Shinzo Abe: ജപ്പാന്‍ കണ്ട ഏറ്റവും കരുത്തനായ പ്രധാനമന്ത്രിക്ക് വിട

First Published | Jul 8, 2022, 3:59 PM IST

യുദ്ധാനന്തര ജപ്പാന്‍ കണ്ട ഏറ്റവും കരുത്തനായ പ്രധാനമന്ത്രിക്ക് ഒടുവില്‍ ദാരുണാന്ത്യം. ഇന്നലെയാണ് അദ്ദേഹത്തിന് വെടിയേറ്റത്. ജപ്പാനിലെ നാര നഗരത്തിൽ വെച്ച് പൊതുപരിപാടിയിൽ പ്രസംഗിക്കുന്നതിനിടെ ഷിന്‍സോ ആബെയ്ക്ക് (Shinzo Abe) നേരെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. അദ്ദേഹത്തിന് നേരെ വെടിയുതിര്‍ത്ത 41-കാരനായ യമഗാമി തെത്സുയയെ വധശ്രമത്തിന് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ഷിന്‍സോ ആബെയെ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മരുന്നുകളോട് പ്രതികരിക്കാത്ത ശരീരം, ചികിത്സക്കിടെ ഹൃദയാഘാതം എന്നിവയുണ്ടായി. പിന്നിൽ നിന്ന് വന്ന അക്രമി രണ്ട് തവണ അദ്ദേഹത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. 2020 ഓഗസ്റ്റിൽ അനാരോഗ്യത്തെ തുടര്‍ന്നാണ് അദ്ദേഹം ജപ്പാന്‍റെ പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞത്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം ജപ്പാന്‍റെ തെരുവില്‍ തന്നെ വെടിയേറ്റ് വീണു. 

ജപ്പാനിലെ സാമ്പത്തിക സ്വാധീനമുള്ള  പ്രമുഖ രാഷ്ട്രീയ കുടുംബത്തിലാണ് ഷിൻസോ ആബെ ജനിച്ചത്. അദ്ദേഹത്തിന്‍റെ കുടുംബം യഥാർത്ഥത്തിൽ ജപ്പാന്‍റെ തെക്കന്‍ പ്രദേശമായ യമാഗുച്ചിയില്‍ നിന്നുള്ളതാണ്. ആബെയുടെ വസതിയും യമാഗുച്ചിയിലെ നാഗാറ്റോയിലാണ്. ഷിസോ ആബെയുടെ മുത്തച്ഛന്‍ നോബുസുകെ കിഷിയെ രണ്ടാം ലോകമഹായുദ്ധത്തിന് പിന്നാലെയുണ്ടായ അമേരിക്കന്‍ അധിനിവേശ കാലത്ത് യുദ്ധകുറ്റവാളിയായി മുദ്രകുത്തിയിരുന്നു. പിന്നീട് ഈ ആരോപണം ജപ്പാന്‍ പിന്‍വലിച്ചു. 

പിന്നീട് 1955-ൽ നോബുസുകെ കിഷി ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയില്‍ ചേര്‍ന്നു. 1957 മുതൽ 1960 വരെ ജപ്പാന്‍റെ പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്‍റെ പിതാവ് ഷിന്‍റാരോ ആബെ രണ്ടാം ലോകമഹായുദ്ധസമയത്ത്,  ഒരു കാമികേസ് പൈലറ്റാകാൻ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും പരിശീലനം പൂര്‍ത്തിയാക്കും മുമ്പ് യുദ്ധം അവസാനിച്ചു. 


തുടര്‍ന്ന് 1958 മുതൽ 1991 വരെ പ്രതിനിധി സഭയിൽ ചീഫ് കാബിനറ്റ് സെക്രട്ടറി, അന്താരാഷ്ട്ര വ്യാപാര വ്യവസായ മന്ത്രി, വിദേശകാര്യ മന്ത്രി എന്നീ നിലകളിലും ഷിന്‍റാരോ ആബെ സേവനമനുഷ്ഠിച്ചിരുന്നു. 1954 സെപ്തംബര്‍ 21 നാണ്  ഷിൻസോ ആബെ ജനിക്കുന്നത്.  ആബെ സെയ്കെയ് എലിമെന്‍ററി സ്കൂളിലും സെയ്കെയി ജൂനിയർ ആൻഡ് സീനിയർ ഹൈസ്കൂളിലുമായിരുന്നു അദ്ദേഹത്തിന്‍റെ പഠനം.  

