അമേരിക്കയില്‍ പകുതിയിലേറെ പേരും കരുതുന്നു, 'രണ്ടാം യുഎസ് ആഭ്യന്തരയുദ്ധം ഉണ്ടാകും'

First Published | Jul 26, 2022, 3:52 PM IST

മേരിക്കയില്‍ സമീപ വര്‍ഷങ്ങളില്‍ രണ്ടാം ആഭ്യന്തരയുദ്ധത്തിന് (US civil war) സാധ്യതയുള്ളായി പകുതിയോളം പേര്‍ പറയുന്നുവെന്ന് ഏറ്റവും പുതിയ പഠനം പറയുന്നു. കാലിഫോർണിയ സർവ്വകലാശാലയിലെ ഗവേഷകർ, രാജ്യത്തുടനീളമുള്ള 8,620 മുതിർന്നവരിൽ അടുത്തിടെ നടത്തിയ സർവേയിലാണ് ജനങ്ങളുടെ ഈ ആശങ്ക പുറത്ത് വന്നത്. സർവേയിൽ ജനങ്ങള്‍ക്കിടയില്‍ ആശങ്കാജനകമായ 'അന്യവൽക്കരണം', 'അവിശ്വാസം', അക്രമത്തിലേക്ക് തിരിയാനുള്ള വർദ്ധിച്ചുവരുന്ന പ്രവണത എന്നിവ കണ്ടെത്തി. രാജ്യത്തിന്‍റെ ആഴമേറിയ ഭിന്നിപ്പുകളെ കുറിച്ച് നടത്തിയ സര്‍വ്വയില്‍ പ്രതികരിച്ചവരിൽ മൂന്നിൽ രണ്ട് ഭാഗവും യുഎസ് ജനാധിപത്യം ഗുരുതരമായ ഭീഷണി നേരിടുകയാണെന്നും 50.1 ശതമാനം പേർ അടുത്ത ഏതാനും വർഷങ്ങളിൽ യുഎസിൽ ആഭ്യന്തരയുദ്ധമുണ്ടാകും’ എന്നുമുള്ള പ്രസ്താവനയോട് യോജിച്ചു. 

അടുത്തകാലത്തായി യുഎസിന്‍റെ കുട്ടികള്‍ക്ക് നേരെയുള്ള വെടിവെപ്പ് സംഭവങ്ങള്‍ ഇരട്ടിയിലേറെയായി വര്‍ദ്ധിച്ചിരുന്നു. ഇത്തരം അക്രമണങ്ങളെല്ലാം ജനങ്ങളില്‍ വലിയ തോതിലുള്ള ആശങ്കകളാണ് ഉയര്‍ത്തിയത്. അതോടൊപ്പം അമേരിക്കയില്‍ അടുത്ത കാലത്തായി ശക്തി പ്രാപിക്കുന്ന വംശീയ പ്രശ്നങ്ങള്‍ സ്ഥിതി കൂടുതല്‍ വഷളാക്കുന്നു. 

40 ശതമാനത്തിലധികം പേർ പറഞ്ഞത് ജനാധിപത്യത്തേക്കാൾ ഒരു 'ശക്തനായ നേതാവ്' ഉണ്ടായിരിക്കുക എന്നതാണ് പ്രധാനമെന്നും 'നാട്ടിൽ ജനിച്ച വെള്ളക്കാരെ കുടിയേറ്റക്കാർ മാറ്റിസ്ഥാപിക്കുന്നു' എന്നും  'മഹത്തായ പകര സിദ്ധാന്തം' എന്നറിയപ്പെടുന്ന വംശീയ വിശ്വാസം ശക്തിപ്പെടുന്നുവെന്നുമാണ്. 


രാഷ്ട്രീയ പ്രശ്നങ്ങളും അക്രമത്തിലൂടെ പരിഹരിക്കാനുള്ള വർദ്ധിച്ചുവരുന്ന പ്രവണതയും ജനങ്ങള്‍ക്കിടയില്‍ ശക്തമാകുന്നതായി ഗവേഷകർ സര്‍വ്വയില്‍ കണ്ടെത്തി. വരും വര്‍ഷങ്ങളില്‍ തങ്ങള്‍ തോക്ക് ആയുധമായി കൊണ്ട് നടക്കാന്‍ നിര്‍ബന്ധിതരാകുമെന്ന് പ്രതികരിച്ചവരില്‍ അഞ്ചിലൊന്ന് പേരും പറഞ്ഞു. 

4 ശതമാനം പേർ തങ്ങള്‍ തോക്ക് ഉപയോഗിച്ച് ആരെയെങ്കിലും വെടിവയ്ക്കാൻ’ സാധ്യതയുണ്ടെന്ന് വെളിപ്പെടുത്തി. രാജ്യത്ത് തോക്ക് കൈവശം വയ്ക്കുന്ന ആളുകളുടെ നിരക്കില്‍ വര്‍ദ്ധനയുണ്ടെന്ന മുന്നറിയിപ്പും പഠനം നല്‍കുന്നു. പഠനത്തിന് നേതൃത്വം നല്‍കിയ യൂണിവേഴ്സിറ്റി പബ്ലിക് ഹെൽത്ത് വിദഗ്ധനായ ഗാരെൻ വിൻറമ്യൂട്ടിന്‍, സര്‍വ്വേ കണ്ടെത്തലുകൾ 'നമ്മുടെ മോശം പ്രതീക്ഷകള്‍ കവിയുന്നു' എന്ന് അഭിപ്രായപ്പെട്ടു. 

എന്നാല്‍ പ്രതികരിച്ചവരില്‍ ഏറെ ഭൂരിഭാഗവും  'രാഷ്ട്രീയ അക്രമം പാടെ നിരസിച്ചതിനാൽ' 'പ്രതീക്ഷയ്ക്ക് വക' ഉണ്ടെന്നും വിന്‍റമ്യൂട്ടേ കൂട്ടിച്ചേർത്തു. 'ഭീഷണി തിരിച്ചറിയാനും' പ്രതികരിക്കാനുമുള്ള ആളുകൾക്ക് ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമായെന്നുള്ള ആഹ്വാനമാണ് ഈ പഠനമെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു. 

42 പേജുള്ള രേഖയിൽ 'അമേരിക്കൻ ജനാധിപത്യ സമൂഹത്തിൽ നിന്നും അതിന്‍റെ സ്ഥാപനങ്ങളിൽ നിന്നും തുടരുന്ന അന്യവൽക്കരണവും അവിശ്വാസവും' വിശദമായി വിവരിക്കുന്നു. 'ജനസംഖ്യയിലെ ഗണ്യമായ ന്യൂനപക്ഷങ്ങൾ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടുന്നതിനായി മാരകമായ അക്രമം ഉൾപ്പെടെയുള്ള അക്രമങ്ങളെ അംഗീകരിക്കുന്നുവെന്നും സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ പലരും പറ‍ഞ്ഞു. 

ന്യൂയോർക്കിലെ ബഫല്ലോയിലെ പലചരക്ക് കടയിൽ മെയ് മാസത്തിൽ 10 കറുത്ത വർഗ്ഗക്കാരെ കൊലപ്പെടുത്തിയതുൾപ്പെടെയുള്ള കൂട്ട വെടിവയ്പ്പിന്‍റെ പശ്ചാത്തലത്തിലാണ് ഈ കണക്കുകള്‍ പറുത്ത് വരുന്നത്. ജനുവരി 6 ലെ ക്യാപിറ്റൽ കലാപം, 2020 ഓഗസ്റ്റിൽ വിസ്‌കോൺസിനിൽ നടന്ന വംശീയ വിരുദ്ധ പ്രതിഷേധത്തിനിടെ കൈൽ റിട്ടൻഹൗസ് രണ്ടുപേരെ മാരകമായി വെടിവച്ച് കൊല്ലപ്പെടുത്തിയത്. 

പൊലീസുകാരും ബ്ലാക്ക് ലൈവ്‌സ് മാറ്റർ പ്രവർത്തകരും തമ്മിലുള്ള പതിവ് ഏറ്റുമുട്ടലുകള്‍ തുടങ്ങിയവ അമേരിക്കയില്‍ അരങ്ങേറിയ അക്രമാസക്തമായ പ്രധാന നിമിഷങ്ങളാണ്. കഴിഞ്ഞ മാസം തുല്‍ച്ചിന്‍ റിസർച്ചും സതേൺ പോവർട്ടി ലോ സെന്‍റ്റും നടത്തിയ സമാനമായ പഠനത്തിൽ 44 ശതമാനം അമേരിക്കക്കാരും യു.എസ് മറ്റൊരു ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങുകയാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. 

ഇതിന് പിന്നാലെയാണ് കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയുടെ പഠനം പുറത്തിറങ്ങിയത്. രണ്ടാമത്തെ സര്‍വ്വേയിലെത്തുമ്പോള്‍ ആഭ്യന്തരയുദ്ധം പ്രവചിക്കുന്ന അമേരിക്കക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവാണ് ഉണ്ടായതെന്നും കാണാം.  റിപ്പബ്ലിക്കൻ സംസ്ഥാനങ്ങളിൽ താമസിക്കുന്ന മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ആരാധകരിൽ മൂന്നിലൊന്ന് പേരും തങ്ങളുടെ സംസ്ഥാനം വിഭജിച്ച് ഒരു സ്വതന്ത്ര രാജ്യമായാൽ തങ്ങൾ ‘നല്ലതായിരിക്കുമെന്ന്’ അഭിപ്രായപ്പെട്ടു. മറ്റൊരു 29 ശതമാനം ട്രംപ് ആരാധകരും അത്തരമൊരു വേർപിരിയൽ തങ്ങളെ മോശമാക്കുമെന്നും അഭിപ്രായപ്പെട്ടതായി സര്‍വ്വേ പറയുന്നു, 

1861-1865 കാലഘട്ടത്തിൽ അമേരിക്കൻ അരങ്ങേറിയ ആദ്യത്തെ ആഭ്യന്തരയുദ്ധത്തിൽ ദക്ഷിണ മേഖലയിലെ സംസ്ഥാനങ്ങൾ യൂണിയനിൽ നിന്ന് പിരിയാനും തങ്ങളുടെ അടിമകളാൽ സമ്പുഷ്ഠമാക്കിയ തോട്ടം സമ്പദ്‌വ്യവസ്ഥ നിലനിർത്താനുമായി പോരാടിയപ്പോൾ 6,00,000 സൈനികർക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 
 

Latest Videos

click me!