'പുടിന് ഇനി മൂന്ന് വര്‍ഷത്തെ ആയുസ് മാത്രം': മുന്‍ എഫ്എസ്ബി ചാരൻ

First Published | May 29, 2022, 2:39 PM IST

ലോകമെങ്ങും ഇന്ന് ഭയത്തോടെ ഉറ്റുനോക്കുന്ന ഒരു ഭരണാധികാരിയാണ് റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍ (Vladimir Putin). കഴിഞ്ഞ ഫെബ്രുവരി 24 ന് യുക്രൈനിലേക്ക് റഷ്യ ഏകപക്ഷീയമായി സൈനിക നീക്കം ആരംഭിച്ചത് മുതല്‍ ലോകമെങ്ങും പുടിനെ സംശയത്തോടെയാണ് വീക്ഷിക്കുന്നത്. നിരന്തരം വാര്‍ത്തകളില്‍ ഇടം പിടിക്കുന്നതിനിടെ പുടിന്‍ കടുത്ത രോഗങ്ങള്‍ക്ക് പിടിയിലാണെന്നും വാര്‍ത്തകള്‍ വന്നിരുന്നു. പാര്‍ക്കിന്‍സണ്‍സ് മുതല്‍ അര്‍ബുദം വരെയുള്ള രോഗങ്ങളാല്‍ പുടിന്‍ കഷ്ടപ്പെടുകയാണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനിടെയാണ് പുടിന് അര്‍ബുദമാണെന്നും അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് മൂന്ന് വര്‍ഷം വരെ ആയുസ് മാത്രമാണ് നല്‍കിയിട്ടുള്ളതെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. റഷ്യയുടെ ചാര സംഘടനയായ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് ഓഫ് ദി റഷ്യന്‍ ഫെഡറേഷന്‍റെ (Federal Security Service of the Russian Federation -FSB RF) മുന്‍ ചാരനെ ഉദ്ദരിച്ചാണ് വിദേശ മാധ്യമങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 

യുക്രൈന്‍ അധിനിവേശത്തിനിടെ പുടിന് ഏതെങ്കിലും തരത്തിലുള്ള ഗുരുതരമായ അസുഖമുണ്ടെന്ന ഊഹാപോഹങ്ങൾ വർധിച്ചപ്പോള്‍, പ്രസിഡന്‍റിന് 'വേഗത്തിൽ വളരുന്ന ക്യാൻസറിന്‍റെ ഗുരുതരമായ രൂപമാണ്' ബാധിച്ചിരിക്കുന്നതെന്ന് മുന്‍ എഫ്എസ്ബി ഉദ്യോഗസ്ഥന്‍ വിശേഷിപ്പിച്ചത്. 

പുടിന് രണ്ടോ മൂന്നോ വര്‍ഷത്തില്‍ കൂടുതല്‍ ആയുസില്ലെന്നും അദ്ദേഹത്തിന് കാഴ്ച നഷ്ടപ്പെടുകയാണെന്നും മുന്‍ എഫ്എസ്ബി ഉദ്യോഗസ്ഥനെ ഉദ്ദരിച്ച്മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. റഷ്യൻ രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്നും ഒളിച്ചോടിയ മുൻ എഫ്എസ്ബി ഏജന്‍റായ ബോറിസ് കാർപിച്കോവിന്‍റെ (Boris Karpichkov) രഹസ്യ സന്ദേശത്തെ അധികരിച്ചാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍. 


തനിക്ക് ബലഹീനതയുള്ളതായി സമ്മതിക്കേണ്ടിവരുന്നതിനാല്‍ പുടിന്‍ കണ്ണട ധരിക്കാൻ വിസമ്മതിക്കുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. പുടിന്‍ 'അനിയന്ത്രിതമായ ക്രോധത്തോടെ' തന്‍റെ കീഴുദ്യോഗസ്ഥർക്കെതിരെ ആഞ്ഞടിക്കുന്നതായും സന്ദേശത്തിൽ മുന്നറിയിപ്പ് നൽകുന്നു. 

