഇന്ധനം ഇറക്കുമതി ചെയ്യുന്ന പ്രാദേശിക വിതരണക്കാർക്ക് സര്‍ക്കാര്‍ സബ്‌സിഡി നൽകിയാണ് രാജ്യത്തെ ഇന്ധന പ്രതിസന്ധിയെ നേരിട്ടത്.

ഒരു ഗാലൻ (3.8 ലിറ്റർ) ഗ്യാസിന്‍റെ വില ഏകദേശം 2 ഡോളറിൽ നിന്ന് 4.78 ഡോളറായി ഉയരുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനമാണ് കലാപത്തിന് കാരണമായത്. നിലവില്‍ സാധാരണക്കാരായ ഹെയ്തിക്കാര്‍ ഗതാഗതത്തിനും പാചകത്തിനും വൈദ്യുതിക്കും ഇന്ധനത്തെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. 

നിരവധി പേര്‍ രാജ്യം വിടാനുള്ള തയ്യാറെടുപ്പിലാണെന്നും റിപ്പോര്‍ട്ടുണ്ട്. 30 ശതമാനം എന്ന പണപ്പെരുപ്പ നിരക്കിനെ നേരിടാൻ ഹെയ്തി പാടുപെടുകയാണ്. രാജ്യം സാമ്പത്തിക തകര്‍ച്ചയെ നേരിടുമ്പോള്‍ അക്രമസംഭവങ്ങളും സാധാരണമായി. കഴിഞ്ഞ ആഴ്ചയില്‍ പോർട്ട്-ഓ-പ്രിൻസ് പരിസരത്തുണ്ടായ അക്രമം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ രണ്ട് ഹെയ്തി മാധ്യമപ്രവർത്തകര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

ഇന്ധനവില ഉയരുമെന്ന് പ്രധാനമന്ത്രി ഏരിയൽ ഹെൻറി തിങ്കളാഴ്ച നടത്തിയ ദേശീയ പ്രസംഗത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു. പൗരന്മാരോട് ക്ഷമയോടെയിരിക്കാൻ അഭ്യർത്ഥിച്ച അദ്ദേഹം രാജ്യത്തിന് ഒരുപാട് പ്രശ്‌നങ്ങളുണ്ടെന്നും എല്ലാവരോടും ശാന്തരായിരിക്കാനും ആവശ്യപ്പെട്ടു. സർക്കാർ ഉള്ളത് കൊണ്ടാണ് അത് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 
 

Latest Videos

click me!