തുടര്‍ന്ന് അദ്ദേഹം പബ്ലിക് അഡ്മിനിസ്‌ട്രേഷൻ പഠിക്കുകയും 1977-ൽ സെയ്‌കെയ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടി. തുടര്‍ന്ന് അദ്ദേഹം അമേരിക്കയിലേക്ക് പോയി. സതേൺ കാലിഫോർണിയ യൂണിവേഴ്‌സിറ്റിയിലെ സ്‌കൂൾ ഓഫ് പോളിസി, പ്ലാനിംഗ് ആൻഡ് ഡെവലപ്‌മെന്റിൽ പബ്ലിക് പോളിസിയായിരുന്നു അദ്ദേഹത്തിന്‍റെ വിഷയം. 

1979 ഏപ്രിലിൽ, ആബെ കോബ് സ്റ്റീലിൽ ജോലി ആരംഭിച്ചു. 1982-ൽ അദ്ദേഹം കമ്പനി വിട്ട് വിദേശകാര്യ മന്ത്രിയുടെ എക്‌സിക്യൂട്ടീവ് അസിസ്റ്റന്‍റ്, എൽഡിപി ജനറൽ കൗൺസിൽ ചെയർപേഴ്‌സന്‍റെ പ്രൈവറ്റ് സെക്രട്ടറി, എൽഡിപി സെക്രട്ടറി ജനറലിന്‍റെ പ്രൈവറ്റ് സെക്രട്ടറി തുടങ്ങി നിരവധി സർക്കാർ പദവികൾ വഹിച്ചു. 

1993-ലെ തെരഞ്ഞെടുപ്പിൽ ജനപ്രതിനിധിസഭയിലേക്ക് ആബെ തെരഞ്ഞെടുക്കപ്പെട്ടു. 2005 സെപ്റ്റംബറിൽ പ്രധാനമന്ത്രി ജൂനിചിറോ കൊയ്‌സുമി അദ്ദേഹത്തെ ചീഫ് കാബിനറ്റ് സെക്രട്ടറിയായി നിയമിച്ചു. 2006 സെപ്റ്റംബറിൽ അദ്ദേഹം എൽഡിപി പ്രസിഡന്‍റായി ഉയര്‍ത്തപ്പെട്ടു. തുടർന്ന് ദേശീയ ഡയറ്റിന്റെ ഒരു പ്രത്യേക സെഷനിലൂടെ അദ്ദേഹം പ്രധാനമന്ത്രിയായി.

യുദ്ധാനന്തര ജപ്പാനിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ജനിച്ച ആദ്യത്തെ പ്രധാനമന്ത്രി. ആ വർഷത്തെ ഹൗസ് ഓഫ് കൗൺസിലേഴ്‌സ് തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്‍റെ പാർട്ടി പരാജയപ്പെട്ടു. പിന്നാലെ വൻകുടൽ പുണ്ണ് മൂലമുണ്ടാകുന്ന ആരോഗ്യപരമായ സങ്കീർണതകൾ കാരണം, ഒരു വർഷത്തെ ഭരണത്തിന് ശേഷം ആബെ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു. 

തുടര്‍ന്ന് പതിനാറ് മാസത്തിനിടെ അഞ്ച് പ്രധാനമന്ത്രിമാര്‍ ജപ്പാനില്‍ അധികാരത്തിലേറി. ആര്‍‌ക്കും കാലാവധി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ പതിനാറ് മാസങ്ങള്‍ക്ക് ശേഷം ആബെ അപ്രതീക്ഷിത രാഷ്ട്രീയ തിരിച്ചുവരവ് നടത്തി.

മുൻ പ്രതിരോധ മന്ത്രി ഷിഗെരു ഇഷിബയെ 2012 സെപ്റ്റംബറിൽ രണ്ടാം തവണയും എല്‍ഡിപി പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. ഡിസംബറിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ എല്‍‍‍ഡിപിയുടെ വൻ വിജയത്തെ തുടർന്ന് അദ്ദേഹം, 1948-ൽ ഷിഗെരു യോഷിദയ്ക്ക് ശേഷം ഓഫീസിൽ തിരിച്ചെത്തുന്ന ആദ്യ മുൻ പ്രധാനമന്ത്രിയായി ചരിത്രം സൃഷ്ടിച്ചു. 