യുദ്ധം ആരംഭിച്ചതിന് ശേഷം പുടിന്‍ വിവിധ രാഷ്ട്രനേതാക്കളുമായി കൂടിയാലോചനകള്‍ നടത്തിയിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ പുറത്ത് വിട്ട ചിത്രങ്ങളെ അടിസ്ഥാനമാക്കി പുടിന്‍ ഗുരുതരമായ ഏതോ രോഗത്തിന്‍റെ പിടിയിലാണെന്ന് വാര്‍ത്തകള്‍ പുറത്ത് വരുന്നതിനിടെയാണ് ഇപ്പോഴത്തെ വെളിപ്പെടുത്തല്‍. 

റഷ്യയുടെ സഖ്യകക്ഷിയായ താജിക്കിസ്ഥാൻ (Tajikistan) പ്രസിഡന്‍റ്   ഇമോമാലി റഹ്‌മോനു (Emomali Rahmon)മായുള്ള കൂടിക്കാഴ്ചയ്ക്കിടെ പുടിന്‍റെ കൈ നന്നായി വിറയ്ക്കുന്നതായി ക്യാമറാ ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതോടെയാണ് പുടിന് പാര്‍ക്കിസണ്‍സ് രോഗമാണെന്ന സംശയം ഉയര്‍ന്നത്. 

തൊട്ട് പിന്നാലെ മറ്റൊരു സഖ്യകക്ഷിയായ ബെലാറസ് (Belarus) പ്രസിഡന്‍റ് അലക്‌സാണ്ടർ ലുകാഷെങ്കോ (Aleksandr Lukashenko)-യുമായുള്ള  കൂടിക്കാഴ്ചയിലും പുടിന്‍റെ കാലുകളുടെ പ്രത്യേകതയാണ് ശ്രദ്ധിക്കപ്പെട്ടത്. ഇതോടെ റഷ്യന്‍ പ്രസിഡന്‍റിന്‍ ആരോഗ്യ സ്ഥിതിയെ കുറിച്ചുള്ള സംശയങ്ങള്‍ ബലപ്പെട്ടു.  

പാർക്കിൻസൺസ് മൂലമുണ്ടാകുന്ന അനിയന്ത്രിതമായ വിറയലുകള്‍ മറയ്ക്കാനുള്ള ശ്രമത്തിലാണ് പുടിന്‍ തന്‍റെ കാലുകള്‍ പ്രത്യേക രീതിയില്‍ ചലിപ്പിച്ചു കൊണ്ടിരുന്നത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. മാത്രമല്ല, പുടിന്‍ നടത്തിയ ഓരോ കൂടിക്കാഴ്ചയ്ക്കിടയിലും അദ്ദേഹം കൈ കസേരയില്‍ മുറുക്കെ പിടിക്കുന്നതും ഇത്തരത്തില്‍ കൈവിറ മറച്ച് വയ്ക്കാനായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. 

'ചികിത്സയ്‌ക്കായി' ഇടവേളകൾ എടുക്കാതെ ദീർഘ നേരത്തേക്ക് ഏകാഗ്രത നിലനിർത്താൻ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്ന് മുന്നറിയിപ്പ് നൽകുന്ന ശക്തന്റെ മോശം ആരോഗ്യസ്ഥിതിയെക്കുറിച്ച് മറ്റ് സ്‌പൂക്കുകളും സൂചന നൽകി.

പ്രസിഡന്‍റിന്‍റെ ആരോഗ്യ സ്ഥിതി വഷളായതിനെ കുറിച്ച് നിരന്തരം വാര്‍ത്തകള്‍ വന്നതിന് പിന്നാലെ ക്രെംലിനില്‍ അധികാര കൈമാറ്റ പദ്ധതികള്‍ നടക്കുന്നുവെന്ന വാര്‍ത്തകളും പുറത്ത് വന്നിരുന്നു. ഇതിനിടെ പുടിനെ ഡോക്ടർമാരുടെ ഒരു സംഘം നിരന്തരം പിന്തുടരുന്നതായി ബ്രീട്ടീഷ് രഹസ്യാന്വേഷണ സംഘമായ എംഐ 6 ന്‍റെ റഷ്യന്‍ ഡെസ്കിലെ മുന്‍ ഓഫീസര്‍  ക്രിസ്റ്റഫർ ഡേവിഡ് സ്റ്റീൽ അവകാശപ്പെട്ടു.

