മള്‍ഡോവന്‍ പ്രസിഡന്‍റ് മായ സന്ദു
യുക്രൈന്‍ ആക്രമണ വേളയില്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍റെ ആരോപത്തിന് സമാനമാണ് റുസ്തം മിനെകയേവിന്‍റെ വാക്കുകളും. യുക്രൈന്‍റെ തെക്ക് കിഴക്കന്‍ മേഖലയായ ഡോണ്‍ബാസിലെ റഷ്യന്‍ വിഘടനവാദികള്‍ക്ക് നേരെ യുക്രൈന്‍ വംശഹത്യ നടത്തുന്നുവെന്നും, ഇവരുടെ സ്വാതന്ത്ര്യമാണ് റഷ്യയുടെ ലക്ഷ്യമെന്നുമായിരുന്നു പുടിന്‍ അവകാശപ്പെട്ടിരുന്നത്.
യുക്രൈന്‍റെ പടിഞ്ഞാറന്‍ രാജ്യമായ മള്‍ഡോവയുടെ ഭാഗമായി അന്താരാഷ്ട്രാ തലത്തില്‍ അംഗീകരിക്കപ്പെട്ട ട്രാൻസ്നിസ്ട്രിയയിലേക്ക് റഷ്യയുടെ സൈന്യം നീങ്ങുമെന്നാണ് മേജർ ജനറൽ റുസ്തം മിനെകയേവ് പറഞ്ഞത്. ഇതിന് കാരണമായി പറഞ്ഞതാകട്ടെ, ട്രാൻസ്നിസ്ട്രിയയില്‍ അടിച്ചമര്‍ത്തപ്പെട്ട റഷ്യക്കാരുണ്ടെന്നായിരുന്നു.
ഈ പ്രസ്താവനകൾ അടിസ്ഥാനരഹിതവും മൾഡോവ റിപ്പബ്ലിക്കിന്‍റെ പരമാധികാരത്തെയും പ്രദേശിക സമഗ്രതയെയും പിന്തുണയ്ക്കുന്ന റഷ്യൻ ഫെഡറേഷന്‍റെ നിലപാടിന് വിരുദ്ധവുമാണെന്ന് മോൾഡോവയുടെ വിദേശകാര്യ മന്ത്രാലയം അതിന്‍റെ വെബ്‌സൈറ്റിൽ പറഞ്ഞു.
മൾഡോവ റിപ്പബ്ലിക് ഒരു നിഷ്പക്ഷ രാഷ്ട്രമാണെന്നും റഷ്യൻ ഫെഡറേഷൻ ഉൾപ്പെടെ എല്ലാ അന്താരാഷ്ട്ര രാജ്യങ്ങളും ഇത് അംഗീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അതിര്‍ത്തി രാജ്യമായ യുക്രൈന്‍ ആക്രമണത്തിനുള്ള കാരണമായി റഷ്യ മുന്നോട്ട് വച്ച ന്യായം തന്നെയാണ് ഇപ്പോള്‍ തങ്ങള്‍ക്ക് നേരെയും ചൂണ്ടുന്നതെന്ന് മള്‍ഡോവ പ്രതികരിച്ചു.
കരിങ്കടലില്‍ വച്ച് റഷ്യയുടെ യുദ്ധക്കപ്പല്‍ മോസ്ക്‍വ യുക്രൈന്‍ മുക്കിയതിനെ തുടര്‍ന്ന് റഷ്യയ്ക്ക് കരിങ്കടലില്‍ ആധിപത്യം നഷ്ടപ്പെട്ടെന്നും ഇത് ഈ മേഖലയിലെ യുദ്ധം നീട്ടിക്കൊണ്ട് പോകുമെന്നാനുള്ള സാധ്യതയാണ് കാണിക്കുന്നതെന്നും യുദ്ധ വിദഗ്ദരും റിപ്പോര്‍ട്ട് ചെയ്തു.
