Omicron in China: രണ്ട് പേര്‍ക്ക് ഒമിക്രോണ്‍; 5.5 ദശലക്ഷം ആളുകളെ നിര്‍ബന്ധിത ക്വാറന്‍റീനില്‍ കയറ്റി ചൈന

First Published | Jan 12, 2022, 4:32 PM IST

ണ്ടാം തരംഗം അടങ്ങുന്നതിന് മുമ്പ് തന്നെ മൂന്നാം തരംഗവുമായി കൊവിഡ് വീണ്ടും ലോകമെങ്ങും വ്യാപിക്കുകയാണ്. വാക്സീനേഷനും സാമൂഹിക അകലവും മാസ്ക്കും നിര്‍ബന്ധമാണെന്ന് പറയമ്പോഴും പലപ്പോഴും ഇതൊന്നും പാലിക്കപ്പെടുന്നില്ലെന്നതാണ് സത്യം. എന്നാല്‍ ചൈനയില്‍ കാര്യങ്ങള്‍ മുറപോലെയാണ്. വരാനിരിക്കുന്ന ബീജിംഗ് ഒളിമ്പിക്സ് റദ്ദാക്കാതിരിക്കാനായി രോഗബാധ സ്ഥിരീകരിക്കുന്നവരെയെല്ലാം സര്‍ക്കാര്‍ ക്വാറന്‍റീന്‍ കേന്ദ്രങ്ങളിലേക്ക്  വിടുകയാണ്. എന്നാല്‍ പീപ്പിള്‍സ് പാര്‍ട്ടി ഓഫ് ചൈനയുടെ ക്വാറന്‍റീന്‍ കേന്ദ്രങ്ങള്‍ ഏതാണ്ട് തടവറയ്ക്ക് തുല്യമാണെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. 

ചൈനയിലെ ഏതാണ്ട് 20 ദശലക്ഷം ആളുകൾ അവരുടെ വീടുകളിൽ നിന്ന് പുറത്തിറങ്ങാന്‍ പറ്റാതെ സ്വന്തം വീടുകളില്‍ തടവിലെന്ന പോലെ കഴിയുകയാണ്. സിയാനിലെ 13 ദശലക്ഷത്തിലധികം ആളുകൾ ക്വാറന്റൈനിലാണെന്നും ഇവര്‍ക്ക്  ഭക്ഷണം വാങ്ങാൻ പോലും വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നതിന് സര്‍ക്കാര്‍ വിലക്കുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

5.5 ദശലക്ഷം ആളുകൾ വസിക്കുന്ന അൻയാങ്, ഒമൈക്രോൺ വേരിയന്‍റിന്‍റെ രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് തിങ്കളാഴ്ച വൈകീട്ട് അടച്ച്പൂട്ടി. സിയാൻ ക്യാമ്പുകളിലേക്ക് അയച്ചവരിൽ ഗർഭിണികളും കുട്ടികളും പ്രായമായവരുമുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. 


ഓൺലൈനിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ട വീഡിയോകളിലും ചിത്രങ്ങളിലും ചെറിയ പെട്ടികളിൽ തടികൊണ്ടുള്ള കിടക്കയും ടോയ്‌ലറ്റുകളും അവയ്ക്കുള്ളില്‍ ഞെരുങ്ങി നില്‍ക്കുന്ന ആളുകളെയും കാണാം.  രണ്ടാഴ്ചയോളം അവിടെ തുടരാനാണ് അവര്‍ക്ക് കിട്ടിയ നിര്‍ദ്ദേശം.

പ്രഭവകേന്ദ്രത്തിലെ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ഹസ്മത്ത് സ്യൂട്ടുകൾ ധരിച്ച തൊഴിലാളികളാണ് ഭക്ഷണം നൽകുന്നത്. രോഗികളോട് ഏതാണ്ട് തടവുകാരോടെന്ന് പോലെയാണ് പെരുമാറുന്നത്. ഇത്തരം ചൈനീസ് കൊവിഡ് സെന്‍ററുകളില്‍ താമസിച്ചവര്‍ പറയുന്നത് തണുത്തുറഞ്ഞ ലോഹപ്പെട്ടികളിൽ തങ്ങൾക്ക് വളരെ കുറച്ച് ഭക്ഷണം മാത്രമാണ് അനുവദിച്ചിരുന്നതെന്നായിരുന്നു. 

ജനുവരി 1 ന് അർദ്ധരാത്രിക്ക് ശേഷം മിംഗ്‌ഡെ 8 യിംഗ്‌ലി ഹൗസിംഗ് കോമ്പൗണ്ടിലെ താമസക്കാരോട് വീടുവിട്ട് ക്വാറന്റൈൻ കേന്ദ്രത്തിൽ പ്രവേശിക്കണമെന്ന് സര്‍ക്കാര്‍ അറിയിച്ചു. കോവിഡ് പരിശോധനയ്‌ക്കായി ക്യൂ നിൽക്കുമ്പോൾ തന്നെ താമസക്കാർ ഇടകലർന്നതായി പ്രാദേശിക റിപ്പോർട്ടുകൾ പറയുന്നു. 

30 ബസുകളാണ് ഇവിടെ എത്തി ചേര്‍ന്നത്. ഇവിടെ നിന്ന് 1,000 പേരെ സ്ഥലം മാറ്റി. താമസക്കാരെ മണിക്കൂറുകളോളം ബസുകളിൽ നിർത്തി. ക്യാമ്പിലേക്ക് മാറ്റാൻ കാത്തിരിക്കുമ്പോൾ രാത്രിയിൽ ഒറ്റയ്ക്ക് നിൽക്കുന്ന ഒരാളുടെ ഒരു ചിത്രം ചൈനീസ് സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായി. 

ഈ ചിത്രങ്ങള്‍ ബിബിസി ഓൺലൈനിൽ കണ്ട ഒരു കമന്‍റ് ഇങ്ങനെയായിരുന്നു: 'ഒന്നുമില്ല ഇവിടെ, പ്രാഥമിക ആവശ്യങ്ങൾ മാത്രം. ആരും ഞങ്ങളെ പരിശോധിക്കാൻ ഇതുവരെയായിട്ടും വന്നിട്ടില്ല, ഇത് എന്തൊരു ക്വാറന്‍റൈനാണ്? എന്നായിരുന്നു. 

'അവർ രാത്രിയിൽ ആയിരത്തിലധികം ആളുകളെ ഒറ്റയടിക്ക് കൊണ്ട് പോയി. ഞങ്ങളിൽ പലരും പ്രായമായവരും കുട്ടികളുമാണ്. അവർ ശരിയായ ക്രമീകരണങ്ങളൊന്നും ചെയ്തിട്ടില്ല. അവർ ഞങ്ങളെ തികച്ചും അശ്രദ്ധമായാണ് പാർപ്പിച്ചിരിക്കുന്നത്..' എന്നിങ്ങനെ സാമൂഹ്യമാധ്യമങ്ങളില്‍ ചൈനയിലെ ക്വാറന്‍റീന്‍ രീതികള്‍ക്കെതിരെ വന്‍ വിമര്‍ശനമാണ് നടക്കുന്നത്. 

ക്യാമ്പിന് പുറത്ത്, ആവിയിൽ വേവിച്ച ബണ്ണുകൾ വാങ്ങാൻ വീട്ടിൽ നിന്ന് ഇറങ്ങിയ ഒരാളെ പാൻഡെമിക് തൊഴിലാളികൾ മർദ്ദിക്കുന്ന ദൃശ്യങ്ങളും ഇതിനിടെ സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ പ്രചാരം നേടി. അനിയാങ്ങിലും യൂഷൂവിലുമായി ഇപ്പോൾ  20 ദശലക്ഷം ആളുകൾ വീടുകളിൽ നിന്ന് പുറത്തിറങ്ങാന്‍ പറ്റാതെ കഴിയുകയാണെന്നാണ് വാര്‍ത്തകള്‍. 

ഒമിക്രോൺ വേരിയന്‍റിന്‍റെ രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടര്‍ന്ന് 5.5 ദശലക്ഷം ആളുകൾ താമസിക്കുന്ന അൻയാങ്ങില്‍ തിങ്കളാഴ്ച വൈകീട്ടാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. താമസക്കാർക്ക് പുറത്തിറങ്ങാൻ അനുവാദമില്ല, അവശ്യസാധനങ്ങൾ വിൽക്കുന്നവർ ഒഴികെയുള്ള കടകൾ അടച്ചിടാൻ ഉത്തരവുണ്ട്. 

രോഗബാധിതരായ ആളുകളെ എത്രയും വേഗം തിരിച്ചറിയുന്നതിനും 'ഒറ്റപ്പെടുത്തുന്നതിനുമുള്ള' ചൈനയുടെ കൊവിഡ് തന്ത്രത്തിലെ സ്റ്റാൻഡേർഡ് നടപടിക്രമമായ താമസക്കാരുടെ കൂട്ട പരിശോധന സുഗമമാക്കുന്നതിനുള്ള നടപടിയും പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാല്‍ അനിയാങ്ങിന്‍റെ ലോക്ക്ഡൗൺ എത്രത്തോളം നീണ്ടുനിൽക്കുമെന്ന് വ്യക്തമല്ല.

2020 ല്‍ കൊവിഡ് വ്യാപനത്തിന്‍റെ തുടക്കക്കാലത്ത് വുഹാനും മറ്റ് ഹുബെ പ്രവിശ്യയിലെ ഭൂരിഭാഗവും അടച്ചുപൂട്ടിയതിന് ശേഷം ചൈന അടച്ച് പൂട്ടുന്ന ഏറ്റവും കൂടുതല്‌‍ ജനസംഖ്യയുള്ള പ്രദേശമാണ് അൻയാങ്ങ്. ഫെബ്രുവരി 4 ന് ബീജിംഗിൽ ആരംഭിക്കുന്ന വിന്‍റർ ഒളിമ്പിക്‌സിന് മുന്നോടിയായി ഒമിക്‌റോണിന്‍റെ സാന്നിധ്യത്തെ ഇല്ലാതാക്കാനാണ് ചൈനയുടെ ശ്രമം. 

അതിനായി നഗരങ്ങളെ അപ്പാടെ ലോക്ഡൌണിലേക്ക് തള്ളിവിടുകയാണ്. ഒരു കൊവിഡ് പൊട്ടിത്തെറി തടയുന്നതിന് അത്ലറ്റുകളുടെയും ഉദ്യോഗസ്ഥരുടെയും സഹകരണം സംഘാടകർ പ്രതീക്ഷിക്കുന്നുണ്ടെന്ന് രോഗ നിയന്ത്രണത്തിന്‍റെ ഉത്തരവാദിത്തമുള്ള ബീജിംഗ് ഒളിമ്പിക്‌സ് ഉദ്യോഗസ്ഥൻ ഹുവാങ് ചുൻ പറഞ്ഞു.
 

Latest Videos

click me!