മുറിവേറ്റ് വീണ ഇണയെക്കാണാന്‍ അവളെത്തി; ആശ്ചര്യപ്പെട്ട് ആശുപത്രി അധികൃതര്‍

First Published | Jul 17, 2021, 3:29 PM IST


സ്നേഹബന്ധങ്ങള്‍ മനുഷ്യന് മാത്രമുള്ളതല്ലെന്നും മൃഗങ്ങളും പക്ഷികളും തങ്ങളുടെ ഇണകളോട് മനുഷ്യരോളം തന്നെയോ അതിലേറെയോ സ്നേഹം ബന്ധം സൂക്ഷിക്കുന്നുണ്ടെന്നുമാണ് അമേരിക്കയിലെ മസാച്ചുസെന്‍റ് സംസ്ഥാനത്ത് നിന്നുള്ള ഒരു വാര്‍ത്ത പറയുന്നത്. ന്യൂ ഇംഗ്ലണ്ട് വന്യജീവി കേന്ദ്രത്തിന്‍റെ മസാച്യുസെറ്റ്സിലെ  ബാർൺസ്റ്റേബിളിൽ പ്രവര്‍ത്തിക്കുന്ന ശാഖയിലെ ജീവനക്കാര്‍ അതിന് നല്‍കുന്ന തെളിവ് രണ്ട് വാത്തകള്‍ തമ്മിലുള്ള ബന്ധമാണ്. കഴിഞ്ഞ ദിവസം ഒരു വാത്ത പക്ഷിക്ക് ഇവിടെ ഒരു ശസ്ത്രക്രിയ നടന്നു. എന്നാല്‍, ആ ശസ്ത്രക്രിയയ്ക്കിടെ ഏവരെയും അത്ഭുതപ്പെടുത്തിയ ഒരു അതിഥിയെത്തി. അത് മറ്റാരുമായിരുന്നില്ല. ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയ വാത്ത പക്ഷിയുടെ ഇണയായിരുന്നു. രോഗബാധിതയായ തന്‍റെ ഇണയെ കാണാനായി അവള്‍ എത്തിയതാണെന്ന് വന്യജീവി കേന്ദ്രം പ്രവര്‍ത്തകര്‍ പറയുന്നു. ആ കഥയിങ്ങനെ...

മസാച്യുസെറ്റ്സിലെ ബാർൺസ്റ്റേബിളിലെ വന്യജീവി ചികിത്സാ കേന്ദ്രത്തിന് സമീപത്തെ കുളത്തില്‍ രണ്ട് വാത്ത ഇണപ്പക്ഷികളുണ്ടായിരുന്നു. അവയില്‍ ആണ്‍ പക്ഷി നടക്കുന്നതിനിടെ പല തവണ വീണുപോകുന്നത് ചികിത്സാ കേന്ദ്രത്തിലെ ഒരാളുടെ ശ്രദ്ധയില്‍പ്പെട്ടു. പക്ഷിക്ക് കാര്യമായ എന്തോ സംഭവിച്ചിട്ടുണ്ടെന്ന് മനസിലായ ചികിത്സാ കേന്ദ്രം പ്രവര്‍ത്തകര്‍ ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ അതിനെ പിടികൂടി ചികിത്സാ കേന്ദ്രത്തിലെത്തിച്ചു.
പരിശോധനയ്ക്കിടെ വാത്തയുടെ കാലിനടിയില്‍ കാര്യമായ മുറിവുണ്ടെന്ന് കണ്ടെത്തി. ഒന്നെങ്കില്‍ ജലാശയത്തില്‍ നിന്നുള്ള ആമയുടെ ആക്രമണമോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാര്യത്താലോ ആകാം പക്ഷിയുടെ കാല്‍വിരലുകള്‍ക്കിടയിലെ ചര്‍മ്മം കീറിപ്പോയതെന്ന് പരിശോധകര്‍ പറയുന്നു.

തുടര്‍ന്ന് ചികിത്സയ്ക്കായി പക്ഷിയെ അനസ്തേഷ്യ കൊടുത്ത് കിടത്തി. ചികിത്സ ആരംഭിച്ചപ്പോഴാണ് വാതില്‍ക്കലില്‍ നിരന്തരം ആരോ മുട്ടുന്നത് കേട്ടത്. കണ്ണാടി വാതിലിലൂടെ നോക്കിയപ്പോള്‍ രോഗിയായ വാത്തയുടെ ഇണ പക്ഷി അകത്തേക്ക് കയറാനായി ചില്ലുവാതിലില്‍ കൊത്തുന്നതാണ് കണ്ടത്.
തന്‍റെ ഇണയെ കാണാതെ അന്വേഷിച്ച് ഇറങ്ങിയതായിരുന്നു അവള്‍. ചില്ല് വാതിലിനകത്ത് കിടക്കുന്ന ഇണയെ കണ്ട് അതിനടുത്തെത്താനായി അവള്‍ വാതിലില്‍ തന്‍റെ കൊക്ക് ഉപയോഗിച്ച് നിരന്തരം മുട്ടിക്കൊണ്ടേയിരുന്നു. എന്നാല്‍ ശസ്ത്രക്രിയയ്ക്കായി മയക്കി കിടത്തിയതിനാല്‍ ആണ്‍വാത്തയ്ക്ക് തന്നെ കാണാനെത്തിയ ഇണയെ കാണാനായില്ല.
ശസ്ത്രക്രിയയ്ക്ക് ശേഷം അവന്‍ ഉണര്‍ന്നപ്പോള്‍ ആശുപത്രി ജീവനക്കാര്‍ അവനെയെടുത്ത് വാതില്‍ക്കല്‍ വച്ചു. അവളുടെ സ്നേഹപ്രകടനം കണേണ്ട കാഴ്ചയായിരുന്നെന്ന് ആശുപത്രി ജീവനക്കാര്‍ പറയുന്നു. ചില്ലുവാതിലിനകത്തുള്ള തന്‍റെ ഇണയുടെ അടുത്തെത്താനായി അവള്‍ പരാക്രമം കാണിക്കുകയായിരുന്നു.
ഒടുവില്‍ ജീവനക്കാര്‍ വാതില്‍ തുറക്കുകയും അവളെ അകത്തേക്ക് കടത്തുകയും ചെയ്തു. ഇരുവര്‍ക്കുമുള്ള ഭക്ഷണവും നല്‍കി. എന്നാല്‍ ശസ്ത്രക്രിയ കഴിഞ്ഞതിനാല്‍ ആണ്‍വാത്തയെ പെട്ടെന്ന് പുറത്ത് വിടാനാകില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
വാത്തകള്‍ കൂടുതല്‍ നേരെ വെള്ളത്തില്‍ കിടക്കുന്നതിനാല്‍ മുറിവില്‍ അണുബാധയുണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ആഴ്ചകള്‍ കഴിഞ്ഞ് മുറിവുണങ്ങിയാല്‍ മാത്രമേ അവനെ പുറത്ത് വിടാന്‍ കഴിയുകയുള്ളൂ. അത് വരെയ്ക്കും ഇരുവര്‍ക്കും പരസ്പരം കാണാനുള്ള സൌകര്യങ്ങള്‍ ചെയ്തു കൊടുക്കുമെന്നും അധികൃതര്‍ പറയുന്നു.
മൃഗങ്ങളും പക്ഷികളുമായി വര്‍ഷം ഏതാണ്ട് 5000 -ത്തോളം ജീവികളെ പരിശോധിക്കുന്ന തങ്ങളുടെ വന്യജീവി ആശുപത്രിയില്‍ ആദ്യമായാണ് ഇത്തരത്തിലൊരു സ്നേഹപ്രകടനം നടക്കുന്നതെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. മനുഷ്യന്‍ മാത്രമല്ല തന്‍റെ ഇണകളോട് സ്നേഹം പ്രകടിപ്പിക്കുന്നത്. മൃഗങ്ങള്‍ക്കും കുടുംബവും അവ തമ്മില്‍ പരസ്പര സ്നേഹവും സഹകരണവും ഉണ്ടെന്ന് ഈ സംഭവം തെളിയിക്കുന്നതായും ആശുപത്രി അധികൃതര്‍ പറയുന്നു.കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos

click me!