Wagner group: പുടിന്‍റെ കൊലയാളി സംഘം; ആരാണ് ഈ വാഗ്നര്‍ ഗ്രൂപ്പ് ?

First Published | Mar 25, 2022, 12:38 PM IST

ലോകത്തിലെ അതിസങ്കീര്‍ണമായ ചാരസംഘടനകളിലൊന്ന് ഒരു കാലത്ത് പഴയ യുഎസ്എസ്ആറിന്‍റെ കീഴിലായിരുന്നു. അന്ന് കെജിബി എന്ന് അറിയപ്പെട്ട ആ ചാരസംഘടനയുടെ ഭാഗമായിരുന്നു ഇന്നത്തെ റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍. യുഎസ്എസ്ആറിന്‍റെ തകര്‍ച്ചയില്‍ നിന്ന് റഷ്യ നിലവില്‍ വന്നു. വൈകാതെ പുടിന്‍ അതിന്‍റെ ചോദ്യം ചെയ്യാനാവാത്ത അനിഷേധ്യ നേതാവായി ഉയര്‍ന്നു. ഇന്ന് യുക്രെന്‍ അക്രമണത്തോടെ ലോകത്തെ മൊത്തം മുള്‍മുനയില്‍ നിര്‍ത്തുന്ന തികഞ്ഞ ഏകാധിപതിയായ റഷ്യന്‍ പ്രസിഡന്‍റാണ് താനെന്ന് പുടിന്‍ തെളിയിച്ചു കഴിഞ്ഞു. എല്ലാ ഏകാധിപതികളെയും പോലെ രഹസ്യമായി കാര്യങ്ങള്‍ ചെയ്യുന്നതിലാണ് പുടിനും താത്പര്യം. ലോകത്തിന്‍റെ മുന്നില്‍ എല്ലാം നിഷേധിക്കുകയും അതേ സമയം അതീവ രഹസ്യമായി മറ്റൊരു മാര്‍ഗ്ഗത്തിലൂടെ തനിക്ക് അനഭിമതമായെതല്ലാം തട്ടിനീക്കകയും ചെയ്യുന്ന തികഞ്ഞ സ്വേച്ഛാധിപതി. പഴയ യുഎസ്എസ്ആര്‍ ചാരന് വേണ്ടി ഇന്ന് രഹസ്യമായി കാര്യങ്ങള്‍ ചെയ്യുന്നതാകട്ടെ 'പുടിന്‍റെ സ്വകാര്യ സേന' എന്ന് പരസ്യമായ രഹസ്യമായി അറിയപ്പെടുന്ന വാഗ്നര്‍ ഗ്രൂപ്പും. ആരാണ് ഈ വാഗ്നര്‍ ഗ്രൂപ്പ് ? 

2014 ലാണ് വ്ളാദിമിര്‍ പുടിന്‍ യുഎസ്എസ്ആറില്‍ നിന്നും സ്വതന്ത്രമായ യുക്രെനെതിരെ ആദ്യമായി നേരിട്ട് രംഗത്തെത്തുന്നത്. അന്ന് കിഴക്കന്‍ യുക്രെനില്‍ പുടിന്‍ തന്നെ ചെല്ലും ചെലവും കൊടുത്ത് വളര്‍ത്തിയെടുത്ത റഷ്യന്‍ വിമത ഗ്രൂപ്പുകളെ യുക്രെന്‍ അക്രമിക്കുന്നു എന്നാരോപിച്ചായിരുന്നു പടനീക്കം. യാഥാര്‍ത്ഥ്യം മറിച്ചായിരുന്നെങ്കിലും. 

പതിനായിരങ്ങള്‍ ഇരുപുറവും മരിച്ച് വീണ ആ യുദ്ധത്തിനൊടുവില്‍ പുടിന്‍ യുക്രെനില്‍ നിന്ന് ക്രിമിയന്‍ ഉപദ്വീപ് സ്വതന്ത്രമാക്കുകയും റഷ്യയുടെ ഭാഗമാക്കുകയും ചെയ്തു. അതോടൊപ്പം ക്രിമിയയോട് ചേര്‍ന്നതും കിഴക്കന്‍ ഉക്രൈന്‍റെ ഭാഗവുമായ ഡോണ്‍ബോസില്‍ റഷ്യന്‍ വംശജരായ വിമതരെ രഹസ്യമായി വളര്‍ത്തിയെടുക്കുകയും ചെയ്തു ആ പഴയ ചാരനായ പുടിന്‍. 


