മഹ്‌സ അമിനിയുടെ കൊലപാതകം; ഇറാനില്‍ ഹിജാബ് വലിച്ച് കീറിയും കത്തിച്ചും സ്ത്രീകള്‍ തെരുവിലിറങ്ങി

First Published | Sep 19, 2022, 1:11 PM IST

റാനില്‍ സ്ത്രീകളുടെ വസ്ത്രധാരണം സംബന്ധിച്ച് കഴിഞ്ഞ ആഴ്ചയാണ് പുതിയ വസ്ത്രധാരണച്ചട്ടം കൊണ്ടുവന്നത്. ഇബ്രാഹിം നെയ്സി സര്‍ക്കാര്‍ നിയമം കര്‍ശനമായി പാലിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഹിജാബ് ശരിയായി ധരിച്ചില്ലെന്നാരോപിച്ച് മത പോലീസ് പിടികൂടിയ 22 കാരിക്ക് ദാരുണാന്ത്യം. ഇതോടെ ഇറാനിലെമ്പാടും സ്ത്രീകള്‍ തെരുവിലിറങ്ങി ശക്തമായി പ്രതിഷേധിച്ചു. നിരവധി പേര്‍ തങ്ങളുടെ മുടി മുറിക്കുന്നതും ഹിജാബ് വലിച്ച് കീറി തീയിടുന്നതുമായ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു. ഇതോടെ മുല്ലപൂ വിപ്ലവത്തിന് ശേഷം പശ്ചിമേഷ്യയില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ പുതിയൊരു പ്രതിഷേധമുഖം തുറക്കുകയാണ്. 

പടിഞ്ഞാറന്‍ പ്രവിശ്യയായ കുര്‍ദിസ്ഥാനില്‍ നിന്ന് തലസ്ഥാനമായ ടെഹ്റാനിലേക്ക് കുടുംബസമേതം എത്തിയതായിരുന്നു മഹ്സ അമിനിയെന്ന് 22 കാരി. തലസ്ഥാന നഗരിയിലൂടെ യാത്ര ചെയ്യുമ്പോള്‍ തലമുടി കൃത്യമായി മറച്ചില്ലെന്നാരോപിച്ചായിരുന്നു മഹ്സ അമിനിയെ മത പോലീസ് അറസ്റ്റ് ചെയ്യുന്നത്. 

'അനുചിതമായ രീതിയിൽ' ഹിജാബ് ധരിച്ചതിനാണ് ഇറാനിലെ 'സദാചാര പോലീസ്' അമിനിയെ തടഞ്ഞുവച്ചു. പിന്നാലെ 'സദാചാര പോലീസ്' അറസ്റ്റ് ചെയ്യുതു. തുടര്‍ന്ന് "പുനർവിദ്യാഭ്യാസ പാഠത്തിനായി" ഒരു തടങ്കൽ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനിടെ ഹൃദയാഘാതം ഉണ്ടായി. ഇതിനെ തുടര്‍ന്ന് ആശുപത്രിയിലാക്കി അവരെ ആശുപത്രിയിലാക്കി എന്നാണ് ഇറാനിലെ മത പോലീസ് പറയുന്നത്.


എന്നാല്‍, പുതിയ ഹിജാബ് നിയമം വന്നതിന് ശേഷം മത പോലീസ് സ്ത്രീകള്‍ക്ക് നേരെ തിരിഞ്ഞതായി നിരവധി പരാതികളും ഉയര്‍ന്നിരുന്നു ഇതിനിടെയാണ് മഹ്‌സ അമിനിയും കുടുംബവും ടെഹ്റാനിലെത്തിയതും. മഹ്‌സ അമിനി ഹിജാബ് ധരിച്ചത് കൃത്യമായല്ലെന്ന് ആരോപിച്ച് മത പോലീസ് അവരെ പിടികൂടി വാനില്‍ കയറ്റി. 

