Chintan Shivir: പദവി നോക്കാതെ ജനങ്ങളിലേക്ക് ഇറങ്ങണമെന്ന് രാഹുല്‍ ഗാന്ധി

First Published | May 16, 2022, 11:30 AM IST

നങ്ങളുടെ നഷ്ടപ്പെട്ട വിശ്വാസം തിരിച്ചുപിടിക്കാന്‍ പദവി നോക്കാതെ കോണ്‍ഗ്രസ് (Congress) നേതാക്കള്‍ ജനങ്ങളിലേക്ക് ഇറങ്ങണമെന്ന് രാഹുല്‍ ഗാന്ധി (Rahul Gandhi) ആവശ്യപ്പെട്ടു. രാജസ്ഥാനിലെ ഉദയ്പൂരില്‍ നടന്ന ചിന്തന്‍ ശിബിരത്തിന്‍റെ സമാപന സമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധി പാര്‍ട്ടി നേതാക്കളോട് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ആവശ്യപ്പെട്ടത്. വിജയത്തിന് കുറുക്കവഴികളില്ല, വിയര്‍ത്തേ മതിയാകൂവെന്നും പറഞ്ഞ അദ്ദേഹം കോണ്‍ഗ്രസ് യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കുമെന്നും പറഞ്ഞു. എന്നാല്‍ അതിനായി മുതിര്‍ന്നവരെ മാറ്റനിര്‍ത്തില്ലെന്നും രാഹുല്‍ കൂുട്ടിച്ചേര്‍ത്തു. രാജസ്ഥാനിലെ ഉദയ്പൂരില്‍ നിന്നും ഏഷ്യാനെറ്റ് ക്യാമറാമാന്‍ ദീപു എം നായര്‍ പകര്‍ത്തിയ ചിത്രങ്ങള്‍. 

രാഹുലിനെതിരെ നടന്ന പടയൊരുക്കങ്ങള്‍ അവസാനിച്ചെന്ന പ്രതീതിയിലാണ് ചിന്തന്‍ ശിബിരം അവസാനിച്ചത്. ജി 23 സംഘത്തിലെ ഏതാനും ചില നേതാക്കളൊഴികെ എല്ലാവരും രാഹുല്‍ വീണ്ടും പാര്‍ട്ടി പ്രസിഡന്‍റാവണമെന്ന് പരസ്യമായി ആവശ്യപ്പെട്ട് രംഗത്തെത്തി. 

ചിന്തന്‍ ശിബിരത്തിന്‍റെ സമാപന സമ്മേളനത്തില്‍ സോണിയാ ഗാന്ധിക്ക് പുറമേ രാഹുല്‍ ഗാന്ധിമാത്രമാണ് സംസാരിച്ചത്. ജനങ്ങളുമായി കോണ്‍ഗ്രസിനുണ്ടായിരുന്ന ബന്ധം നഷ്ടമായെന്നും അത് തിരിച്ച് പിടിക്കാന്‍ കുറുക്കുവഴികളില്ലെന്നും രാഹുല്‍ ഗാന്ധി പ്രവര്‍ത്തകരെയും നേതാക്കളെയും ഓര്‍മ്മിപ്പിച്ചു. 


ആർഎസ്എസിനും ബിജെപിക്കുമെതിരായ പോരാട്ടമാണ് തന്‍റെ ജീവിതം. ആ പോരാട്ടത്തിൽ എല്ലാവരും ഒപ്പം ചേരണം. ജീവിതത്തിൽ ഇന്നേ വരെ ഒരു പൈസയുടെ പോലും അഴിമതി താന്‍ നടത്തിയിട്ടില്ലെന്നും അതിനാൽ ഭയമില്ലെന്നും രാഹുല്‍ പറഞ്ഞു. 

ബിജെപിക്കെതിരെയും രാഹുല്‍ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. ബിജെപി ഭരണകൂട സ്ഥാപനങ്ങളെ ആസൂത്രിതമായി തകര്‍ക്കുന്നു. ബിജെപി നശിപ്പിച്ച ഭരണഘടനാ സ്ഥാപനങ്ങളെ ഒന്നൊന്നായി രക്ഷിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 

ബിജെപി പാര്‍ലമെന്‍റില്‍ പ്രതിപക്ഷത്തെ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്നും പറഞ്ഞ രാഹുല്‍ ഗാന്ധി ബിജെപി കയ്യൂക്ക് കൊണ്ട് ഭരണഘടനയെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും കുറ്റപ്പെടുത്തി. 