ഇതിനിടെയാണ് റഷ്യ, യുക്രൈന്‍റെ തെക്ക് കിഴക്കന്‍ മേഖലയില്‍ നിന്ന് തെക്കന്‍ തീരം വഴി പടിഞ്ഞാന്‍ മേഖലയിലേക്ക് പുതിയ ഇടനാഴി നിര്‍മ്മിക്കുമെന്ന് അവകാശപ്പെട്ടിരിക്കുന്നത്. യുക്രൈന്‍റെ തെക്കന്‍ തീരദേശ നഗരമായ മരിയുപോള്‍ റഷ്യയുടെ കൈവശമാണ്. അതുപോലെ തന്നെ തെക്കന്‍ പ്രദേശത്തെ ചെറു പട്ടണങ്ങളെല്ലാം റഷ്യ കീഴടക്കി കഴിഞ്ഞു.
തങ്ങള്‍ കീഴടക്കിയ പ്രദേശങ്ങളില്‍ റഷ്യന്‍ അനുകൂല തരംഗം സൃഷ്ടിക്കുന്നതിനായി സ്വാതന്ത്ര്യ ഹിതപരിശോധന നടത്താന്‍ റഷ്യ തീരുമാനിച്ചതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇതിനായി യുക്രൈന്‍റെ തെക്കന്‍ നഗരങ്ങളായ ഖര്‍സണിലും (Kherson) സപ്പോരിജിയയ്ക്കും (Zaporizhzhia) ചുറ്റുമുള്ള അധിനിവേശ പ്രദേശങ്ങളില്‍ ഹിതപരിശോധന നടത്താൻ റഷ്യ പദ്ധതിയിട്ടിരുന്നതായി യുക്രൈന്‍ പ്രതിരോധ മന്ത്രാലയത്തിന്‍റെ വക്താവ് ആരോപിച്ചു.
ഇത്തരം ഹിത പരിശോധനകളിലെ കാപട്യം തിരിച്ചറിയണമെന്നും ജനങ്ങള്‍ സ്വന്തം ഐഡന്‍റിറ്റി വെളിപ്പെടുത്തരുതെന്നും യുക്രൈന്‍ പ്രസിഡന്‍റ് സെലെന്‍സ്കി പറഞ്ഞിരുന്നു. ഇതിനിടെയാണ് മള്‍ഡോവയിലെ റഷ്യന്‍ വംശജര്‍ താമസിക്കുന്ന പ്രദേശങ്ങളിലേക്ക് കൂടി സൈനിക നീക്കം വ്യപിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.
യൂറോപ്പിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നായ മള്‍ഡോവ, പഴയ സോവിയേറ്റ് യൂണിയന്‍റെ ഭാഗമായിരുന്നു. 1992 ല്‍ മള്‍ഡോവയുടെ കിഴക്കന്‍ മേഖലയായ ഡൈനിസ്റ്റർ നദിയുടെ തീരമായ ട്രാൻസ്നിസ്ട്രിയയില്‍ മള്‍ഡോവന്‍ സേനയും റഷ്യന്‍ പിന്തുണയുള്ള വിഘടനവാദികളും തമ്മില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടു.
രക്തരൂക്ഷിതമായ യുദ്ധത്തിനൊടുവില്‍ 1995 മുതൽ 1300 റഷ്യന്‍ സൈനികരാണ് ഈ പ്രദേശം നിയന്ത്രിക്കുന്നത്. അതുകൊണ്ട് തന്നെ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കപ്പെട്ടെങ്കിലും ട്രാൻസ്നിസ്ട്രിയയിലെ സംഘര്‍ഷം പരിഹരിക്കപ്പെട്ടില്ല.
