ജോഹന്നാസ്ബര്‍ഗ്ഗിലെ പല സൂപ്പര്‍മാര്‍ക്കറ്റുകളും എടിഎം സെന്‍ററുകളും കൊള്ളയടിക്കപ്പെട്ടു. പല മരണങ്ങളും സൂപ്പര്‍മാര്‍ക്കറ്റ് കൊള്ളയടിക്കിടെ ഉണ്ടായതാണെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു. ആയിരത്തോളം പേരാണ് കൊള്ളയടിക്ക് നേതൃകത്വം നല്‍കിയതെന്നും 1,234 പേരെ വിവിധ കേസുകളില്‍ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
ജോഹന്നാസ്ബർഗിന് വടക്ക് അലക്സാണ്ട്ര ടൗൺഷിപ്പിലും നൂറുകണക്കിന് ആളുകൾ ഒരു ഷോപ്പിംഗ് മാളില്‍ അതിക്രമിച്ച് കയറി സാധനങ്ങളുമായി പോകുന്ന വീഡിയോകളും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
2009 മുതൽ 2018 വരെ ജേക്കബ് സുമ രാഷ്ട്രപതിയായിരിക്കെ ഉയര്‍ന്നുവന്ന അഴിമതി ആരോപണങ്ങളില്‍ നടക്കുന്ന അന്വേഷണത്തില്‍ സഹകരിക്കാന്‍ കോടതി അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേസുമായി സഹകരിക്കാന്‍ സുമ തയ്യാറായില്ല.
തുടര്‍ന്ന് കോടതിയലക്ഷ്യത്തിന് ജേക്കബ് സുമയ്ക്ക് 15 മാസത്തെ തടവാണ് വിധിച്ചിരുന്നത്. ഈ തടവ് അനുഭവിക്കാനും അദ്ദേഹം ആദ്യം തയ്യാറായിരുന്നില്ല. കേസില്‍ ശിക്ഷിക്കപ്പെട്ട് സുമയോടെ കീഴടങ്ങാന്‍ കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം സഹകരിച്ചിരുന്നില്ല.
ഒടുവില്‍, തന്നെ കൊന്നാല്‍ മാത്രമേ അച്ഛനെ നിങ്ങള്‍ക്ക് കിട്ടൂവെന്ന് അദ്ദേഹത്തിന്‍റെ മകന്‍ ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാറിനെ വെല്ലുവിളിക്കുന്നത് വരെയെത്തിയിരുന്നു കാര്യങ്ങള്‍. എന്നാല്‍ പിന്നീട് മകന്‍ തന്നെ ജേക്കബ് സുമയെ അദ്ദേഹത്തിന്‍റെ കാറില്‍ ആയുധധാരികളായ സ്വകാര്യ അംഗരക്ഷകരോടൊപ്പം കോടതിയില്‍ ഹജരാക്കിയിരുന്നു. ഇതിന് തൊട്ട് പുറകെയാണ് ദക്ഷിണാഫ്രിക്കയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്.
ക്വാസുലു-നടാൽ, ഗ്വാടെംഗ് പ്രവിശ്യകളെ കേന്ദ്രീകരിച്ചാണ് ഏറ്റവും കൂടുതല്‍ അക്രമണങ്ങള്‍ അരങ്ങേറിയതെന്നാണ് പൊലീസ് പറയുന്നത്. ഒരു കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷൻ കൊള്ളയടിക്കപ്പെട്ടു. മോഷ്ടാക്കൾ 5 മില്യൺ റാൻഡ് (3,50,000 ഡോളർ) വിലവരുന്ന ഉപകരണങ്ങൾ മോഷ്ടിക്കുകയും റേഡിയോ സ്റ്റേഷന് തീയിട്ടതായും സ്റ്റേഷൻ മാനേജർ തകലെയ്ൻ നെമാംഗോവ് പറഞ്ഞു.
“ഞങ്ങളുടെ ഓൺ-എയർ അവതാരകനും സുരക്ഷാ ഗാർഡുകളും പിൻവാതിലിലൂടെ സുരക്ഷിതമായി പുറത്തിറങ്ങി,” നെമാംഗോവ് അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു.പ്രക്ഷേപണ ഉപകരണങ്ങൾ, കമ്പ്യൂട്ടറുകൾ, ലാപ്‌ടോപ്പുകൾ, മൈക്രോഫോണുകൾ, എല്ലാം കൊള്ളക്കാര്‍ കൊണ്ടുപോയി. ' ഈ സമയം പൊലീസോ സൈന്യമോ പ്രദേശത്ത് പട്രോളിംഗ് നടത്തിയിട്ടില്ലെന്നും നെമാംഗോ പറഞ്ഞു.