പോലീസ് വാനില്‍ വച്ച് മത പോലീസ് മഹ്‌സ അമിനിയെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞതായി നിരവധി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ പോലീസ് ഇത് നിഷേധിച്ചു. ഈ സംഭവം കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷമാണ് മഹ്‌സ അമിനിയെ കസ്രയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

ക്രൂരമായ മര്‍ദ്ദനത്തിനിരയായ മഹ്‌സ അമിനി വെള്ളിയാഴ്ചയോടെ മരണത്തിന് കീഴടങ്ങി. മഹ്സ അമിനിക്ക് ഹൃദയാഘാതമാണെന്നായിരുന്നു മത പോലീസ് പറയുന്നത്. എന്നാല്‍ മഹ്സയ്ക്ക് ഹൃദയസംബന്ധമായ ഒരു അസുഖവും അതുവരെയുണ്ടായിരുന്നില്ലെന്ന് കുടുംബാഗങ്ങളും പറയുന്നു. 

ടെഹ്റാന്‍ സര്‍വ്വകലാശാലയ്ക്ക് പുറത്ത് ' സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം, ' എന്ന മുദ്രാവാക്യമുയര്‍ത്തി വിദ്യാര്‍ത്ഥികള്‍ അണിനിരന്നു. മുഖാവരണം മാറ്റി സ്ത്രീകളോട് പ്രതിഷേധത്തില്‍ പങ്കെടുക്കാനും സമരനേതാക്കള്‍ ആഹ്വാനം ചെയ്തു. കുര്‍ദ്ദിഷ് വംശജയാണ് മരിച്ച മഹ്സ അമിനി. 

മഹ്സയുടെ ശവസംസ്കാരം നടന്ന ജന്മനാടായ സാഖിസിലും സര്‍ക്കാര്‍ വിരുദ്ധ മുദ്രവാക്യങ്ങളുയര്‍ന്നു, മഹ്‌സ അമിനിയുടെ മരണ വാര്‍ത്ത പുറത്ത് വന്നതോടെ ഇറാനിലെ തെരുവുകളിലെങ്ങും പ്രതിഷേധം ശക്തമായി. ആയിരക്കണക്കിന് സ്ത്രീകള്‍ ഏകാധിപത്യ ഭരണത്തിനെതിരെ രാജ്യത്തെ വിവിധ നഗരങ്ങളില്‍ പ്രകടനം നടത്തി. 

“22 വയസ്സുള്ള മഹ്‌സ അമിനിയെ ഹിജാബ് പോലീസ് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഇറാൻ-സാഗെസിലെ സ്ത്രീകൾ ശിരോവസ്ത്രം അഴിച്ചുമാറ്റി. സ്വേച്ഛാധിപതിക്ക് മരണം ! ഹിജാബ് നീക്കം ചെയ്യുന്നത് ഇറാനിൽ ശിക്ഷാർഹമായ കുറ്റമാണ്. ലോകമെമ്പാടുമുള്ള സ്ത്രീകളോടും പുരുഷന്മാരോടും ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ഞങ്ങൾ ആഹ്വാനം ചെയ്യുന്നു.' എന്നാണ് വീഡിയോ പങ്കുവച്ച് ഇറാനിയൻ പത്രപ്രവർത്തകനും ആക്ടിവിസ്റ്റുമായ മസിഹ് അലിനെജാദ് ട്വിറ്ററിൽ കുറിച്ചത്. 

മഹ്‌സ അമിനിയെ സംസ്‌കരിച്ചതിന് ശേഷം ഇറാനിലെ സക്വസിലെ സുരക്ഷാ സേന സമാധാനപരമായ പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്തതായി ആരോപിണം ഉയര്‍ന്നു. നിരവധി പ്രതിഷേധക്കാർക്ക് പരിക്കേറ്റു. ആദ്യം ഹിജാബ് പോലീസ് 22 വയസ്സുള്ള ഒരു പെൺകുട്ടിയെ കൊന്നു. ഇപ്പോൾ സങ്കടപ്പെടുന്ന ആളുകൾക്ക് നേരെ തോക്കുകളും കണ്ണീർ വാതകവും പ്രയോഗിക്കുകയാണെന്ന്, മസിഹ് അലിനെജാദ് എന്ന ഇറാനിയന്‍ പൗരന്‍ ട്വിറ്ററില്‍ കുറിച്ചു. 