2014 ല്‍ യുക്രൈന്‍റെ ഭാഗമായിരുന്ന ക്രിമിയന്‍ ഉപദ്വീപ് പിടിച്ചെടുത്തതിന് ശേഷം യുക്രൈന്‍റെ തെക്ക് കിഴക്കന്‍ മേഖലയില്‍ റഷ്യന്‍ വിഘടനവാദികള്‍ ശക്തി പ്രാപിക്കുകയും നിരന്തരം സംഘര്‍ഷത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഈ പ്രദേശങ്ങളിലെ റഷ്യന്‍ വംശജരെ യുക്രൈന്‍ വംശഹത്യ ചെയ്യുന്നുവെന്ന് ആരോപിച്ചാണ് റഷ്യയിപ്പോള്‍ യുക്രൈനിലേക്കുള്ള സൈനിക നടപടി ആരംഭിച്ചത്.
യുക്രൈന്‍റെ അനുഭവം കണ്‍മുന്നിലുള്ളത് കൊണ്ടാണ്, യുക്രൈന്‍റെ തെക്ക് കിഴക്കന്‍ പ്രദേശങ്ങള്‍ കീഴടക്കിക്കഴിഞ്ഞാല്‍ അടുത്തതായി ട്രാൻസ്നിസ്ട്രിയയിലേക്ക് നീങ്ങുമെന്ന റഷ്യന്‍ മേജര്‍ ജനറലിന്‍റെ വാക്കുകള്‍ മള്‍ഡോവയുടെ ആശങ്കയേറ്റുന്നതും. ട്രാൻസ്നിസ്ട്രിയ, മള്‍ഡോവയുടെ ഭാഗമാണെന്ന് അന്താരാഷ്ട്രാതലത്തില്‍ അംഗീകരിക്കപ്പെട്ടതാണ്.
എന്നാല്‍, ട്രാൻസ്നിസ്ട്രിയയിലെ റഷ്യന്‍ വിഘടനവാദികള്‍ക്ക് പൗരത്വം നൽകിയ റഷ്യയാണ് ഈ പ്രദേശത്തെ ഫലപ്രദമായി നിയന്ത്രിക്കുന്നത്. ഏകദേശം 1,300 -ഓളം റഷ്യൻ സൈനികർ ഈ പ്രദേശത്ത് വിന്യസിക്കപ്പെട്ടിട്ടുണ്ട്. പഴയ സോവിയറ്റ് യൂണിയനില്‍ നിന്നും പുറത്ത് വന്ന ജോര്‍ജിയയും യുക്രൈനും നാറ്റോ അംഗത്വത്തിനായി അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്.
എന്നാല്‍, മറ്റൊരു സോവിയറ്റ് യൂണിയന്‍ രാജ്യമായ മള്‍ഡോവ നാറ്റോ അംഗത്വത്തിന് ഇതുവരെ അപേക്ഷിച്ചിട്ടില്ല. വെറും 2.6 മില്യൺ ജനസംഖ്യമാത്രമുള്ള കര അതിര്‍ത്തികള്‍ മാത്രമുള്ള കുഞ്ഞന്‍ രാജ്യമാണ് മള്‍ഡോവ. തെക്കും കിഴക്കും വടക്കും യുക്രൈനുമായി അതിര്‍ത്തി പങ്കിടുമ്പോള്‍ റഷ്യന്‍ അനുകൂല രാജ്യമായ റോമാനിയയുമായി പടിഞ്ഞാന്‍ അതിര്‍ത്തി പങ്കിടുന്നു.
വളരെ ചെറിയ രാജ്യമായത് കൊണ്ടും അതിര്‍ത്തികളില്‍ മറ്റ് പ്രശ്നങ്ങളില്ലാത്തതിനാലും കാര്യമായ സൈനിക ശേഷയും മള്‍ഡോവയ്ക്കില്ല. പതിനായിരത്തോളം സജീവ സൈനികര്‍ മാത്രമാണ് രാജ്യത്തുള്ളത്. അതിനാല്‍ റഷ്യന്‍ അക്രമണമുണ്ടായാല്‍ പിടിച്ച് നില്‍ക്കാനോ പോരാടാനോ മള്‍ഡോവയ്ക്ക് കഴിയില്ല.