റഷ്യയുടെ പ്രത്യേക സേനയായ (Special Operations Forces) സ്പെറ്റ്‌നാസിലെ (Spetsnaz) മുൻ ലെഫ്റ്റനന്‍റ് കേണൽ, തല മുണ്ഡനം ചെയ്ത ദിമിത്രി ഉത്കിൻ (Dmitry Utkin) ആണ് വാഗ്നര്‍ ഗ്രൂപ്പിന്‍റെ സ്ഥാപക നേതാവ്. തന്‍റെ സ്‌പെറ്റ്‌സ്‌നാസ് കോഡ് നെയിമിനെ (Spetsnaz code name) തുടർന്നാണ് അദ്ദേഹത്തിന് ഈ പേര് ലഭിച്ചത്. 

തുടക്കത്തില്‍ ഡോണ്‍ബോസിലെ നൂറ് റഷ്യന്‍ വിമതരായിരുന്നു ഗ്രൂപ്പിലുണ്ടായിരുന്നത്. ആദ്യ നിര്‍ദ്ദേശമാകട്ടെ ഡോണ്‍ബോസിലെ യുക്രെന്‍ അനുകൂലികളെ രഹസ്യമായി ഇല്ലാതാക്കുകയെന്നതും. റഷ്യയില്‍ കൂലിപടയാളി സംഘങ്ങള്‍ക്ക് വിലക്കുണ്ട്. എന്നാല്‍ പുടിന്‍ രഹസ്യമായി ഇത്തരം സംഘങ്ങളെ നിലനിര്‍ത്തുകയും ചെയ്യുന്നുവെന്നതാണ് വൈരുധ്യം. 

യുക്രെന്‍ ഭരണകൂടത്തിലെ നവനാസികളെ ഇല്ലാതാക്കാനാണ് ഇപ്പോഴത്തെ പട്ടാള നടപടിയെന്നാണ് പുടിന്‍ വാദിക്കുന്നതെങ്കില്‍ വാഗ്നര്‍ ഗ്രൂപ്പിന്‍റെ സ്ഥാപകനായ ദിമിത്രി ഉത്കിന്‍ അറിയപ്പെടുന്നത് തന്നെ ഒരു നവ-നാസിയായാണ്. ആദ്യമാദ്യമൊക്കെ പുടിന്‍റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് വാഗ്നര്‍ ഗ്രൂപ്പ് പ്രവര്‍ത്തിച്ചിരുന്നത്. പുടിന്‍റെ കൊലയാളി പട്ടിക അവര്‍ യാഥാവിധി അനുസരിച്ചു. 

ഇതിന്‍റെ ഫലമായി ഉത്കിനെ കുറിച്ച് റഷ്യന്‍ പത്രങ്ങള്‍ പ്രകീര്‍ത്തിച്ച് ലേഖനമെഴുതി. എന്നാല്‍, കാലക്രമേണ പുടിനെയും മോസ്കോയെയും അനുസരിക്കുന്നതില്‍ നിന്ന് വാഗ്നര്‍ ഗ്രൂപ്പ് പിന്നോക്കം പോയി. ഈ അകല്‍ച്ചയുടെ തുടര്‍ച്ചയായി പുടിന്‍ വാഗ്നര്‍ ഗ്രൂപ്പിന് നല്‍കി വന്നിരുന്ന സാമ്പത്തിക സഹായം നിര്‍ത്തലാക്കുന്നതിലേക്ക് വരെയെത്തി കാര്യങ്ങള്‍. 

