ഇന്നലെ മാത്രം അഫ്ഗാനിസ്ഥാനില്‍ ഉടനീളം നാല് സ്ഫോടനങ്ങളാണ് നടന്നത്. മസാർ-ഇ-ഷെരീഫ് പള്ളിക്ക് നേരെയുള്ള ആക്രമണമായിരുന്നു ആദ്യത്തേത്. പള്ളിയില്‍ വിശ്വാസികള്‍ ഏറെയുള്ളപ്പോഴായിരുന്നു സ്ഫോടനം.
സ്ഫോടനം റിമോട്ട് കണ്‍ട്രോളിലാണ് നടത്തിയതെന്ന് സംശയിക്കുന്നു. ബൂബി-ട്രാപ്പ്ഡ് ബാഗ് ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് സുന്നി മുസ്ലീം ഐഎസ് ജിഹാദികൾ പറഞ്ഞു. 'പ്രതികാരം ചെയ്യാനുള്ള ആഗോള പ്രചാരണത്തിന്‍റെ ഭാഗമാണ് ആക്രമണ'മെന്ന് സംഘം അവകാശപ്പെട്ടു.
സ്ഫോടനത്തിന് ശേഷം "എല്ലായിടത്തും രക്തവും ഭയവും" മായിരുന്നെന്ന് പ്രവിശ്യാ പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്‌മെന്‍റ് വക്താവ് അഹ്മദ് സിയ സിന്ദാനി എഎഫ്‌പി വാർത്താ ഏജൻസിയോട് പറഞ്ഞു.
ഐഎസിന്‍റെ മുന്‍നേതാവിന്‍റെയും വക്താവിന്‍റെയും മരണമാണ് പ്രകോപന കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടമത്തെ സ്ഫോടനം നടന്നത് കുണ്ടൂസിലെ ഒരു പൊലീസ് സ്റ്റേഷന് സമീപത്താണ്. ഇവിടെ വാഹനം പൊട്ടിത്തെറിച്ചായിരുന്നു സ്‌ഫോടനം.
കുണ്ടൂസിലെ ഒരു പൊലീസ് സ്റ്റേഷന് സമീപത്ത് നടന്ന സ്ഫോടനത്തില്‍ നാല് പേര്‍ മരിക്കുകയും 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഇതിനിടെ കിഴക്കൻ നംഗർഹാർ പ്രവിശ്യയിൽ റോഡരികില്‍ കുഴിച്ചിട്ടിരുന്ന ഒരു മൈനിലേക്ക് കയറിയ താലിബാന്‍റെ വാഹനം തകര്‍ന്ന് നാല് താലിബാൻ അംഗങ്ങൾ കൊല്ലപ്പെടുകയും അഞ്ചാമത്തെയാള്‍ക്ക് പരിക്കേൽക്കുകയും ചെയ്തെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിലെ നിയാസ് ബെയ്ക് പ്രദേശത്ത് കുഴിച്ചിട്ട മറ്റൊരു മൈന്‍ പൊട്ടിയാണ് നാലാമത്തെ സ്ഫോടനം. ഇവിടെ രണ്ട് കുട്ടികൾക്ക് പരിക്കേറ്റു.
അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ (Kabul) ഷിയാ വിഭാഗക്കാർ കൂടുതലുള്ള പ്രദേശത്തുള്ള അബ്ദുൾ റഹീം ഷാഹിദ് ഹൈസ്‌കൂളിൽ നടന്ന രണ്ട് ബോംബ് സ്‌ഫോടനങ്ങൾക്ക് ദിവസങ്ങൾക്ക് ശേഷമാണ് ഇന്നലെ തുടര്‍ച്ചയായ നാല് സ്ഫോടനങ്ങള്‍ നടന്നത്.
കുറഞ്ഞത് ആറ് പേർ കൊല്ലപ്പെടുകയും 20 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രദേശിക അധികൃതർ അറിയിച്ചു. മസാർ-ഇ-ഷെരീഫിലെ സ്‌ഫോടനം നടന്നത് ഹസാര ന്യൂനപക്ഷ വിഭാഗം പ്രാദേശികമായി ഉപയോഗിക്കുന്ന ഏറ്റവും വലിയ പള്ളികളിലൊന്നായ സെഹ് ഡോകാനിലാണെന്ന് പ്രാദേശിക റിപ്പോർട്ടുകളും ദൃക്‌സാക്ഷികളും പറയുന്നു.
അഫ്ഗാനിസ്ഥാനിലെ ഹസാര സമുദായത്തെ (Hazara community) ഐഎസ് ഉൾപ്പെടെയുള്ള സുന്നി തീവ്രവാദി ഗ്രൂപ്പുകൾ പലപ്പോഴും ലക്ഷ്യമിടുന്നത് പതിവാണ്. പള്ളിയില്‍ വിശ്വാസികള്‍ പ്രാർത്ഥന നടത്താൻ തയ്യാറെടുക്കുന്നതിനിടെയാണ് സ്ഫോടനം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
"അവിടെ നല്ല തിരക്കായിരുന്നു, പെട്ടെന്നായിരുന്നു അത് സംഭവിച്ചത്. കടകളുടെ ചില്ലുകൾ തകർന്നു. എല്ലാവരും ഓടാൻ തുടങ്ങി." മസാർ-ഇ-ഷെരീഫ് സ്ത്രീ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് പറഞ്ഞു.
അഫ്ഗാനിസ്ഥാനിലെ ന്യൂനപക്ഷ മുസ്ലീം വിഭാഗമായ ഹസാര സമുദായത്തെ തീവ്രവാദ സംഘടനകള്‍ ലക്ഷ്യം വയ്ക്കുന്നത് പതിവാണ്. തിരക്കേറിയ സ്കൂളുകളിലും പള്ളികളിലും ആസൂത്രിതമായി നടത്തുന്ന ഇത്തരം ആക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കേണ്ടതാണെന്ന് മനുഷ്യാവകാശങ്ങൾ സംബന്ധിച്ച അഫ്ഗാനിസ്ഥാന്‍റെ ഐക്യരാഷ്ട്രസഭയുടെ പ്രത്യേക പ്രതിനിധി റിച്ചാർഡ് ബെന്നറ്റ് പറഞ്ഞു.
അഫ്ഗാനിസ്ഥാന്‍റെ അധികാരം പിടിച്ചടക്കുന്നത് വരെ ഐഎസും താലിബാനും തമ്മില്‍ വലിയ അസ്വാരസ്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ അധികാരം ലഭിച്ച ശേഷം , അന്താരാഷ്ട്രാ സഹായത്തിനായി താലിബാന്‍ തങ്ങളുടെ തീവ്ര ആശയങ്ങളില്‍ ഇളവുകള്‍ വരുത്തിയിരുന്നു. ഇതോടെയാണ് ഐഎസും താലിബാനും തമ്മില്‍ അകന്നത്.