തായ്‌വാൻ സ്വാതന്ത്ര്യം പ്രഖ്യാപിച്ചാൽ യുദ്ധത്തിന് മടിക്കില്ല: ചൈന

First Published | Jun 11, 2022, 12:04 PM IST


തായ്‌വാൻ (Taiwan) സ്വാതന്ത്ര്യം പ്രഖ്യാപിച്ചാൽ "ഒരു യുദ്ധം ആരംഭിക്കാൻ മടിക്കില്ല" എന്ന് ചൈനയുടെ (China) പ്രതിരോധ മന്ത്രി യുഎസ് പ്രതിരോധമന്ത്രിക്ക് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ കുറച്ച് നാളുകളായി തായ്‍വാന് നേരെയുള്ള ചൈനയുടെ പ്രകോപനങ്ങളുടെ ഏറ്റവും അവസാനത്തെതാണ് ഇന്നലെ പുറത്ത് വന്നത്. തായ്‍വാനെ ചൊല്ലിയുള്ള ചൈന, യുഎസ് നയതന്ത്ര സംഭാഷണത്തിന്‍റെ ഏറ്റവും ഒടുവിലാണ്  ചൈനയുടെ ഭീഷണി. സിംഗപ്പൂരിൽ ഇന്നലെ നടന്ന ഷാംഗ്രി-ലാ സംഭാഷണ (Shangri-La Dialogue) സുരക്ഷാ ഉച്ചകോടിക്കിടെയാണ് ചൈനയുടെ അവകാശവാദം. യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനുമായി (Lloyd Austin) നടന്ന കൂടിക്കാഴ്ചയ്ക്കിടെയാണ് ജനാധിപത്യ, സ്വയംഭരണമുള്ള തായ്‌വാനെ ബെയ്ജിംഗ് സ്വന്തം പ്രദേശമായി അവകാശപ്പെട്ടത്. ആവശ്യമെങ്കിൽ ബലപ്രയോഗത്തിലൂടെ ഒരു ദിവസം ദ്വീപ് പിടിച്ചെടുക്കാനും മടിക്കില്ലെന്ന് ചൈനീസ് പ്രതിരോധ മന്ത്രി വെയ് ഫെങ്ഹെ (Gen.Wei Fenghe) ലോയ്ഡ് ഓസ്റ്റിനെ അറിയിച്ചു. ഇതോടെ പ്രദേശത്ത് വീണ്ടും സംഘര്‍ഷ സാധ്യത ഉടലെടുത്തു. 

റഷ്യയുടെ, യുക്രൈന്‍ അധിനിവേശത്തിന് പിന്നാലെ ചൈന, തായ്‍വാന് നേരെയുള്ള അവകാശവാദം കടുപ്പിച്ചിരുന്നു. തായ്‌വാനെ ചൈനയിൽ നിന്ന് വേർപെടുത്താൻ ആരെങ്കിലും തുനിയുകയാണെങ്കിൽ, എന്ത് വിലകൊടുത്തും യുദ്ധം ചെയ്യാൻ ചൈനീസ് സൈന്യം മടിക്കില്ലെന്നും വെയ് ഓസ്റ്റിന് മുന്നറിയിപ്പ് നൽകി.

ഏത് 'തായ്‌വാൻ സ്വാതന്ത്ര്യ' ഗൂഢാലോചനയും ബീജിംഗ് തകർക്കും. മാതൃരാജ്യത്തിന്‍റെ ഏകീകരണം ദൃഢനിശ്ചയത്തോടെ ഉയർത്തിക്കാട്ടും. തായ്‌വാൻ ചൈനയുടെ തായ്‌വാൻ ആണെന്നും ചൈനീസ് മന്ത്രി അവകാശപ്പെട്ടു. ' അതിനൊരിക്കലും വിജയിക്കാന്‍ കഴിയില്ല." ചൈനീസ് പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു.


"തായ്‌വാൻ കടലിടുക്കിൽ ഉടനീളം സമാധാനത്തിന്‍റെയും സുസ്ഥിരതയുടെയും പ്രാധാന്യം വീണ്ടും ഉറപ്പിച്ചു. അതോടൊപ്പം നിലവിലുള്ള അവസ്ഥയിലേക്കുള്ള ഏകപക്ഷീയമായ മാറ്റങ്ങളോടുള്ള എതിർപ്പ് ചൈനയോട് അറിയിച്ചു.