ഇതോടെ ഗ്രൂപ്പിനെ നിയന്ത്രിക്കാൻ പുടിൻ യെവ്ജെനി പ്രിഗോഷിനെ ( Yevgeny Prigozhin) നിയമിച്ചു. വാഗ്നര്‍ ഗ്രൂപ്പുമായുള്ള ബന്ധം പുടിന്‍ നിരന്തരം നിഷേധിച്ചിരുന്നെങ്കിലും പുടിനോടൊപ്പം വാഗ്നര്‍ ഗ്രൂപ്പ് അംഗങ്ങള്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ പ്രസിദ്ധികരിക്കപ്പെട്ടു. ഇന്ന്  യെവ്ജെനി പ്രിഗോഷിന്‍ അറിയപ്പെടുന്നത് തന്നെ പുടിന്‍റെ ഷെഫ് (Putin's chef) എന്നാണ്. 

പുടിന്‍റെ നിര്‍ദ്ദേശ പ്രകാരം യുദ്ധമാരംഭിക്കുന്നതിന് മുമ്പ് തന്നെ യുക്രെന്‍റെ അതിര്‍ത്തിക്കുള്ളില്‍ വാഗ്നാര്‍ ഗ്രൂപ്പുകള്‍ കടന്നിരുന്നു. യുക്രെനില്‍, പുടിന് വേണ്ടി കൊലപാതക പരമ്പരകള്‍ക്ക് തുടക്കമിടാനായി വാഗ്നര്‍ ഗ്രൂപ്പിന് വലിയൊരു തുക തന്നെ വാഗ്ദാനം ചെയ്തിരുന്നുവെന്ന് പാശ്ചാത്യമാധ്യമങ്ങള്‍ തുടക്കം മുതലേ ആരോപിച്ചിരുന്നു. 

യുക്രെന്‍റെ പ്രസിഡന്‍റ് വോളോഡിമർ സെലെൻസ്‌കി, ക്ലിറ്റ്‌ഷ്‌കോ സഹോദരങ്ങൾ തുടങ്ങി യുക്രെനിലെ ഉന്നത രാഷ്ട്രീയ - വ്യവസായ നേത‍ൃത്വങ്ങളെ കൊല്ലാനുള്ള 'കൊലയാളിപ്പട്ടിക' (Kill List) യുമായാണ് 600 ഓളം വരുന്ന വാഗ്നര്‍ ഗ്രൂപ്പ് യുക്രെന്‍റെ അതിര്‍ത്തി കടന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

പുടിന്‍റെ ഈ സ്വാകര്യ കൊലയാളി സംഘത്തെ കുറിച്ച് നേരത്തെയും നിരവധി ആരോപണങ്ങളുണ്ടായിരുന്നു, എല്ലാം മോസ്കോ നിഷേധിച്ചിരുന്നുവെങ്കിലും.  കഴിഞ്ഞ ഡിസംബറിൽ, യുക്രെൻ, സിറിയ, ലിബിയ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, സുഡാൻ, മൊസാംബിക്ക് എന്നിവിടങ്ങളിൽ വാഗ്നർ ഗ്രൂപ്പ് ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയെന്ന് യൂറോപ്യന്‍ യൂണിയന്‍ ആരോപിച്ചിരുന്നു. 

സര്‍ക്കാര്‍ വിമര്‍ക്ക് ആയുധങ്ങൾ വിതരണം ചെയ്യുക. പുടിന്‍റെ അനഭിമതരെ നിശബ്ദരാക്കുക എന്നതിനോടൊപ്പം പ്രത്യേക ഓപ്പറേഷനുകളിലും ഇവര്‍ പങ്കെടുക്കുന്നു. ഇന്ന് കിഴക്കന്‍ യുക്രെനിലെ റഷ്യന്‍ അനുകൂല സേനയായ വാഗ്നര്‍ ഗ്രൂപ്പിന് ആവശ്യമായ പരിശീലനവും ആയുധവും നല്‍കുന്നതും റഷ്യ തന്നെയാണ്. 

