വില്‍ഡ് ബീസ്റ്റുകളുടെ ഈ പ്രയാണം അത്ര എളുപ്പമുള്ളതല്ല. അവയ്ക്കേറ്റവും ഇഷ്ടപ്പെട്ട കെനിയയിലെ പുല്ലുകള്‍ തിന്നാനാണ് അവയുടെ യാത്രയെങ്കിലും ഈ യാത്രവഴിയിലുടനീളം അവയെ കാത്തിരിക്കുന്നത് മരണം മാത്രമാണ്.
വില്‍ഡ് ബീസ്റ്റുകള്‍ കൂട്ടത്തോടെ ടാൻസാനിയയിൽ നിന്ന് മണൽനദി കടന്ന് കെനിയയിലേക്കുള്ള കൂട്ടപ്രയാണത്തിലാണ് ഇപ്പോള്‍. ജൂലായ് മുതൽ സെപ്റ്റംബർ വരെയാണ് ഇവയുടെ മഹാദേശാടനക്കാലം.
ആയിരക്കണക്കിന് വില്‍ഡ് ബീസ്റ്റുകളുടെ യാത്രവഴിയാണെങ്കിലും സിംഹം, ആഫ്രിക്കൻ പുള്ളിപ്പുലി, ചീറ്റ, ആഫ്രിക്കൻ ആന, മുതല എന്നിവയുടെ വളരെ വലിയ കൂട്ടങ്ങളും വില്‍ഡ് ബീസ്റ്റുകളുടെ സഞ്ചാരവഴിയില്‍ തന്നെയാണുള്ളത്.
മൃഗങ്ങളുടെ അസാധാരണമായ ജനസംഖ്യയ്ക്ക് ലോകപ്രശസ്തമായ, ആഫ്രിക്കയിലെ ഏറ്റവും പ്രശസ്തവും പ്രധാനപ്പെട്ടതുമായ വന്യജീവി സംരക്ഷണ മേഖലകളിലൊന്നാണ് ഇന്ന് മസായി മാറ. ആഫ്രിക്കയിലെ ഏഴ് പ്രകൃതിദത്ത അത്ഭുതങ്ങളിൽ ഒന്നായും ലോകത്തിലെ പത്ത് അത്ഭുതങ്ങളിൽ ഒന്നായും ഇന്ന് ഈ മഹാപ്രയാണത്തെ കണക്ക് കൂട്ടുന്നു.
തങ്ങളുടെ ഇഷ്ടഭക്ഷണമായ പുല്ല് തേടി മാരാ നദി കടക്കുന്ന വില്‍ഡ് ബീസ്റ്റുകളെ ആദ്യം കാത്തിരിക്കുന്നത് മുതലകളാണ്. നദി കടക്കുന്നതിനിടെ മുതലകളില്‍ നിന്ന് കടുത്ത പോരാട്ടമാണ് വില്‍ഡ് ബീസ്റ്റുകള്‍ക്ക് നേരിടേണ്ടിവരുന്നത്.
അവയില്‍ നിന്ന് രക്ഷപ്പെട്ട് കരപറ്റിക്കഴിഞ്ഞാല്‍ അവിടെ പുല്ലിനുള്ളില്‍ പതുങ്ങി ഇരിക്കുന്നത് സിംഹവും പുള്ളിപ്പുലിയും ചീറ്റപ്പുലിയും. കഴുതപ്പുലികളുമാകും. വൈൽഡ്‌ബീസ്റ്റിനൊപ്പം ടോപ്പി, സീബ്ര, തോംസൺസ് ഗസൽ എന്നിവയുടെ പലായനവും ഏതാണ്ട് ഇതേ കാലത്ത് തന്നെയാണ്.
ഒടുവില്‍ ഇവ മാര റിസർവിലേക്ക് കുടിയേറുകയും സെറെൻഗെറ്റി സമതലങ്ങളിൽ നിന്ന് തെക്ക് വരെയും ലോയിറ്റ സമതലങ്ങളിൽ നിന്ന് വടക്കുകിഴക്ക് വരെയും നീങ്ങുന്നു. ജൂലൈ മുതൽ ഒക്‌ടോബർ വരെയോ അതിന് ശേഷമോ വടക്ക്-കിഴക്ക് ഇടയ നിലയങ്ങളിലേക്ക് ഇവ കുടിയേറുന്നു.
ഇവയുടെ യാത്രവേളയിലുടനീളം മൃഗങ്ങള്‍ തമ്മിലുള്ള പോരാട്ടത്തിന്‍റെ ചിത്രങ്ങളെടുക്കാനായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഫോട്ടോഗ്രാഫര്‍മാര്‍ ഈ സമയം ഇവിടെ എത്തിചേരുന്നു.
ഇരയ്ക്ക് വേണ്ടി സിംഹങ്ങളുമായി പോലും പോരാടാന്‍ മടിയില്ലാത്ത കഴുതപ്പുലികളെ കൊണ്ടും ഇവിടം സമ്പന്നമാണ്. അതോടൊപ്പം തദ്ദേശീയ ആഫ്രിക്കന്‍ വംശജരായ മാസായി ജനതയുടെ നാടും ഇതുതന്നെയാണ്.
വടക്കൻ, മധ്യ, തെക്കൻ കെനിയയിലും ടാൻസാനിയയുടെ വടക്കൻ ഭാഗങ്ങളിലും വ്യാപിച്ചുകിടക്കുന്ന ഒരു സമൂഹമാണ് മാസായി ജനത. പശുപാലകർ എന്ന നിലയിൽ, ലോകത്തിലെ എല്ലാ കന്നുകാലികളുടെയും ഉടമസ്ഥത തങ്ങളുടേതാണെന്ന വിശ്വാസം ഈ സമൂഹം പുലർത്തുന്നു.