കൂടാതെ തായ്‌വാനുമായുള്ള കൂടുതൽ അസ്ഥിരപ്പെടുത്തുന്ന നടപടികളിൽ നിന്ന് വിട്ടുനിൽക്കാനും ചൈനയോട് ആവശ്യപ്പെട്ടു എന്നായിരുന്നു സംഭവത്തോടെ പ്രതികരിക്കവേ യുഎസ് ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഡിഫൻസ്. ടെൻഷൻസ് അറിയിച്ചത്.

അടുത്ത കാലത്തായി ദ്വീപിന്‍റെ വ്യോമ പ്രതിരോധ ഐഡന്‍റിഫിക്കേഷൻ സോണിലേക്ക് (ADIZ) ചൈനീസ് വിമാനങ്ങള്‍ നിരന്തരം നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതില്‍ തായ്‌വാനും പ്രതിഷേധം അറിയിച്ചു. യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍,  കഴിഞ്ഞ മാസം ജപ്പാന്‍ സന്ദര്‍ശിച്ചപ്പോള്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായി ചൈന ആക്രമിച്ചാൽ യുഎസ് തായ്‌വാനെ സൈനികമായി പ്രതിരോധിക്കുമെന്ന് അവകാശപ്പെട്ടിരുന്നു.

എന്നാല്‍, ഈ പ്രതിരോധം നേരിട്ടായിരിക്കുമോ അല്ലയോ എന്ന കാര്യത്തില്‍ യുഎസ് ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. തായ്‍വാന്‍റെ കാര്യത്തില്‍ യുഎസിന്‍റെത് 'തന്ത്രപരമായ അവ്യക്തത' യാണെന്ന ആരോപണവും ഇതിനിടെ ഉയര്‍ന്നിരുന്നു. 

ചൈന-തായ്‌വാൻ സംഘർഷങ്ങളെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ, ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ (Fumio Kishida) ഉച്ചകോടിയിൽ ശക്തമായ മുന്നറിയിപ്പ് നൽകി: "ഇന്ന് ഉക്രെയ്ൻ നാളെ കിഴക്കൻ ഏഷ്യയായേക്കാം". 

"നിയമങ്ങൾ മാനിക്കാതെ ബലപ്രയോഗത്തിലൂടെയോ ഭീഷണിയിലൂടെയോ മറ്റ് രാജ്യങ്ങളുടെ സമാധാനവും സുരക്ഷയും ചവിട്ടിമെതിക്കുന്ന ഒരു ഭരണകൂടത്തിന്‍റെ ആവിർഭാവത്തിനായി തയ്യാറെടുപ്പുകള്‍ നടക്കുന്നു." അദ്ദേഹം പറഞ്ഞു. എന്നാല്‍ ചൈനയുടെ പേരെടുത്ത് പറയാന്‍ അദ്ദേഹം തയ്യാറായില്ല.

എന്നാല്‍, "നിയമങ്ങൾ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര ക്രമം" ഉയർത്തിപ്പിടിക്കാൻ ഫ്യൂമിയോ കിഷിദ ആവർത്തിച്ച് ആവശ്യപ്പെട്ടു. യുഎസ് അതിന്‍റെ വിദേശ നയത്തിന്‍റെ ശ്രദ്ധ കിഴക്കന്‍ ഏഷ്യയിലേക്ക് മാറ്റുന്നതിന്‍റെ ഭാഗമായി ഏഷ്യ സന്ദർശിക്കുന്ന ഏറ്റവും പുതിയ മുതിർന്ന യുഎസ് ഉദ്യോഗസ്ഥനാണ് ഓസ്റ്റിൻ. 

യുക്രൈന് നേരെയുള്ള റഷ്യന്‍ അധിനിവേശത്തിന് ചൈന മൗന പിന്തുണ നല്‍കുന്നുവെന്ന ആരോപണം നേരത്തെ ഉന്നയിച്ചിരുന്നു. യുക്രൈന്‍ അധിനിവേശത്തിനിടെ യുഎസും യുറോപ്യന്‍ യൂണിയനും റഷ്യയ്ക്കെതിരെ നിരവധി വിലക്കുകള്‍ ഏര്‍പ്പെടുത്തിയപ്പോഴെല്ലാം ചൈന, റഷ്യയുമായുള്ള വ്യാപര ബന്ധം മെച്ചപ്പെടുത്തുകയാണ് ചെയ്തത്. 

യുക്രൈന്‍ അധിനിവേശം അവസാനിപ്പിക്കാനായി റഷ്യയോട് ചര്‍ച്ചകള്‍ക്ക് ശ്രമിക്കാന്‍ ചൈന ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, റഷ്യന്‍ അധിനിവേശത്തെ ഒരിക്കല്‍ പോലും ചൈന അപലപിച്ചിട്ടില്ലെന്ന് മാത്രമല്ല, അത് റഷ്യയുടെയും യൂറോപിന്‍റെയും ആഭ്യന്തരകാര്യം മാത്രമാണ് എന്ന് നിലപാടിലായിരുന്നു ചൈന. 

റഷ്യന്‍ അധിനിവേശത്തെ അപലപിക്കാതിരുന്ന ചൈന , യുക്രൈന്‍ യുദ്ധം നീട്ടികൊണ്ട് പോകുന്നത് യുഎസും യൂറോപ്യന്‍ യൂണിയനും യുക്രൈന് കൈയയച്ച് ആയുധം നല്‍കുന്നത് കൊണ്ടാണെന്നും ആരോപിച്ചിരുന്നു. ഇതിനിടെ ദക്ഷിണ ചൈനാ കടലിലെ ചൈനയുടെ വിപുലമായ അവകാശവാദങ്ങളും യുഎസുമായുള്ള പിരിമുറുക്കം വര്‍ദ്ധിപ്പിച്ചു. 

ബ്രൂണെ, മലേഷ്യ, ഫിലിപ്പീൻസ്, തായ്‌വാൻ, വിയറ്റ്‌നാം എന്നി രാജ്യങ്ങള്‍ പ്രതിവര്‍ഷം ട്രില്യണ്‍ കണക്കിന് ഡോളറിന്‍റെ ഷിപ്പിംഗ് വ്യാപാരം നടക്കുന്ന വിഭവ സമൃദ്ധമായ കടലിന്‍റെ ഉടമസ്ഥതയ്ക്ക് വേണ്ടിയാണ് ചൈനയുടെ 'തായ്‍വാന്‍ സ്വന്തമെന്ന' രാഷ്ട്രീയക്കളി. 

1945 ഒക്ടോബർ 24- മുതല്‍ തായ്‌വാൻ (Republic of China -ROC), ഐക്യരാഷ്ട്രസഭയിലെ 193 അംഗരാജ്യങ്ങളിലെ ഒരു രാജ്യമാണ്. മാത്രമല്ല സുരക്ഷാ കൗണ്‍സിലിലെ സ്ഥിരാംഗവുമായിരുന്നു. തായ്‌വാൻ ലോകത്തിലെ ഏറ്റവും വലിയ 31-ാമത്തെ നയതന്ത്ര ശൃംഖലയ്ക്ക് ഉടമയാണ്. അതായത് തായ്‍വാന് മറ്റു രാജ്യങ്ങളുമായി വിപുലമായ നയതന്ത്രബന്ധം തന്നെയുണ്ട്. 

നിലവില്‍ ചൈന എന്ന പേര് ഉപയോഗിക്കാനുള്ള ഏക നിയമാനുസൃത അംഗീകരത്തിനായി തായ്‍വാനും ചൈനയും മത്സരിക്കുന്നു. 1950, 1960, 1971 വര്‍ഷങ്ങളില്‍ ചൈന, ഐക്യരാഷ്ട്രസഭയില്‍ തങ്ങളുടെ സ്ഥിരാംഗത്വത്തിനായി നിരന്തരം ശ്രമം നടത്തി.

ഒടുവില്‍ 1971 ല്‍ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിലെ സ്ഥിരാംഗത്വം പോലുള്ള പ്രധാന സ്ഥാനം ഉൾപ്പെടെ 2758 പ്രമേയത്തെ തുടർന്ന് യുഎന്നിലെ "ചൈന" (people's republic of china -PRC) സർക്കാറിനെ അംഗീകരിച്ചു. 

പിന്നാലെ 1990 കളോടെ ചൈന, തായ്‍വാന് മേലുള്ള രാഷ്ട്രീയാധികാരം ഉന്നയിച്ച് തുടങ്ങി. ഇതിന് പിന്നാലെ ചൈനീസ് തായ്‍പേയ് എന്ന പേരാണ് തായ്‍വാന്‍ അന്താരാഷ്ട്ര സംഘടനകളും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റികളിലും ഉപയോഗിക്കുന്നത്. 

Latest Videos

click me!