എന്നാല്‍ 2014-ലെയും 2017-ലെയും തെരഞ്ഞെടുപ്പുകളിൽ എൽഡിപി വീണ്ടും പരാജയം രുചിച്ചു.  എങ്കിലും ഇതിനിടെ ജപ്പാനിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന പ്രധാനമന്ത്രിയായി അദ്ദേഹം മാറിയിരുന്നു. 2020 ഓഗസ്റ്റിൽ, തന്‍റെ വൻകുടൽ പുണ്ണ് വീണ്ടും സജീവമായെന്ന് അറിയിച്ച അദ്ദേഹം രണ്ടാമതും പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു. ഡയറ്റ് ചീഫ് കാബിനറ്റ് സെക്രട്ടറി യോഷിഹിഡെ സുഗയെ തന്‍റെ പിൻഗാമിയായി തെരഞ്ഞെടുത്തതിന് ശേഷം സെപ്റ്റംബർ 16-ന് അദ്ദേഹം രാജി സമർപ്പിച്ചു.

ജാപ്പനീസ് വലതുപക്ഷ ദേശീയവാദിയെന്ന് രാഷ്ട്രീയ നിരൂപകർ പരക്കെ വിശേഷിപ്പിച്ച യാഥാസ്ഥിതികനായിരുന്നു ആബെ. രണ്ടാം ലോക മഹായുദ്ധസമയത്ത് കംഫർട്ട് സ്ത്രീകളെ റിക്രൂട്ട് ചെയ്യുന്നതിൽ ഗവൺമെന്‍റ് നിർബന്ധത്തിന്‍റെ പങ്ക് നിഷേധിക്കുന്നത് ഉൾപ്പെടെ, ജാപ്പനീസ് ചരിത്രത്തിൽ അദ്ദേഹം നിഷേധാത്മക നിലപാടുകള്‍ എടുത്തിരുന്നു.

ജാപ്പനീസ് പ്രതിരോധ നയവുമായി ബന്ധപ്പെട്ട് അദ്ദേഹം ഒരു കടുത്ത നിലപാടുകാരനായി അറിയപ്പെട്ടു. കൂടാതെ രണ്ടാം ലോക മഹായുദ്ധത്തിന്‍റെ പരാജയത്തെ തുടര്‍ന്ന് അവസാനിപ്പിച്ച ജപ്പാന്‍റെ സൈനിക സേനയെ നിലനിർത്താൻ ജപ്പാനെ അനുവദിക്കുന്നതിനായി സമാധാനപരമായ ജാപ്പനീസ് ഭരണഘടനയുടെ ആർട്ടിക്കിൾ 9 പരിഷ്കരിക്കണമെന്നും അദ്ദേഹം വാദിച്ചിരുന്നു. 

കഴിഞ്ഞ ജൂലൈ 8ന് ഹൗസ് ഓഫ് കൗൺസിലർമാരുടെ തെരഞ്ഞെടുപ്പിന് നാരയിൽ പ്രചാരണ പ്രസംഗം നടത്തുന്നതിനിടെ രാവിലെ 11:30 നാണ് ആബെയ്ക്ക് വെടിയേല്‍ക്കുന്നത്.  വെടിയേറ്റതിന് പിന്നാലെ അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

ലോകമൊട്ടുക്കും സുഹൃത്തുക്കളുള്ള അദ്ദേഹത്തിന്‍റെ മടങ്ങിവരവിനായി നിരവധി പേര്‍ കാത്തിരിക്കുമ്പോള്‍ ആബെ ഈ ലോകത്തോട് വിടപറഞ്ഞു. ജാപ്പാനില്‍ പ്രധാനമന്ത്രിമാരുടെ കൊലപാതകം ആദ്യത്തെതല്ല. കൊല്ലപ്പെടുന്ന അഞ്ചാമത്തെ മുൻ ജാപ്പനീസ് പ്രധാനമന്ത്രിയാണ് ആബെ. 

Latest Videos

click me!