ലാന്‍ഡിരാസ് കാട്ടുതീ മനുഷ്യനിര്‍മ്മിതമാണെന്നായിരുന്നു ആദ്യം അധികൃതര്‍ സംശയിച്ചിരുന്നത്. ഇതിന്‍റെ പേരില്‍ ഒരാളെ കസ്റ്റഡിയില്‍ എടുത്തെങ്കിലും തെളിവുകളുടെ അഭാവത്തില്‍ ഇയാളെ വിട്ടയച്ചതായും അധികൃതര്‍ അറിയിച്ചു. ഫ്രാന്‍സിന്‍റെ തെക്കന്‍ പ്രദേശങ്ങളില്‍ ഇന്നലെ നിരവധി തീപടിത്തങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
തെക്കൻ പ്രദേശങ്ങളായ ലോസെറിലും അവെയ്‌റോണിലും കാട്ടുതീ പടര്‍ന്നു. ഇതിനകം 600 ഹെക്ടറോളം കത്തിനശിച്ചു. ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമനിൻ പ്രദേശം സന്ദര്‍ശിച്ചു. പടിഞ്ഞാറൻ ഫ്രാൻസിലെ മെയിൻ എറ്റ് ലോയർ പ്രദേശത്താണ് മറ്റൊരു തീപിടുത്തം, അവിടെ 1,600 ഏക്കർ കത്തിനശിക്കുകയും 500 ഏക്കറോളം പ്രദേശം ഭീഷണിയിലാണെന്നും പ്രാദേശിക അധികാരികൾ അറിയിച്ചു.
കിഴക്കൻ ഫ്രാൻസിലെ ആൽപ്‌സിന് സമീപമുള്ള ചാർട്രൂസ് പർവതനിരകളിലും കാട്ടുതീ പടരുകയാണ്. അവിടെ അധികൃതർ 140 ഓളം ആളുകളെ ഒഴിപ്പിച്ചു. മൂന്ന് അഗ്നിശമന സേനാംഗങ്ങൾക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ ജിറോണ്ടെയില്‍ ജൂലൈയിലുണ്ടായ രണ്ട് കാട്ടുതീ പിടിത്തത്തില്‍ 20,000 ഹെക്ടറിലധികം വനം കത്തിനശിച്ചു. ഏകദേശം 40,000 ത്തോളം പേരെ ഒഴിപ്പിക്കുകയും ചെയ്തിരുന്നു.
നെതര്‍ലാന്‍റിലുണ്ടായ കാട്ടുതീ അണയ്ക്കാന്‍ വ്യോമസേന ഒരു ഹെലികോപ്റ്റർ അയച്ചു. ചൂട് കൂടുന്നതും മഴയുടെ അഭാവവും വേനൽക്കാലത്ത് യൂറോപ്പിന്‍റെ തെക്കന്‍ ഭാഗങ്ങളില്‍ വലിയെ തോതിലുള്ള കാട്ടുതീയ്ക്ക് കാരണമായി. പല വേനല്‍ക്കാല വിനോദ സഞ്ചാര കേന്ദ്രങ്ങളും അടച്ചു. ഈ പ്രദേശങ്ങളിലേക്കൂള്ള റോഡുകളും അടച്ചു.
റെക്കോർഡ് വരൾച്ചയാണ് അനുഭവപ്പെടുന്നതെന്ന് ഫ്രഞ്ച് സർക്കാർ മുന്നറിയിപ്പ് നല്‍കി. ഫ്രാൻസ് ഈ വർഷത്തെ നാലാമത്തെ ഉയര്‍ന്ന ചൂടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവില്‍ 37 ഡിഗ്രി സെല്‍ഷ്യസാണ് ഫ്രാന്‍സിലെ താപനില. തെക്ക് നിന്ന് ആരംഭിച്ച ഉഷ്ണതരംഗം രാജ്യത്തുടനീളം വ്യാപിക്കുമെന്നും വാരാന്ത്യം വരെ നീണ്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കാലാസ്ഥാകേന്ദ്രം അറിയിച്ചു.
ഫ്രാൻസിന്‍റെ തെക്കൻ പകുതിയിൽ 40 ഡിഗ്രി സെല്‍ഷ്യസ് വരെ പകൽ താപനില പ്രതീക്ഷിക്കുന്നായും രാത്രിയിൽ ഇത് 20 ഡിഗ്രി സെല്‍ഷ്യസില്‍ താഴില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ മാസത്തെ പോലെ റെക്കാര്‍ഡ് ഉഷ്ണതരംഗം തീവ്രമാകില്ലെന്ന് മെറ്റിയോ ഫ്രാൻസ് പറഞ്ഞു.
എന്നാൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും രൂക്ഷമായ വരൾച്ചയിലാണ് ഉയർന്ന താപനില വരുന്നതെന്ന് സർക്കാർ തന്നെ പറയുന്നു. 1959 ൽ താപനില രേഖപ്പെടുത്താന്‍ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും വരണ്ട ജൂലൈ ആയിരുന്നു കഴിഞ്ഞ മാസമെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ചൂട് കൂടിയതോടെ സോയ, സൂര്യകാന്തി, ധാന്യം എന്നിവയുടെ ഉത്പാദനത്തിൽ കുറവ് രേഖപ്പെടുത്തിത്തുങ്ങി.