രണ്ട് വര്‍ഷം മുമ്പും പുടിന് ക്യാൻസറും പാർക്കിൻസൺസും ബാധിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അന്ന് ഈ വാര്‍ത്തകള്‍ക്ക് വലിയ പ്രചാരം ലഭിച്ചിരുന്നില്ല. ഇന്ന് യുക്രൈന്‍ അധിനിവേശം ആരംഭിച്ചതോടെ പുടിന്‍റെ ചലനങ്ങള്‍ ഏറെ ശ്രദ്ധയോടെയാണ് ലോകം ഉറ്റുനോക്കുന്നത്.

പുടിന്‍റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് നിരന്തരം ഇത്തരം റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ടെങ്കിലും ഇതില്‍ ഒന്ന് പോലും റഷ്യ സ്ഥിരീകരിച്ചിട്ടില്ലെന്ന് മാത്രമല്ല, എല്ലാ റിപ്പോര്‍ട്ടുകളെയും റഷ്യ തള്ളിക്കളയുകയും ചെയ്യുന്നു. 

ഇതിനിടെ, 'മേയ് 16 തിങ്കളാഴ്ച മുതൽ മെയ് 17 ചൊവ്വാഴ്ച വരെ, റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ ഒരു ശസ്‌ത്രക്രിയക്ക് വിധേയനായി.' എന്ന് ജനറൽ എസ്‌വിആർ റിപ്പോര്‍ട്ട് ചെയ്തു. പുടിനെ എത്രയും വേഗം ശസ്ത്രക്രിയയ്ക്ക് വിധേയമാക്കണമെന്ന് അദ്ദേഹത്തിന്‍റെ ഡോക്ടർമാർ നിർബന്ധിച്ചുവെന്നും അതിനെ തുടര്‍ന്ന് നടത്തിയ ശസ്ത്രക്രിയ വിജയകരമായിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ട്.

'മെയ് 17 മുതൽ മെയ് 19 വരെ പുടിൻ വ്യക്തിപരമായി യുദ്ധ വിവരശേഖര സ്ഥലത്ത് നിന്ന് വിട്ടുനിന്നിരുന്നുവെന്നും അദ്ദേഹത്തിന്‍റെ ഏറ്റവും അടുത്ത ആളുകള്‍ക്ക് പോലും അദ്ദേഹം എവിടെയായിരുന്നുവെന്ന വിവരം അറിയില്ലായിരുന്നുവെന്നുമുള്ള റിപ്പോര്‍ട്ടുകളും ഇതിനിടെ പുറത്ത് വന്നു. 

റഷ്യൻ ഫെഡറേഷന്‍റെ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി നിക്കോളായ് പത്രുഷേവിന് മാത്രമാണ് അദ്ദേഹം എവിടെയായിരുന്നു എന്ന് വിവരമുണ്ടായിരുന്നത്. എന്നാല്‍, നേരത്തെ റെക്കോര്‍ഡ് ചെയ്യപ്പെട്ട റഷ്യന്‍ പ്രഡിഡന്‍റിന്‍റെ വീഡിയോകള്‍ ഈ ദിവസങ്ങളില്‍ ഔദ്ധ്യോഗികമായി പങ്കുവയ്ക്കപ്പെട്ടിരുന്നു. 

പുടിന്‍റെ ആരോഗ്യത്തെ കുറിച്ച് ആശങ്കകള്‍ ഉയര്‍ന്ന് തുടങ്ങിയ സമയത്താണ് യുക്രൈന്‍ അധിനിവേശം പരാജയത്തിലേക്കാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെട്ടതും. ഏതാണ്ട് രണ്ട് മാസത്തോളം യുക്രൈന്‍ തലസ്ഥാനമായ കീവിലും രാജ്യമെമ്പാടും ശക്തമായ യുദ്ധ നീക്കം നടത്തിയെങ്കിലും പ്രധാനപ്പെട്ട ഒരു പട്ടണം പോലും റഷ്യയ്ക്ക് കീഴടക്കാന്‍ കഴിയാതെ പോയത്. 

