കാലാവസ്ഥാ അടിയന്തിരാവസ്ഥയുടെ ഇക്കാലത്ത് അഭൂതപൂർവവും ഭയാനകമായ കാലാവസ്ഥാ സംഭവങ്ങളില്ലാതെ ഒരു വർഷം പോലും കടന്നുപോകുന്നില്ല. അതിനിടെയാണ് മിഡില്‍ ഈസ്റ്റിലും അമേരിക്കയിലും കാനഡയിലും ചൂട് തരംഗങ്ങള്‍ അടിച്ച് തുടങ്ങിയതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.
കഴിഞ്ഞ ജൂൺ 29 ന് കാനഡയിലെ ഒരു ചെറിയ പർവതനഗരമായ ലിറ്റണില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും കൂടിയ ചൂടാണ് രേഖപ്പെടുത്തിയത്, 49.6 ഡിഗ്രി സെൽഷ്യസ്. യുഎസിലെ സിയാറ്റിൽ, ലൈറ്റണിന്‍റെ അതേ അക്ഷാംശത്തിൽ 42.2 ഡിഗ്രി സെൽഷ്യസ് ചൂടും രേഖപ്പെടുത്തി.
യുഎസിലെ പോർട്ട്‌ലാന്‍റില്‍ അവിശ്വസനീയമായ 46.6 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ജൂൺ ആദ്യം യുഎഇ, ഇറാൻ, കുവൈറ്റ് നഗരങ്ങളിൽ 50 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയിരുന്നു.
പാക്കിസ്ഥാനിലെ ഇസ്ലാമാബാദിൽ ജൂൺ തുടക്കത്തിൽ കടുത്ത ചൂട് അനുഭവിക്കുന്നതിനിടെ നിരവധി സ്കൂൾ കുട്ടികൾ ബോധരഹിതരായെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇന്ത്യയില്‍ മണ്‍സൂണ്‍ ബ്രേക്കാണെന്നാണ് കാലാവസ്ഥാ നിരീക്ഷണം കേന്ദ്രത്തിന്‍റെ റിപ്പോര്‍ട്ട്.
ജൂൺ 30 ന് ഡൽഹിയിലെ ഏറ്റവും ഉയർന്ന താപനില 43.5 ഡിഗ്രി ആയിരുന്നു. അതായത് ഭൂമിയില്‍ പല ഭാഗങ്ങളിലും, പ്രത്യേകിച്ച് വടക്കൻ അർദ്ധഗോളത്തിൽ, വേനൽക്കാലത്തെ ചൂട് അസഹനീയമായ വിധത്തില്‍ ഉയരുകയാണെന്നാണ് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഭൂമിയെ ചൂട് പിടിപ്പിക്കുന്ന കാർബൺ ഉദ്‌വമനം കുറയ്ക്കുന്നതിനുള്ള നിർണായക നടപടികളില്‍ പല രാജ്യങ്ങളും തങ്ങളുടെ താത്പര്യം സംരക്ഷിക്കാനായി ഒപ്പു വയ്ക്കാതെ മാറി നില്‍ക്കുന്നത് പ്രതിസന്ധി വര്‍ദ്ധിപ്പിക്കാനേ സഹായിക്കൂവെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി സംഘടനകളും പറയുന്നു.
ആഗോളതാപനത്തിന്‍റെ വേഗത വര്‍ദ്ധിപ്പിക്കുന്ന രീതിയിലാണ് ലോകത്ത് കാര്‍ബണ്‍ ബഹിര്‍ഗമനം ഉണ്ടാകുന്നതെന്നത് കാര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. ലോക കാലാവസ്ഥാ ഓർഗനൈസേഷൻ (ഡബ്ല്യുഎംഒ) റിപ്പോർട്ട് അനുസരിച്ച് 20 -ാം നൂറ്റാണ്ടിനെ അപേക്ഷിച്ച് അടുത്ത അഞ്ച് വര്‍ഷം കൊണ്ട് ഭൂമിയിലെ ചൂട് 1.5 ഡിഗ്രി സെല്‍ഷ്യസ് (40 %) ഉയരുമെന്നാണ്.