തന്‍റെ 70 -ാം പിറന്നാള്‍ ആഘോഷ വേളയില്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ളോഡിമിര്‍ പുടിന്‍ മുന്‍ റഷ്യന്‍ രാജ്ഞി കാതറിനെ അനുസ്മരിച്ചിരുന്നു. കാതറിന്‍ ദ ഗ്രേറ്റ് (Catherine the Great) എന്ന് പ്രശസ്തയായ രാജ്ഞിയുടെ ഭരണകാലത്ത് യുക്രൈന്‍റെ തെക്കന്‍ തീരവും കരിങ്കടല്‍ പ്രദേശം മുഴുവനും റഷ്യയുടെ കീഴിലായിരുന്നു.
ഇന്ന് യുക്രൈന്‍റെ ഭാഗമായ ഒഡേസ ( Odessa), മരിയുപോള്‍ (Mariupol), മൈക്കോളൈവ് (Mykolaiv) എന്നീ നഗരങ്ങളും അന്ന് റഷ്യയുടെ ഭരണത്തിന് കീഴിലായിരുന്നു. കാതറിനെ ഓര്‍മ്മിച്ച് കൊണ്ട് പ്രസിഡന്‍റ് പുടിന്‍ പറഞ്ഞത് 'ഞാന്‍, കാതറിൻ ദ ഗ്രേറ്റിനെ അനുകരിക്കാൻ ആഗ്രഹിക്കുന്നു' വെന്നായിരുന്നു.
'എന്‍റെ നാവും പേനയും വാളും കൊണ്ട് ഞാൻ എന്‍റെ മാതൃരാജ്യത്തെ സംരക്ഷിക്കും. ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം. ഈ മഹത്തായ സ്ത്രീയെ അനുകരിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും പുടിന്‍ പറഞ്ഞു. ഇതിനിടെ മരുയപോളില്‍ യുദ്ധം അവസാനഘട്ടത്തിലാണെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ദിവസം മരിയുപോള്‍ കീഴടക്കിയെന്ന് റഷ്യ അവകാശപ്പെട്ടിരുന്നു. എന്നാല്‍, അവശേഷിക്കുന്ന 2000 ത്തോളം സൈനികരും സാധാരണക്കാരും മരിയുപോളിലെ ഏറ്റവും വലിയ സ്റ്റീല്‍ പ്ലാറ്റായ അസോവ്സ്റ്റൽ വ്യവസായ കേന്ദ്രത്തിൽ അഭയം പ്രാപിച്ചിരിക്കുകയാണ്.
ഇവിടെക്കുള്ള വഴി ഉപരോധിച്ച റഷ്യന്‍ സൈനികരോട് പ്രദേശത്ത് നിന്ന് ഒരു ഈച്ച പോലും രക്ഷപ്പെടരുതെന്ന് ആജ്ഞാപിച്ചു. 2014 ല്‍ കീഴടക്കിയ ക്രിമിയയ്ക്കു റഷ്യന്‍ വിമത പ്രദേശമായ ഡോണ്‍ബാസിനും ഇടയിലാണ് മരിയുപോളിന്‍റെ സ്ഥാനം. അതിനാല്‍, മരിയുപോളിന്‍റെ നിയന്ത്രം ഏറ്റടുത്താല്‍ റഷ്യയ്ക്ക് കിഴക്കന്‍ യുക്രൈനില്‍ നിന്ന് ക്രിമിയയിലേക്ക് ഇടനാഴി രൂപപ്പെടുത്താന്‍ കഴിയും.
പുടിനും അദ്ദേഹത്തിന്‍റെ അനുയായികളും വര്‍ഷങ്ങളായി സാര്‍ ചക്രവര്‍ത്തിയുടെയും കാതറിന്‍റെയും കാലഘട്ടത്തിലെ റഷ്യയുടെ ഭൂവിസ്തൃതിയെ കുറച്ചാണ് സംസാരിക്കുന്നത്. അതോടൊപ്പം റഷ്യൻ, ഓട്ടോമൻ സാമ്രാജ്യങ്ങൾ തമ്മിലുള്ള 1792 ലെ ജാസി ഉടമ്പടിയെ കുറിച്ചും പ്രത്യേക പരാമര്‍ശനം നടത്തുന്നു.
