വംശഹത്യ ; ബ്രിട്ടനും കത്തോലിക്കാ സഭയ്ക്കുമെതിരെ തദ്ദേശീയ കനേഡിയന്‍ ജനത

First Published | Jul 3, 2021, 4:00 PM IST


കാനഡയിലെ തദ്ദേശീയ ജനതയുടെ വംശഹത്യയ്ക്കായി റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ സ്ഥാപിക്കുകയും അതിന്‍റെ മറവില്‍ അതിക്രൂരമായ പീഢനത്തിന് വിധേയമാക്കി കൊന്ന് കുഴിച്ച് മൂടിയ ആയിരക്കണക്കിന് കുട്ടികളുടെ ശവക്കുഴികള്‍ അടുത്ത കാലത്ത് കണ്ടെത്തിയതോടെ ബ്രിട്ടീഷ്  രാജാധികാരത്തിനും കത്തോലിക്കാ സഭയ്ക്കുമെതിരെ കാനഡയില്‍ പ്രതിഷേധങ്ങള്‍ ശക്തിപ്പെട്ടത്. കാനഡയിലെ തദ്ദേശീയ ജനതയുടെ വംശഹത്യയ്ക്ക് കൂട്ടു നിന്ന വിക്റ്റോറിയ രാജ്ഞിയുടെയും എലിസബത്ത് രണ്ടാമന്‍ രാജ്ഞിയുടെയും പ്രതിമകള്‍ കനേഡിയന്‍ ദിനമായ ജൂലൈ ഒന്നിന് കാനഡയിലെ തദ്ദേശീയര്‍ തകര്‍ത്തെറിഞ്ഞു. ദേശീയ ദിനമായ ജൂലൈ ഒന്നിന് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ പങ്കെടുത്ത പരിപാടിക്കൊടുവില്‍ ഇടതുപക്ഷ, കൊളോണിയൽ വിരുദ്ധ 'ഐഡിൽ നോ മോർ' ഗ്രൂപ്പിലെ അംഗങ്ങളുടെ നേതൃത്വത്തിൽ വിക്റ്റോറിയ രാജ്ഞിയുടെയും എലിസബത്ത് രണ്ടാമന്‍ രാജ്ഞിയുടെയും പ്രതിമകളാണ് തകര്‍ക്കപ്പെട്ടത്. ബ്രിട്ടനെ സംബന്ധിച്ച് ഒരിക്കലും ചിന്തിക്കാന്‍ പോലും കഴിയാത്തൊരു സംഭവമാണ് കാനഡയില്‍ നടന്നത്. സ്വാതന്ത്രം ലഭിച്ചെങ്കിലും കാനഡയുടെ രാജ്ഞി ഇന്നും എലിസബത്ത് രാജ്ഞിയാണെന്നത് സംഭവങ്ങളുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. 

കഴിഞ്ഞ കുറച്ച് മാസങ്ങളായി കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ പ്രവര്‍ത്തിച്ചിരുന്ന റസിഡന്‍ഷ്യല്‍ സ്കൂളുകളുടെ പിന്നാമ്പുറങ്ങളില്‍ നിന്ന് മൂന്ന് വയസിന് താഴെയുള്ള ആയിരത്തോളം പിഞ്ച് കുഞ്ഞുങ്ങളുടെ ശവക്കുഴികളാണ് കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മതപ്രചാരണത്തിനും തദ്ദേശീയ ജനതയുടെ ഉന്മൂലനത്തിനുമായി ബ്രിട്ടീഷ് ഭരണകൂടം നടത്തിയ അതികിരാതമായ ഉന്മൂലനത്തിന്‍റെ കഥ പുറത്ത് വരുന്നത്.
പത്തൊമ്പതാം നൂറ്റാണ്ട് മുതൽ 1970 വരെ 1,50,000 തദ്ദേശീയരായ കുട്ടികളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാനും അവരുടെ മാതൃഭാഷകൾക്ക് പകരം ഇംഗ്ലീഷ് സംസാരിപ്പിക്കാനും അത് വഴി തങ്ങള്‍ക്ക് ആവശ്യമുള്ള ഒരു അടിമ ജനതയെ സൃഷ്ടിക്കാനുമായി ബ്രിട്ടന്‍ റസിഡന്‍ഷ്യന്‍ സ്കൂളുകളെന്ന പേരില്‍ നടത്തിയ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്.