കമ്മ്യൂണിറ്റി ഫണ്ടുള്ള അലക്സ് എഫ്എം സ്റ്റേഷൻ യുവജനങ്ങൾക്കായി ഒരു പരിശീലന പരിപാടി നടത്തിയിരുന്നു. അലക്സാണ്ട്രയിൽ 'ഞങ്ങൾ ശബ്ദമില്ലാത്തവരുടെ ശബ്ദ'മായിരുന്നു. ഇപ്പോൾ ഞങ്ങൾ നിശബ്ദരാണ്. ഇത് ശരിക്കും സങ്കടകരമാണെന്നും നെമാംഗോവ് പറഞ്ഞു.
ആയിരക്കണക്കിന് ആളുകൾ ഭക്ഷണം, ഇലക്ട്രിക് ഉപകരണങ്ങൾ, മദ്യം, വസ്ത്രങ്ങൾ എന്നിവ സ്റ്റോറുകളിൽ നിന്ന് മോഷ്ടിച്ചതായി പൊലീസ് മേജർ ജനറൽ മാത്തപെലോ പീറ്റേഴ്‌സ് പറഞ്ഞു. 27 മരണങ്ങൾ അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുലു-നടാൽ പ്രവിശ്യയിലും 45 ഗൗട്ടെങ് പ്രവിശ്യയിലും നിരവധി മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു.
എടിഎം മെഷീനുകള്‍ തകര്‍ക്കാനായി നടത്തിയ സ്ഫോടനങ്ങളെ തുടര്‍ന്നുണ്ടായ മരണങ്ങളെക്കുറിച്ചും പൊലീസ് വെടിവയ്പിലുണ്ടായ മറ്റ് മരണങ്ങളെക്കുറിച്ചും അന്വേഷിക്കുന്നുണ്ടെന്നും പീറ്റേഴ്‌സ് പറഞ്ഞു.
കലാപമുണ്ടായതിനെ തുടര്‍ന്ന് കടയുടമകള്‍ തങ്ങളുടെ സ്വത്തുക്കള്‍ സംരക്ഷിക്കുന്നതിനായി ' സ്വകാര്യ സായുധ പ്രതിരോധ സേന'കള്‍ രൂപീകരിക്കാന്‍ ശ്രമങ്ങള്‍ നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെയാണ് സൈന്യം രംഗത്തിറങ്ങിയത്.
എന്നാല്‍, കൊറോണാ രോഗവ്യാപനത്തെ തടയാന്‍ 70,000 സൈനികരെ രംഗത്തിറക്കിയ സര്‍ക്കാര്‍ കലാപം തടയാന്‍ വെറും 2,500 സൈനികരെയാണ് രംഗത്തിറക്കിയതെന്ന് പ്രതിപക്ഷം ആരോപണമുന്നയിച്ചു. കലാപം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായും പ്രതിപക്ഷം ആരോപിച്ചു.
ജോഹന്നാസ്ബർഗ് , നഗരത്തിന്‍റെ കിഴക്കൻ ഭാഗത്തെ വോസ്ലൂറസ് , ഗൌട്ടെംഗ്, ക്വാസുലു-നടാൽ എന്നിവിടങ്ങളിൽ കലാപത്തില്‍ ഉള്‍പ്പെട്ട 1,234 പേരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.
രാജ്യത്തെ രണ്ട് പ്രവിശ്യകളിലാണ് വ്യാപകമായ അക്രമം രേഖപ്പെടുത്തിയത്. മറ്റ് ഏഴ് പ്രവിശ്യകളില്‍ കലാപാന്തരീക്ഷമില്ലെങ്കിലും ജാഗ്രതയിലാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ജനങ്ങള്‍ തെരുവിലിറങ്ങിയതോടെ അക്രമികള്‍ സാഹചര്യം മുതലെടുക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ജോഹന്നാസ്ബർഗിന് കിഴക്ക് ഡേവിട്ടൺ ടൌൺഷിപ്പിൽ, മെയ്‌ഫെയർ സ്‌ക്വയർ മാളിനുള്ളിലെ കടകളിൽ നിന്ന് മോഷണം നടത്തിയതിന് സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ എന്നിവരുൾപ്പെടെ നൂറിലധികം പേരെ അറസ്റ്റ് ചെയ്തെന്ന് പൊലീസ് പറഞ്ഞു. മിക്കകടങ്ങളും കൊള്ളയടിച്ച ശേഷം അടിച്ച് തകര്‍ത്തുകളഞ്ഞിരുന്നു.
സോവെറ്റോയിൽ, ക്രിസ് ഹാനി ബരഗ്വനാഥ് ആശുപത്രിയില്‍, അടിയന്തിര വാർഡില്‍ പ്രവേശിക്കപ്പെട്ടവരുടെ എണ്ണം ശരാശരിയേക്കാൾ മൂന്നിരട്ടിയായി വർദ്ധിച്ചുവെന്ന് റിപ്പോർട്ട് ചെയ്തു.
