Russian Ukraine war: ഉക്രൈനികള്‍ക്കായി തുറന്ന് യൂറോപ്പിന്‍റെ അതിര്‍ത്തികള്‍
First Published | Feb 28, 2022, 12:18 PM ISTയുഎൻഎച്ച്‌സിആറിന്‍റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കഴിഞ്ഞ 15 മണിക്കൂറിനുള്ളിൽ 45,000 അഭയാർഥികളാണ് ഉക്രൈനില്‍ നിന്ന് പോളണ്ട് അതിര്‍ത്തി കടന്നത്. പോളണ്ട്, സ്ലൊവാക്യ, ഹംഗറി, റൊമാനിയ, മോൾഡോവ എന്നിവിടങ്ങളിലെ ഭരണകൂടങ്ങള്‍ ഉക്രൈനികളെ സ്വീകരിക്കാനും അഭയാര്‍ത്ഥികല്‍ക്ക് പാർപ്പിടം, ഭക്ഷണം, നിയമസഹായം എന്നിവ നൽകാനും തയ്യാറായി. ഇതോടെ അതിർത്തികളില്‍ അഭയാര്‍ത്ഥികളുടെ നിര കിലോമീറ്ററുകളോളം നീണ്ടു. അതിര്‍ത്തി കടക്കാനെത്തിയവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. 18 നും 60 നും ഇടയിൽ പ്രായമുള്ള എല്ലാ പുരുഷന്മാരോടും രാജ്യത്ത് നില്‍ക്കാനും ശത്രുവിനെതിരെ യുദ്ധം ചെയ്യാനും പ്രസിഡന്‍റ് വ്ലാദിമിര്‍ സെലാന്‍സ്കി ആവശ്യപ്പെട്ടിരുന്നു. യുദ്ധം തുടങ്ങും മുമ്പ് രാജ്യത്ത് വെറും 30 ശതമാനം ജനപ്രീതിയുണ്ടായിരുന്ന സെലാന്‍സ്കിയിക്ക് യുദ്ധം ആരംഭിച്ച് വെറും നാല് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ 90 ശതമാനമാണ് ജനപ്രീതി കുതിച്ചുയര്‍ന്നത്. അഫ്ഗാന്‍, സിറിയ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്കായി തുറക്കാത്ത യൂറോപ്യന്‍ അതിര്‍ത്തികള്‍ ഉക്രൈനികള്‍ക്കായി തുറന്നു.