ഇതെല്ലാം തന്നെ വിശാലമായ 'റഷ്യന്‍ സാമ്രാജ്യ'മെന്ന പുടിന്‍റെ സ്വപ്നത്തിന്‍റെ തുടര്‍ച്ചകളാണെന്ന് അഭിപ്രായപ്പെടുന്നവരും കുറവല്ല. 'റഷ്യന്‍ സാമ്രാജ്യ' പുനസ്ഥാപനമാണ് പുടിന്‍റെ രാഷ്ട്രീയ ലക്ഷ്യം. അതിനായി ആദ്യം ക്രിമിയ പിടിച്ചെടുത്തു. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ക്രിമിയയ്ക്ക് വടക്കുള്ള യുക്രൈന്‍ പ്രദേശമായ ഡോണ്‍ബാസ് കീഴടക്കി.
അടുത്തതായി തങ്ങളാണ് പുടിന്‍റെ ലക്ഷ്യമെന്ന മള്‍ഡോവയുടെ ആശങ്കയ്ക്ക് കാരണവും പുടിന്‍റെ ഈ സാമ്രാജ്യ സ്വപ്നം തന്നെ. " എന്തുകൊണ്ട് ? ദൈവത്തിനറിയാം. ഇപ്പോൾ അവൻ അവരെ ഒന്നൊന്നായി ടിക്ക് ചെയ്യുന്നു. കാതറിൻ സ്ഥാപിച്ച ഒഡെസയ്‌ക്കൊപ്പം, അതിനുശേഷം മൾഡോവ.' മേജർ ജനറൽ റുസ്തം മിനെകയേവ് പറഞ്ഞു.
"യുക്രൈന്‍റെ തെക്ക് പ്രദേശത്തെ നിയന്ത്രണം ട്രാൻസ്നിസ്ട്രിയയിലേക്കുള്ള മറ്റൊരു വഴിയാണ്. അവിടെ റഷ്യൻ സംസാരിക്കുന്ന ജനസംഖ്യയെ അടിച്ചമർത്തുന്ന വസ്തുതകളുണ്ട്. " മിനെകയേവ് കൂട്ടിച്ചേര്‍ത്തു. മള്‍ഡോവയുടെ ഭാഗമാണെങ്കിലും റഷ്യന്‍ സൈനികരാല്‍ നിയന്ത്രിക്കപ്പെടുന്ന ട്രാൻസ്നിസ്ട്രിയയിലേക്ക് റഷ്യന്‍ പട്ടാളം നീങ്ങുമോയെന്നാണ് ഇപ്പോള്‍ ലോകം ഉറ്റുനോക്കുന്നത്.
ഇതിനിടെ മരിയുപോളില്‍ തങ്ങളുടെ സൈനികര്‍ പോരാട്ടം തുടരുകയാണെന്നും ബങ്കറുകളിലും മറ്റുമായി കുടുങ്ങിക്കിടക്കുന്ന പരിക്കേറ്റ 500 ഓളം സൈനികരും അതിലേറെ സാധാരണക്കാരുമുണ്ടെന്നും സെലെന്‍സ്കി പറഞ്ഞു. ഇവരെ പുറത്തെത്തിക്കാനുള്ള ചര്‍ച്ചകള്‍ റഷ്യയുമായി നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
റഷ്യന്‍ അനുകൂല സേനയായ ചെചിന്‍ സൈന്യമാണ് മരിയുപോളിലെ അക്രമണം ശക്തിപ്പെടുത്തിയത്. യുക്രൈന്‍റെ പക്ഷത്താകട്ടെ അസോവ് ബറ്റാലിയനും പോരാട്ടം തുടരുകയാണ്. റഷ്യയുടെ യുദ്ധക്കൊതി മറ്റൊരു മഹയുദ്ധത്തിന് കാരണമാകുമോയെന്നാണ് ഇപ്പോള്‍ ലോകം ഉറ്റുനോക്കുന്നത്.