കോൺഗ്രസ് പാര്‍ട്ടിയിലെ പദവികളിൽ ന്യൂനപക്ഷ, ദളിത്, വനിതാ വിഭാഗങ്ങള്‍ക്ക് 50 % സംവരണം നൽകാൻ രാജസ്ഥാനില്‍ സമാപിച്ച പ്രവര്‍ത്തക സമിതിയില്‍ തീരുമാനിച്ചായി സൂചന. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കും പ്രചാരണത്തിനും മേൽനോട്ടം വഹിക്കാൻ പ്രത്യേകം സമിതി രൂപീകരിക്കും.

ഒരു കുടുംബത്തില്‍ നിന്ന് ഒരു സ്ഥാനാര്‍ത്ഥിയെന്ന നിര്‍ദ്ദേശത്തിനും പ്രവര്‍ത്തകസമിതി അംഗീകാരം നല്‍കി. എന്നാല്‍ അഞ്ച് വർഷത്തെ പ്രവർത്തന പരിചയമുണ്ടെങ്കിൽ കുടുംബത്തിലെ രണ്ടാമനും മത്സരിക്കാം. ദേശീയതലത്തിൽ രാഷ്ട്രീയകാര്യ സമിതി രൂപീകരിക്കും. പ്രവർത്തക സമിതി അംഗങ്ങളെ ഉൾപ്പെടുത്തും. 

രാഹുൽ ഗാന്ധി, രാജ്യവ്യാപകമായി പദയാത്ര നടത്തണമെന്നും പ്രവർത്തക സമിതി നിർദ്ദേശിച്ചു. എന്നാല്‍ കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന പ്രവര്‍ത്തക സമിതി നിർദ്ദേശം പ്രിയങ്ക ഗാന്ധി തളളി. തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്ന ആവശ്യവുമായി രാജ്യവ്യാപക പ്രതിഷേധം നടത്താനും ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. പാർട്ടിയെ ശാക്തീകരിക്കാൻ 20 നിർദ്ദേശങ്ങൾ പ്രവർത്തക സമിതി അംഗീകരിച്ചു.

പാർട്ടിയുടെ ഭാവി നയ, സംഘടനാ പരിപാടികൾ ചർച്ചയായ ചിന്തൻ ശിബിരത്തിൽ ഉയർന്നുവന്ന പ്രധാന നിർദേശങ്ങൾ ഇവയാണ്.  ഒരു കുടുംബത്തിന് ഒരു സീറ്റ്, അഞ്ച് വർഷത്തെ പ്രവർത്തന പരിചയമുണ്ടെങ്കിൽ കുടുംബത്തിലെ രണ്ടാമനും മത്സരിക്കാം. ഒരാൾക്ക് ഒരു പദവിയിൽ 5 വർഷം മാത്രം. ദേശീയതലത്തിലും രാഷ്ട്രീയകാര്യ സമിതി പ്രവര്‍ത്തിക്കും.

പ്രവർത്തക സമിതിയില്‍ പുതിയ അംഗങ്ങളെ ഉൾപ്പെടുത്തും. പിസിസികളുടെയും ഡിസിസികളുടെയും പ്രവർത്തനം വിലയിരുത്താൻ സമിതി സംഘടിപ്പിക്കും. ബ്ലോക്ക് കമ്മിറ്റികൾക്ക് താഴെ പുതിയ കമ്മിറ്റി നിലവിൽ വരും.  കേരള മാതൃകയിൽ ദേശീയ തലത്തില്‍ പാർട്ടി പരിശീലന കേന്ദ്രം തുടങ്ങും. യുവാക്കൾക്ക് കൂടുതൽ അവസരം നൽകും.  ആശയരൂപീകരണത്തിലും, നടപ്പാക്കുന്നതിലും യുവപ്രാതിനിധ്യം ഉറപ്പാക്കും. എന്നാല്‍ മുതിർന്നവരെ മാറ്റിനിർത്തില്ലെന്നും നിര്‍ദ്ദേശമുണ്ട്.  50 വയസിൽ താഴെയുള്ളവർക്ക് എല്ലാ സമിതികളിലും 50% സംവരണം. ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം നടത്താനും കോണ്‍ഗ്രസി തീരുമാനിച്ചു. 

Latest Videos

click me!