ജർമ്മൻ പ്രദേശങ്ങളായ റൈൻലാൻഡ്-പാലറ്റിനേറ്റിനൊപ്പം, നോർത്ത് റൈൻ-വെസ്റ്റ്ഫാലിയ, സാർലാൻഡ് എന്നിവിടങ്ങളിലും അതിശക്തമായ മഴാണ് പെയ്തത്. പടിഞ്ഞാറൻ ജർമ്മനിയിലും ബെനെലക്സ് മേഖലയിലും ബുധനാഴ്ച രാവിലെയും കനത്ത മഴയാണ് രേഖപ്പെടുത്തിയത്.
നോർത്ത് റൈൻ-വെസ്റ്റ്ഫാലിയ, റൈൻലാൻഡ്-പാലറ്റിനേറ്റ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ മഴ പെയ്തതെന്ന് സിഎൻഎൻ കാലാവസ്ഥാ നിരീക്ഷകൻ ബ്രാൻഡൻ മില്ലർ പറഞ്ഞു. ഈ സംസ്ഥാനങ്ങളിൽ 24 മണിക്കൂറും 100 മുതൽ 150 മില്ലിമീറ്റർ വരെ (3.9-5.9 ഇഞ്ച്) മഴ ലഭിച്ചു. ഈ പ്രദേശത്ത് ഒരു മാസത്തിലധികം പെയ്യുന്ന മൊത്തം മഴയുടെ അളവാണെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
കൊളോണിൽ ഇന്നലെ രാവിലെ വരെ 24 മണിക്കൂറിനുള്ളിൽ 154 മില്ലിമീറ്റർ (6 ഇഞ്ച്) മഴയാണ് രേഖപ്പെടുത്തിയത്. ഇത് ജൂലൈ മാസത്തെ പ്രതിമാസ ശരാശരിയായ 87 മില്ലിമീറ്റർ (3.45 ഇഞ്ച്) ഇരട്ടിയാണ്. പ്രാദേശികമായി ചില പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് കനത്തമഴ പെയ്യുന്നത് കടുത്ത വെള്ളപ്പൊക്കത്തിനും പ്രളയത്തിനും കാരണമായി.
യൂറോപ്യൻ കാലാവസ്ഥാ ഡാറ്റാബേസ് അനുസരിച്ച് റീഫർഷെയിഡിൽ ഒമ്പത് മണിക്കൂറിനുള്ളിൽ 207 മില്ലിമീറ്റർ (8.1 ഇഞ്ച്) മഴയാണ് പെയ്ത് പോയത്. ഇത് മേഘവിസ്ഫോടനത്തിന് സമാനമാണ്. കനത്ത മഴയില്‍ ബെൽജിയത്തിൽ 11 പേരെങ്കിലും മരിച്ചെന്ന് റിപ്പോര്‍ട്ടുണ്ട്. കൂടുതൽ പേരെ കാണാതായി.
ജർമ്മൻ സംസ്ഥാനങ്ങളായ റൈൻലാൻഡ് - പാലറ്റിനേറ്റ്, നോർത്ത് റൈൻ - വെസ്റ്റ്ഫാലിയ എന്നിവിടങ്ങളിലാണ് മഴ ഏറ്റവും കൂടുതൽ ബാധിച്ചത്. നെതർലാൻഡിനെയും മഴ സാരമായി ബാധിച്ചു. ഇന്ന് നെതര്‍ലാന്‍ഡിന്‍റില്‍ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ ഉദ്യോഗസ്ഥർ അറിയിച്ചു.
കനത്ത മഴയ്ക്കും നാശനഷ്ടത്തിനും കാരണം കാലാവസ്ഥാ വ്യതിയാനമാണെന്ന് വടക്കൻ റൈൻ-വെസ്റ്റ്ഫാലിയയുടെ പ്രധാനമന്ത്രി അർമിൻ ലാസെറ്റ് പറഞ്ഞു. എന്നാല്‍ ഇത് ഒരു സംസ്ഥാനത്ത് മാത്രമായി ഒതുങ്ങുന്നതല്ലെന്നും കാലാവസ്ഥാ വ്യതിയാനങ്ങള്‍ കൂടുതല്‍ പ്രദേശത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും ഒരു സംഭവത്തെ ആഗോളതാപനവുമായി ബന്ധിപ്പിക്കുന്നത് സങ്കീർണ്ണമാണെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്‍റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചയ്ക്കായി യുഎസിലുള്ള ജർമ്മൻ ചാൻസലർ ആഞ്ചെല മെർക്കൽ വെള്ളപ്പൊക്കത്തെ ഒരു മഹാദുരന്തം എന്നാണ് വിശേഷിപ്പിച്ചത്.