ഇതേ തുടര്‍ന്ന് യുക്രൈന്‍ യുദ്ധനീക്കം പുടിന്‍ സ്വയം ഏറ്റെടുത്തെന്നും നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതായും വാര്‍ത്തകള്‍ പുറത്ത് വന്നു. പുടിന്‍ യുദ്ധമുഖത്തെ ജനറല്‍മാര്‍ക്ക് നേരിട്ട് ഉത്തരവുകള്‍ കൈമാറുകയാണെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. 

തനിക്കെതിരെയുള്ള കൊലപാതക ശ്രമങ്ങള്‍ തടയുന്നതിനായി കീഴുദ്യോഗസ്ഥരുമായി പുടിന്‍ വലിയ തോതില്‍ അകലം പാലിക്കുന്നതായി യുക്രൈന്‍ പ്രതിരോധ മന്ത്രാലയത്തിന്‍റെ പ്രധാന ഇന്‍റലിജൻസ് ഡയറക്ടറേറ്റിന്‍റെ തലവനായ മേജർ ജനറൽ കൈറിലോ ബുഡനോവ് കഴിഞ്ഞ ആഴ്ച യുക്രൈന്‍ വാര്‍ത്താ ഏജന്‍സിയായ പ്രാവ്ദയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആരോപിച്ചു. 

കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ക്കിടയിലും തന്‍റെ പിന്‍ഗാമിയെ പ്രഖ്യാപിക്കാന്‍ പുടിന്‍ മടിക്കുകയാണെന്നും അങ്ങനെ പ്രഖ്യാപിച്ചാല്‍, അയാള്‍ പതിവിലും നേരത്തെ തന്‍റെ കസേര കൈവശപ്പെടുത്തുമോയെന്ന് പുടിന്‍ ഭയക്കുന്നതായും അദ്ദേഹം ആരോപിച്ചു. 

ഈ ഭയമുള്ളതിനാല്‍ പുടിന്‍ തന്‍റെ കീഴുദ്യോഗസ്ഥരെ ഒരു നിശ്ചിത അകലത്തിലാണ് നിര്‍ത്തുന്നത്. അയാളാകും എന്നും റഷ്യയുടെ ഭരണാധികാരിയെന്ന് അയാള്‍ വിശ്വസിക്കുന്നു. പക്ഷേ, അത് സംഭവ്യമല്ലെന്നും മേജർ ജനറൽ കൈറിലോ പറഞ്ഞു. 

റഷ്യന്‍ സൈന്യത്തില്‍ യുക്രൈന്‍ അധിനിവേശത്തില്‍ അസംതൃപ്തിയുള്ളവരുടെ എണ്ണം നാള്‍ക്കുകള്‍ വര്‍ദ്ധിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ അസംതൃപ്തര്‍ റഷ്യയില്‍ ഒരു അധികാര കൈമാറ്റം ആഗ്രഹിക്കുന്നു.

എന്നാല്‍ പ്രസിഡന്‍റിന്‍റെ അനാരോഗ്യം കണക്കിലെടുത്ത് എത്രയും പെട്ടന്ന് തന്നെ അധികാര കൈമാറ്റം സംഭവിക്കുമെന്നും ഇതിനായി ക്രെംലിനില്‍ ചരട് വലികള്‍ ആരംഭിച്ചതായും ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യ്തു.

ആരോഗ്യ പ്രശ്നങ്ങള്‍ കാരണം 2023 ഓടെ പുടിന്‍ പ്രസിഡന്‍റ് സ്ഥാനം ഒഴിയുമെന്ന് എംഐ 6 മേധാവി റിച്ചാര്‍ഡ് ഡെര്‍ലോവ് പറഞ്ഞു. അട്ടിമറികളൊന്നുമില്ലാതെ തന്നെ റഷ്യയിയുടെ പ്രസിഡന്‍റിനെ അവര്‍ സാനിറ്റോറിയത്തിൽ പ്രവേശിക്കുമെന്നും അവിടെ നിന്ന് അദ്ദേഹം പുറത്ത് വന്നാലും അദ്ദേഹം ഇനി റഷ്യയുടെ നേതാവായി ഉയർന്നുവരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 

Latest Videos

click me!