2100 ഓടെ ഭൂമിയുടെ താപനം 1.5 ഡിഗ്രി സെൽഷ്യസിനും 2 ഡിഗ്രി സെൽഷ്യസിനും (ഏറ്റവും മോശം അവസ്ഥ) പരിമിതപ്പെടുത്തുന്നതിനുള്ള ആഗോള ശ്രമത്തിന്‍റെ ഭാഗമായാണ് 2015 ലെ പാരീസ് കാലാവസ്ഥാ കരാർ കൊണ്ട് വന്നത്. എന്നാല്‍ 1.5 ഡിഗ്രി ചൂട് ഭൂമിയില്‍ വര്‍ദ്ധിച്ചാല്‍ തന്നെ ഭൂമിയിലെ അനേകം പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകുമെന്നതാണ് യാഥാര്‍ത്ഥ്യം.
അതായത്, ഭൂമിയുടെ ശരാശരി ചൂട് 1.5 ഡിഗ്രിയിലേക്ക് വര്‍ദ്ധിക്കുമ്പോള്‍, വിവിധ പ്രദേശങ്ങളില്‍ - വിവിധ മരുഭൂമികള്‍, മരുവത്ക്കരണം സംഭവിച്ചു കൊണ്ടിരിക്കുന്ന പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ - ചൂട് അതിനും ഏറെ കൂടുതലായിരിക്കും. ഇതോടെ ഹിമാലയം ആഗോള ശരാശരി 1.5 ഡിഗ്രി സെൽഷ്യസിൽ നിന്ന് 2 ഡിഗ്രി സെൽഷ്യസ് വരെ ചൂടാക്കും.
ഇത് മൂലം ഭൂമിയുടെ പല പ്രദേശങ്ങളിലായി ശേഖരിക്കപ്പെട്ടിരിക്കുന്ന ഖനീഭവിച്ച മഞ്ഞ് ഉരുകുകയും ഇത് സമുദ്ര ജലനിരപ്പ് ഉയരാന്‍ കാരണമാകുകയും ചെയ്യുന്നു. അതായത് 2050 ഓടെ 350 ദശലക്ഷം മനുഷ്യര്‍ ഇതിന്‍റെ ദുരന്തത്തിന് ഇരകളായിത്തീരുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ താപനില ഇപ്പോള്‍ തന്നെ 47.9 ഡിഗ്രി സെല്‍ഷ്യസാണ്. സഹാറ മരുഭൂമിയിൽ സാധാരണ കാണപ്പെടുന്ന താപനിലയാണ് ഇത്. മഞ്ഞുമൂടിയ കനേഡിയന്‍ കാലാവസ്ഥയിലാണ് ഇന്ന് ഈ ഉയര്‍ന്ന താപനില എന്നത് ഏറെ ആശങ്കയാണ് ഉയര്‍ത്തിയിരിക്കുന്നത്.
ആഗോണതാപനത്തെ കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിക്കുമ്പോള്‍, അന്‍റാര്‍ട്ടിക്കയില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ 18.3 ഡിഗ്രി സെല്‍ഷ്യസ് (64.9 ഡിഗ്രി ഫാരൻഹീറ്റ്) ചൂട് അനുഭവപ്പെട്ട് തുടങ്ങിയെന്ന് യുഎന്‍ സ്ഥിരീകരിച്ചു. ഇത് അന്‍റാര്‍ട്ടിക്കയില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന ചൂടാണ്.
2020 ഫെബ്രുവരി 6 ന് അന്‍റാർട്ടിക്ക് ഉപദ്വീപിലെ അർജന്‍റീനയുടെ കൈവശമുള്ള എസ്പെരൻസ ഗവേഷണ കേന്ദ്രത്തിലാണ് റെക്കോർഡ് ചൂട് രേഖപ്പെടുത്തിയതെന്ന് യുഎൻ ലോക കാലാവസ്ഥാ സംഘടന അറിയിച്ചു. അന്‍റാർട്ടിക്ക് ഉപദ്വീപാണ് ഭൂമിയില്‍ ഏറ്റവും വേഗത്തിൽ ചൂടാകുന്ന പ്രദേശങ്ങളിൽ ഒന്ന് - കഴിഞ്ഞ 50 വർഷത്തിനിടെ ഏകദേശം 3 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് ഇവിടെ വര്‍ദ്ധിച്ചത്.
താപനിലയിലെ ഈ പുതിയ റെക്കോർഡ് ഞങ്ങൾ നിരീക്ഷിക്കുന്ന കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടുന്നുവെന്ന് ഡബ്ല്യുഎംഒ സെക്രട്ടറി ജനറൽ പെറ്റേരി തലാസ് പറയുന്നു. അതേസമയം, കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ അന്‍റാര്‍ട്ടിക്കയിലെ ബ്രസീലിയന്‍ ഓട്ടോമേറ്റഡ് പെര്‍മാഫ്രോസ്റ്റ് മോണിറ്ററിംഗ് സ്റ്റേഷന് അടുത്തുള്ള സീമോര്‍ ദ്വീപില്‍ റിപ്പോര്‍ട്ട് ചെയ്ത 20.75 ഡിഗ്രി സെല്‍ഷ്യസ് (69.4 എഫ്) എന്ന കണക്ക് ഡബ്ല്യുഎംഒ തള്ളിക്കളഞ്ഞു.
സീമോർ ദ്വീപിലെ ബ്രസീലിയൻ സ്റ്റേഷനിലെ വികിരണ കവചത്തിന്‍റെ പെർമാഫ്രോസ്റ്റ് മോണിറ്ററിന്‍റെ വായു താപനില സെൻസറിന് പ്രകടമായ താപ പക്ഷപാത പിശക് സംഭവിച്ചതാണ് താപനിലയില്‍ വലിയ വ്യതിയാനം കണിച്ചതെന്നാണ് ഡബ്ല്യുഎംഒ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡബ്ല്യുഎംഒ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ ആർക്കൈവിൽ ലോകത്തിലെ ഏറ്റവും ഉയർന്നതും താഴ്ന്നതുമായ താപനില, മഴ, കനത്ത ആലിപ്പഴം, ഏറ്റവും ദൈർഘ്യമേറിയ വരണ്ട കാലഘട്ടം, കാറ്റിന്‍റെ പരമാവധി ആവേശം, ഏറ്റവും ദൈർഘ്യമേറിയ മിന്നൽ ഫ്ലാഷ്, കാലാവസ്ഥയുമായി ബന്ധപ്പെട്ട മരണങ്ങൾ എന്നിവ രേഖപ്പെടുത്തുന്നു.
1983 ജൂലൈ 21 ന് അന്‍റാർട്ടിക്കയിലെ വോസ്റ്റോക്ക് സ്റ്റേഷനിൽ രേഖപ്പെടുത്തിയ മൈനസ് 89.2 സി (മൈനസ് 128.6 എഫ്) ആണ് ഭൂമിയിൽ രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന താപനില. അന്‍റാർട്ടിക്കയുടെ ശരാശരി വാർഷിക താപനില തീര പ്രദേശത്ത് മൈനസ് 10 സി (14 എഫ്) മുതൽ ഉള്‍പ്രദേശങ്ങളിലെ ഉയർന്ന ഭാഗങ്ങളിൽ മൈനസ് 60 സി (മൈനസ് 76 എഫ്) വരെയാണ്.
കാലാവസ്ഥയും സമുദ്രചലനങ്ങളും സമുദ്രനിരപ്പ് ഉയരുന്നതിലും ആര്‍ട്ടിക്കും അന്‍റാര്‍ട്ടിക്കും പ്രധാന പങ്ക് വഹിക്കുന്നുണ്ടെങ്കിലും, തുടർച്ചയായതും സുസ്ഥിരവുമായ കാലാവസ്ഥ, കാലാവസ്ഥാ നിരീക്ഷണങ്ങൾ, പ്രവചനങ്ങൾ എന്നിവയിൽ അന്‍റാർട്ടിക്കിന്‍റെ സ്ഥിതി കൂടുതല്‍ മോശമാകുകയാണെന്ന് പെറ്റേരി തലാസ് പറഞ്ഞു.
പത്തൊൻപതാം നൂറ്റാണ്ടിന് ശേഷം ഭൂമിയുടെ ശരാശരി ഉപരിതല താപനില ഒരു ഡിഗ്ര സെല്‍ഷ്യസായി വർദ്ധിച്ചു. ഇത് വരൾച്ച, താപ തരംഗങ്ങൾ, ഉഷ്ണമേഖലാ ചുഴലിക്കാറ്റുകൾ എന്നിവയുടെ തീവ്രത വർദ്ധിപ്പിക്കാൻ പര്യാപ്തമാണെന്നും ഡബ്ല്യുഎംഒയുടെ റിപ്പോര്‍ട്ട് പറയുന്നു. എന്നാൽ അന്‍റാർട്ടിക്കയിലെ വായു അതിന്‍റെ ഇരട്ടിയിലധികമാണ് ചൂടായാതെന്നും റിപ്പോര്‍ട്ട് ചൂണ്ടുക്കാട്ടുന്നു.
രണ്ട് ഡിഗ്രി സെൽഷ്യസ് ചൂടാകുന്നത് ഗ്രീൻലാൻഡിലെയും പടിഞ്ഞാറൻ അന്‍റാർട്ടിക്കിലെയും മഞ്ഞുപാളികൾ ഉരുകാൻ കാരണമാകുമെന്ന് സമീപകാല ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇത് മൂലം സമുദ്രങ്ങൾ 13 മീറ്റർ (43 അടി) വരെ ഉയർത്താൻ ആവശ്യമായ ജലമാകും പുറം തള്ളപ്പെടുന്നതെന്നും പഠനങ്ങള്‍ പറയുന്നു. ഒരടി ഉയര്‍ന്നാല്‍ തന്നെ മുങ്ങിപോകുന്ന ദ്വീപുകള്‍ ഉള്ളപ്പോളാണ് 43 അടി ജലമുയരുമെന്ന കണക്ക് പുറത്ത്‍ വരുന്നത്.
കാലാവസ്ഥാ വ്യതിയാനത്തിന് അടിയന്തിര നടപടികൾ ആവശ്യമാണെന്ന് ഈ പുതിയ റെക്കോർഡ് സൂചിപ്പിക്കുന്നതായി അർജന്‍റീനയുടെ ദേശീയ കാലാവസ്ഥാ സേവന മേധാവി ഡബ്ല്യുഎംഒയുടെ ആദ്യ വൈസ് പ്രസിഡന്‍റ് സെലസ്റ്റെ സോളോ പറഞ്ഞു.
ഈയൊരു പ്രതിസന്ധിയെ കുറിച്ചുള്ള അവബോധത്തില്‍ നിന്നാണ് ഗേറ്റാ തുബര്‍ഗിനെ പോലുള്ള കൌമാരക്കാര്‍ ആഗോളതാപനത്തിനെതിരെ രാജ്യങ്ങള്‍ കാര്യക്ഷമമായ നിയമങ്ങള്‍ കൊണ്ട് വരണമെന്നാവശ്യപ്പെട്ട് പഠനമുപേക്ഷിച്ചുള്ള സമരങ്ങളിലടക്കം സജീവമായത്. തങ്ങളുടെ തലമുറയ്ക്കും ഇവിടെ ജീവിക്കാന്‍ അവകാശമുണ്ടെന്നും അതില്ലാതാക്കാന്‍ ഇപ്പോഴത്തെ സംവിധാനങ്ങള്‍ക്ക് അവകാശമില്ലെന്നുമായിരുന്നു അവരുടെ നിരീക്ഷണം.കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona