US Military: ചൈന അക്രമിക്കുമോയെന്ന് ആശങ്ക; 2,200 യുഎസ് സൈനികര്‍ ഓസ്ട്രേലിയയിലേക്ക്

First Published | Mar 17, 2022, 4:30 PM IST


ഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തിന് പിന്തുണ നല്‍കി ചൈനയും യുദ്ധരംഗത്തേക്ക് കടക്കുമോയെന്ന ആശങ്കയിലാണ് ലോകം. കഴിഞ്ഞ തിങ്കളാഴ്ച തായ്‍വാന്‍റെ ആകാശത്തേക്ക് 13 യുദ്ധവിമാനങ്ങള്‍ അയച്ച ചൈനയുടെ നടപടി ലോകം ആശങ്കയോടെയാണ് കാണുന്നത്. അതിനിടെ ചൈന ഓസ്ട്രേലിയയിലേക്ക് സൈനിക നീക്കം നടത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് യുഎസ് ഓസ്ട്രേലിയയിലേക്ക് 2,200 സൈനികരെ അയച്ചു. ചൈനയും ഓസ്‌ട്രേലിയയും തമ്മിലുള്ള യുദ്ധത്തിന്‍റെ ഭയം വർദ്ധിക്കുന്നതിനാലാണ് യുഎസ് നീക്കമെന്ന് വിലയിരുത്തപ്പെടുന്നു. റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തോടെ ലോകത്ത് പിരിമുറുക്കം കൂടുകയാണ്. വരും വർഷങ്ങളിൽ തായ്‌വാൻ ആക്രമിക്കാൻ ചൈന തയ്യാറെടുക്കുമെന്ന ആശങ്കയും ശക്തമാണ്. സംഘര്‍ഷങ്ങള്‍ മൂര്‍ച്ചിക്കുന്നതിനിടെയാണ് യുഎസ് സൈനികര്‍ ഓസ്ട്രേലിയയിലേക്ക് പറന്നത്. ഇവര്‍ ഓസ്‌ട്രേലിയയുടെ വടക്കൻ പ്രദേശത്ത് കേന്ദ്രീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വ്‌ളാഡിമിർ പുടിൻ ഉക്രെയ്‌നിൽ നിന്ന് പൂർണമായി പിൻവാങ്ങുമ്പോൾ മാത്രമേ റഷ്യയ്‌ക്കെതിരായ യുഎസിന്‍റെ ഉപരോധം മാറ്റുകയൊള്ളൂവെന്ന് ആന്‍റണി ബ്ലിങ്കെൻ അറിയിച്ചു. ഉക്രൈന്‍റെ കാര്യത്തില്‍  ചരിത്രത്തിന്‍റെ തെറ്റായ വശത്താണ് ചൈനയെന്നും ബിങ്കന്‍ ആരോപിച്ചു. 

ഈ യുദ്ധത്തില്‍ ചൈന ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഭൗതീക പിന്തുണ നൽകുന്നുവെങ്കിൽ, അത് അതിലും മോശമായിരിക്കും. ഞങ്ങൾ വളരെ ശ്രദ്ധയോടെയാണ് ചൈനയുടെ നീക്കം വീക്ഷിക്കുന്നതെന്ന് പ്രസിഡന്‍റ് ജോ ബൈഡന്‍റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ പറഞ്ഞു. 


യുഎസ് ഉക്രൈനില്‍ അതിവരഹസ്യമായി രാസ/ജൈവായുധങ്ങള്‍ നിര്‍മ്മിക്കുകയാണെന്ന് റഷ്യ ആരോപിച്ചിരുന്നു. തൊട്ട് പിന്നാലെ ചൈന ഈ ആരോപണം ആവര്‍ത്തിക്കുകയും യുഎസിനോട് പിന്‍മാറാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ റഷ്യ ചൈനയോട് ഡ്രോണ്‍ അടക്കമുള്ള ഉപകരണങ്ങളും സാമ്പത്തിക സഹായവും അഭ്യർത്ഥിച്ചതായി യുഎസും വെളിപ്പെടുത്തിയിരുന്നു. 

റഷ്യ, ചൈനയോട് യുദ്ധ ഡ്രോണുകൾ ആവശ്യപ്പെട്ടതായി യുഎസ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നു. ചൈനയില്‍ അതിവിപുലമായ ഡ്രോണ്‍ വ്യവസായം നിലവിലുണ്ട്. കൂടാതെ സൗദി അറേബ്യ, പാകിസ്ഥാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നീ രാജ്യങ്ങള്‍ക്ക് ആളില്ലാ വിമാനങ്ങളും വിതരണം ചെയ്തിട്ടുണ്ട്. 

കഴിഞ്ഞ വർഷങ്ങളിൽ പാശ്ചാത്യ വിരുദ്ധ സഖ്യം വികസിപ്പിച്ച റഷ്യക്ക് സഹായം നൽകുന്നതിൽ ചൈന ഉത്സാഹം പ്രകടിപ്പിക്കുന്നതായി യുഎസ് സഖ്യകക്ഷികളെ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്. തിങ്കളാഴ്ച ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവനും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗമായ യാങ് ജിയേച്ചിയും തമ്മിൽ ഏഴു മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ യുഎസ്, ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കി എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ചൈനയുടെ ഭീഷണി നേരിടാന്‍ ഓസ്ട്രേലിയയുടെയും ജപ്പാന്‍റെയും നേതൃത്വത്തില്‍ സഖ്യ രൂപീകരണ നീക്കവും കഴിഞ്ഞ വര്‍ഷം ഉരുത്തിരിഞ്ഞിരുന്നു. ചൈനയുമായുള്ള സംഘർഷം ഒഴിവാക്കേണ്ടതില്ലെന്നായിരുന്നു ഓസ്ട്രേലിയന്‍ പ്രതിരോധ മന്ത്രി പീറ്റർ ഡട്ടൺ (Peter Dutton) നല്‍കിയ മുന്നറിയിപ്പ്. 

ഞങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, ചൈന സൈനികമോ മറ്റ് സഹായമോ റഷ്യയ്ക്ക് നൽകിയാൽ,  പ്രത്യേകിച്ച് ഉപരോധങ്ങൾ ലംഘിക്കുകയോ അല്ലെങ്കിൽ യുദ്ധശ്രമങ്ങളെ പിന്തുണയ്ക്കുകയോ ചെയ്താൽ അവര്‍ കാര്യമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാക്കി ആവര്‍ത്തിച്ചു. 

റഷ്യയുമായുള്ള ചൈനയുടെ യോജിപ്പിനെക്കുറിച്ച് ഞങ്ങൾക്ക് ആഴത്തിലുള്ള ആശങ്കകളുണ്ടെന്ന് യുഎസ് ഉന്നത നേതൃത്വങ്ങള്‍ ആവര്‍ത്തിക്കുന്നു. ഇതിനിടെയാണ് ഓസ്ട്രേലിയയിലേക്ക് 2200 സൈനികരെ അയക്കാന്‍ യുഎസ് തീരുമാനിച്ചത്. '

റഷ്യയ്‌ക്കൊപ്പം നിന്നാൽ ചൈന ദ്വിതീയ ഉപരോധം നേരിടേണ്ടിവരുമെന്ന് അമേരിക്കൻ ഉദ്യോഗസ്ഥരും സഖ്യകക്ഷികളും ആവർത്തിച്ച് പറയുന്നു. റഷ്യയുടെ അധിനിവേശവും പുടിന്‍റെ യുദ്ധ ക്രൂരതകളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വന്നതിന് പിന്നാലെ റഷ്യയ്ക്ക് നയതന്ത്ര പരിരക്ഷ വാഗ്ദാനം ചെയ്താൽ അത് തങ്ങള്ക്ക് തിരിച്ചടിയാകുമെന്ന് ചൈനീസ് നേതാക്കൾ ആശങ്കപ്പെടുന്നതായി കഴിഞ്ഞയാഴ്ച മുതിർന്ന യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 

'ഓപ്പറേഷൻ തുടരാൻ റഷ്യയ്ക്ക് അതിന്റേതായ കഴിവുണ്ട്, ഞങ്ങൾ പറഞ്ഞതുപോലെ, പദ്ധതി അനുസൃതമായി വികസിച്ചുകൊണ്ടിരിക്കുന്നു, കൃത്യസമയത്തും പൂർണ്ണമായും പൂർത്തിയാക്കും,' ചൈനയോട് ആയുധങ്ങള്‍ ആവശ്യപ്പെട്ടു എന്ന വാര്‍ത്തയെ തള്ളിയ പുടിന്റെ വക്താവ് ദിമിത്രി പെസ്കോവ്  അറിയിച്ചു. 

'ഉക്രൈന്‍റെ കാര്യത്തില്‍ ചൈനയ്ക്ക് അഗാധമായ ഉത്കണ്ഠയും ദുഃഖവുമുണ്ട്', റഷ്യയെ സഹായിക്കാൻ ചൈന തയ്യാറായേക്കാവുന്ന ഏതെങ്കിലും നിർദ്ദേശങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും വാഷിംഗ്ടണിലെ ചൈനീസ് എംബസി വക്താവ് ലിയു പെൻഗ്യു പറഞ്ഞു. സ്ഥിതിഗതികൾ ലഘൂകരിക്കുമെന്നും സമാധാനം നേരത്തെ തന്നെ തിരിച്ചുവരുമെന്നും ഞങ്ങൾ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

റഷ്യന്‍ അധിനിവേശത്തിനെതിരെ യുഎന്നില്‍ നടന്ന വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന രാജ്യങ്ങളിലൊന്നാണ് ചൈന. അതിനിടെ ഉക്രൈന്‍ യുദ്ധം ഇതുവരെയില്ലാത്ത വിധത്തില്‍ യുഎസിന്‍റെയും യുറോപ്യന്‍ യൂണിയന്‍റെയും ബന്ധത്തെ ശക്തിപ്പെടുത്തിയെന്നും ഇതില്‍ ചൈനീസ് പ്രസിഡന്‍റ് ഷി ജിങ് പിങ്ങ് അസ്വസ്ഥനാണെന്നും അമേരിക്കന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തു. 

'പ്രത്യേക സൈനിക ഓപ്പറേഷൻ' ആണെന്നും 'യുദ്ധമല്ലെന്നുമുള്ള റഷ്യയുടെ വാദത്തെ നിരാകരിച്ച് ഷി ജിങ് പിങ് യുദ്ധമെന്ന വാക്ക് ഉപയോഗിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനിടെ റഷ്യ മൂന്നാം ലോകമഹായുദ്ധം ആരംഭിച്ചോയെന്ന് സെലെന്‍സ്കി സംശയം പ്രകടിപ്പിച്ച് രംഗത്തെത്തി. 

റഷ്യ മൂന്നാം ലോകമഹായുദ്ധത്തിനായി തയ്യാറെടുത്തെന്നായിരുന്നു സെലെന്‍സ്കി പറഞ്ഞത്. റഷ്യ ഇതിനകം മൂന്നാംലോക മഹായുദ്ധം ആരംഭിച്ചിട്ടുണ്ടോയെന്ന് ആര്‍ക്കും അറിയില്ല. ഉക്രൈന്‍ വീഴുകയാണെങ്കിൽ ഈ യുദ്ധത്തിന്‍റെ സാധ്യത എന്താണ്? ഇത് പറയാൻ വളരെ ബുദ്ധിമുട്ടാണെന്നം സെലെന്‍സ്കി എൻബിസി ന്യൂസിന്‍റെ ലെസ്റ്റർ ഹോൾട്ടിനോട് പറഞ്ഞു.  

80 വർഷങ്ങൾക്ക് മുമ്പ് രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചപ്പോള്‍ ഞങ്ങൾ ഇത് കണ്ടതാണ്. മുഴുവൻ യുദ്ധം എപ്പോൾ ആരംഭിക്കുമെന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ലെന്നും സെലെന്‍സ്കി കൂട്ടിച്ചേര്‍ത്തു. അതോടൊപ്പം റഷ്യയ്ക്കെതിരെ പിടിച്ച് നില്‍ക്കാന്‍ കൂടുതല്‍ ആയുധങ്ങള്‍ അനുവദിക്കാനും സെലെന്‍സ്കി യുഎസിനോട് ആവശ്യപ്പെട്ടു.

 യുഎസ് പ്രസിഡന്‍റ് ജോ ബൈഡനെ അദ്ദേഹം ഉക്രൈനിലേക്ക് ക്ഷണിച്ചു. കഴിഞ്ഞ ദിവസം ചെക്ക്, പോളണ്ട്, സ്ലോവാക്യന്‍ പ്രധാനമന്ത്രിമാര്‍ ട്രയിന്‍ മാര്‍ഗ്ഗം ഉക്രൈനിലെത്തി സെലെന്‍സ്കിയെ സന്ദര്‍ശിച്ചതിന് പിന്നാലെയായിരുന്നു ഇത്. 

ഉക്രൈന്‍ ജനത അഞ്ച് വര്‍ഷത്തെ കാലാവധിക്കായി തന്നെ പ്രസിഡന്‍റായി തെരഞ്ഞെടുത്തതാണ്. ഉക്രൈനില്‍ തെരഞ്ഞെടുപ്പും സ്വതന്ത്ര ജനാധിപത്യ ജനതയും ഉണ്ടാകും. അവർ സ്വയം ഒരു പ്രസിഡന്‍റിനെ തെരഞ്ഞെടുക്കും. ഉക്രൈന്‍ പ്രസിഡന്‍റിന്‍റെ സ്ഥാനമൊഴിയുന്നതിന് മറ്റ് വ്യവസ്ഥകളൊന്നുമില്ല

നിയമനിർമ്മാതാക്കളോട് നടത്തിയ പ്രസംഗത്തിൽ, റഷ്യ ആക്രമിച്ചതിനുശേഷം തന്‍റെ രാജ്യം എല്ലാ ദിവസവും സെപ്തംബർ 11 ന്‍റെയും പേൾ ഹാർബറിന്‍റെയും സ്വന്തം പതിപ്പിലൂടെ കടന്ന് പോകുകയാണെന്നും മാർട്ടിൻ ലൂഥർ കിംഗിനെയും സ്ഥാപക പിതാക്കന്മാരെയും വിളിച്ച് തന്‍റെ ആകാശം സംരക്ഷിക്കാൻ യുഎസിനോട് അഭ്യർത്ഥിച്ചുവെന്നും സെലെൻസ്‌കി തന്‍റെ ഹൃദയഭേദകമായ പ്രസംഗത്തില്‍ ആവര്‍ത്തിച്ചു. 

'ഞാൻ പ്രസിഡന്‍റ് ബൈഡനെ അഭിസംബോധന ചെയ്യുന്നു. നിങ്ങളാണ് രാഷ്ട്രത്തിന്‍റെ, നിങ്ങളുടെ മഹത്തായ രാജ്യത്തിന്‍റെ നേതാവ്. നിങ്ങൾ ലോകത്തിന്‍റെ നേതാവാകാൻ ഞാൻ ആഗ്രഹിക്കുന്നു. ലോകത്തിന്‍റെ നേതാവാകുക എന്നതിനർത്ഥം സമാധാനത്തിന്‍റെ നേതാവാകുക എന്നാണ്,' കോൺഗ്രസിനെ അഭിസംബോധന ചെയ്ത് അദ്ദേഹം അംഗങ്ങളോട് പറഞ്ഞു. 

സാധാരണക്കാര്‍ക്ക് യുദ്ധത്തിനിടെ പരിക്കേറ്റതിന്‍റെ ചിത്രങ്ങളും വീഡിയോയും അദ്ദേഹം പങ്കുവച്ചു. തന്‍റെ രാജ്യത്തെ സംരക്ഷിക്കാൻ 'കൂടുതൽ കാര്യങ്ങൾ' ചെയ്യാൻ അദ്ദേഹം നിയമനിർമ്മാതാക്കളോട് ആവശ്യപ്പെട്ടു. അതിനിടെ റഷ്യന്‍ പ്രസിഡന്‍റ്  വ്‌ളാഡിമിർ പുടിനെ 'യുദ്ധക്കുറ്റവാളി' എന്ന് വിശേഷിപ്പിച്ച യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍, ഉക്രൈന് 800 മില്യണ്‍ ഡോളറിന്‍റെ സൈനിക സഹായ പക്കേജും പ്രഖ്യാപിച്ചു. 

ഭാവിയിലെ ആക്രമണങ്ങൾ തടയുന്നതിനും വ്‌ളാഡിമിർ പുടിന്‍റെ ഭീഷണിയിൽ നിന്ന് മറ്റുള്ളവരെ സംരക്ഷിക്കുന്നതിനും നാറ്റോയ്ക്ക് പുറത്ത് ഒരു പുതിയ സഖ്യത്തിന് സെലെൻസ്‌കി ആഹ്വാനം ചെയ്തു. തന്‍റെ രാജ്യത്തിന് മുകളിൽ റഷ്യന്‍ വിമാനം പറത്താൻ നിരോധനം ഏർപ്പെടുത്താൻ ലോകമെമ്പാടുമുള്ള രാജ്യങ്ങളോട്  സെലെൻസ്‌കി ആവർത്തിച്ചു. 

എന്നാല്‍ അത്തരമൊരു നീക്കം മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നീങ്ങുമെന്ന് യുഎസും സഖ്യകക്ഷികളും ആശങ്ക പ്രകടിപ്പിച്ചു. തന്‍റെ രാജ്യത്തെ കുട്ടികളുടെ മരണവും റഷ്യയുണ്ടാക്കിയ നാശവും കാണുമ്പോള്‍ ജീവിക്കാനുള്ള ആഗ്രഹം തന്നെ നഷ്ടപ്പെടുന്നുവെന്നും സെലെന്‍സ്കി കൂട്ടിച്ചേര്‍ത്തു. 

Latest Videos

click me!