കൊവിഡിനെ മറയാക്കി ഹോങ്കോങിനെ അടിച്ചമർത്തി ചൈന
First Published | Jul 2, 2020, 2:56 PM ISTകൊവിഡിനെ മറയാക്കി ഹോങ്കോങിനെ അടിച്ചമർത്തി ചൈന. ഹോങ്കോങ്ങിന്റെ രാഷ്ട്രീയ ഭാവിയ്ക്ക് തുരങ്കം വയ്ക്കുന്ന പുതിയ നിയമം പാസ്സാക്കിയിരിക്കുകയാണ് ചൈന. ഹോങ്കോങ്ങിൽ നിലവിൽ നടന്നുവരുന്ന, 'ജനാധിപത്യം നിലനിർത്തണം' എന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭങ്ങളെ, ചൈന 'ഭീകരവാദം','വിധ്വംസനം', 'വിദേശ ഇടപെടൽ' എന്നൊക്കെയാണ് ആരോപിക്കുന്നത്.
ചെെനയുടെ കടന്നുകയറ്റത്തിൽ പ്രതിഷേധിച്ച് തെരുവിലിറങ്ങിയ ജനങ്ങളെ പൊലീസ് വേട്ടയാടുകയാണ്. ഇന്നലെ മാത്രം മുന്നൂറിലധികം ആൾക്കാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹോങ്കോങ്ങിലെ ജനങ്ങളുടെ മുന്നിൽ ചർച്ചക്ക് വെക്കാതെയാണ് അവരുടെ സ്വൈരജീവിതത്തെ ബാധിക്കുന്ന ഒരു ബിൽ ചൈന പാസ്സാക്കിയത്. ഒരു ജനതയക്കു മുകളിലുള്ള ചെെനയുടെ കടന്നുകയറ്റത്തെ പ്രതിരോധിക്കാൻ തെരുവിലിറങ്ങിവരെയാണ് പൊലീസ് നായാട്ടുനടത്തുന്നത്.
കഴിഞ്ഞ ഒരു വർഷത്തിലധികം കാലമായി വളരെ ശക്തമായ ജനാധിപത്യ പ്രക്ഷോഭങ്ങൾ നടന്നുകൊണ്ടിരിക്കുന്ന ഹോങ്കോങിനുമേൽ തങ്ങളുടെ സ്വാധീനം എത്രയും പെട്ടെന്ന് ഉറപ്പിക്കണം എന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി നേതാവായ ഷി ജിൻ പിങ്ങിന്റെ നയമാണ് ഈ നിയമം പാസാക്കാൻ കാണിച്ച ധൃതിയിലൂടെ അരക്കിട്ടുറപ്പിക്കപ്പെട്ടിരിക്കുന്നത്. ഈ നിയമം നടപ്പിൽ വന്നതോടെ ഹോങ്കോങ്ങിനെക്കുറിച്ചുള്ള ആശങ്കകൾ കൂടുതൽ ശക്തമായിരിക്കുകയാണ്.