കാനഡയുടെ ദേശീയ ദിനമായ ജൂലൈ ഒന്നിന് തന്നെ 'ഞങ്ങളുടെ കുഞ്ഞുങ്ങളെ തിരിച്ച് തരിക' എന്നാവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ രാജ്ഞിമാരുടെ പ്രതിമകള്‍ വികൃതമാക്കുകയും ചുവന്ന തുണി കഴുത്തിന് മുറുക്കി പ്രതീകാത്മക വധശിക്ഷ നടപ്പാക്കുകയും ചെയ്തതായി ഡെയ്ലിമെയില്‍ റിപ്പോര്‍ട്ട് ചെയ്തു.
'വംശഹത്യ വേണ്ട', 'അവളെ താഴെയിറക്കുക' എന്നീ മുദ്രാവാക്യങ്ങള്‍ പ്രതിഷേധക്കാരുയര്‍ത്തി. ബ്രീട്ടന്‍റെ രാജപാരമ്പര്യത്തിന്‍റെ ചരിത്രത്തിലാദ്യാമായാണ് രാജവംശത്തിനെതിരെ ഇത്രയും കടുത്ത ആക്ഷേപങ്ങള്‍ ഉയരുന്നത്. പ്രതിഷേധക്കാര്‍ പലപ്പോഴും രാജ്ഞിയെ 'വേശ്യ'യെന്നും അഭിസംബോധന ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ബ്രിട്ടന് 1,500 മൈൽ പടിഞ്ഞാറ്, കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ ആദ്യമായി കാലുകുത്തിയ ബ്രിട്ടീഷുകാരനായ ക്യാപ്റ്റൻ കുക്കിന്‍റെ പ്രതിമയും പ്രതിഷേധക്കാര്‍ തകര്‍ത്തു. കുക്കിന്‍റെ പ്രതിമ വിക്ടോറിയ നഗരത്തിന് സമീപത്തെ നദിയില്‍ ഒഴുക്കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കഴിഞ്ഞ വർഷം ബ്രിസ്റ്റോളിലെ എഡ്വേർഡ് കോൾസ്റ്റൺ പ്രതിമ നശിപ്പിച്ചതിന് സമാനമായാണ് കുക്കിന്‍റെ പ്രതിമയും ജലാശയത്തില്‍ തള്ളിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. തുടര്‍ന്ന് കുക്കിന്‍റെ പ്രതിമയ്ക്ക് പകരം ചുവന്ന തടിയുപയോഗിച്ച് നിര്‍മ്മിച്ച, വസ്ത്രത്തിന് സമാനമായ ശില്പം പ്രദര്‍ശിപ്പിച്ചു. കാനഡയിലെ തദ്ദേശീയ ജനതയുടെ നിറവും ചിഹ്നങ്ങളും കോളനി വക്താക്കള്‍ നശിപ്പിച്ചതായി പ്രതിഷേധക്കാര്‍ ആരോപിച്ചു.
1867 ൽ ബ്രിട്ടന്‍റെ അധികാരത്തില്‍ നിന്ന് കാനഡ സ്വതന്ത്രമായെങ്കിലും എലിസബത്ത് രണ്ടാമൻ രാജ്ഞിയാണ് ഇപ്പോഴും കാനഡയുടെ രാജാധികാരി. കാനഡയില്‍ അധിനിവേശം സ്ഥാപിക്കാനായി പതിനെട്ടാം നൂറ്റാണ്ടിനും 1970 നും ഇടയിൽ 1,50,000 സ്വദേശികളായ കനേഡിയൻ കുട്ടികളെയാണ് ബ്രിട്ടന്‍ ക്രിസ്തു മതത്തിലേക്ക് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കിയത്.
ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ നിർബന്ധിതരായ കുട്ടികളെ അവരുടെ മാതാപിതാക്കളുടെ സമീപത്ത് നിന്ന് നിര്‍ബന്ധിതമായി പിടിച്ച് കൊണ്ട് പോവുകയും തുടര്‍ന്ന് കത്തോലിക്കാ സഭ നടത്തുന്ന റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ പാര്‍പ്പിക്കുകയുമായിരുന്നു. സ്കുളുകളില്‍ തദ്ദേശീയ ഭാഷ സംസാരിക്കാന്‍ കുട്ടികളെ അനുവദിച്ചിരുന്നില്ല. മാതാപിതാക്കളെ കാണാനും അനുവാദമുണ്ടായിരുന്നില്ല.
ഇനി കുട്ടികളെങ്ങാനും സ്കൂളില്‍ തദ്ദേശീയമായ വാക്കുകള്‍ ഉച്ചരിച്ചാല്‍ അതികഠിനമായ ശിക്ഷാ വിധികള്‍ക്ക് വിധേയമാകേണ്ടിയിരുന്നു. ഇത്തരം ശിക്ഷാവിധികളെ തുടര്‍ന്ന് ആയിരക്കണക്കിന് തദ്ദേശീയരായ കുട്ടികളാണ് മരിച്ചത്. ശാരീരികവും മാനസീകവുമായ പീഢനങ്ങളായിരുന്നു ഇത്തരം സ്കൂളുകളില്‍ നടന്നിരുന്നത്.
സഹോദരന്മാരെ പോലും പരസ്പരം കാണാന്‍ അനുവദിച്ചിരുന്നില്ലെന്ന് ഇവിടെ നിന്നും രക്ഷപ്പെട്ട ചില കുട്ടികള്‍ പില്‍ക്കാലത്ത് വെളിപ്പെടുത്തിയിരുന്നു. ഏതാണ്ട് 6,000 ത്തോളം കുട്ടികളെ ഇത്തരത്തില്‍ അതിക്രൂര പീഢനത്തിന് വിധേയരാക്കി കൊന്നുകളഞ്ഞതായി കരുതുന്നു.
എന്നാല്‍ മരണ സംഖ്യ ഇതിലുമേറെ വരുമെന്നാണ് നിഗമനം. ഇതുവരെയായും എത്ര കുട്ടികള്‍ കൊല്ലപ്പെട്ടു എന്നതിന് കൃത്യമായ കണക്കുകളില്ല. പലപ്പോഴായി വിവിധ സ്കൂളുകളില്‍ നിന്ന് ആയിരത്തോളം കുട്ടികളുടെ കുഴിമാടങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്.
19-ആം നൂറ്റാണ്ടിന്‍റെ തുടക്കത്തിലും ഇരുപതാം നൂറ്റാണ്ടിന്‍റെ മധ്യത്തിലും 350 അമേരിക്കൻ ബോർഡിംഗ് സ്കൂളുകൾ ബ്രിട്ടന്‍ ആരംഭിച്ചിരുന്നു. ഈ റസിഡന്‍ഷ്യല്‍ സ്കൂളുകളെല്ലാം തന്നെ തദ്ദേശീയ ജനതയെ വംശഹത്യ ചെയ്യാന്‍ വേണ്ടി നിര്‍മ്മിക്കപ്പെട്ടതാണെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.
കാനഡയിലെ പ്രതിഷേധം യുഎസിലേക്കും വ്യാപിക്കുവാനുള്ള സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. സ്കൂളികളില്‍ കണ്ടെത്തിയ കൂട്ടക്കുഴിമാടങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് പ്രതിഷേധക്കാര്‍ അവകാശപ്പെട്ടു. തദ്ദേശീയരായ കുട്ടികളുടേതായ അടയാളപ്പെടുത്താത്ത ശവക്കുഴികൾ കണ്ടെത്തിയതിൽ പ്രതിഷേധിച്ചെങ്കിലും രാജ്ഞിയുടെ പ്രതിമകള്‍ തകര്‍ത്തതിനെ ഡൌണിംഗ് സ്ട്രീറ്റ് അപലപിച്ചു.