നീണ്ടതും പ്രത്യക്ഷവുമായ സൈനിക ഓപ്പറേഷനുകളെക്കാള്‍ നിശബ്ദമായ കൊലപാതകങ്ങളിലാണ് സംഘം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അതിക്രൂരമായ കൊലപാതകങ്ങളിലാണ് വാഗ്നര്‍ ഗ്രൂപ്പിന്‍റെ പേരില്‍ ആരോപിക്കപ്പെട്ടിരിക്കുന്നതില്‍ പലതും. തലയും കാലും കൈയും വെട്ടിമാറ്റി മൃതദേഹം കത്തിക്കുകയെന്നത് വാഗ്നര്‍ ഗ്രൂപ്പിന്‍റെ കൊലപാതകങ്ങളിലെ പ്രത്യേകതയായി കരുതപ്പെടുന്നു. 

2019 ല്‍  ഇത്തരത്തില്‍ കൊല ചെയ്യപ്പെട്ട നിരവധി പേരുടെ വീഡിയോ ഫുട്ടേജുകള്‍ വാഗ്നര്‍ ഗ്രൂപ്പിന്‍റെ പേരില്‍ പുറത്ത് വന്നിരുന്നു. സിറിയ, ലിബിയ, മൊസാംബിക്, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്ക് എന്നിവിടങ്ങളിൽ ഉൾപ്പെടെ ആഫ്രിക്കയിലുടനീളം വാഗ്നർ ഗ്രൂപ്പ് ഇത്തരം നിശബ്ദ യുദ്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ ആരോപിക്കുന്നു. 

പുടിന്‍‌റെ പിന്തുണയുള്ള സിറിയന്‍ സ്വേച്ഛാധിപതി ബാഷര്‍ അസദിനെ പുടിന്‍ വാഗ്നര്‍ ഗ്രൂപ്പിനെ സിറിയിലേക്ക് അയച്ചിരുന്നു. ലിബിയയില്‍ പ്രവര്‍ത്തിച്ചിരുന്ന വാഗ്നര്‍ ഗ്രൂപ്പ് സംഘം ഉപയോഗിച്ചിരുന്ന ടാബലെറ്റ് ബിബിസിക്ക് ലഭിച്ചിരുന്നു. ഇതില്‍ ഈ കൊലയാളി സംഘം ഉപയോഗിച്ചിരുന്ന അത്യാധുനിക റഡാർ സംവിധാനം എന്നിവയുൾപ്പെടെയുള്ള ആയുധങ്ങളുടെ നീണ്ട നിരതന്നെയുണ്ടായിരുന്നു. ഇതില്‍ ചില ഉപകരണങ്ങള്‍ റഷ്യയുടെ കൈവശമുള്ളവ മാത്രമായിരുന്നു. 

മാലിയിലും മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിലും വാഗ്നര്‍ ഗ്രൂപ്പുകളെത്തിയത് അതത് രാജ്യത്തെ ഭരണാധികാരികള്‍ ആവശ്യപ്പെട്ടിട്ടായിരുന്നു. മാലിയില്‍ നിന്ന് ഇസ്ലാമിക തീവ്രവാദികളോട് പൊരുതുന്ന തങ്ങളുടെ സൈന്യത്തെ പിന്‍വലിക്കാന്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞ കരണം മാലിയിലെ വാഗ്നര്‍ ഗ്രൂപ്പിന്‍റെ സാന്നിധ്യമാണ്. 

മാലി ഭരണകൂടം വാഗ്നര്‍ ഗ്രൂപ്പിനെ രാജ്യത്തെക്ക് ക്ഷണിച്ചത് ഇസ്ലാമിക തീവ്രവാദികളോട് പെരുതാനല്ല. മറിച്ച് രണ്ട് സൈനിക അട്ടിമറികളിലൂടെ രാജ്യത്തിന്‍റെ ഭരണാധികാരം പിടിച്ചെടുത്ത സൈന്യത്തെ സഹായിക്കാനാണ്. അവര്‍ക്കാകട്ടെ രാജ്യത്തെ കൊള്ളയടിക്കാനാണ് താത്പര്യം, ഫ്രഞ്ച് സൈന്യത്തെ പിന്‍വലിച്ചുകൊണ്ട് ഇമ്മാനുവല്‍ മക്രോണ്‍ പറഞ്ഞു. 

മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിലേക്ക് (CAR)പ്രസിഡന്‍റ് ഫൗസ്റ്റിൻ-ആർചേഞ്ച് ടൗഡേര വാഗ്നര്‍ ഗ്രൂപ്പകളെ സ്വാഗതം ചെയ്തതും ഇതേ ലക്ഷ്യം വച്ചുകൊണ്ടായിരുന്നു.  വിമതരെ അടിച്ചമര്‍ത്തുക എന്ന ലക്ഷ്യത്തോടെ.  2020 ജൂലൈ മുതൽ ഈ വർഷം വരെ രാജ്യത്ത് നടന്ന 500-ലധികം സംഭവങ്ങളില്‍ വാഗ്നര്‍ ഗ്രൂപ്പിന് പങ്കുള്ളതായി യുഎൻ രേഖപ്പെടുത്തി. 

ലൈംഗികാതിക്രമങ്ങൾ, നിയമവിരുദ്ധമായ കൊലപാതകങ്ങൾ, പീഡനങ്ങൾ എന്നിങ്ങനെയാണ് ആ ക്രൂരതകള്‍ പ്രതിഫലിപ്പിക്കപ്പെട്ടത്. ചില അക്രമങ്ങൾ വിമതർ നടത്തിയതാണെന്ന് തെളിഞ്ഞെങ്കിലും മിക്കതും റഷ്യൻ ഇൻസ്ട്രക്ടർമാർ' നടത്തിയതായി മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക് നീതിന്യായ മന്ത്രി അർനൗഡ് അബാസെൻ പിന്നീട് സമ്മതിച്ചു. 
 

2018-ൽ, മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിലെ വാഗ്നര്‍ ഗ്രൂപ്പിന്‍റെ കൊലപാതക പരമ്പരകള്‍ റിപ്പോര്‍ട്ട് ചെയ്ത മൂന്ന് റഷ്യന്‍ മാധ്യമപ്രവര്‍ത്തകര്‍ വെടിയേറ്റ് മരിച്ചു. ഈ സംഘത്തെ കുറിച്ച് അന്വേഷണമാരംഭിച്ച മറ്റൊരു പത്രപ്രവര്‍ത്തകന്‍ അഞ്ചാം നിലയിലുള്ള തന്‍റെ ഫ്ലാറ്റില്‍ നിന്ന് വീണു മരിച്ചതായി കണ്ടെത്തി. സിറിയയിലും മൊസാംബിക്കിലും ഐഎസിനെതിരായ പ്രവർത്തനങ്ങളിലും വാഗ്നർ പങ്കെടുത്തിട്ടുണ്ട്.

മൊസാംബിക്കിൽ, ഏഴ് വാഗ്നര്‍ ഗ്രൂപ്പിന്‍റെ കൂലിപ്പടയാളികളെ ഐഎസുമായി ബന്ധമുള്ള തീവ്രവാദികൾ കൊലപ്പെടുത്തിയിരുന്നു. ആഫ്രിക്കയിലുടനീളം വാഗ്നര്‍ ഗ്രൂപ്പിന് സ്വാധീനമുള്ള മേഖലയാണെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇവിടെങ്ങളിലെല്ലാം നിശബ്ദമായി കൊലപാതക പരമ്പരകള്‍ക്ക് നേത‍ൃത്വം നല്‍കാന്‍ വാഗ്നര്‍ ഗ്രൂപ്പിന് തയ്യാറായിരുന്നു. 

കഴിഞ്ഞ ജനുവരിയിൽ 2,000-നും 4,000-നും ഇടയിൽ വാഗ്നർ ഗ്രൂപ്പിന്‍റെ കൂലിപ്പടയാളികൾ യുക്രൈനില്‍ എത്തിയിരുന്നുവെന്ന് ടൈംസ് റിപ്പോർട്ട് ചെയ്തു.  എന്നാൽ, ഇവര്‍ക്ക് വ്യത്യസ്ത ദൗത്യങ്ങളായിരുന്നു നിര്‍വഹിക്കാനുണ്ടായിരുന്നത്. 600 ഓളം വരുന്ന സംഘത്തിന് വിവിധ ആളുകളുടെ കൊലപാതകമാണ് ചുമതലയെങ്കില്‍, മറ്റ് ചിലര്‍ക്ക് യുദ്ധവിമാനങ്ങള്‍ക്ക് ബോംബിടാനുള്ള കെട്ടിടങ്ങള്‍ അടയാളപ്പെടുത്തുക എന്നതാകും. 

വാഗ്നര്‍ ഗ്രൂപ്പുകളെ കുറിച്ച് ജോയിന്‍റ് ഫോഴ്‌സ് കമാൻഡിന്‍റെ മുൻ കമാൻഡറായ ജനറൽ സർ റിച്ചാർഡ് ബാരൺസ് പറഞ്ഞ വാക്കുകള്‍ ഏറെ പ്രശസ്തമാണ്. 'അവർ വളരെ ഫലപ്രദമാണ്, കാരണം, അവർക്ക് നിഴലിൽ നിന്ന് പ്രത്യക്ഷപ്പെടാനും വളരെ അക്രമാസക്തമായ കാര്യങ്ങൾ ചെയ്യാനും പിന്നീട് അത് പോലെ തന്നെ അപ്രത്യക്ഷമാകാനും കഴിയും, ആരാണ് ഉത്തരവാദിയെന്ന് മാത്രം വ്യക്തമാകില്ല. അവർക്ക് റഷ്യൻ സർക്കാരുമായി നേരിട്ട് ബന്ധമില്ല, അതിനാൽ തന്നെ അവയ്ക്ക് തെളിവുകളും കണ്ടെത്താന്‍ പറ്റില്ല.' എന്നായിരുന്നു. 

യുക്രെന്‍ പ്രധാനമന്ത്രി ഡെനിസ് ഷ്മിഹാലും പ്രസിഡൻഷ്യൽ ചീഫ് ഓഫ് സ്റ്റാഫ് ആൻഡ്രി യെർമക്കും അടക്കം  യുക്രെന്‍ കാബിനറ്റ് അംഗങ്ങള്‍, കീവ് മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ, അദ്ദേഹത്തിന്‍റെ സഹോദരൻ വ്ലാഡിമിർ എന്നിവരുൾപ്പെടെ 24 പേരുടെ 'കിൽ ലിസ്റ്റ്' ആണ് പുടിന്‍ വാഗ്നര്‍ ഗ്രൂപ്പിന് കൈമാറിയതായി പറയപ്പെടുന്നത്. 

ഇന്ന് റഷ്യയുടെ യുക്രൈന്‍ അധിനിവേശം ഒരു മാസം പിന്നിട്ടിരിക്കുന്നു. അക്രമണം ആരംഭിച്ച മൂന്നാമത്തെ ആഴ്ചയുടെ തുടക്കത്തില്‍ തന്നെ താന്‍ മൂന്ന് കൊലപാതക ശ്രമങ്ങളെ അതിജീവിച്ചെന്ന് പ്രസിഡന്‍റ് സെലെന്‍സ്കി അവകാശപ്പെട്ടിരുന്നു. സംഘത്തിലെ പലരെയും ഏറ്റുമുട്ടലിനിടെ വധിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. 

യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയുടെ ആവശ്യങ്ങളോട് സംവദിക്കാമെന്നും നാറ്റോ അംഗത്വം വേണമെന്ന കാര്യത്തില്‍ പുനരാലോചന നടത്താമെന്നും സെലെന്‍സ്കി പറഞ്ഞെങ്കിലും യുക്രൈന്‍ നിരുപരാധികം ആയുധം താഴെ വച്ചാല്‍ മാത്രമേ യുദ്ധം നിര്‍ത്തുവെന്ന വാശിയിലാണ് പുടിന്‍. അതിനിടെ യുക്രെന് 6,000 മിസൈലുകളും 25 മില്യൺ പൗണ്ടും യുകെ നൽകുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചു. 

undefined

Latest Videos

click me!