യുദ്ധമില്ല ചര്‍ച്ചയെന്ന് പറയുമ്പോഴും താലിബാനെതിരെ തയ്യാറെടുത്ത് പഞ്ച്ശീര്‍ താഴ്‍വാര
First Published | Aug 24, 2021, 1:02 PM IST
കാബൂളിലേക്ക് പ്രതിഷേധങ്ങളില്ലാതെ കടന്നുകയറാന്‍ താലിബാന് കഴിഞ്ഞെങ്കിലും പഞ്ച്ശീര്‍ താലിബാന് മുന്നില്‍ മുട്ട് മടക്കില്ലെന്ന നിലപാടിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഏറ്റുമുട്ടലില്‍ പഞ്ച്ശീറിന് സമീപത്തെ മൂന്ന് ജില്ലകള്‍ താലിബാനെ നേരിടുന്ന പ്രാദേശീക കൂട്ടായ്മ തിരിച്ച് പിടിച്ചിരുന്നു. എന്നാല്‍, ഇതിന് ശേഷം താലിബാന്‍ ശക്തമായ ഏറ്റുമുട്ടലില്‍ ബാനോ, ദേഹ് സാലിഹ്, പുൽ ഇ-ഹെസർ ജില്ലകള്‍ ഇന്നലെ തിരിച്ച് പിടിച്ചെന്ന അവകാശവാദമുമായി താലിബാനെത്തി. ആഗസ്റ്റ് 15 ന് അഫ്ഗാന്‍ പൂര്‍ണ്ണമായും കീഴടക്കിയെന്ന താലിബാന്‍റെ അവകാശവാദത്തെ തള്ളിക്കളഞ്ഞ് കൊണ്ടായിരുന്നു വടക്കന്‍ അഫ്ഗാനിസ്ഥാനിലെ പഞ്ച്ഷീര്‍ താഴ്വരയില്‍ പോരാട്ടം തുടങ്ങിയത്. താലിബാന്‍റെ അപ്രമാദിത്വം അംഗീകരിക്കാത്ത പ്രദേശീക സായുധ സംഘങ്ങളാണ് പഞ്ച്ഷീര്‍ താഴ്വരയുടെ നേതൃത്വം ഏറ്റെടുത്തിരിക്കുന്നത്. ഇവരുടെ നേതൃത്വത്തിലായിരുന്നു ബാനോ, ദേഹ് സാലിഹ്, പുൽ ഇ-ഹെസർ ജില്ലകൾ പിടിച്ചെടുത്തിരുന്നത്. ഇതോടെ അഫ്ഗാന്‍ താലിബാന് മുന്നില്‍ പൂര്‍ണ്ണമായും കീഴടങ്ങില്ലെന്നും വരും ദിവസങ്ങളില്‍ താലിബാനെതിരെ കൂടുതല്‍ പ്രദേശിക സായുധ സംഘങ്ങള്‍ മുന്നോട്ട് വരാനുമുള്ള സാധ്യത നിലനില്‍ക്കുകയാണ്.