Violence against women : സ്ത്രീകള്‍ക്കെതിരായ അക്രമം; ലോക സാമ്പത്തിക വികസനത്തിന് ഭീഷണിയെന്ന് ഐഎംഎഫ്
First Published | Nov 26, 2021, 3:36 PM ISTഇന്നലെ, അതായത്, നവംബര്‍ 25 സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനമായിട്ടാണ് ഐക്യരാഷ്ട്രസഭ ആഘോഷിച്ചത്. "സ്ത്രീകൾക്കെതിരായ അതിക്രമം" എന്നാല്‍ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ പുരുഷ അതിക്രമങ്ങളുടെ എല്ലാ രൂപങ്ങളെയും ഉൾക്കൊള്ളുന്നു. അടുപ്പമുള്ള പങ്കാളിയില് നിന്നുള്ള ദുരുപയോഗം, ലൈംഗിക പീഡനം, മനുഷ്യക്കടത്ത്, സ്ത്രീ ജനനേന്ദ്രിയം ഛേദിക്കൽ (FGM), ശൈശവ വിവാഹം തുടങ്ങി ഇന്ന് ഈ അതിക്രമം അതിന്‍റെ എല്ലാ സീമയെയും മറികടന്നെന്ന് നിരീക്ഷിക്കപ്പെടുന്നു. സ്ത്രീകള്‍ക്കെതിരെ ലോകമെമ്പാടും അരങ്ങേറുന്ന അതിക്രമങ്ങള്‍ക്കെതിരെ ഒരു ദിനമായാണ് നവംബര്‍ 25 സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനമായി ആഘോഷിക്കുന്നത്. ഈ വര്‍ഷത്തെ പ്രമേയം "ഓറഞ്ച് ദ വേൾഡ്: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇപ്പോൾ അവസാനിപ്പിക്കുക !" എന്നാണ്. ഈയാവശ്യം ഉന്നയിച്ച് ലോകമെങ്ങും ഇന്നലെ സ്ത്രീകള്‍ തെരുവിലിറങ്ങി. അതിനിടെ കേരളത്തില്‍ രണ്ട് സ്ത്രീകള്‍ നടത്തിയ (ദീപ പി മോഹന്‍ - ഗവേഷണം, അനുപമ - മകന്‍ ) സമരങ്ങള്‍ വിജയം കണ്ടത് ഏറെ ശ്രദ്ധേയമായി. (സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ക്കെതിരെ ഇന്നലെ അര്‍ജന്‍റീനയില്‍ നടന്ന പ്രതിഷേധ റാലിയില്‍ നിന്ന്. ചിത്രങ്ങള്‍ ഗെറ്റി.)