ദാരുണമായ കണ്ടെത്തലുകളെത്തുടർന്ന് കാനഡയിലെ തദ്ദേശീയ സമൂഹത്തോടൊപ്പമാണ് ഞങ്ങളുമെന്നും വിഷയം സൂക്ഷ്മമായി പിന്തുടരുകയും കനേഡിയന്‍ സർക്കാരുമായി ബന്ധം പുലര്‍ത്തുകയും ചെയ്യുന്നുവെന്ന് പറഞ്ഞ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍റെ പ്രതിനിധി പക്ഷേ, രാജ്ഞിയുടെ പ്രതിമകള്‍‌ നശിപ്പിക്കാന്‍ പാടില്ലെന്നും നശിപ്പിച്ചതിനെ അപലപിക്കുന്നുവെന്നും പറഞ്ഞു.
ടോറി എംപി അലക്സാണ്ടർ സ്റ്റാഫോർഡ് പ്രതിമ നശിപ്പിച്ചതിനെ ‘അവിശ്വസനീയമാം വിധമുള്ള അനാദരവ്’ എന്നാണ് വിശേഷിപ്പിച്ചത്. രാഷ്ട്രീയ നിയന്ത്രണമില്ലാത്ത ദുരന്തത്തിന് രാജവാഴ്ചയെ കുറ്റപ്പെടുത്താൻ ശ്രമിക്കുന്നത് ഒരു വിചിത്രമായ സംക്ഷിപ്തമാണെന്നായിരുന്നു അലക്സാണ്ടർ സ്റ്റാഫോർഡിന്‍റെ കണ്ടെത്തല്‍.
വിക്ടോറിയ രാജ്ഞിയുടെ വിന്നിപെഗ് പ്രതിമയില്‍ ചുവന്ന ചായമടിച്ച പ്രതിഷേധക്കാര്‍ പ്രതിമ തകര്‍ത്തപ്പോള്‍ ദ്ദേശീയ പതാക വീശുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന നിരവധി വിഡിയോകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചു. മീറ്ററുകള്‍ അകലെയുള്ള ഇപ്പോഴത്തെ രാജ്ഞിയുടെ പ്രതിമയും തകര്‍ക്കപ്പെട്ടു.
എതാണ്ട് പത്തോളം പള്ളികളും പ്രതിഷേധക്കാര്‍ നശിപ്പിക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കാനഡയിലെ ഏകപക്ഷീയമായ കൊളോണിയൽ നിയമനിർമ്മാണത്തെ എതിർക്കുന്ന അഭിഭാഷക സംഘം എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇടതുപക്ഷ സംഘടനയായ ഐഡിൽ നോ മോർ ആണ് ഈ ആക്രമണത്തിന് നേതൃത്വം നൽകിയത്.
മാരിവൽ ഇന്ത്യൻ റെസിഡൻഷ്യൽ സ്കൂളിൽ നിന്നും കുട്ടികളുടെ ശവക്കല്ലറ കണ്ടെത്തിയപ്പോള്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, നിങ്ങൾക്ക് തോന്നുന്ന മുറിവുകളും ആഘാതവും വഹിക്കേണ്ടത് കാനഡയുടെ ഉത്തരവാദിത്തമാണെന്നാണ് പറഞ്ഞത്. 1867 ൽ കാനഡ ഒരു സ്വതന്ത്ര രാജ്യമായി മാറിയെങ്കിലും ബ്രിട്ടീഷ് രാജകുടുംബവുമായുള്ള ബന്ധം നിലനിർത്തിയിരുന്നു. ഇന്ന് അതേ രാജാധികാരത്തിന്‍റെ ചിഹ്നങ്ങളാണ് തകര്‍ക്കപ്പെട്ടു കൊണ്ടിരിക്കുന്നത്.
ഇതിനിടെ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ കൊല്ലപ്പെട്ട തദ്ദേശീയരായ കുട്ടികളെ ബഹുമാനിക്കുന്നതിനായി ഒട്ടാവയിലെ പീസ് ടവറിലെ കനേഡിയൻ പതാക കൊടിമരത്തിൽ പകുതി താഴ്ത്തിക്കെട്ടി. റെസിഡൻഷ്യൽ സ്കൂളുകളുടെ ദാരുണമായ ചരിത്രം കാനഡ ദിനാഘോഷങ്ങളെ മറികടന്നതായി ക്യൂബെക്ക് പ്രധാനമന്ത്രി ഫ്രാങ്കോയിസ് ലെഗോൾട്ട് പറഞ്ഞു.
“എനിക്ക് ചെറിയ കുട്ടികളുള്ളതിനാലാണ് ഞാൻ പ്രതിഷേധത്തിനെത്തിയത്. ഞങ്ങളുടെ കുട്ടികളെ സ്പർശിക്കരുതെന്നും മോശമായി പെരുമാറണമെന്നും ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന സന്ദേശം മറ്റുള്ളവര്‍ക്ക് കൊടുക്കേണ്ടത് പ്രധാനമാണെന്ന് ഞാൻ കരുതുന്നു,” - എന്ന് ക്യൂബെക്കിലെ റെസിഡൻഷ്യൽ സ്കൂളുകളിലൊന്നിൽ നിന്ന് രക്ഷപ്പെട്ട തെരേസ് ഡ്യൂബ് (56) പറഞ്ഞു.
'കാനഡ ദിനം വംശഹത്യ ആഘോഷിക്കുന്നതിന് തുല്യമാണ്,' എന്നായിരുന്നു 22 കാരിയായ തദ്ദേശീയ വംശജയായ ഒലിവിയ ലിയ പറഞ്ഞത്. “ജൂലൈ ഒന്നിന് കാനഡ ദിനം ആഘോഷിക്കുന്ന എല്ലാവരും അടിച്ചമർത്തൽ ആഘോഷിക്കുകയാണ്,” എന്നായിരുന്നു മോൺ‌ട്രിയൽ നേറ്റീവ് വിമൻസ് ഷെൽട്ടറിന്‍റെ സഹസംവിധായകനായ നകുസെറ്റ് പറഞ്ഞത്.
രാജ്യമെമ്പാടും കാനഡ ദിനാചരണം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നടന്ന മാര്‍ച്ചില്‍ ആയിരക്കണക്കിന് പേരാണ് പങ്കെടുത്തത്. ഓറഞ്ച് വസ്ത്രം വധിച്ചാണ് പ്രതിഷേധക്കാരെത്തിയത്. തദ്ദേശീയരോടൊപ്പം പുതിയ തലമുറയിലെ ആളുകളും പ്രതിഷേധത്തില്‍ പങ്കെടുത്തത് ബ്രീട്ടീഷ് ക്രൂരതയ്ക്കെതിരായ ജനവികാരമായി കണക്കാക്കപ്പെടുന്നു.
റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ കുട്ടികളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത് 'നമ്മുടെ രാജ്യത്തിന്‍റെ ചരിത്രപരമായ പരാജയങ്ങളെക്കുറിച്ച് പ്രതിഫലിപ്പിക്കാൻ ഞങ്ങളെ നിർബന്ധിതരാക്കി' യെന്നായിരുന്നു ദേശീയ ദിന സന്ദേശത്തിൽ പ്രധാനമന്ത്രി ട്രൂഡോ പറഞ്ഞത്. എന്നാല്‍ കാനഡയിലെ തദ്ദേശവാസികൾക്കെതിരായ അനീതികൾ ഇപ്പോഴും നിലനിൽക്കുന്നതായി പ്രതിഷേധക്കാര്‍ ആരോപിച്ചു.
ഇപ്പോൾ പ്രവർത്തനരഹിതമായ കാനഡയിലെ സസ്‌കാച്ചെവൻ പ്രവിശ്യയിലെ കത്തോലിക്കാ റെസിഡൻഷ്യൽ സ്‌കൂളിൽ 751 ഗോത്രവർഗ കുട്ടികളുടെ ശവകുടീരങ്ങളാണ് പ്രത്യേകിച്ച് അടയാളപ്പെടുത്തലുകളൊന്നുമില്ലാതെ കുഴിച്ചിട്ട നിലയില്‍ കഴിഞ്ഞ മാസം ആദ്യം കണ്ടെത്തിയത്.
ബ്രിട്ടീഷ് കൊളംബിയയിലെ കംലൂപ്പിനടുത്തുള്ള മറ്റൊരു റെസിഡൻഷ്യൽ സ്‌കൂളിൽ നിന്ന് 215 കുട്ടികളുടെ കുഴിമാടങ്ങളും പിന്നീട് കണ്ടെത്തി. എന്നാല്‍ 350 റസിഡന്‍ഷ്യല്‍ സ്കൂളുകളിലായി 6,000 -ത്തിലധികം തദ്ദേശീയരായ കുഞ്ഞുങ്ങളെയാണ് കത്തോലിക്കാ സ്കൂളുകളില്‍ കുഴിച്ചു മൂടിയതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.
വംശഹത്യയ്ക്കായി മൂന്ന് വയസ് പോലുമില്ലാത്ത കുഞ്ഞുങ്ങളെ കൊന്ന് കുഴിച്ച് മൂടിയത് ചരിത്രത്തിലെ ഏറ്റവും വലിയ ക്രൂരതകളിലൊന്നായി വായിക്കപ്പെടണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. “ഇത് മനുഷ്യരാശിക്കെതിരായ കുറ്റമാണ്, തദ്ദേശീയ ജനങ്ങള്‍ക്കെതിരായ ആക്രമണമാണ്,” സസ്‌കാച്ചെവാനിലെ ഫെഡറേഷൻ ഓഫ് സോവറിൻ ഇൻഡിജെനസ് ഫസ്റ്റ് നേഷൻസിന്‍റെ ചീഫ് ബോബി കാമറൂൺ പറഞ്ഞു.
കാനഡയിലുടനീളമുള്ള റെസിഡൻഷ്യൽ സ്‌കൂൾ മൈതാനങ്ങളിൽ കൂടുതൽ ശവക്കുഴികൾ കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. കത്തോലിക്കാ സ്കൂളുകളില്‍ 6,000 ത്തോളം കുട്ടികളെ കൊന്ന് കുഴിച്ച് മൂടിയതില്‍ മാര്‍പ്പാപ്പ മാപ്പ് പറയണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
ഇതൊരു തുടക്കം മാത്രമാണെന്ന് പ്രതിഷേധക്കാര്‍ വിളിച്ച് പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. കംലൂപ്സ് വെളിപ്പെടുത്തലിൽ തനിക്ക് വേദനയുണ്ടെന്നും തദ്ദേശവാസികളുടെ അവകാശങ്ങളെയും സംസ്കാരങ്ങളെയും ബഹുമാനിക്കണമെന്നും ജൂൺ ആദ്യം തന്നെ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞിരുന്നു. തുടര്‍ന്ന് അദ്ദേഹം ക്ഷമാപണവും നടത്തി.
2020 മെയ് 25 ന് വംശവെറിയനായ ഡെറിക് ചൌ എന്ന പൊലീസുകാരനാല്‍ അമേരിക്കയില്‍ കൊല്ലപ്പെട്ട ജോര്‍ജ് ഫ്രോയിഡിന്‍റെ മരണത്തെ തുടര്‍ന്ന് 'ബ്ലാക് ലിവ്സ് മാറ്റേര്‍സ്' പ്രസ്ഥാനം ശക്തി പ്രാപിച്ചിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായി അമേരിക്ക, യൂറോപ്, ഓസ്ട്രേലിയ എന്നീ വെളുത്ത വംശജര്‍ താമിസിക്കുന്ന വന്‍കരകളിലെല്ലാം അടിമത്തത്തെ പ്രോത്സാഹിപ്പിച്ച ദേശീയ ഹീറോകളായി നൂറ്റാണ്ടുകളായി വാഴ്ത്തപ്പെട്ടവരുടെ പ്രതിമകള്‍ക്കെതിരെ അതിശക്തമായ പ്രക്ഷോഭമാണ് നടന്നത്.
ഇതേ തുടര്‍ന്ന് നിരവധി രാജ്യങ്ങളുടെ ദേശീയ ഹീറോകളുടെ പ്രതിമകള്‍ പൊതുസ്ഥലത്ത് നിന്ന് നീക്കം ചെയ്യാന്‍ അതത് ഭരണകൂടങ്ങള്‍ക്ക് നടപടിയെടുക്കേണ്ടി വന്നിരുന്നു. ഈ സംഭവങ്ങളുടെ തുടര്‍ച്ചയായി ഇപ്പോള്‍ കാനഡയില്‍ നടക്കുന്ന സംഭവവികാസങ്ങളെ കാണാം. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos

click me!