ഇത് പ്രതിദിനം 50 വയസും അതിൽ കൂടുതലുമുള്ള ആയിരക്കണക്കിന് ആളുകൾക്ക് കൊവിഡ് പ്രതിരോധ കുത്തിവയ്പ് നൽകുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ ഇത് ഇല്ലാതാക്കി. പ്രശ്നബാധിത പ്രദേശങ്ങിളിലെ ചില കോവിഡ് -19 വാക്സിനേഷൻ കേന്ദ്രങ്ങൾ അടച്ചുപൂട്ടാൻ സർക്കാര്‍ തീരുമാനിച്ചു.
രാഷ്ട്രപതി സിറിൽ റമാഫോസ ജനക്കൂട്ടത്തോട് ശാന്തരാകാന്‍ ആവശ്യപ്പെട്ടു. രാജ്യത്ത് ഇപ്പോളുണ്ടായ അശാന്തി രാജ്യം കണ്ട ഏറ്റവും മോശമായ കാര്യമാണെന്നും 1990 ല്‍ വെളുത്ത വംശജരില്‍ നിന്ന് രാജ്യം സ്വതന്ത്രമാകുന്ന കാലത്ത് പോലും ഇത്രയും രക്തരൂക്ഷിതമായ കലാപമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മുൻ രാഷ്ട്രപതി ജേക്കബ് സുമയെ ജയിലിടച്ചതിന് ശേഷം ജേക്കബ് സുമയുടെ ജന്മനാടായ ക്വാസുലു-നടലിലാണ് ആദ്യമായി കലാപമുണ്ടായത്. ഇന്നും ദരിദ്രമായ ഈ പ്രദേശത്തെ അടിസ്ഥാന വിഭാഗം ജേക്കബ് സുമയെ ഇപ്പോഴും തങ്ങളുടെ അനിഷേധ്യ നേതാവായാണ് കണക്കാക്കുന്നത്.
എന്നാല്‍, കലാപം വളരെ പെട്ടെന്ന് തന്നെ ദക്ഷിണാഫ്രിക്കയിലെ സാമ്പത്തിക കേന്ദ്രമായ ഗൌട്ടെങ്ങിലേക്കും സോവറ്റോയിലെ ടൌൺഷിപ്പിലേക്കും വളരെ ആസൂത്രിതമായി തന്നെ വ്യാപിച്ചു.
രാജ്യത്ത് നിലനില്‍ക്കുന്ന സാമ്പത്തിക അസ്ഥിരതയും തൊഴിലില്ലായ്മയും ദാരിദ്രവും രൂക്ഷമായിരിക്കുന്ന സമയത്തെത്തിച്ചേര്‍ന്ന കൊറോണാ രോഗവ്യപനവും ജനങ്ങളെ കലാപത്തിന് പ്രയരിപ്പിച്ചിരിക്കാമെന്നും അഭിപ്രായങ്ങളുയര്‍ന്നു.
10.5 ദശലക്ഷം ജനസംഖ്യയിൽ 3.2 ദശലക്ഷം ആളുകൾ ദാരിദ്ര്യത്തിലാണെന്ന് കണക്കുകള്‍ പറയുന്നു. തൊഴിലില്ലായ്മ 32.6 ശതമാനമായി ഉയര്‍ന്നു. ഇത് സര്‍വ്വകാല റെക്കോഡാണ്. യുവാക്കള്‍ക്കിടയില്‍ 46.3 ശതമാനമാണ് തൊഴിലില്ലായ്മ.
ദക്ഷിണാഫ്രിക്കയിലെ കറുത്ത വംശജര്‍ക്കിടയില്‍ ഇന്നും ജേക്കബ് സുമയ്ക്ക് വലിയ ജനപ്രീതിയാണ് ഉള്ളത്. അദ്ദേഹത്തിന്‍റെ അറസ്റ്റും ജയില്‍വാസവും കൂടിയായതോടെ ജനങ്ങള്‍ തെരുവിലേക്കിറങ്ങി കലാപം അഴിച്ച് വിടുകയായിരുന്നു.
ദക്ഷിണാഫ്രിക്കൻ വിദേശകാര്യ മന്ത്രി നലേദി പണ്ടോറ, രാജ്യത്ത് ക്രമസമാധാനം നടപ്പാക്കാൻ തങ്ങളുടെ സർക്കാർ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് അവർ ഉറപ്പ് നൽകിയതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ.എസ് ജയശങ്കര്‍ ട്വിറ്റ് ചെയ്തു. നേരത്തെയുള്ള സ്വാഭാവികതയും സമാധാനവും പുനഃസ്ഥാപിക്കുക എന്നതായിരുന്നു മുൻഗണനയെന്ന് അദ്ദേഹം അറിയിച്ചതായും ജയശങ്കര്‍ ട്വീറ്റില്‍ കുറിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona