പ്രധാനമന്ത്രി തെരഞ്ഞെടുപ്പ്; ഇറാഖ് പാര്‍ലമെന്‍റ് വളഞ്ഞ് ഷിയ മുസ്ലിങ്ങള്‍

First Published | Jul 29, 2022, 4:56 PM IST

കൊവിഡാനന്തര ലോകത്തില്‍ മറ്റൊരു പാര്‍ലമെന്‍റ് കൂടി ജനം കഴിഞ്ഞ ദിവസം വളഞ്ഞു. ശ്രീലങ്കയ്ക്ക് പിന്നാലെ ഇത്തവണ ഇറാഖി പാര്‍ലമെന്‍റാണ് ജനം കൈയേറിയത്. ശ്രീലങ്കയില്‍ ജനാധിപത്യപരമായ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തിന്‍റെ കുത്തഴിഞ്ഞ ഭരണത്തിനെതിരെയായിരുന്നു ജനരോഷമെങ്കില്‍ ഇറാഖില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് പത്ത് മാസമായിട്ടും ഒരു സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാത്തതിലുള്ള രോഷമായിരുന്നു പ്രകടിപ്പിക്കപ്പെട്ടത്. ഫെഡറല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ഏകദേശം 10 മാസത്തോളമായെങ്കിലും ഒരു സര്‍ക്കാറിനും അധികാരമേറാന്‍ കഴിയാത്തരീതിയില്‍ ഭരണ പ്രതിസന്ധിക്കിടെയായിരുന്നു ജനം പാര്‍ലമെന്‍റ് കൈയേറി പാട്ട് പാടി നൃത്തമാടിയത്. ഇറാഖിന്‍റെ ഭരണത്തില്‍ ഇറാന്‍റെ സ്വാധീനം വര്‍ദ്ധിച്ച് വരുന്നതിനെതിയുള്ള ഷിയാ മുസ്ലീങ്ങളുടെ പ്രതിഷേധം കൂടിയായിരുന്നു പാര്‍ലമെന്‍റ് വളയല്‍. 

ഇറാൻ പിന്തുണയുള്ള പാർട്ടികളുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിക്ക് എതിരെ നടന്ന പ്രകടനത്തിൽ നൂറുകണക്കിന് ഇറാഖി ഷിയാ മുസ്ലിങ്ങള്‍ ബുധനാഴ്ച ബാഗ്ദാദിലെ പാർലമെന്‍റ് മന്ദിരത്തിലേക്ക് ഇറാൻ വിരുദ്ധ മുദ്രാവക്യങ്ങള്‍ മുഴക്ക് ഇരച്ച് കയറി. 

പ്രതിഷേധക്കാരിൽ ഭൂരിഭാഗവും ഷിയാ പുരോഹിതൻ മുഖ്താദ അൽ സദറിന്‍റെ അനുയായികളായിരുന്നു. പുരുഷന്മാരായ പ്രകടനക്കാർ പാർലമെന്‍റ് മന്ദരിത്തിലെ  മേശകള്‍ക്ക് മുകളില്‍ നടന്നും ഇരുന്നും ഇറാഖി പതാക വീശിയും പാട്ട് പാടിയും പ്രതിഷേധിച്ചു. 


ഈ സമയത്ത് നിയമസഭാംഗങ്ങള്‍ ആരും ഹാജരായിരുന്നില്ല. സുരക്ഷാ സൈനികർ മാത്രമാണ് കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നത്. ആദ്യം പ്രതിഷേധക്കാര്‍ക്ക് നേരെ ചെറിയ തോതില്‍ എതിര്‍പ്പുകള്‍ ഉയര്‍ത്തിയിരുന്നെങ്കിലും പിന്നീട് അത്തരം പ്രതിരോധങ്ങളൊന്നും തന്നെയുണ്ടായിരുന്നില്ല. 

ഇറാൻ പിന്തുണയുള്ള ഷിയ പാർട്ടികളുടെയും അവരുടെ സഖ്യകക്ഷികളുടെയും നേതൃത്വത്തിലുള്ള സഖ്യമായ കോർഡിനേഷൻ ഫ്രെയിംവർക്ക് ബ്ലോക്കിന്‍റെ ഔദ്യോഗിക നോമിനിയായി മുഹമ്മദ് അൽ സുഡാനിയെ അടുത്തിടെ തെരഞ്ഞെടുത്തതിന് എതിരെയായിരുന്നു പ്രധാന പ്രതിഷേധം. 

മുഹമ്മദ് അൽ സുഡാനി ഇറാന്‍ പക്ഷപാതിയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. ഒക്ടോബറിൽ ഫെഡറൽ തെരഞ്ഞെടുപ്പ് നടന്നതിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിഷേധമായിരുന്നു കഴിഞ്ഞ ദിവസത്തെത്. ഒക്ടോബറിൽ നടന്ന ഫെഡറൽ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയിട്ടും അൽ-സദർ അടുത്തിടെ രാഷ്ട്രീയ പ്രക്രിയയിൽ നിന്ന് പിന്മാറിയിരുന്നു.

ഈ മാസം ഇത് രണ്ടാം തവണയാണ് ഷിയാ പുരോഹിതൻ മുഖ്താദ അൽ സദര്‍ ജനങ്ങളെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഈ മാസം ആദ്യം ഒരു കൂട്ട പ്രാർത്ഥനയ്ക്കുള്ള അദ്ദേഹത്തിന്‍റെ ആഹ്വാനം ഏറ്റെടുത്തെത്തിയത് ആയിരക്കണക്കിന് ആളുകളായിരുന്നു. 