റിയാക്ടറുകൾ തണുപ്പിക്കാൻ നദീജലം ഉപയോഗിക്കുന്ന ആണവ നിലയങ്ങളിലെ വൈദ്യുതോൽപ്പാദനം ചൂട് കൂടിയതോടെ താൽക്കാലികമായി വെട്ടിക്കുറയ്ക്കാൻ ഊർജ ഭീമനായ ഇഡിഎഫ് നിര്‍ബന്ധിതമായതായും റിപ്പോര്‍ട്ടുണ്ട്. പടിഞ്ഞാറൻ യൂറോപ്പിലുടനീളമുള്ള നദികളിലും തടാകങ്ങളിലും ജലസംഭരണികളിലും ജലനിരപ്പ് ക്രമാതീതമായി കുറയുകയോ വറ്റി വരളുകയോ ചെയ്യുകയാണ്.
Air Show
ദശാബ്ദങ്ങളിലെ ഏറ്റവും രൂക്ഷമായ വരൾച്ചയെ തുടര്‍ന്ന് കുടിവെള്ള വിതരണം തടസം നേരിട്ടു. അതോടൊപ്പം നദി ചരക്ക് ഗതാഗതത്തെയും വിനോദസഞ്ചാരത്തെയും ദോഷകരമായി ബാധിക്കുന്നു. വിളവെടുപ്പ് കുറയുന്നു. കിഴക്കൻ ഫ്രാൻസിലെ ജൂറ മേഖലയില്‍ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ബ്രെനെറ്റ്സ് തടാകത്തിലേക്കുള്ള നീരൊഴുക്ക് നിലച്ചു.
ആറ് പതിറ്റാണ്ടിലേറെയായി ഇത്തവണത്തെ ജൂലൈയില്‍ അനുഭവപ്പെട്ടിടത്തോളം ചൂട് ഇതുവനരെയായും രാജ്യത്ത് ഉണ്ടായിട്ടില്ലെന്ന് സ്‌പെയിനിന്‍റെ ദേശീയ കാലാവസ്ഥാ ഏജൻസി അറിയിക്കുന്നു. 2022 സ്പെയിനിലെ കരിഞ്ഞ പ്രദേശങ്ങളുടെയും തീപിടുത്തങ്ങളുടെ എണ്ണത്തിന്‍റെയും കാര്യത്തിൽ ഇതുവരെയുള്ള ഏറ്റവും മോശം വർഷമാണ് 2022 എന്ന് യൂറോപ്യൻ ഫോറസ്റ്റ് ഫയർ ഇൻഫർമേഷൻ അറിയിക്കുന്നു. 370-ലധികം തീപിടുത്തങ്ങളിൽ 240,000 ഹെക്ടര്‍ വനമാണ് ഇത്തവണ സ്പെയിനില്‍ മാത്രം കത്തിനശിച്ചത്.
യൂറോപ്യന്‍ ഭൂഖണ്ഡത്തിലുടനീളം ഒന്നിലധികം ഉഷ്ണതാപ തരംഗങ്ങൾ രൂപപ്പെട്ടിട്ടുള്ളതിനാല്‍ യൂറോപ്പിലുടനീളമുള്ള നദികളുടെ അവസ്ഥ ഏറെ പരിതാപകരമാണ്. ജർമ്മനിയിൽ, ചരക്കുനീക്കത്തിനുള്ള പ്രധാന വഴിയായ നദീ മാര്‍ഗ്ഗമുള്ള ചരക്ക് കടത്തിനായി കപ്പലുകള്‍ക്ക് സഞ്ചരിക്കാനുള്ള വെള്ളം നദികളില്ല. ഇറ്റലിയിലെ ഏറ്റവും നീളം കൂടിയ നദിയായ 'പോ'യില്‍ ജലനിരപ്പ് ക്രമാതീതമായി കുറയുന്നതിനാൽ നദിയിലെ വലിയ മണല്‍പ്പരപ്പുകള്‍ ഇപ്പോള്‍ വെയില്‍ കായുന്നു.
രാജ്യത്തെ കാർഷികോൽപ്പാദനത്തിന്‍റെ മൂന്നിലൊന്നിലധികം വരുന്ന 'പോ'യുടെ ചുറ്റുമുള്ള പ്രദേശങ്ങളിൽ ജൂലൈ ആദ്യം തന്നെ ഇറ്റലി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കഠിനമായ ചൂട് കാരണം ലോകത്തിലെ ഏറ്റവും വലിയ ഒലിവ് ഓയിൽ ഉൽപ്പാദനം ഏകദേശം മൂന്നിലൊന്നായി കുറയ്ക്കുമെന്ന് സ്പെയിന്‍ അറിയിച്ചു. ഫ്രാന്‍സിലെ ഗ്രാമ പ്രദേശങ്ങളിലേക്ക് ഇടതടവില്ലാതെ ഡസന്‍ കണക്കിന് കുടിവെള്ള ടാങ്കറുകള്‍ ഓടുകയാണ്.
കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് യൂറോപ്പില്‍ കൂടുതല്‍ മോശമായ കാര്യങ്ങള്‍ ഇനിയും സംഭവിക്കാമെന്നും മുന്നറിയിപ്പുകളില്‍ പറയുന്നു. നദിയിലൂടെയുള്ള ചരക്ക് നീക്കം ഏതാണ്ട് തടസ്സപ്പെട്ട ജര്‍മ്മനിയില്‍ സാമ്പത്തിക വളർച്ചയിൽ നിന്ന് അര ശതമാനം വരെ തടസ്സം നേരിട്ടേക്കാമെന്ന് സാമ്പത്തിക വിദഗ്ധർ കണക്കാക്കുന്നു. വരൾച്ചയ്ക്ക് മുമ്പുതന്നെ ഊർജ്ജ പ്രതിസന്ധി മൂലം രാജ്യം മാന്ദ്യം നേരിടുകയാണെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.