Ayatollah Ali Khamenei

തെരുവുകളില്‍ പ്രകടനം നടത്തിയ സ്ത്രീകള്‍ "സ്വേച്ഛാധിപതിക്ക് മരണം" എന്ന് മുദ്രവാക്യം വിളിച്ചു. രാജ്യത്തെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ പരാമർശിച്ച് നിരവധി സ്ത്രീകൾ തെരുവുകളില്‍ വച്ച് ശിരോവസ്ത്രം അഴിച്ചുമാറ്റി. പ്രതിഷേധം പ്രാദേശിക തലസ്ഥാനമായ സനന്ദജിലേക്ക് വ്യാപിക്കുകയും രാത്രി വൈകിയും നീണ്ടുനിന്നതായി റിപ്പോര്‍ട്ടുണ്ട്. 
 

Iranian President Ebrahim Raisi

പോലീസ് വാൻ തന്‍റെ സഹോദരിയുടെ വഴി തടസ്സപ്പെടുത്തുകയും അവളെ തട്ടിക്കൊണ്ടുപോകുകയും ചെയ്യുകയായിരുന്നു. താന്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ പോലീസുകാർ തന്‍റെ കൈ വളച്ചൊടിച്ചെന്നും ഒരു മണിക്കൂർ നേരത്തെ 'പുനർവിദ്യാഭ്യാസ ക്ലാസിന്' ശേഷം മഹ്‌സയെ  വിട്ടയക്കുമെന്ന് മത പോലീസ് പറഞ്ഞതായി  മഹ്‌സ അമിനിയുടെ സഹോദരന്‍ കൈരാഷ് മാധ്യമങ്ങളോട് പറഞ്ഞു. 

എന്നാല്‍, പിന്നീട് അവള്‍ക്ക് ഹൃദയാഘാതമുണ്ടായെന്നും മരിച്ചെന്നുമാണ് അറിയിച്ചതെന്നും ഇയാള്‍ പറഞ്ഞു. ഇറാനിലെ സാമൂഹിക മാധ്യമങ്ങളിലെങ്ങും ഇപ്പോള്‍ മഹ്‌സ അമിനിയ്ക്ക് നീതിക്ക് വേണ്ടിയുള്ള പ്രതിഷേധങ്ങള്‍ ശക്തിപ്പെടുകയാണ്. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോകളില്‍ അധികവും  സർക്കാർ വിരുദ്ധ മുദ്രാവാക്യം വിളിക്കുന്നതായും വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ചില വീഡിയോകളിൽ ഇറാനിയൻ സൈന്യം പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ലാത്തി വീശുന്നതും കണ്ണീർ വാതകം ഉപയോഗിക്കുന്നതും  കാണാം. ഏഴ് വയസ്സിന് മുകളിലുള്ള പെണ്‍കുട്ടികളും സ്ത്രീകളും മതപരമായ ശിരോവസ്ത്രം ധരിക്കണമെന്ന നിയമത്തിനെതിരെയുള്ള പ്രതിഷേധൺ ഇറാനിയൻ ഭരണത്തിനെതിരായ പ്രതിഷേധമായി രൂപപ്പെട്ടു. 
 

തെരുവുകളില്‍ പ്രതിഷേധത്തിനെത്തിയ നിരവധി സ്ത്രീകള്‍ ഹിജാബ് വലിച്ച് കീറി കത്തിച്ചും തങ്ങളുടെ മുടി പൊതു നിരത്തില്‍ വച്ച് മുറിച്ചും പ്രതിഷേധിച്ചു. ഇതോടെ ഇറാനില്‍ സ്ത്രീകള്‍ മുടി മുറിച്ച് അതിന്‍റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് തുടങ്ങി.

ഹിജാബ് ധരിക്കാതെ തങ്ങള്‍ക്ക് സ്കൂളിലും ജോലിക്കും പോകാന്‍ പറ്റാത്ത അവസ്ഥയാണെന്നും ഈ ലിംഗ വർണ്ണവിവേചന ഭരണത്തിൽ ഞങ്ങൾക്ക് മടുത്തെന്നും നിരവധി പേര്‍ സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു. 

Latest Videos

click me!