ഈ പ്രാര്‍ത്ഥന ഒരു പ്രതിഷേധമായി സംഘടിക്കപ്പെടുമെന്ന് പലരും കരുതി. ഇതിന് ശേഷമാണ് കഴിഞ്ഞ ദിവസത്തെ പാര്‍ലമെന്‍റ് വളയല്‍. തന്‍റെ അനുയായികൾ പാർലമെന്‍റ് പിടിച്ചടക്കി മണിക്കൂറുകൾക്ക് ശേഷം, അൽ-സദർ ട്വിറ്ററിൽ ഒരു പ്രസ്താവന പുറപ്പെടുവിച്ചു, 

അവരുടെ സന്ദേശം ലഭിച്ചുവെന്നും "സുരക്ഷിതമായി നിങ്ങളുടെ വീടുകളിലേക്ക് മടങ്ങാൻ" അദ്ദേഹം പ്രതിഷേധക്കാരോട് ആഹ്വാനം ചെയ്തു. ഇതോടെ കുത്തിയിരിപ്പ് സമരം കൂടുതൽ രൂക്ഷമാകില്ലെന്ന് സൂചന പുറത്ത് വന്നു. തൊട്ടുപിന്നാലെ, സുരക്ഷാ സേനയുടെ മേൽനോട്ടത്തിൽ പ്രതിഷേധക്കാർ പാർലമെന്‍റ് മന്ദിരത്തിന് പുറത്തേക്ക് സുരക്ഷിതരായി എത്തി. 

ഈ സംഭവത്തോടെ അല്‍ സുഡാനിയുടെ നേതൃത്വത്തില്‍ ഒരു സര്‍ക്കാര്‍ രൂപീകരിച്ചാല്‍ വരാനുള്ളത് ഇതിലും രൂക്ഷമായ പ്രതികരണമാകും എന്ന് സൂചന നല്‍കാന്‍ അല്‍ സദറിന് കഴിഞ്ഞു. തന്‍റെ വലിയ അനുയായി വൃന്തത്തെ അണിനിരത്താനും നിയന്ത്രിക്കാനുമുള്ള അൽ-സദറിന്‍റെ കഴിവ് എതിരാളികൾക്ക് മേൽ ശക്തമായ മേല്‍കൈ നേടുമെന്ന് രാഷ്ട്രീയ വിദഗ്ദരും കരുതുന്നു. 

പ്രതിഷേധക്കാർ ഇറാനെതിരെ ശാപവാക്കുകൾ മുഴക്കി. “സുഡാനി, പുറത്ത് !” എന്ന് അവര്‍ ആഘ്രോഷിച്ചു. പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും ഉപയോഗിച്ച് പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാൻ ചെറിയ തോതില്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഈ പ്രതിരോധം മറികടന്നാണ് പ്രതിഷേധക്കാര്‍ ഗ്രീന്‍ സോണില്‍ കയറിയത്. 

കാവൽ പ്രധാനമന്ത്രി മുസ്തഫ അൽ-കാദിമി ശാന്തവും സംയമനവും പാലിക്കണമെന്നും പ്രതിഷേധക്കാർ പ്രദേശത്ത് നിന്ന് "ഉടൻ പിന്മാറണമെന്നും" ആവശ്യപ്പെട്ടു.  പ്രതിഷേധക്കാർ ഷിയാ പുരോഹിതൻ മുഖ്താദ അൽ സദറിന്‍റെ ഛായാചിത്രം വഹിച്ചുകൊണ്ടായിരുന്നു പ്രതിഷേധത്തിനെത്തിയത്.

സ്റ്റേറ്റ് ഓഫ് ലോ നേതാവും മുൻ പ്രധാനമന്ത്രിയുമായ നൂറി അൽ മാലിക്കിയാണ് അൽ സുഡാനിയെ തെരഞ്ഞെടുത്തത്. തെരഞ്ഞെടുക്കപ്പെട്ട പാര്‍ട്ടികളുടെ സഖ്യത്തില്‍ നിന്ന് ഒരാളെ പാര്‍ട്ടികള്‍ തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കുകയാണ് പതിവ്. 

ഷിയാ പുരോഹിതന്‍ അല്‍ സദറിന്‍റെ പാര്‍ട്ടിയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും സീറ്റുകള്‍ നേടുകയും ചെയ്തിരുന്നെങ്കിലും പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതിന് ആവശ്യമായ ഭൂരിപക്ഷം ഉറപ്പിക്കാന്‍ കഴിഞ്ഞില്ല. ഇതിനെ തുടര്‍ന്നാണ് അല്‍ സദര്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളില്‍ നിന്ന് പിന്മാറിയത്. 

ഇത് അല്‍സദറിന്‍റെ സമ്മര്‍ദ തന്ത്രമാണെന്ന് കരുതുന്നവരും കുറവല്ല. സാധാരണ ജനങ്ങള്‍ക്കിടയില്‍ പ്രത്യേകിച്ചും തലസ്ഥാനമായ ബാഗ്ദാദില്‍ അല്‍ സദറിന് മോശമല്ലാത്ത അനുയായിവൃന്തമുണ്ട്. 

ഈ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനും കൊണ്ട് നടക്കാനും കഴിയുമെന്ന് അല്‍ സദര്‍ ഇതിനകം തെളിയിച്ച് കഴിഞ്ഞ സ്ഥിതിക്ക് അദ്ദേഹം വില പേശാനും മടിക്കില്ലെന്ന് കരുതുന്നവരും കുറവല്ല. 

Latest Videos

click me!