ഗവൺമെന്‍റിന്‍റെ എല്ലാ സംവിധാനങ്ങളും ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിനും മുന്നില്‍ തന്നെ ഉണ്ടാകുമെന്നും ഏറ്റവും പ്രയാസകരമായ സാഹചര്യങ്ങളിൽ ഒരുമിച്ച് കാര്യങ്ങളെ നേരിടാമെന്നും ആഞ്ചെല മെർക്കൽ പറഞ്ഞു.
ജർമ്മനിയിൽ, പൊലീസ് ഹെലികോപ്റ്ററുകള്‍ , നൂറുകണക്കിന് സൈനികര്‍ എന്നിവര്‍ ദുരിതബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിലാണ്. പ്രളയത്താല്‍ മുങ്ങിപ്പോയ ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും വീടുകളുടെ മേല്‍ക്കൂരകളില്‍ ആളുകള്‍ രക്ഷപ്പെട്ട് അഭയം തേടിയിട്ടുണ്ട്. ഇവരെ രക്ഷപ്പെടുത്താന്‍ പൊലീസ് ഹെലിക്കോപ്റ്ററുകള്‍ രംഗത്തുണ്ട്.
കൊവിഡാനന്തരം തുറഞ്ഞ ജർമ്മനിയുടെ പടിഞ്ഞാറ് ഭാഗത്തെ സ്കൂളുകളെല്ലാം അടച്ചു. ഗതാഗത വാര്‍ത്താവിനിമയ ബന്ധങ്ങള്‍ നഷ്ടമായി. കാലാവസ്ഥാ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പർവതനിര പ്രദേശമായി ഈഫൽ മേഖലയിലെ 25 ഓളം വീടുകൾ ഇടിഞ്ഞുവീഴാൻ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ചില വീടുകള്‍ പൂര്‍ണ്ണമായും ഒലിച്ചുപോയെന്നും ശക്തമായ പ്രളയജലം ഒഴുകുന്നതിനാല്‍ ഈ പ്രദേശങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് പോകാന്‍ കഴിയുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. വീടുകളും നിരവധി വാഹനങ്ങളും പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ടു.
ബ്രസ്സൽസിനും ആന്‍റ്വെർപ്പിനും പുറകെ ബെൽജിയത്തിലെ മൂന്നാമത്തെ വലിയ നഗരമായ ലിഗെയിലെ താമസക്കാരെ ഒഴിപ്പിക്കാൻ സര്‍ക്കാര്‍ ഉത്തരവിട്ടു. വീട് വിട്ട് പോകാൻ കഴിയാത്തവർ കെട്ടിടങ്ങളുടെ മുകളിലത്തെ നിലയിലേക്ക് മാറണമെന്ന് പ്രാദേശിക അധികൃതർ ആവശ്യപ്പെട്ടു.
നഗരത്തിലൂടെ ഒഴുകുന്ന മ്യൂസ് നദി നിറഞ്ഞൊഴുകുകയാണ്. എന്നാല്‍ കൂടുതല്‍ പ്രളയജലം എത്തിയാല്‍ നദി 1.5 മീറ്റർ കൂടി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി ദുരന്തനിവാരണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നെതർലാന്‍റിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും മ്യൂസ് നദിക്കരയിലുള്ള നഗരങ്ങളില്‍ നിന്നും ഗ്രാമങ്ങളില്‍ നിന്നുമുള്ളവരോട് വീടുകള്‍ ഒഴിയാന്‍ ആവശ്യപ്പട്ടിട്ടുണ്ട്. ഡച്ച് നഗരമായ മാസ്ട്രിച്റ്റിൽ 10,000 പേരെ ഒഴിപ്പിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona